PIB Backgrounder
azadi ka amrit mahotsav

സെമികണ്ടക്ടറും എ.ഐ. വിപ്ലവവും

प्रविष्टि तिथि: 13 AUG 2026 1:47PM by PIB Thiruvananthpuram

ഭാവിയെ ശക്തിപ്പെടുത്തുന്നു

 

ചിപ്പുകൾ മുതൽ എ.ഐ. വരെ: ഇന്ത്യയുടെ സാങ്കേതിക നേതൃത്വത്തിന് അടിത്തറയൊരുക്കുന്നു 

സ്മാർട്ട്‌ഫോണുകൾ, വാഹനങ്ങൾ മുതൽ ഉപഗ്രഹങ്ങൾ, എ.ഐ. സംവിധാനങ്ങൾ വരെയുള്ള ആധുനിക സാങ്കേതികവിദ്യയുടെ ആധാരശിലയാണ് സെമികണ്ടക്ടറുകൾ. നൂതന ചിപ്പുകൾ, പ്രത്യേക ആവശ്യങ്ങൾക്കായുള്ള പ്രൊസസറുകൾ, ഉയർന്ന പ്രകടനശേഷിയുള്ള കമ്പ്യൂട്ടിംഗ് സംവിധാനങ്ങൾ എന്നിവയ്ക്കുള്ള ആവശ്യകത എ.ഐ. ഇപ്പോൾ അതിവേഗം വർദ്ധിപ്പിക്കുകയാണ്. ഇതോടെ ഈ രണ്ട് സാങ്കേതികവിദ്യകളും പരസ്പരം വേർതിരിക്കാനാകാത്തവിധം കൂടുതൽ ബന്ധപ്പെട്ടുവരുന്നു. ഈ സാങ്കേതികവിദ്യകളുടെ സംയോജനം തിരിച്ചറിഞ്ഞുകൊണ്ട്, ചിപ്പ് രൂപകൽപ്പനയും  നിർമ്മാണവും മുതൽ കമ്പ്യൂട്ടിംഗ് അടിസ്ഥാനസൗകര്യങ്ങളും തദ്ദേശീയ എ.ഐ. മോഡലുകളും വരെയുള്ള മേഖലകളിൽ ഇന്ത്യ ശേഷികൾ വികസിപ്പിച്ചുവരികയാണ്. ഇരു മേഖലകളിലുമുള്ള  ഗവൺമെൻ്റ്   സംരംഭങ്ങൾ സ്വയംപര്യാപ്തതയും വിതരണ ശൃംഖലയുടെ  പ്രതിരോധശേഷിയും നൂതനാശയങ്ങളും ശക്തിപ്പെടുത്തുന്ന ഒരു സംയോജിത സാങ്കേതിക ആവാസവ്യവസ്ഥയ്ക്ക് രൂപം നൽകുകയാണ്. നൂതന ഉൽപ്പാദനം, ഗവേഷണം, സംരംഭകത്വം, ഉയർന്ന  മൂല്യമുള്ള തൊഴിലവസരങ്ങൾ എന്നിവയിൽ പുതിയ സാധ്യതകൾ തുറക്കാൻ ഈ മുന്നേറ്റത്തിലൂടെ സാധിക്കുന്നു. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ, ഈ സാങ്കേതിക ശേഷികൾ ആഗോള സാങ്കേതിക നേതൃത്വത്തിലേക്കും വികസിത ഇന്ത്യയിലേക്കുമുള്ള ഒരു നിർണ്ണായക ചുവടുവെയ്പ്പിനെ അടയാളപ്പെടുത്തുന്നു.

 

സെമികണ്ടക്ടറുകൾ: സാങ്കേതിക സ്വയംപര്യാപ്തതയുടെ അടിത്തറ


ചിപ്പ് രൂപകൽപ്പനയും നിർമ്മാണവും മുതൽ നൂതന പാക്കേജിംഗ്, ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവ വരെയുള്ള സെമികണ്ടക്ടർ മൂല്യശൃംഖലയിലുടനീളം ഇന്ത്യ ആഭ്യന്തര ശേഷികൾ വികസിപ്പിച്ചുവരികയാണ്. ഇന്ന് ആഭ്യന്തര ശേഷി ശക്തിപ്പെടുത്തുന്നതിലൂടെ, നാളയുടെ സാങ്കേതികവിദ്യകൾക്ക് രൂപം നൽകുന്ന നിലയിലേക്ക് ഇന്ത്യ മുന്നേറുകയാണ്.

