ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം
രാജ്യത്തെ വൈവിധ്യമാർന്ന ചെറുകിട ഭക്ഷ്യ സംസ്കരണ സംരംഭങ്ങളെ അണിനിരത്തുന്ന 'PMFME ബസാർ' കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ഉദ്ഘാടനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
24 AUG 2026 9:08PM by PIB Thiruvananthpuram
ചെറുകിട ഭക്ഷ്യ സംസ്കരണ മേഖലയെ ശക്തിപ്പെടുത്താനും സാമ്പത്തിക, സാങ്കേതിക, വിപണി ലഭ്യത മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് 500-ലേറെ പ്രതിനിധികളെ പങ്കെടുപ്പിച്ച് കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം സംഘടിപ്പിക്കുന്ന 'PMFME കോൺക്ലേവ് 2026' ഓഗസ്റ്റ് 24, 25 തീയതികളില്‍ ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടക്കുകയാണ്.

കോൺക്ലേവും രണ്ടു ദിവസത്തെ പരിപാടിയുടെ പ്രധാന ആകർഷണമായ 'PMFME ബസാറും' കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ശ്രീ ചിരാഗ് പാസ്വാൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സമ്പന്നമായ പാചക-സാംസ്കാരിക വൈവിധ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന തനതും പരമ്പരാഗതവുമായ ഭക്ഷ്യോല്പന്നങ്ങൾ പ്രദർശിപ്പിച്ച് 25 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സംരംഭകരാണ് ബസാറിൽ പങ്കെടുക്കുന്നത്.

ബസാർ സന്ദർശനത്തിനിടെ പ്രധാനമന്ത്രി ചെറുകിട ഭക്ഷ്യ സംസ്കരണ സംരംഭ ശാക്തീകരണ പദ്ധതി (PMFME) ഗുണഭോക്താക്കളുമായും പ്രദർശകരുമായും സംവദിച്ച കേന്ദ്രമന്ത്രി അവരുടെ ഉല്പന്നങ്ങൾ കാണുകയും സംരംഭകത്വ യാത്രയെ അഭിനന്ദിക്കുകയും ചെയ്തു. ചെറുകിട ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾ, സ്വയംസഹായ സംഘങ്ങൾ, കർഷക ഉല്പാദക സംഘടനകൾ, സഹകരണ സംഘങ്ങൾ, വ്യക്തിഗത സംരംഭകർ എന്നിവർക്ക് അവരുടെ ഉല്പന്നങ്ങൾ പ്രദർശിപ്പിക്കാനും ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കാനും പുതിയ വിപണി സാധ്യതകൾ കണ്ടെത്താനും അവസരമൊരുക്കുന്ന വേദിയാണിത്.

സംസ്കരിച്ച ഭക്ഷണങ്ങൾ, ചെറുധാന്യാധിഷ്ഠിത ഉല്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, അച്ചാറുകൾ, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, മറ്റ് മൂല്യവർദ്ധിത ഉല്പന്നങ്ങൾ എന്നിവയുൾപ്പെടെ പ്രാദേശികവും പരമ്പരാഗതവുമായ ഭക്ഷ്യോല്പന്നങ്ങളുടെ ആകർഷകമായ നിരയാണ് PMFME ബസാറില്‍ ഒരുക്കിയിരിക്കുന്നത്. പ്രാദേശിക അസംസ്കൃത വസ്തുക്കളും പരമ്പരാഗത അറിവുകളും താഴെത്തട്ടിലെ സംരംഭകത്വവും സംയോജിപ്പിച്ച് PMFME പദ്ധതിയുടെ പിന്തുണയോടെ എങ്ങനെ വിപണിക്ക് അനുയോജ്യമായ ഭക്ഷ്യോല്പന്നങ്ങള്‍ തയ്യാറാക്കുന്നുവെന്ന് ഈ പ്രദർശനം വ്യക്തമാക്കുന്നു.

പ്രാദേശിക വിപണികൾക്കപ്പുറം ഉല്പന്നങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കാനും സ്ഥാപനതല സംഭരണം, ആധുനിക ചില്ലറവില്പന ശൃംഖലകൾ, ഡിജിറ്റൽ വാണിജ്യം, കയറ്റുമതി വിപണികൾ എന്നിവയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഗുണഭോക്താക്കൾക്ക് ഈ വേദി അവസരമൊരുക്കുന്നു. ചെറുകിട സംരംഭങ്ങളെ പ്രാദേശിക ഉല്പാദനത്തിൽ നിന്ന് മികച്ച ബ്രാൻഡിങ്, പാക്കേജിംഗ്, ഗുണനിലവാരം, വിപണി ലഭ്യത, വാണിജ്യ സുസ്ഥിരത എന്നിവയിലേക്ക് നയിക്കുന്നതിന് മന്ത്രാലയം നല്‍കുന്ന പ്രാധാന്യമാണ് ഇതിലൂടെ പ്രകടമാകുന്നത്.

