പ്രധാനമന്ത്രിയുടെ ഓഫീസ്
ബഹിരാകാശ സ്റ്റാർട്ടപ്പ് സി.ഇ.ഒമാരുമായും സ്ഥാപകരുമായും പ്രധാനമന്ത്രിയുടെ സംവാദം
ഇന്ത്യയുടെ ബഹിരാകാശ രംഗം വികസിപ്പിച്ച സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ ആഗോളതലത്തിൽ വലിയ താല്പര്യമെന്ന് സി.ഇ.ഒമാർ
ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുത്ത തീരുമാനം നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിച്ചതായി സി.ഇ.ഒമാരുടെ പ്രശംസ
ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ബഹിരാകാശ സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം
ഇന്ത്യയുടെ ബഹിരാകാശ മേഖലയ്ക്ക് ആഗോള പ്രതിഭകളെയും കമ്പനികളെയും നിക്ഷേപങ്ങളെയും ആകർഷിക്കാനുള്ള കഴിവുണ്ടെന്ന് പ്രധാനമന്ത്രി
ബഹിരാകാശ വ്യവസായവും മറ്റ് സാമൂഹിക വികസന മേഖലകളും തമ്മിൽ കൂടുതൽ സഹകരണം വേണമെന്ന് പ്രധാനമന്ത്രി
യുവമനസ്സുകളിൽ ബഹിരാകാശ മേഖലയോടുള്ള ജിജ്ഞാസയും താല്പര്യവും വളർത്താൻ അടൽ ടിങ്കറിംഗ് ലാബുകളുമായി കൂടുതൽ സഹകരണം വേണമെന്ന് നിർദ്ദേശം
प्रविष्टि तिथि:
21 AUG 2026 2:21PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 20 ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ സി.ഇ.ഒമാരുമായും സ്ഥാപകരുമായും സേവാ തീർത്ഥിൽ വെച്ച് ഇന്ന് സംവാദം നടത്തി.
റോക്കറ്റുകൾ, പുനരുപയോഗിക്കാവുന്ന സെമി-ക്രയോജനിക് ലോഞ്ച് വാഹനങ്ങൾ, ഏവിയോണിക്സ്, സാറ്റലൈറ്റുകൾ, നൂതന പ്രൊപ്പൽഷൻ സിസ്റ്റം, സ്പേസ്-ഡിഫൻസ് ഇന്റലിജൻസ്, ബഹിരാകാശ അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ, നിർമ്മിത ബുദ്ധി അധിഷ്ഠിത പ്രാദേശിക കാലാവസ്ഥാ പഠനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്പേസ് കമ്പനികളുടെ സി.ഇ.ഒമാർ ഈ സംവാദത്തിൽ പങ്കെടുത്തു. ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ വ്യവസായം കൈവരിക്കുന്ന വേഗത്തിലുള്ള പുരോഗതിയെക്കുറിച്ചും ഈ മേഖലയുടെ ഭാവിയെക്കുറിച്ചുമുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ അവർ പങ്കുവെച്ചു. രാജ്യത്തിനുള്ളിൽ തന്നെ തങ്ങളുടെ ശേഷികളും ആവശ്യമായ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് വലിയ സമയവും ശ്രമവും വിനിയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അവർ, പ്രധാനമന്ത്രിയിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഗവൺമെന്റിന്റെ ശക്തമായ പിന്തുണയും മേഖലയിലെ സഹകരണവും ചൂണ്ടിക്കാണിച്ച അവർ, തങ്ങളുടെ ടീമുകൾ വലിയ ആവേശത്തോടെയും നിശ്ചയദാർഢ്യത്തോടെയുമാണ് ഈ മേഖലയിലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രവർത്തിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തത് വലിയ ആവേശമുണർത്തുകയും വ്യവസായ രംഗത്ത് പുതിയ അവസരങ്ങൾ തുറന്നുനൽകുകയും ചെയ്തതായി അവർ ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ വളർന്നുവരുന്ന സ്വകാര്യ ബഹിരാകാശ വ്യവസായം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും നിരവധി അന്താരാഷ്ട്ര കമ്പനികൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഒരു പുതിയ മേഖലയിൽ ധൈര്യപൂർവ്വം നേതൃത്വം നൽകിയതിന് ബഹിരാകാശ മേഖലയിലെ നേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ മേഖല കാണിച്ച ആത്മവിശ്വാസം, സ്വകാര്യ പങ്കാളിത്തത്തിനായി ഇത് തുറന്നുകൊടുത്തപ്പോഴുള്ള കാഴ്ചപ്പാടിന് കരുത്തേകിയെന്ന് അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങൾക്കും ബഹിരാകാശ മേഖലയിൽ നിക്ഷേപം നടത്താൻ കഴിയില്ല അല്ലെങ്കിൽ താല്പര്യമില്ല എന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ആഗോള ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ സ്ഥാനം വേഗത്തിൽ ദൃഢമാക്കാനുള്ള വലിയ അവസരമാണ് ഇതെന്ന് വ്യക്തമാക്കി.