സമർപ്പിത ദൗത്യത്തിലൂടെ സ്വയംപര്യാപ്തതയ്ക്ക് അടിത്തറയിട്ടു

•  ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി 76,000 കോടി രൂപ വകയിരുത്തിക്കൊണ്ട് സെമികോൺ 1.0 അടിത്തറയിട്ടു.

•  ചിപ്പ് രൂപകൽപ്പന, നിർമ്മാണം, പാക്കേജിംഗ്, പരിശോധന, ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ, നൈപുണ്യമുള്ള മനുഷ്യവിഭവശേഷി എന്നിവ ഉൾപ്പെടുന്ന മുഴുവൻ മൂല്യശൃംഖലയ്ക്കും ഇത് പിന്തുണ നൽകുന്നു.

• 2026 ജൂലൈയിൽ അംഗീകരിച്ച 1,27,500 കോടി രൂപയുടെ വിഹിതത്തോടെ, സെമികോൺ 2.0 ഈ അടിത്തറ വിപുലീകരിച്ച് ആഗോള ആവാസവ്യവസ്ഥയുടെ നേതൃത്വത്തിലേക്ക് ഇന്ത്യയെ ഉയർത്തുകയാണ്.

• ആറ് തന്ത്രപ്രധാന സ്തംഭങ്ങളാണ് സെമികോൺ ഇന്ത്യ 2.0-യെ മുന്നോട്ട് നയിക്കുന്നത്: ചിപ്പ് രൂപകൽപ്പന, സെമികണ്ടക്ടർ ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും, നിർമ്മാണ സൗകര്യങ്ങൾ, നൂതന പാക്കേജിംഗ്,  ഗവേഷണവും വികസനവും, നൈപുണ്യ വികസനം എന്നിവയാണവ.


ഈ സംയോജിത സമീപനം വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ആഭ്യന്തര മൂല്യവർദ്ധന വിപുലീകരിക്കുകയും ഭാവിയിലെ സെമികണ്ടക്ടർ മേഖലയിലെ നേതൃത്വത്തിനായി ഇന്ത്യയെ സജ്ജമാക്കുകയും ചെയ്യുന്നു.

 

നയരൂപീകരണത്തിൽ നിന്ന് സെമികണ്ടക്ടർ നിർമ്മാണത്തിലേക്ക്

•  ആറ് സംസ്ഥാനങ്ങളിലായി 1.64 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളോടെ 12 സെമികണ്ടക്ടർ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.

• സിലിക്കൺ, കോമ്പൗണ്ട് സെമികണ്ടക്ടർ ഫാബുകൾ, ഡിസ്പ്ലേ നിർമ്മാണം, നൂതന പാക്കേജിംഗ് യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ പദ്ധതികൾ.

•  ഇതിൽ മൂന്ന് യൂണിറ്റുകൾ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിച്ചുകഴിഞ്ഞു; ഇത് സെമികണ്ടക്ടർ നയരൂപീകരണത്തിൽ നിന്ന് നിർമ്മാണത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ അടയാളപ്പെടുത്തുന്നു.


ഓട്ടോമൊബൈലുകൾ, ടെലികമ്മ്യൂണിക്കേഷൻ, എയ്‌റോസ്‌പേസ്, പവർ ഇലക്ട്രോണിക്‌സ്, കൺസ്യൂമർ ഇലക്ട്രോണിക്‌സ് എന്നിവയ്ക്ക് ആവശ്യമായ നിർണ്ണായക ഘടകങ്ങൾ ഈ സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രങ്ങൾ വിതരണം ചെയ്യും.


• അസംസ്കൃത സിലിക്കൺ വേഫറുകളെ പ്രവർത്തനക്ഷമമായ സംയോജിത സർക്യൂട്ടുകളായും മൈക്രോചിപ്പുകളായും മാറ്റുന്ന നിർമ്മാണശാലകളാണ് സെമികണ്ടക്ടർ ഫാബുകൾ.

