PIB Backgrounder
ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം, 2026
प्रविष्टि तिथि:
19 AUG 2026 5:25PM by PIB Thiruvananthpuram
പതിവായി ഉയരുന്ന ചോദ്യങ്ങൾ
ചോദ്യം. ഖനന പ്രവർത്തനങ്ങളിൽ നിന്ന് സംസ്ഥാന ഗവണ്മെന്റുകൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ വിഭാഗങ്ങൾ/തരങ്ങൾ എന്തൊക്കെയാണ്?
സംസ്ഥാന ഗവണ്മെന്റുകൾക്ക് ഖനനത്തിൽ നിന്ന് ഏകദേശം 14 വ്യത്യസ്ത തരം നികുതികൾ, ഫീസ്, ചാർജുകൾ, ലെവികൾ എന്നിവയിലൂടെ വരുമാനം ലഭിക്കുന്നു. ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിന് നൽകുന്ന റോയൽറ്റി, ലേലത്തിലൂടെ ഖനന അവകാശങ്ങൾ നേടുന്നതിന് നൽകുന്ന ലേല പ്രീമിയം, ഖനന പാട്ടം നടത്തുന്നതിനുള്ള ഡെഡ് റെന്റ്, ജില്ലാ മിനറൽ ഫൗണ്ടേഷനുകൾ (DMF) ലേക്കുള്ള സംഭാവനകൾ, ചരക്ക് സേവന നികുതി (GST), ധാതുക്കൾ കൊണ്ടുപോകുന്നതിനുള്ള ഫീസ് (ട്രാൻസിറ്റ് ഫീസ്) എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ചില സംസ്ഥാനങ്ങൾ ധാതുക്കൾ അടങ്ങിയ ഭൂമിയ്ക്ക് പ്രത്യേക നികുതി ചുമത്തുന്നു. ഇത് ഗവണ്മെന്റ് കമ്പനികൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നു. ചില സന്ദർഭങ്ങളിൽ, ഈ അധിക നികുതികൾ പ്രസക്തമായ തുകയുടെ 20% വരെ ഉയർന്നേക്കാം.
ചോദ്യം. സംസ്ഥാന ഗവണ്മെന്റും കേന്ദ്ര ഗവണ്മെന്റും തമ്മിൽ ഖനന വരുമാനം എങ്ങനെ പങ്കിടുന്നു?
നിലവിൽ, ഖനന പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഏകദേശം 90% സംസ്ഥാന ഗവണ്മെന്റുകൾക്കാണ്, ബാക്കി കേന്ദ്ര ഗവണ്മെന്റിന് ലഭിക്കും. കഴിഞ്ഞ 10 വർഷത്തിനിടയിൽ, കൽക്കരി, കൽക്കരിയിതര ധാതുക്കളിൽ നിന്നുള്ള മൊത്തം വരുമാനത്തിൽ സംസ്ഥാനങ്ങളുടെ വിഹിതം ഏകദേശം 28 ശതമാനം വർദ്ധിച്ചു. തത്ഫലമായി, 2025–26 ൽ സംസ്ഥാനങ്ങൾക്ക് ഏകദേശം ₹1,14,549.28 കോടി ധാതു വരുമാനം ലഭിച്ചു. പുതിയ നിയമം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിൽ കുറവു വരുത്തില്ല. നിയമം പ്രാബല്യത്തിൽ വന്ന ശേഷവും, ധാതു ഉത്പാദനത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഏകദേശം 90% സംസ്ഥാന ഗവണ്മെന്റുകൾക്ക് തന്നെ ലഭിക്കും.
ചോദ്യം. 2015 മുതൽ ധാതു മേഖലയിൽ എന്തൊക്കെ പ്രധാന പരിഷ്കാരങ്ങളാണ് നടപ്പിലാക്കിയത്?
