വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ടോക്കിയോയില്‍ ജാപ്പനീസ് ബിസിനസ് ഫെഡറേഷനെ അഭിസംബോധന ചെയ്ത് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പിയൂഷ് ഗോയല്‍

प्रविष्टि तिथि: 24 AUG 2026 7:41PM by PIB Thiruvananthpuram

പരമ്പരാഗത വ്യാപാര ബന്ധങ്ങള്‍ക്കപ്പുറം സാമ്പത്തിക സുരക്ഷ, പ്രതിരോധം, വിതരണ ശൃംഖലയുടെ ശാക്തീകരണം, സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍, സംശുദ്ധോര്‍ജം,  ജനങ്ങള്‍ തമ്മിലെ സമ്പര്‍ക്കം തുടങ്ങി തന്ത്രപ്രധാന മേഖലകളിലേക്ക് ഇന്ത്യ-ജപ്പാന്‍ പങ്കാളിത്തം വിപുലീകരിച്ചതായി കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍ വ്യക്തമാക്കി. ജപ്പാനിലെ 1,500ലേറെ  പ്രമുഖ  കമ്പനികളെ പ്രതിനിധീകരിക്കുന്ന ഉന്നത സാമ്പത്തിക സംഘടനയായ കെയ്ഡന്റെന്‍ (ജപ്പാന്‍ ബിസിനസ് ഫെഡറേഷന്‍)  സംഘടിപ്പിച്ച വട്ടമേശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇരുരാജ്യങ്ങളും തമ്മിലെ ബിസിനസ്-ടു-ബിസിനസ്  പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട ശ്രീ ഗോയല്‍ ഇന്ത്യയിലെ സുഗമമായ വ്യാപാര അന്തരീക്ഷവും അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തുറന്നുനല്‍കുന്ന മികച്ച അവസരങ്ങളും എടുത്തുപറഞ്ഞു. ഇന്ത്യയിലെ നിക്ഷേപ പ്രതിബദ്ധത വര്‍ധിപ്പിക്കാനും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാനും മന്ത്രി ജാപ്പനീസ് നിക്ഷേപകരെ ക്ഷണിച്ചു. ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ എണ്ണം ഈ പതിറ്റാണ്ടില്‍ നിലവിലുള്ളതിന്റെ ഇരട്ടിയാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ജപ്പാനും തമ്മിലെ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികം അടയാളപ്പെടുത്തി ഇരുരാജ്യങ്ങളും 2026നെ 'ഇന്ത്യ-ജപ്പാന്‍ ഇയര്‍ ഓഫ് ഷെയേഡ് ഹൊറൈസണ്‍സ്' ആയി പ്രഖ്യാപിച്ച കാര്യവും അദ്ദേഹം അറിയിച്ചു.  


സുമിറ്റോമോ കോര്‍പ്പറേഷന്‍, മെയ്ജി സെയ്ക ഫാര്‍മ, മിത്‌സുബിഷി കോര്‍പ്പറേഷന്‍, ടോക്കിയോ ഇലക്ട്രോണ്‍, മിനെബിയ മിത്‌സുമി എന്നീ കമ്പനികളുടെ നേതൃത്വവുമായി ശ്രീ. ഗോയല്‍ വ്യാപാര ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനുമുള്ള അവസരങ്ങളിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.


സുമിറ്റോമോ കോര്‍പ്പറേഷന്‍ പ്രസിഡന്റും സിഇഒയുമായ ഷിംഗോ യുയെനോ, മെയ്ജി സെയ്ക ഫാര്‍മ പ്രസിഡന്റും പ്രതിനിധി ഡയറക്ടറുമായ തോഷിയാക്കി നാഗസാത്തോ, മിത്‌സുബിഷി കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജുറോ ബാബ  എന്നിവരുമായി യോഗത്തില്‍ ശ്രീ ഗോയല്‍ കൂടിക്കാഴ്ച നടത്തി.