• ഫോണുകൾ, കാറുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്‌ക്കായുള്ള പരന്നതും വഴക്കമുള്ളതുമായ സ്‌ക്രീനുകൾ നിർമ്മിക്കുന്ന പ്ലാൻ്റുകളാണ് ഡിസ്‌പ്ലേ നിർമ്മാണ സൗകര്യങ്ങൾ.

• ദുർബലമായ ചിപ്പുകളെ സംരക്ഷിക്കുന്നതിനായി അവയെ ആവരണം ചെയ്യുകയും വൈദ്യുത ബന്ധങ്ങൾ സ്ഥാപിക്കുകയും സംരക്ഷണ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുന്ന രീതികളാണ് നൂതന പാക്കേജിംഗ്. ചിപ്പുകളുടെ വേഗത്തിലുള്ള പ്രവർത്തനത്തിനും ദീർഘകാല ഉപയോഗത്തിനും ഇത് സഹായിക്കുന്നു.

 

തദ്ദേശീയ സെമികണ്ടക്ടർ ഡിസൈൻ ശേഷികൾ വികസിപ്പിക്കുന്നു

• ഭാവിയിലെ നൈപുണ്യമുള്ള മനുഷ്യവിഭവശേഷിയുടെ ആവശ്യകത നിറവേറ്റുന്നതിനായി, ചിപ്‌സ് ടു സ്റ്റാർട്ടപ്പ് (C2S) പോലുള്ള സംരംഭങ്ങളിലൂടെ സെമികണ്ടക്ടർ മേഖലയിലെ നൈപുണ്യ വികസനത്തിന്  ഗവൺമെൻ്റ്   മുൻഗണന നൽകിവരുന്നു. ഇതിന് കീഴിൽ,

• 320 അക്കാദമിക് സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ (EDA) ടൂളുകൾ വിന്യസിച്ചു.

• നൂതന ചിപ്പ്-ഡിസൈൻ ശേഷികളിലേക്കുള്ള പ്രവേശനം വിപുലീകരിച്ചുകൊണ്ട് 68,000-ത്തിലധികം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ചിപ്‌സ് ടു സ്റ്റാർട്ടപ്പ് (C2S) പ്രോഗ്രാമിനെക്കുറിച്ച് കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

• ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (DLI) സ്കീമിന് കീഴിൽ 24 സെമികണ്ടക്ടർ ഡിസൈൻ പ്രോജക്ടുകൾക്ക് സാമ്പത്തിക സഹായവും, 105 സ്റ്റാർട്ടപ്പുകൾക്കും MSME-കൾക്കും EDA ടൂൾ പിന്തുണയും അംഗീകരിച്ചു. ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് സ്കീമിനെക്കുറിച്ച് അറിയാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.

 

ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ (EDA)

സെമികണ്ടക്ടർ ചിപ്പുകൾ രൂപകൽപ്പന ചെയ്യാനും, സിമുലേറ്റ് ചെയ്യാനും, പരിശോധിച്ച് ഉറപ്പുവരുത്താനും, പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമുകളാണ് EDA ടൂളുകൾ. സങ്കീർണ്ണമായ ചിപ്പ് ഡിസൈനുകൾ കൈകാര്യം ചെയ്യുന്നതിനും നിർമ്മാണത്തിന് മുമ്പ് തന്നെ പിശകുകൾ കണ്ടെത്തി പരിഹരിക്കുന്നതിനും ചിപ്പിൻ്റെ പ്രകടനം, ഊർജ്ജക്ഷമത, വിശ്വാസ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനും ഇവ സഹായിക്കുന്നു. ചിപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട സമയവും ചെലവും അപകടസാധ്യതകളും കുറയ്ക്കുന്നതിലൂടെ, വിവിധ ആവശ്യങ്ങൾക്കായുള്ള നൂതന ചിപ്പുകൾ അതിവേഗം വികസിപ്പിക്കാൻ EDA ടൂളുകൾ സഹായിക്കുന്നു.