തങ്ങളുടെ സാങ്കേതികവിദ്യകളുടെ പുതിയ സാധ്യതകൾ കണ്ടെത്താനും, അവ സാധാരണക്കാരുടെ ജീവിതം എങ്ങനെ കൂടുതൽ എളുപ്പമാക്കാം എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി സ്പേസ് കമ്പനികളെ പ്രോത്സാഹിപ്പിച്ചു.
സ്പേസ് സെക്ടറിലെ കമ്പനികളും മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളും തമ്മിൽ കൂടുതൽ സഹകരണം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. ബഹിരാകാശ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് തങ്ങളുടെ സാങ്കേതികവിദ്യ വിപുലീകരിക്കുന്നതിനായി പരിസ്ഥിതി സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാം. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്പേസ് സാങ്കേതിക കമ്പനികൾക്ക് കാർഷിക സർവകലാശാലകളുമായും വകുപ്പുകളുമായും സഹകരിച്ച് കർഷകർക്ക് മികച്ച വിവരങ്ങൾ നൽകാനും ഉല്പാദനം വർദ്ധിപ്പിക്കാനും സഹായിക്കാനാകും.
ലോകം ബഹിരാകാശത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അത് ഇന്ത്യയിലേക്ക് നോക്കുന്ന രീതിയിലുള്ള ഒരു അന്തരീക്ഷവും ആവാസവ്യവസ്ഥയും സൃഷ്ടിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ആഗോള പ്രതിഭകളെയും കമ്പനികളെയും നിക്ഷേപങ്ങളെയും രാജ്യത്തേക്ക് ആകർഷിക്കുന്ന ഒരു കാന്തമായി പ്രവർത്തിക്കാൻ ഇന്ത്യയുടെ ബഹിരാകാശ മേഖലയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അടൽ ടിങ്കറിംഗ് ലാബുകളുമായി കൂടുതൽ അടുത്ത സഹകരണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ ബഹിരാകാശ മേഖലയോട് ജിജ്ഞാസയും താല്പര്യവും വളർത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്കൈറൂട്ട് എയറോസ്പേസ്, അഗ്നികുൽ കോസ്മോസ്, പിക്സൽ , ധ്രുവ സ്പേസ്, ഗാലക്സ്ഐ , പിയർസൈറ്റ് , ബെല്ലാട്രിക്സ് എയറോസ്പേസ് , ദിഗന്തര , സാറ്റ്സുയർ, സുഹോറ ടെക്നോളജീസ് , മനസ്തു സ്പേസ്, ആസ്ട്രോബേസ് , ടേക്ക്മീ2സ്പേസ് , വ്യോംഐസി , കോസ്മോസെർവ് സ്പേസ് , ഓർബിറ്റ് എയ്ഡ് എയറോസ്പേസ് , സ്കൈസെർവ്-ഹൈസ്പേസ്, സെറെൻഡിപിറ്റി സ്പേസ് , വസ്സാർ ലാബ്സ് , മിസ്റ്റ്ഇഒ എന്നീ 20 സ്പേസ് സ്റ്റാർട്ടപ്പുകളുടെ സി.ഇ.ഒമാരും സ്ഥാപകരും ഈ സംവാദത്തിൽ പങ്കെടുത്തു.
-SK-
(रिलीज़ आईडी: 2302158)
आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada