ഉപരാഷ്ട്രപതിയുടെ കാര്യാലയം
प्रविष्टि तिथि:
17 AUG 2026 5:21PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ തഞ്ചാവൂരിലെ ശാസ്ത്ര (SASTRA) ഡീംഡ് സർവകലാശാലയുടെ റൂബി-സിൽവർ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്തു.അക്കാദമിക മികവിൻ്റെ പാതയിൽ സുപ്രധാന നാഴികക്കല്ലുകൾ പിന്നിട്ട സർവകലാശാലയെ ചടങ്ങിൽ അദ്ദേഹം അഭിനന്ദിച്ചു.
കഴിഞ്ഞകാലത്തെ വളർച്ചയുടെയും നിലവിലെ മികവിൻ്റെയും ഭാവിയിലെ മികച്ച ലക്ഷ്യങ്ങളുടെയും പ്രതിഫലനമാണ് ശാസ്ത്രയുടെ ഈ ജൂബിലി ആഘോഷങ്ങളെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. തമിഴ്‌നാട്ടിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ 'ശാസ്ത്ര' ദേശീയ വികസനത്തിന് നൽകുന്ന സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ നയങ്ങൾ വിപ്ലവകരവും പുരോഗമനപരവുമാണെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ വിശേഷിപ്പിച്ചു. കെ.ജി. മുതൽ പിഎച്ച്.ഡി. വരെയുള്ള വിദ്യാഭ്യാസ പുരോഗതിയുടെ വഴികാട്ടിയാണ് ദേശീയ വിദ്യാഭ്യാസ നയം 2020 എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF), പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് (PMRF), പി.എം. വിദ്യാലക്ഷ്മി, മൾട്ടിപ്പിൾ എൻട്രി-മൾട്ടിപ്പിൾ എക്സിറ്റ് സൗകര്യം എന്നിവ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപകാലത്ത് പ്രാബല്യത്തിൽ വന്ന പൊതുപരീക്ഷാ (അനഭിലഷണീയ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബില്ലിനെക്കുറിച്ച് പരാമർശിക്കവെ, പൊതുപരീക്ഷാ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ യുവാക്കൾക്ക് നീതിയുക്തവും സുതാര്യവുമായ സംവിധാനം ഉറപ്പാക്കുന്നതിലുള്ള കേന്ദ്ര ഗവണ്മെൻ്റിൻ്റെ പ്രതിജ്ഞാബദ്ധത വെളിവാക്കുന്നതിനുമാണ് ഈ നിയമനിർമ്മാണം ലക്ഷ്യമിടുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
2035-ഓടെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ പ്രവേശന അനുപാതം (GER) നിലവിലെ 30 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഉൽപ്പാദന, സേവന മേഖലകളെ മുൻനിർത്തി വിവിധ നടപടികളിലൂടെ സാമൂഹിക-സാമ്പത്തിക വളർച്ച കൈവരിക്കുന്നതോടൊപ്പം, പരമാധികാര സാങ്കേതിക ശേഷികൾ വികസിപ്പിച്ചെടുക്കാൻ പ്രാപ്തിയുള്ള ഒരു സ്വാശ്രയ ആവാസവ്യവസ്ഥ കേന്ദ്ര ഗവണ്മെൻ്റ് കെട്ടിപ്പടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ പോലും നേടിയെടുക്കാനുള്ള ഊർജ്ജവും ദൃഢനിശ്ചയവും യുവജനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഈ സമയം വളരെ വിലപ്പെട്ടതാണെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ ഓർമ്മിപ്പിച്ചു.
വിദ്യാർത്ഥികൾ സാമൂഹ്യ മാധ്യമഉപയോഗം പരിമിതപ്പെടുത്തണമെന്നും, നവീകരണത്തിലും നിരന്തരമായി കഴിവുകൾ വർദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.ലഹരിമരുന്നുകളിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കാൻ അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
"ലഹരിമരുന്നുകളോട് 'ഇല്ല' എന്ന് പറയുക. നിങ്ങളുടെ ആരോഗ്യത്തോടും ജീവിതത്തോടും 'അതെ ' എന്ന് പറയുക," അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ശാസ്ത്ര (SASTRA) സർവകലാശാലയുടെ ആറ് പുതിയ പദ്ധതികൾ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു:
* TRUST @ SASTRA: ടാറ്റാ കമ്മ്യൂണിക്കേഷൻസ് സെൻ്റർ ഫോർ റെസിലിയൻ്റ് ആൻഡ് യൂണിഫൈഡ് സെക്യൂർ ടെക്നോളജീസ്
* SASTRA.AI: ശാസ്ത്രയുടെ സംയോജിത എ.ഐ ചട്ടക്കൂട്
* SASTRA-MAITRI: ഗവേഷണത്തിലൂടെയും അന്താരാഷ്ട്രവൽക്കരണത്തിലൂടെയും അക്കാദമിക സംരംഭങ്ങൾക്കായുള്ള മൊബിലിറ്റി പദ്ധതി
* STRIDE- SASTRA Teaching, Research & Innovation Development Enhancement Fund)Fund: അധ്യാപകരുടെയും ഗവേഷകരുടെയും ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഫണ്ട്
* DRISHTI: സാങ്കേതികവിദ്യയും നൂതനാശയങ്ങളും പ്രയോജനപ്പെടുത്തിയുള്ള ഉന്നതവിദ്യാഭ്യാസ ഡിജിറ്റൽ ബോധന സംവിധാനം
* SMILE: ശാസ്ത്ര-സി.യു.ബി. (CUB) പങ്കാളിത്ത ആനുകൂല്യ പദ്ധതി
ഈ ചരിത്ര നിമിഷത്തിൽ ഉദ്ഘാടനം ചെയ്ത ആറ് പുതിയ പദ്ധതികളും ശാസ്ത്രയുടെ ഭാവി മുന്നേറ്റത്തിന് കുതിപ്പുപകരുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഈ സംരംഭങ്ങൾ ലക്ഷ്യമിട്ട ഫലങ്ങൾ കൈവരിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു
സൈബർ സുരക്ഷ, നെറ്റ്‌വർക്കിംഗ് എന്നീ സുപ്രധാന മേഖലകളിൽ ടാറ്റാ കമ്മ്യൂണിക്കേഷൻസുമായി ധാരണയിലെത്തിയതിന് ശാസ്ത്ര (SASTRA) സർവകലാശാലയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ത്യയുടെ പരമാധികാര വളർച്ചയ്ക്ക് അനുയോജ്യമായ ശക്തവും വിശ്വസനീയവുമായ സുരക്ഷാ നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യങ്ങളും കെട്ടിപ്പടുക്കുന്നതിന് ഈ സഹകരണം ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശേഷിവർദ്ധന, ഗവേഷണം, നൂതനാശയങ്ങളും സംരംഭകത്വവും, സാമൂഹിക പങ്കാളിത്തം, വ്യവസായ മേഖലയുമായുള്ള സഹകരണം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളെ ഉൾക്കൊള്ളുന്ന ഈ സംരംഭങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'വികസിത ഇന്ത്യ @2047' എന്ന കാഴ്ചപ്പാടുമായി ചേർന്നുനിൽക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ശാസ്ത്ര സർവകലാശാലയുടെ എല്ലാ ശ്രമങ്ങൾക്കും തുടർ വിജയങ്ങൾ ആശംസിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ, 'വികസിത ഇന്ത്യ @2047' എന്ന ലക്ഷ്യത്തിന് സംഭാവനകൾ നൽകിക്കൊണ്ട് ഒരു "പഠന-മികവ് ക്ഷേത്രമായി" സ്ഥാപനം കൂടുതൽ വളരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തമിഴ്‌നാട്-കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ശാസ്ത്ര സർവകലാശാല ചാൻസലർ പ്രൊഫ. ആർ. സേതുരാമൻ, വൈസ് ചാൻസലർ പ്രൊഫ. എസ്. വൈദ്യസുബ്രഹ്മണ്യം, ഡീൻ പ്രൊഫ. എസ്. സ്വാമിനാഥൻ, രജിസ്ട്രാർ പ്രൊഫ. ആർ. ചന്ദ്രമൗലി, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.