•  വളർന്നുവരുന്ന തദ്ദേശീയ ഡിസൈൻ ശേഷി തെളിയിച്ചുകൊണ്ട്, 2026 ഏപ്രിലോടെ 75 സ്ഥാപനങ്ങൾ ചേർന്ന് 211 ചിപ്പുകളുടെ ഡിസൈനുകൾ നിർമ്മാണത്തിനായി സമർപ്പിച്ചു

• 12 നാനോമീറ്റർ പോലുള്ള നൂതന നോഡുകൾ ഉൾപ്പെടെ വിവിധ സാങ്കേതിക വിദ്യകളിൽ 7 ചിപ്പുകൾ വിജയകരമായി നിർമ്മിച്ചു.

• സെമികണ്ടക്ടർ ഐ.പി., ചിപ്പ്, സിസ്റ്റം ഡിസൈനുകൾ എന്നിവയ്ക്ക് കൂടുതൽ പിന്തുണ നൽകാൻ സെമികോൺ 2.0 ലക്ഷ്യമിടുന്നു. ഇത് ആഗോള സെമികണ്ടക്ടർ ഡിസൈൻ ഹബ് എന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തും.

 

ആഗോള പങ്കാളിത്തങ്ങൾ

• യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാൻ, സിംഗപ്പൂർ, നെതർലാൻഡ്‌സ്, ജർമ്മനി, യൂറോപ്യൻ യൂണിയൻ എന്നിവയുമായുള്ള ആഗോള പങ്കാളിത്തങ്ങൾ സാങ്കേതിക സഹകരണവും അനുബന്ധ വ്യവസായ ആവാസവ്യവസ്ഥയുടെ വികസനവും ശക്തിപ്പെടുത്തുന്നു.

• സെമിക്കോൺ ഇന്ത്യ 2025, 48 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള 350-ലധികം പ്രദർശകരെയും പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവന്നു, ഇത് ഇന്ത്യയുടെ ആഗോള സെമികണ്ടക്ടർ ഇടപെടൽ ശക്തിപ്പെടുത്തി.

• ഇന്ത്യയുടെ സെമികണ്ടക്ടർ അഭിലാഷങ്ങളിലുള്ള ശക്തമായ ആഗോള താൽപ്പര്യം വ്യക്തമാക്കിക്കൊണ്ട്, 35,000 രജിസ്ട്രേഷനുകളും 30,000 നേരിട്ടുള്ള സന്ദർശകരുടെ സാന്നിധ്യവും 25,000 ഓൺലൈൻ കാഴ്ചക്കാരും രേഖപ്പെടുത്തി.

• ഉൽപ്പന്ന വികസനം, സേവനങ്ങൾ, സെമികണ്ടക്ടർ നൈപുണ്യ വികസനം എന്നിവ ശക്തിപ്പെടുത്തുന്നതിനായി 12 ധാരണാപത്രങ്ങൾ പ്രഖ്യാപിച്ചു.


ഈ പങ്കാളിത്തങ്ങൾ ഇന്ത്യൻ കമ്പനികളെ ആഗോള സെമികണ്ടക്ടർ  മൂല്യശൃംഖലകളുമായി സംയോജിപ്പിക്കാനും ആഭ്യന്തര ശേഷികളുടെ വികസനം ത്വരിതപ്പെടുത്താനും സഹായിക്കുന്നു.


ഇന്ത്യ എ.ഐ. മിഷൻ: ഇന്ത്യയുടെ പരമാധികാരപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ എ.ഐ. ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നു

ഏകദേശം 10,372 കോടി രൂപ വകയിരുത്തി അംഗീകരിച്ച ഇന്ത്യ എ.ഐ. ദൗത്യം, കഴിഞ്ഞ ഒരു വർഷത്തിനിടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. സുരക്ഷിതവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, ഇന്ത്യയുടെ ആവശ്യങ്ങൾക്ക് അനുസൃതവുമായ ശേഷികൾ വികസിപ്പിക്കുന്നതിലാണ് ഈ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നവീകരണം, സാമ്പത്തിക വളർച്ച, പൊതുസേവന വിതരണം എന്നിവയ്ക്കുള്ള ഒരു തന്ത്രപ്രധാന ശേഷിയായി നിർമ്മിതബുദ്ധിയെ മാറ്റാൻ ഇത് ലക്ഷ്യമിടുന്നു.