അര്‍ധചാലക നിര്‍മാണ രംഗത്ത് മുന്‍നിരയിലുള്ള രണ്ട് പ്രമുഖ കമ്പനികളുമായും മന്ത്രി ചര്‍ച്ച നടത്തി. ടോക്കിയോ ഇലക്ട്രോണ്‍ ഇന്ത്യ അധ്യക്ഷന്‍ തകേഷി ഒകുബോ, ഇന്ത്യ പ്രോജക്ട് മേധാവി വൈദ്യ ഭരദ്വാജ്, ജനറല്‍ മാനേജര്‍ തകുവോ കവാച്ചി, ഡയറക്ടര്‍ സാവോരി സുചിയ, യുകിക്കോ ഒതാക എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.  മിനെബിയ മിത്‌സുമി  കമ്പനിയുടെ ഇന്ത്യയിലെ അര്‍ധചാലക നിര്‍മാണശാല പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന പ്രസിഡന്റും സിഒഒയുമായ കത്‌സുഹികോ യോഷിദയുമായും  അദ്ദേഹം കൂടിക്കാഴ്ച നടത്തി.  ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന സ്തംഭമായി അര്‍ധചാലക രംഗത്തെ നിക്ഷേപം മാറുന്നതിനെയാണ് ഈ കൂടിക്കാഴ്ചകള്‍ അടയാളപ്പെടുത്തുന്നത്.  


ഉച്ചകഴിഞ്ഞ് ഉപപ്രധാനമന്ത്രിയുടെ ഓഫീസ് സമുച്ചയമായ കാന്റേയില്‍ ജപ്പാന്‍ ദേശീയ സുരക്ഷാ സെക്രട്ടേറിയറ്റ് സെക്രട്ടറി ജനറല്‍ ഇചികാവ കെയ്ച്ചിയുമായി ശ്രീ. ഗോയല്‍ കൂടിക്കാഴ്ച നടത്തി. സാമ്പത്തിക തലത്തിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തിന്റെ തന്ത്രപ്രധാന തലങ്ങളെയും അടിവരയിടുന്നതായിരുന്നു കൂടിക്കാഴ്ച.


തുടര്‍ന്ന് മൂലധന ഉല്പന്നങ്ങള്‍, യന്ത്രസാമഗ്രികള്‍, വാഹന നിര്‍മാണ വ്യവസായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വട്ടമേശ സമ്മേളനത്തിലും ശ്രീ. പിയൂഷ് ഗോയല്‍ പങ്കെടുത്തു. ജാപ്പനീസ് സംരംഭങ്ങളും ഇന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര  വിതരണ ശൃംഖലയും തമ്മിലെ ബന്ധം ശക്തിപ്പെടുത്താനും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍  ഉള്‍പ്പെടെ മേഖലകള്‍ക്ക് പുതിയ വ്യാവസായിക സഹകരണങ്ങളും സാങ്കേതിക പങ്കാളിത്തങ്ങളും കണ്ടെത്താനും  യോഗം വേദിയൊരുക്കി. ഇന്ത്യയില്‍ നിന്നും ജപ്പാനില്‍ നിന്നും എഴുപതോളം വ്യവസായ പ്രമുഖര്‍  വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു.


മൂലധന ഉല്പന്നങ്ങള്‍,  യന്ത്രസാമഗ്രികള്‍, വാഹനനിര്‍മാണം,  അത്യാധുനിക നിര്‍മാണം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലെ വിപുലമായ സഹകരണ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കിയ കേന്ദ്രമന്ത്രി ഈ മേഖലകളില്‍ ഇന്ത്യയിലെ  സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ജാപ്പനീസ് കമ്പനികളെ ക്ഷണിച്ചു.