ഖനന മേഖലയെ കൂടുതൽ സുതാര്യവും മത്സരാധിഷ്ഠിതവുമാക്കുന്നതിനും ഭാവിയിലെ ധാതുക്കളുടെ ആവശ്യകത നിറവേറ്റാൻ സുസജ്ജമാക്കുന്നതിനുമായി 2015 മുതൽ ഗവണ്മെന്റ് നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
പുതിയ ഖനികൾ തുറക്കുന്നതിൽ റെക്കോർഡിട്ട വർഷവും മത്സരാധിഷ്ഠിത ഇ-ലേലവും
2015-ൽ, വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിൽ ഖനന അവകാശങ്ങൾ നൽകുന്നത് നിർത്തലാക്കുന്നതിനായി ഗവണ്മെന്റ് ഖനികളും ധാതുക്കളും (വികസന, നിയന്ത്രണ) നിയമത്തിൽ മാറ്റം വരുത്തി. അതിനുശേഷം, 17 സംസ്ഥാനങ്ങളിലായി 723 പ്രധാന ധാതു ബ്ലോക്കുകൾ ലേലം ചെയ്തു. രാജസ്ഥാൻ 140 ഉം മധ്യപ്രദേശ് 127 ഉം ഒഡീഷ 76 ഉം ധാതു ബ്ലോക്കുകൾ എന്നിങ്ങനെ ലേലം ചെയ്തു. 2025–26 സാമ്പത്തിക വർഷമാണ് ഇതുവരെയുള്ളതിൽ ഏറ്റവും വിജയകരമായ വർഷം, 212 ധാതു ബ്ലോക്കുകൾ ലേലം ചെയ്യുകയും അവയിൽ 36 എണ്ണം പ്രവർത്തനക്ഷമമാകുകയും ചെയ്തു. കൽക്കരി മേഖലയിൽ, 141 ഖനികൾ ലേലം ചെയ്യുകയും 23 എണ്ണം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ഉത്പാദനവും ഖനന മേഖലയിലെ ആഗോള സ്ഥാനവും മെച്ചപ്പെടുത്തി രാജ്യം
2025–26 ൽ, പ്രധാന ധാതു ഉത്പാദനത്തിന്റെ മൂല്യം 26.8% വർദ്ധിച്ചു. ഇരുമ്പയിര് ഉത്പാദനം 313 ദശലക്ഷം ടണ്ണിലെത്തി റെക്കോർഡിട്ടു. ചുണ്ണാമ്പുകല്ല് ഉത്പാദനം 484 ദശലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ രണ്ട് വർഷങ്ങളിലും കൽക്കരി ഉത്പാദനം 1 ബില്യൺ ടൺ കവിഞ്ഞു, കൂടാതെ കൽക്കരി ഒഴികെയുള്ള ധാതുക്കളുടെ ഉത്പാദനം 2014 മുതൽ ഏകദേശം മൂന്നിരട്ടിയായി വർദ്ധിച്ചു. നിലവിൽ ലോകത്തിലെ രണ്ടാമത്തെ വലിയ ചുണ്ണാമ്പുകല്ല് ഉത്പാദക രാജ്യമാണ് ഇന്ത്യ. സിങ്കിൽ മൂന്നാം സ്ഥാനത്തും, ഇരുമ്പയിരിൽ നാലാം സ്ഥാനത്തും, ബോക്സൈറ്റിൽ അഞ്ചാം സ്ഥാനത്തുമാണ് രാജ്യം.
നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷനും ഓവർസീസ് സോഴ്‌സിംഗും
വ്യവസായങ്ങൾക്കും ഭാവി സാങ്കേതികവിദ്യകൾക്കും ആവശ്യമായ പ്രധാന ധാതുക്കൾ കണ്ടെത്താനും സുരക്ഷിതമാക്കാനും ഇന്ത്യയെ സഹായിക്കുന്നതിനായി 2025 ജനുവരി 29 ന് നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷൻ (NCMM) അംഗീകരിച്ചു. 2030-31 സാമ്പത്തിക വർഷം വരെ ₹2,600 കോടി ബജറ്റ് പിന്തുണ ഉൾപ്പെടെ ഈ ദൗത്യത്തിനായി ഗവണ്മെന്റ് ₹16,300 കോടി അനുവദിച്ചിട്ടുണ്ട്. നിർണായക ധാതുക്കൾ പര്യവേക്ഷണം ചെയ്യുന്നതിനായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) ഉം NMEDT ഉം 1,200 പദ്ധതികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. NMEDT അംഗീകരിച്ച 777 പദ്ധതികളിൽ 255 എണ്ണം നിർണായക ധാതുക്കളുമായി ബന്ധപ്പെട്ടതാണ്. 2025 ലെ ഭേദഗതി NMEDT-യെ വിദേശ പര്യവേക്ഷണത്തെ പിന്തുണയ്ക്കാൻ അനുവദിക്കുന്നു. ഈ ശ്രമത്തിന്റെ ഭാഗമായി, KABIL അർജന്റീനയിൽ ലിഥിയം പര്യവേക്ഷണം ചെയ്യുന്നതിനുള്ള പ്രത്യേക അവകാശങ്ങൾ നേടി.
സംസ്കരണം, പുനരുപയോഗം, ഗവേഷണ ശേഷി
നിർണ്ണായക ധാതുക്കളുടെ പുനരുപയോഗത്തിനായി ₹1,500 കോടി രൂപയുടെ പ്രോത്സാഹന പദ്ധതി 2025 ഒക്ടോബർ 2 ന് ആരംഭിച്ചു. ഈ പദ്ധതി പ്രകാരം, 58 കമ്പനികളും സംരംഭങ്ങളും ചേർന്ന് പ്രതിവർഷം 850,000 ടൺ പുനരുപയോഗ ശേഷി സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിവർഷം 270,000 ടൺ എന്ന ലക്ഷ്യത്തേക്കാൾ വളരെ കൂടുതലാണിത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ക്രിട്ടിക്കൽ മിനറൽ പ്രോസസിംഗ് പാർക്കുകളെ പിന്തുണയ്ക്കുന്നതിനായി ഗവണ്മെന്റ് ₹500 കോടി നൽകുന്നു. കൂടാതെ, ചില നിർണായക ധാതുക്കൾ, ലിഥിയം-അയൺ ബാറ്ററി സ്ക്രാപ്പ്, ധാതു സംസ്കരണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങൾ എന്നിവയുടെ ഇറക്കുമതി നികുതി (അടിസ്ഥാന കസ്റ്റംസ് തീരുവ) നീക്കം ചെയ്തിട്ടുണ്ട്. ഒമ്പത് സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത് നിർണായക ധാതുക്കളിൽ ഗവേഷണവും വൈദഗ്ധ്യവും ശക്തിപ്പെടുത്തുന്നതിനുള്ള MAHA ദൗത്യത്തിന് കീഴിൽ ₹210 കോടി നൽകി.
കൂടുതൽ പ്രദേശങ്ങളിൽ ധാതുക്കൾക്കായി പര്യവേക്ഷണം, പര്യവേക്ഷണത്തിന് കൂടുതൽ സാമ്പത്തിക പിന്തുണയും വിഭവങ്ങളും
2014 മുതൽ പര്യവേക്ഷണ പ്രവർത്തനങ്ങൾ ഏകദേശം 200 മടങ്ങ് വർദ്ധിച്ചു, ഇപ്പോൾ 51 സ്വകാര്യ ഏജൻസികൾക്ക് പര്യവേക്ഷണ പ്രവർത്തനങ്ങൾ നടത്താൻ ഔദ്യോഗികമായി അനുവാദമുണ്ട്. NMEDT സംഭാവന 3 ശതമാനമായി ഉയർത്തി, നേരിട്ടുള്ള പര്യവേക്ഷണ ചെലവുകളുടെ പകുതി ഗവണ്മെന്റ് തിരികെ നൽകുന്നു. പര്യവേക്ഷണ ലൈസൻസ് ഉടമകൾക്ക് പരമാവധി റീഇംബേഴ്സ്മെന്റ് ₹20 കോടിയും സംയോജിത ലൈസൻസ് ഉടമകൾക്ക് ₹8 കോടിയുമാണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) 2025–26 ൽ 457 പര്യവേക്ഷണ പദ്ധതികൾ പൂർത്തിയാക്കി, ഇതിൽ നിർണായകവും തന്ത്രപരവുമായ ധാതുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 230 പദ്ധതികളും ഉൾപ്പെടുന്നു. അതുപോലെ, NMEDT 2024–25 ൽ അത്തരം 62 പദ്ധതികൾക്ക് പിന്തുണ നൽകി, 2025–26 ൽ ഇത് 84 പദ്ധതികളായി വർദ്ധിപ്പിച്ചു.