വൻതോതിലുള്ള പരമാധികാര എ.ഐ. കമ്പ്യൂട്ടിംഗ് ശേഷി

• 2026 ജൂൺ വരെയുള്ള കണക്കനുസരിച്ച്, ഇന്ത്യ എ.ഐ. ദൗത്യം പങ്കിട്ട കമ്പ്യൂട്ട് ശേഷി 45,000-ത്തിലധികം  ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകളിലേക്ക് (GPU-കൾ) വ്യാപിപ്പിച്ചു.

• 2026 ഓഗസ്റ്റോടെ, 237 പദ്ധതികൾ സബ്‌സിഡി നിരക്കിലുള്ള എ.ഐ. കമ്പ്യൂട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്തി, 93.18 ലക്ഷം GPU മണിക്കൂറുകൾ ഇതിലൂടെ ലഭ്യമാക്കി. എ.ഐ. മോഡലുകളുടെ വികസനം, പരിശീലനം, പരിശോധന, ഗവേഷണം എന്നിവയ്ക്കായി താങ്ങാനാവുന്ന ചെലവിൽ ഉയർന്ന പ്രകടനശേഷിയുള്ള കമ്പ്യൂട്ടിംഗ് സൗകര്യം ഇത് ലഭ്യമാക്കുന്നു. അതുവഴി ഇന്ത്യൻ ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, നൂതനാശയക്കാർ എന്നിവർക്ക് ഈ മേഖലയിലേക്കുള്ള പ്രവേശന തടസ്സങ്ങൾ കുറയ്ക്കുന്നു.

 

 

ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റ് (GPU)

ഗ്രാഫിക്സ്, ഇമേജ് പ്രൊസസിംഗ്, മറ്റ് ഡാറ്റാ അധിഷ്ഠിത കമ്പ്യൂട്ടിംഗ് ജോലികൾ എന്നിവ ത്വരിതപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു പ്രത്യേക ഇലക്ട്രോണിക് പ്രൊസസറാണ് ജിപിയു (GPU). കമ്പ്യൂട്ടറുകൾ, സ്മാർട്ട്ഫോണുകൾ, സെർവറുകൾ, മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയിൽ GPU-കൾ  വ്യാപകമായി ഉപയോഗിക്കുന്നു.

അടിസ്ഥാന എ.ഐ. മോഡലുകൾ

• ലഭിച്ച 506 അപേക്ഷകളിൽ നിന്ന്, 12 വലിയ മൾട്ടിമോഡൽ മോഡലുകളും 8 ചെറിയ ഭാഷാ മോഡലുകളും ഉൾപ്പെടെ 20 സ്വദേശി ഫൗണ്ടേഷൻ മോഡൽ നിർദ്ദേശങ്ങൾ  ഗവൺമെൻ്റ്   തിരഞ്ഞെടുത്തു.

• ഇത് ഇന്ത്യൻ ഭാഷകൾക്കും ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അനുയോജ്യമായ എ.ഐ. മോഡലുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയുടെ ശേഷി വർദ്ധിപ്പിക്കുന്നു.


എ.ഐ. മോഡലുകൾക്കുള്ള ഡിജിറ്റൽ അടിസ്ഥാനസൗകര്യം

• 2026 ജൂലൈ വരെയുള്ള കണക്കനുസരിച്ച്, എ.ഐ. കോശ് 14,000-ത്തിലധികം ഡാറ്റാസെറ്റുകളും 331 എ.ഐ മോഡലുകളും  ലഭ്യമാക്കുന്നു. എ.ഐ. പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ഗവേഷകർക്കും ഡെവലപ്പർമാർക്കും നൂതനാശയക്കാർക്കും നിർണായക ഉറവിടങ്ങളിലേക്ക് ഇത് പ്രവേശനം നൽകുന്നു.

ഗവേഷണത്തിൽ നിന്ന് പ്രായോഗിക ഭരണനിർവ്വഹണത്തിലേക്ക്

• 2026 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച്, ഇന്ത്യ എ.ഐ സംരംഭങ്ങളുടെ ഭാഗമായി 62 എ.ഐ പ്രവർത്തന മാതൃകകൾ വികസിപ്പിക്കുകയും പൊതുമേഖലാ സ്ഥാപനങ്ങളിലുടനീളം 20 എ.ഐ പരിഹാരങ്ങൾ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

•  ദേശീയ തലത്തിലുള്ള 11 ഹാക്കത്തോണുകളും ഇന്നൊവേഷൻ ചലഞ്ചുകളും ആശയങ്ങളിൽ നിന്ന്  പ്രായോഗികമായി നടപ്പാക്കാവുന്ന പരിഹാരങ്ങളിലേക്കുള്ള വഴികൾ കൂടുതൽ വിപുലീകരിക്കുന്നു.