ജാപ്പനീസ് കമ്പനികള്‍ക്ക് ഇന്ത്യയുടെ ഉല്പാദന ആവാസവ്യവസ്ഥയുമായി സഹകരണം  ആഴത്തിലാക്കാനും ശക്തവും പ്രതിരോധശേഷിയാര്‍ന്നതുമായ വിതരണ ശൃംഖലകള്‍ രൂപീകരിക്കുന്നതില്‍ പങ്കാളികളാകാനുമുള്ള അവസരങ്ങളും ചര്‍ച്ചകളില്‍ പരിശോധിച്ചു.  


വൈകിട്ട് 'നിക്കി ഏഷ്യ' നിയന്ത്രിച്ച പ്രത്യേക അനൗപചാരിക സംവാദത്തിലും ശ്രീ. ഗോയല്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള വ്യവസായ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും സംവാദത്തിന്റെ ഭാഗമായി.  ഇന്ത്യ-ജപ്പാന്‍ സാമ്പത്തിക ബന്ധത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന തലങ്ങളെക്കുറിച്ചും ഇന്ത്യയുടെ വളര്‍ച്ചാ പാത, സാങ്കേതിക മുന്നേറ്റം, ആഗോള മൂല്യ ശൃംഖലകളുമായി  വര്‍ധിച്ചുവരുന്ന സംയോജനം എന്നിവ തുറന്നുനല്‍കുന്ന മികച്ച അവസരങ്ങളെക്കുറിച്ചും കേന്ദ്രമന്ത്രി വിശദീകരിച്ചു.  


ഇന്ത്യ-ജപ്പാന്‍ സാമ്പത്തിക പങ്കാളിത്തത്തിന്റെ ശക്തമായ മുന്നേറ്റവും പരസ്പരം പ്രയോജനകരമായ വളര്‍ച്ചയ്ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ബിസിനസ്-ടു-ബിസിനസ് ബന്ധങ്ങള്‍ എന്നിവ ആഴത്തിലാക്കാന്‍  ഇന്ത്യ പുലര്‍ത്തുന്ന പ്രതിബദ്ധതയുമാണ് ഈ ദിവസത്തെ പരിപാടികള്‍ വ്യക്തമാക്കിയത്.  


നിര്‍മാണം, അര്‍ധചാലകം, സംശുദ്ധോര്‍ജം, ഉരുക്ക്, വാഹനനിര്‍മാണം,  ധനകാര്യ സേവനങ്ങള്‍, ആരോഗ്യ സംരക്ഷണം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നീ മേഖലകളിലെ  200ലധികം വ്യവസായ പ്രതിനിധികളടങ്ങുന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ വ്യാപാര പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കാനാണ് ശ്രീ. പിയൂഷ് ഗോയല്‍ ഇന്ന് ടോക്കിയോയിലെത്തിയത്. ഓഗസ്റ്റ് 24 മുതല്‍ 27 വരെ നാലുദിവസത്തെ സന്ദര്‍ശനത്തില്‍ ടോക്കിയോ, നഗോയ, ഒസാക്ക എന്നീ നഗരങ്ങള്‍ പ്രതിനിധി സംഘം സന്ദര്‍ശിക്കും.  ഇന്ത്യ-ജപ്പാന്‍ പ്രത്യേക തന്ത്രപ്രധാന ആഗോള പങ്കാളിത്തത്തിന് കീഴില്‍  വ്യാപാരനിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുകയാണ്  സന്ദര്‍ശനത്തിന്റെ ലക്ഷ്യം.


വാണിജ്യ-വ്യവസായ മന്ത്രാലയവുമായി ഏകോപനത്തോടെ  രാജ്യത്തെ പ്രമുഖ വ്യവസായ സംഘടനകള്‍ സംയുക്തമായാണ്  പ്രതിനിധി സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.  ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (FICCI), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII), അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (ASSOCHAM) എന്നിവര്‍ നാമനിര്‍ദേശം  ചെയ്ത പ്രതിനിധികള്‍ സംഘത്തിലുള്‍പ്പെടുന്നു.

 
****
 

(रिलीज़ आईडी: 2302955) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , Marathi , हिन्दी