ലളിതമായ പ്രവർത്തനങ്ങളും ഡിജിറ്റൽ നിരീക്ഷണവും
ഖനന പാട്ടക്കാർക്ക് ഇപ്പോൾ അവരുടെ ഖനന വിസ്തീർണ്ണം 10% വരെ വർദ്ധിപ്പിക്കാൻ കഴിയും, സംയോജിത ലൈസൻസ് ഉടമകൾക്ക് ഇത് 30% വരെ വർദ്ധിപ്പിക്കാൻ കഴിയും. ക്യാപ്റ്റീവ് ഖനികളിൽ നിന്നുള്ള ധാതു വിൽപ്പനയുടെ പരിധി നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ നിർണായകമായ, തന്ത്രപരമായ അല്ലെങ്കിൽ ആഴത്തിലുള്ള ധാതുക്കൾ ഒരു പാട്ടത്തിൽ ചേർക്കുന്നതിനുള്ള അധിക പേയ്‌മെന്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മിനറൽ ബ്ലോക്കിന്റെ ലേലം മുതൽ ഖനന പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് വരെയുള്ള മുഴുവൻ ഖനന പ്രക്രിയയും ഏകീകൃത മൈനിംഗ് പോർട്ടൽ (UMP) ഡിജിറ്റലായി നിരീക്ഷിക്കുന്നു. കൽക്കരി, മിനറൽ എക്സ്ചേഞ്ചുകൾ ധാതുക്കൾ ന്യായവും സുതാര്യവുമായ വിലയ്ക്ക് വിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നു.
ചോദ്യം. ഖനന ബാധിതർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ 2015-ലെ ഭേദഗതി എങ്ങനെ സഹായിച്ചു?
2015 ൽ, ഖനന ബാധിതരായ ജനങ്ങളുമായി ഖനനത്തിന്റെ ലാഭം പങ്കിടുന്നതിനായി കേന്ദ്ര ഗവണ്മെന്റ് ജില്ലാ മിനറൽ ഫൗണ്ടേഷൻ (DMF) എന്ന ആശയം അവതരിപ്പിച്ചു. പ്രധാനമന്ത്രി ഖനിജ് ക്ഷേത്ര കല്യാൺ യോജന (PMKKKY) ഉം 656 ജില്ലാ മിനറൽ ഫൗണ്ടേഷനുകളും (DMF) പ്രാദേശിക ക്ഷേമത്തിനായി സ്ഥാപിച്ചു, ഇതിൽ 106 എണ്ണം അഭിലാഷയുക്ത ജില്ലകളിലാണ്. DMF പ്രകാരം ശേഖരിക്കുന്ന മുഴുവൻ തുകയും പ്രാദേശിക വികസന പദ്ധതികൾക്കായി ഉപയോഗിക്കുന്നു, ധനസഹായം നൽകേണ്ട മേഖലകളും പദ്ധതികളും ജില്ലാ ഭരണകൂടം നിർണ്ണയിക്കുന്നു. റോഡുകൾ, ആശുപത്രികൾ, സ്കൂളുകൾ, കുടിവെള്ളം, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെയും സേവനങ്ങളെയും ഈ സംരംഭങ്ങൾ പിന്തുണയ്ക്കുന്നു.
ചോദ്യം. ധാതു ഇറക്കുമതി കുറയ്ക്കാൻ 2026 ലെ ഭേദഗതി നിയമം ഇന്ത്യയെ എങ്ങനെ സഹായിക്കുന്നു?
സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും ഇന്ത്യയുടെ തന്ത്രപരമായ താത്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥിരതയാർന്നതും നീതിയുക്തവുമായ ഒരു നികുതി സംവിധാനം ഈ നിയമത്തിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഇത് നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും നിർണായക ധാതുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ഇറക്കുമതി ചെയ്ത ധാതുക്കളിന്മേലുള്ള ഇന്ത്യയുടെ ആശ്രിതത്വം കുറയ്ക്കുകയും ചെയ്യും.
ചോദ്യം. 2026 ലെ ഭേദഗതി നിയമം ധാതു സമ്പന്നമായ സംസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സിനെ ബാധിക്കുമോ?
ഖനന പ്രവർത്തനങ്ങൾക്ക് നിലവിൽ ഏകദേശം 14 തരം നികുതികൾ, ചാർജുകൾ, ഫീസുകൾ, ലെവികൾ എന്നിവ സംസ്ഥാനങ്ങൾ ചുമത്തുന്നുണ്ട്.
ഭേദഗതിക്കു ശേഷവും, ഖനനത്തിൽ നിന്നുള്ള നികുതികളുടെയും നിയമപരമായ വരുമാനത്തിന്റെയും ഏകദേശം 90% സംസ്ഥാനങ്ങൾക്ക് പോകുന്നത് തുടരും. അതിനാൽ, MMDR നിയമത്തിലെ ഇപ്പോഴത്തെ ഭേദഗതി കാരണം സംസ്ഥാനങ്ങൾക്ക് ഒരു വരുമാന നഷ്ടവും ഉണ്ടാകില്ല.
ഖനന പദ്ധതികൾക്ക് ദീർഘകാല സാമ്പത്തിക സ്ഥിരതയും ഉറപ്പും ഈ നിയമം നൽകുന്നു, ഇവയ്ക്ക് വർഷങ്ങളോളം വലിയ നിക്ഷേപം ആവശ്യമാണ്. ഇത് ധാതു ഉതപാദനം വർദ്ധിപ്പിക്കുകയും സംസ്ഥാന ഗവണ്മെന്റുകൾക്ക് കൂടുതൽ വരുമാനം ഉണ്ടാക്കുകയും ചെയ്യും.
ചോദ്യം. സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തെ ഈ നിയമം ബാധിക്കുമോ?
സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വരുമാനം ഈ നിയമം മൂലം കുറയില്ല. സംസ്ഥാനങ്ങൾക്ക് റോയൽറ്റി, ലേല പ്രീമിയം, ഡിഎംഎഫ്, ജിഎസ്ടി വിഹിതം എന്നിവ തുടർന്നും ലഭിക്കും. 2015 ൽ ലേല സംവിധാനം ആരംഭിച്ചതിനുശേഷം, കൽക്കരി ഉൾപ്പെടെയുള്ള ഖനന മേഖലകളിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ₹ 7 ലക്ഷം കോടിയിലധികം ലഭിച്ചു. ഇന്ന്, ഖനന മേഖലയുടെ വരുമാനത്തിന്റെ ഏകദേശം 96% സംസ്ഥാനങ്ങൾക്കാണ്, അതേസമയം കേന്ദ്രത്തിന് ഏകദേശം 4% ജിഎസ്ടി മുഖേന ലഭിക്കുന്നു. പകരം ഖനന പദ്ധതികൾ സാമ്പത്തികമായി ലാഭകരമായി നിലനിർത്താൻ നിയമം ശ്രമിക്കുന്നു, അതുവഴി ഉയർന്ന ഉത്പാദനം, നിക്ഷേപം, തുടർച്ചയായ ഖനന പ്രവർത്തനങ്ങൾ എന്നിവ സംസ്ഥാനങ്ങൾക്ക് സുസ്ഥിര വരുമാനം സൃഷ്ടിക്കുന്നു. വാസ്തവത്തിൽ, കഴിഞ്ഞ ദശകത്തിൽ സംസ്ഥാനങ്ങളുടെ ധാതു വരുമാനം ഏകദേശം 354% വർദ്ധിച്ച് 2025-26 ൽ ഏകദേശം ₹ 82,366 കോടിയിലെത്തി.