മികവിൻ്റെ കേന്ദ്രങ്ങൾ വഴിയുള്ള ഇന്നൊവേഷൻ

• 2026 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച്, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സെൻ്റർ ഓഫ് എക്സലൻസുകൾക്ക് (AI CoEs) അംഗീകാരം നൽകിയിട്ടുണ്ട്.

• 13 സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 22 CoE- കൾക്ക് ഇതിനകം അംഗീകാരം നൽകുകയും അവ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

• ഈ കേന്ദ്രങ്ങൾ അതത് മേഖലകളിലെ ഗവേഷണം, നവീകരണം, ആപ്ലിക്കേഷൻ വികസനം എന്നിവ ശക്തിപ്പെടുത്തുന്നു.

 


പ്രതിഭാശേഷിയും ഡീപ്-ടെക് ആവാസവ്യവസ്ഥയും വികസിപ്പിക്കുന്നു

• നാഷണൽ മിഷൻ ഓൺ ഇൻ്റർ ഡിസിപ്ലിനറി സൈബർ-ഫിസിക്കൽ സിസ്റ്റംസ് (NM-ICPS) രാജ്യത്തെ പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളിലായി 25 ടെക്നോളജി ഇന്നൊവേഷൻ ഹബ്ബുകൾ സ്ഥാപിച്ചിട്ടുണ്ട്.

• എ.ഐ., റോബോട്ടിക്സ്, സൈബർ സുരക്ഷ, ക്വാണ്ടം സാങ്കേതികവിദ്യകൾ, ഉയർന്നുവരുന്ന മറ്റ് മേഖലകൾ എന്നിവയിലുടനീളം ഗവേഷണം, നൈപുണ്യ വികസനം, സ്റ്റാർട്ടപ്പുകൾ, സാങ്കേതികവിദ്യ കൈമാറ്റം എന്നിവയെ പിന്തുണയ്ക്കുന്നു.


ദ്രുതഗതിയിലുള്ള സ്വീകാര്യതയ്‌ക്കൊപ്പം വിശ്വസനീയമായ എ.ഐ.

• 2026 ജൂലൈ വരെയുള്ള കണക്കനുസരിച്ച്, ഇന്ത്യ എ.ഐ. ദൗത്യത്തിൻ്റെ 'സുരക്ഷിതവും വിശ്വസനീയവുമായ  എ.ഐ.' സ്തംഭത്തിന് കീഴിൽ 13 ഉത്തരവാദിത്തപൂർണ എ.ഐ. പദ്ധതികൾക്ക് കേന്ദ്ര ഗവൺമെൻ്റ്   അംഗീകാരം നൽകി. പക്ഷപാതം കുറയ്ക്കൽ, മെഷീൻ അൺലേണിംഗ്, ഡീപ്ഫേക്ക് കണ്ടെത്തൽ, സ്വകാര്യത സംരക്ഷിക്കുന്ന എ.ഐ., വിശദീകരണക്ഷമത, എ.ഐ. അപകടസാധ്യത വിലയിരുത്തൽ തുടങ്ങിയ നിർണ്ണായക വെല്ലുവിളികളെയാണ് ഈ പദ്ധതികൾ അഭിമുഖീകരിക്കുന്നത്.

എ.ഐ. അടിസ്ഥാനസൗകര്യത്തെ പിന്തുണയ്ക്കുന്നതിനായി ഡാറ്റാ സെൻ്റർ ശേഷി വിപുലീകരിക്കുന്നു

• മുംബൈ, നവി മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി എൻസിആർ, ഗുജറാത്ത് തുടങ്ങി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഡാറ്റാ സെൻ്ററുകൾ പ്രവർത്തിക്കുന്നു.

• സ്ഥാപിത ശേഷി 2020-ലെ 375 മെഗാവാട്ടിൽ നിന്ന് നിലവിൽ ഏകദേശം 1,575 മെഗാവാട്ടായി ഉയർന്നു.

• ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ പുതിയ നിക്ഷേപ കേന്ദ്രങ്ങളായി ഉയർന്നുവരുന്നതിനാൽ ഡാറ്റാ സെൻ്റർ വ്യവസായം അവിടങ്ങളിലേക്കും കൂടുതൽ വ്യാപിക്കുകയാണ്.


ആഗോള അംഗീകാരം

• സ്റ്റാൻഫോർഡ് ഗ്ലോബൽ എ.ഐ. വൈബ്രൻസി റിപ്പോർട്ട് 2025-ൽ എ.ഐ മത്സരക്ഷമതയിലും ആവാസവ്യവസ്ഥയുടെ കാര്യക്ഷമതയിലും ഇന്ത്യ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തെത്തി.

• 2025-ൽ, ഗിറ്റ്ഹബ്ബ് എ.ഐ. പ്രോജക്റ്റുകളിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയ രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. ഇത് രാജ്യത്തെ ഡെവലപ്പർമാരുടെയും നൂതനാശയക്കാരുടെയും കരുത്തിനെ പ്രതിഫലിപ്പിക്കുന്നു.

• 2026 ഫെബ്രുവരിയിൽ ഇന്ത്യ എ.ഐ. ഇംപാക്റ്റ് ഉച്ചകോടി നടന്നു. 100-ലധികം രാജ്യങ്ങളിൽ നിന്നും 20 അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇതിലെ പ്രഖ്യാപനം 92 രാജ്യങ്ങളും സംഘടനകളും അംഗീകരിച്ചു.

•  2026-ലെ ഇന്ത്യ എ.ഐ. ഇംപാക്റ്റ് ഉച്ചകോടിയിൽ ഇന്ത്യ പാക്സ് സിലിക്ക സഖ്യത്തിൽ ചേർന്നു. അമേരിക്കയോടും മറ്റ് പങ്കാളികളോടുമൊപ്പം ചേർന്ന് ആഗോള സിലിക്കൺ വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനാണ് ഇതിലൂടെ പ്രവർത്തിക്കുന്നത്.

• സ്വയംപര്യാപ്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആഗോളതലത്തിൽ മത്സരശേഷിയുള്ളതുമായ ഒരു എ.ഐ. ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ ആഭ്യന്തര ശ്രമങ്ങൾക്ക് ഇത് കരുത്തേകുന്നു.



ചിപ്പുകളിലും എ.ഐ.യിലും മുന്നേറ്റം തുടരുന്നു

ഇന്ത്യയുടെ സെമികണ്ടക്ടർ പ്രോഗ്രാം അംഗീകാരങ്ങളും ഡിസൈൻ പിന്തുണയും എന്ന ഘട്ടത്തിൽ നിന്ന് വാണിജ്യ ഉൽപ്പാദനത്തിലേക്ക്  മുന്നേറുകയാണ്. ഇതിൻ്റെ അടുത്ത ഘട്ടമായ സെമികോൺ 2.0 ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ, നൂതന പാക്കേജിംഗ്, ഗവേഷണം, തദ്ദേശീയ ബൗദ്ധിക സ്വത്തവകാശം, നൈപുണ്യ വികസനം എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യ എ.ഐ. ദൗത്യം പങ്കിട്ട കമ്പ്യൂട്ടിംഗ് ശേഷി വികസിപ്പിക്കുകയും ഗവൺമെൻ്റ്, വ്യവസായം, അക്കാദമിക മേഖല സ്റ്റാർട്ടപ്പുകൾ എന്നിവയിലുടനീളം എ.ഐ. ആപ്ലിക്കേഷനുകൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നു. ഈ സംയോജിത സമീപനം സാങ്കേതിക ശേഷികൾ ശക്തിപ്പെടുത്തുകയും ഉത്തരവാദിത്തപൂർണമായ എ.ഐ. ഭരണനിർവ്വഹണം സാധ്യമാക്കുകയും സുസ്ഥിരമായ നൂതനാശയങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നു.




അവലംബം 

Ministry of Electronics & Information Technology

Ministry of Science and Technology

PIB Backgrounders

Click here to see PDF

****


(रिलीज़ आईडी: 2299318) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Gujarati , Tamil