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികൾ, ജില്ലാ നോഡൽ ഓഫീസർമാർ, ജില്ലാ റിസോഴ്സ് പേഴ്സൺമാർ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വിവിധ മന്ത്രാലയങ്ങൾ, ഗവണ്‍മെന്റ് ഏജൻസികൾ, സാങ്കേതിക സ്ഥാപനങ്ങൾ, വ്യവസായ സംഘടനകൾ, സംരംഭകത്വ പരിപോഷണ കേന്ദ്രങ്ങൾ, PMFME ഗുണഭോക്താക്കൾ തുടങ്ങിയവര്‍ ദ്വിദിന കോൺക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. അറിവുകളും വിജയഗാഥകളും പങ്കിടാനും വിവിധ പദ്ധതികളുടെ ഏകോപനത്തിനും പരിപാടി വേദിയാകുന്നു.
ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ശ്രീ ദേവേഷ് ദേവൽ സ്വാഗതമാശംസിക്കുകയും സെക്രട്ടറി ശ്രീ അവിനാഷ് ജോഷി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. പ്രമുഖ വ്യക്തികളെ ആദരിക്കൽ, ഭദ്രദീപം കൊളുത്തൽ, പ്രധാനമന്ത്രി ചെറുകിട ഭക്ഷ്യ സംസ്കരണ സംരംഭ ശാക്തീകരണ പദ്ധതി സംബന്ധിച്ച ഹ്രസ്വചിത്ര പ്രദർശനം എന്നിവയും ചടങ്ങിലുണ്ടായിരുന്നു.
ചെറുകിട ഭക്ഷ്യ സംസ്കരണ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി സംരംഭകർക്ക് സാമ്പത്തിക സഹായത്തിലുപരി സാങ്കേതികവിദ്യ, ശേഷിവികസനം, ഗുണനിലവാരം, ബ്രാൻഡിങ്, വിപണി ലഭ്യത തുടങ്ങിയ മേഖലകളിലും പിന്തുണ ഉറപ്പാക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. ചെറുകിട ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ മാറിവരുന്ന ആവശ്യങ്ങൾ നിറവേറ്റാന്‍ കൂടുതൽ സമഗ്രവും ശക്തവുമായ 'PMFME 2.0' കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ PMFME ഗുണഭോക്താക്കളുടെ 30 വിജയഗാഥകൾ ഉൾക്കൊള്ളുന്ന കോഫി ടേബിൾ ബുക്കിന്റെ പ്രകാശനമായിരുന്നു ഉദ്ഘാടന ചടങ്ങിലെ പ്രധാന ആകർഷണം. കൂടാതെ ഭക്ഷ്യ സംസ്കരണ മേഖലയിലെ പുരോഗതികൾ, നൂതനാശയങ്ങൾ, വിജയഗാഥകൾ, പുതിയ പ്രവണതകള്‍ എന്നിവ ഉൾക്കൊള്ളിച്ച് മന്ത്രാലയം പുറത്തിറക്കുന്ന ത്രൈമാസ മാസിക 'ഫുഡ്‌നോവ'യും ചടങ്ങിൽ പ്രകാശനം ചെയ്തു.
PMFME ഗുണഭോക്താക്കൾക്ക് വിപണി-സ്ഥാപനതല സഹകരണങ്ങൾ ശക്തിപ്പെടുത്തുന്നതിന് APEDA, ONDC, NABKISAN എന്നിവയുമായി മൂന്ന് ധാരണാപത്രങ്ങളും ഒപ്പുവെച്ചു. വിശാല വിപണി ലഭ്യത ഉറപ്പാക്കുക, ഡിജിറ്റൽ വാണിജ്യം പ്രോത്സാഹിപ്പിക്കുക, ആഭ്യന്തര-കയറ്റുമതി വിപണികളിൽ ചെറുകിട ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ പങ്കാളിത്തങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
സാമ്പത്തിക ലഭ്യതയും സുസ്ഥിരതയും, സംരംഭകത്വ പരിപോഷണം, ആഭ്യന്തര-ആഗോള വിപണി സംയോജനം, ക്ലസ്റ്ററുകളിലൂടെയും സ്ഥാപന പിന്തുണയിലൂടെയും സ്വയംസഹായ സംഘങ്ങളുടെ നേതൃത്വത്തില്‍ ഭക്ഷ്യ സംരംഭങ്ങളെ ശക്തിപ്പെടുത്തൽ എന്നീ വിഷയങ്ങളിൽ നാല് സാങ്കേതിക സെഷനുകളാണ് കോൺക്ലേവിന്റെ ആദ്യ ദിവസം സംഘടിപ്പിച്ചത്.
ഇന്ത്യയിലെ ചെറുകിട ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ സർഗാത്മകതയും വൈവിധ്യവും വാണിജ്യ സാധ്യതകളും പ്രദർശിപ്പിക്കുന്ന ദേശീയ വേദിയെന്ന നിലയില്‍ ശ്രദ്ധേയമാവുകയാണ് PMFME ബസാര്‍. കൂടുതൽ ശക്തമായ വിപണി ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക ഉല്പന്നങ്ങളെ ആഭ്യന്തര-ആഗോള തലത്തിൽ മത്സരക്ഷമതയാര്‍ന്ന മികച്ച ബ്രാൻഡുകളാക്കി മാറ്റാൻ താഴെത്തട്ടിലെ സംരംഭകരെ പ്രാപ്തരാക്കുന്നതിനും മന്ത്രാലയം പുലര്‍ത്തുന്ന പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്.
ചെറുകിട ഭക്ഷ്യ സംസ്കരണ സംരംഭകരുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം ശക്തവും വിപണികേന്ദ്രീകൃതവും ആഗോളതലത്തിൽ മത്സരക്ഷമവുമായ ചെറുകിട ഭക്ഷ്യ സംസ്കരണ മേഖല കെട്ടിപ്പടുക്കുന്നതിന് സംയുക്ത മാർഗരേഖ തയ്യാറാക്കി നയം, ധനകാര്യം, സാങ്കേതികവിദ്യ, സംരംഭകത്വം, വിപണി എന്നിവയെ ഒരു പൊതുവേദിയിൽ അണിനിരത്തുകയാണ് PMFME കോൺക്ലേവ് 2026.

***
( റിലീസ് ഐ.ഡി: 2303061)
സന്ദര്‍ശക കൗണ്ടര്‍ : 3