ചോദ്യം. ഈ നിയമം സമ്പദ്‌വ്യവസ്ഥയെ എങ്ങനെ സഹായിക്കുന്നു?
സുസ്ഥിരവും പ്രവചനാത്മകവുമായ നികുതി നയങ്ങളും ദീർഘകാല നയദർശനവും രാജ്യത്തേയ്ക്ക് കൂടുതൽ വിദേശ നിക്ഷേപവും വ്യവസായ പങ്കാളിത്തവും ആകർഷിക്കും. നികുതി ബാധ്യത നിക്ഷേപകർ മുൻകൂട്ടി അറിഞ്ഞിരിക്കണം. ഈ സ്ഥിരത നിക്ഷേപം ആകർഷിക്കുകയും നിർണായക ധാതുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും വികസിത ഭാരതം 2047 എന്ന ദർശനം സുഗമമാക്കുകയും ചെയ്യും.
ചോദ്യം. സംസ്ഥാനം ചുമത്തുന്ന ധാതു നികുതികൾ സാധാരണ പൗരന്മാരെ എങ്ങനെ ബാധിക്കുന്നു?
ഉരുക്ക്, വൈദ്യുതി, സിമൻറ്, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വ്യവസായങ്ങൾക്ക് അവശ്യ അസംസ്കൃത വസ്തുക്കളാണ് ധാതുക്കൾ. ധാതു വേർതിരിച്ചെടുക്കലിന് സംസ്ഥാനങ്ങൾ ഉയർന്ന നികുതി ചുമത്തുകയാണെങ്കിൽ, ധാതുക്കളുടെ വില വർദ്ധിക്കും, ഇത് നിർമ്മാണച്ചെലവ് വർദ്ധിപ്പിക്കുകയും ആത്യന്തികമായി സാധാരണക്കാർക്ക് സാധനങ്ങളും സേവനങ്ങളും ചെലവേറിയതാക്കുകയും ചെയ്യും.
ചോദ്യം. ഈ നിയമം ചുരുക്കം ചില വൻകിട കമ്പനികൾക്ക് മാത്രമേ ഗുണം ചെയ്യൂ എന്ന വാദം ശരിയാണോ?
ഒരു പ്രത്യേക കമ്പനിക്കും പ്രയോജനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല ഈ നിയമം. പകരം, ഖനന മേഖലയുടെ നികുതി സംവിധാനം കൂടുതൽ വ്യക്തവും നിയന്ത്രിതവും നിയമപരമായി സ്ഥിരതയുള്ളതുമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇന്ന്, വ്യക്തിഗത തിരഞ്ഞെടുപ്പിനോ സ്വാധീനത്തിനോ പകരം സുതാര്യവും മത്സരാത്മകവുമായ ഇ-ലേലങ്ങളിലൂടെയാണ് ധാതുക്കളും കൽക്കരി ബ്ലോക്കുകളും അനുവദിക്കുന്നത്. 2014 ന് മുമ്പ് നിലവിലുണ്ടായിരുന്ന സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി, ഏറ്റവും ഉയർന്ന ലേലത്തുക വാഗ്ദാനം ചെയ്യുന്നയാൾക്ക് ബ്ലോക്ക് ലഭിക്കും. ഇതുവരെ, ഏകദേശം 725 ധാതു ബ്ലോക്കുകളും 141 കൽക്കരി ഖനികളും ലേലം ചെയ്തു, നിലവിൽ 105 ധാതു ബ്ലോക്കുകളും 23 കൽക്കരി ഖനികളും പ്രവർത്തനക്ഷമമാണ്.
ഖനന ലേല സംവിധാനം പൊതുമേഖലാ സ്ഥാപനങ്ങൾ (PSUs), സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ (MSMEs), സ്റ്റാർട്ടപ്പുകൾ, ഇന്ത്യൻ കമ്പനികൾ, വിദേശ കമ്പനികൾ എന്നിവയുൾപ്പെടെ എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നു. ഇതുവരെ ലേലം ചെയ്ത 725 പ്രധാന ധാതു ബ്ലോക്കുകൾ 300 വ്യത്യസ്ത ലേലക്കാരെ ആകർഷിച്ചു. മുഴുവൻ സംവിധാനവും ഏതാനും ചില കമ്പനികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു. പഴയതും അനിശ്ചിതവുമായ നികുതി ആവശ്യങ്ങൾ മുൻകാല പ്രാബല്യത്തോടെയോ ഒറ്റയടിയ്‌ക്കോ ചുമത്തിയാൽ, അത് ഉരുക്ക്, സിമൻറ്, അലുമിനിയം, വൈദ്യുതി തുടങ്ങിയ മേഖലകളെ ഗുരുതരമായി ബാധിച്ചേക്കാം. അന്തിമമായി അടിസ്ഥാന സൗകര്യങ്ങൾ, വീടുകൾ, വൈദ്യുതി, മറ്റ് അവശ്യവസ്തുക്കൾ എന്നിവ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കൂടുതൽ ചെലവേറിയതാകും. ഈ നിയമം മൂലം ഒരു കമ്പനിക്കും ഗവണ്മെന്റ് പണം നൽകുകയോ നിലവിലുള്ള കുടിശ്ശികകൾ റദ്ദാക്കുകയോ ചെയ്യുന്നില്ല; പകരം, ഖനന മേഖലയെയും വിശാലമായ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്ന ലെവികൾ നിയന്ത്രിക്കുന്നതിന് വ്യക്തമായ ഒരു നിയമ ചട്ടക്കൂട് മാത്രമേ ഇത് നൽകുന്നുള്ളൂ. വ്യവഹാരങ്ങൾ കുറയ്ക്കുക, നയവ്യക്തത നൽകുക, സ്ഥിരതയാർന്നതും മത്സരാത്മകവുമായ ഖനന മേഖല സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. അതിലൂടെ വസായമേഖലയ്ക്കും രാജ്യത്തിനും വളരാൻ കഴിയും.
ചോദ്യം. ഭേദഗതി നിയമത്തിലൂടെ വരുത്തിയ മാറ്റങ്ങൾ ചെറുകിട ധാതുക്കൾക്കും ബാധകമാണോ?
ഇല്ല. ചെറുകിട ധാതുക്കളുമായി ബന്ധപ്പെട്ട സംസ്ഥാന ഗവണ്മെന്റുകളുടെ നിയമങ്ങളിൽ, MMDR ഭേദഗതി നിയമം 2026 ഒരു മാറ്റവും വരുത്തുന്നില്ല. ഇതിൽ മണൽ, ചരൽ, കളിമണ്ണ്, ഗ്രാനൈറ്റ്, മാർബിൾ, ജിപ്സം, ലാറ്ററൈറ്റ് എന്നിവയുൾപ്പെടെ ഏകദേശം 50 ധാതുക്കൾ ഉൾപ്പെടുന്നു. ഈ ധാതുക്കളുടെ നിയന്ത്രണവും അവയ്ക്ക് കുതി ചുമത്താനുമുള്ള അധികാരവും സംസ്ഥാന ഗവണ്മെന്റുകൾക്ക് തുടർന്നും ഉണ്ടായിരിക്കും. ചുരുക്കത്തിൽ, ചെറുകിട ധാതുക്കളുടെ മേലുള്ള സംസ്ഥാനങ്ങളുടെ നിയന്ത്രണ, സാമ്പത്തിക അധികാരങ്ങളെ ഈ നിയമം ബാധിക്കില്ല.
സൂചനകൾ
കൽക്കരി മന്ത്രാലയം
ഖനി മന്ത്രാലയം
pdf കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
****
(रिलीज़ आईडी: 2301800)
आगंतुक पटल : 3