വാണിജ്യ വ്യവസായ മന്ത്രാലയം
മുൻഗണനാ വ്യാപാര കരാറിനായുള്ള (PTA) ചർച്ചകൾക്കായി, ഇന്ത്യയും ദക്ഷിണാഫ്രിക്കൻ കസ്റ്റംസ് യൂണിയനും SACU) ടേംസ് ഓഫ് റഫറൻസ് (ToR) ഒപ്പുവച്ചു
प्रविष्टि तिथि:
12 AUG 2026 9:36PM by PIB Thiruvananthpuram
മുൻഗണനാ വ്യാപാര കരാറിനായുള്ള (PTA) ചർച്ചകൾക്കായി ഇന്ത്യയും ദക്ഷിണാഫ്രിക്കൻ കസ്റ്റംസ് യൂണിയനും ഇന്ന് ന്യൂഡൽഹിയിലെ വാണിജ്യ ഭവനിൽ വെച്ച് (SACU) ഒരു ടേംസ് ഓഫ് റഫറൻസ് (ToR) ഒപ്പുവച്ചു. ഇന്ത്യയും SACU അംഗരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ നടപടി.
ഇന്ത്യയും ദക്ഷിണാഫ്രിക്കൻ കസ്റ്റംസ് യൂണിയനും (SACU) തമ്മിൽ സമഗ്രവും സന്തുലിതവും നീതിയുക്തവുമായ ഒരു വ്യാപാര കരാറിന് ആഹ്വാനം ചെയ്ത കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ, വിപണികളെ വൈവിധ്യവത്കരിക്കാനും ഇരുവിഭാഗത്തിനും അഭിവൃദ്ധി പ്രാപിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാനും ഈ പങ്കാളിത്തം സഹായകമാകുമെന്ന് വ്യക്തമാക്കി. താങ്ങാവുന്ന ചെലവിൽ മരുന്നുകൾ വിതരണം ചെയ്യുന്നതിലും SACU ഐടി മേഖലയിൽ പുതിയ പ്രതിഭകളുടെ വികസനത്തെ പിന്തുണയ്ക്കുന്നതിലും ഇന്ത്യയ്ക്ക് സുപ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ശ്രീ ഗോയൽ പറഞ്ഞു. SACU അംഗരാജ്യങ്ങൾ ഇതിനോടകം ശക്തി പ്രാപിച്ച വ്യവസായങ്ങളിൽ ആഗോള ബിസിനസ്, ഉത്പാദന ശൃംഖലയുടെ ഭാഗമായി മാറുന്നതിന് ഇന്ത്യയ്ക്ക് സഹായിക്കാനാകും. അന്താരാഷ്ട്ര വിപണികളിൽ മത്സരിക്കുന്നതിന് ആവശ്യമായ നൈപുണ്യവും വൈദഗ്ദ്ധ്യവും വികസിപ്പിക്കുന്നതിലും ഇന്ത്യയ്ക്ക് അവരെ പിന്തുണയ്ക്കാൻ കഴിയും.
ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം ദീർഘകാല സൗഹൃദം, സമത്വം, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് ബിസിനസ്സിലോ വ്യാപാരത്തിലോ മാത്രം ഒതുങ്ങുന്നതല്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ദേശീയ സ്മരണയിൽ ദക്ഷിണാഫ്രിക്കയ്ക്ക് സവിശേഷ സ്ഥാനമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു, "ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം വാണിജ്യത്തിൽ നിന്നല്ല ആരംഭിച്ചത്. ആത്മബന്ധത്തിൽ നിന്നാണ് അത് ആരംഭിച്ചത്" എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധിയെ അനുസ്മരിച്ചുകൊണ്ട്, വർണ്ണവിവേചനത്തിനെതിരായ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയിലെ ജനങ്ങൾക്ക് ഇന്ത്യ നൽകിയ പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു.
എഞ്ചിനീയറിംഗ് സാമഗ്രികളും യന്ത്രങ്ങളും, ഓട്ടോമൊബൈൽസ്, ഫാർമസ്യൂട്ടിക്കൽസ്, തുണിത്തരങ്ങൾ, കൃഷി, കാർഷിക സംസ്കരണം എന്നിവയിൽ വിപുലമായ പരസ്പരപൂരക സഹകരണത്തിനാൽ, ഇതിനോടകം സ്ഥാപിതമായ വാണിജ്യ ബന്ധത്തിന് മുൻഗണനാ വിപണി പ്രവേശനം ഉറപ്പാക്കാനാണ് ചർച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ശ്രീ ഗോയൽ വ്യക്തമാക്കി. ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കാൻ ഇരുവിഭാഗത്തോടും അദ്ദേഹം അഭ്യർത്ഥിച്ചു, ടേംസ് ഓഫ് റഫറൻസിൽ ഒപ്പിടുന്നത് ചർച്ചകൾക്ക് ഒരു ചട്ടക്കൂട് മാത്രമേ നൽകുന്നുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. അന്തിമ മുൻഗണനാ വ്യാപാര കരാർ പൂർത്തിയാക്കി ഒപ്പിട്ടതിനുശേഷം മാത്രമേ ആനുകൂല്യങ്ങൾ പൂർണ്ണമായും ലഭ്യമാകൂ. അതിനാൽ ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കി കരാർ അന്തിമാക്കുകയെന്നതാണ് പ്രധാനം.
ഒപ്പുവെക്കൽ ചടങ്ങിൽ വാണിജ്യ വ്യവസായ സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ, ഭാരത സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ, SACU പ്രതിനിധി സംഘം അടക്കമുള്ളവർ പങ്കെടുത്തു.
വരാനിരിക്കുന്ന ഇന്ത്യ-SACU വ്യാപാര ചർച്ചകൾക്ക് ഘടനാപരവും സുതാര്യവും പ്രവചനാത്മകവും സംഘടിതവുമായ ഒരു ചട്ടക്കൂട് നൽകുന്നതിനാൽ, ടേംസ് ഓഫ് റഫറൻസ് (ToR) ഒപ്പിടുന്നത് ഒരു പ്രധാന ചുവടുവയ്പ്പാണെന്ന് റിപ്പബ്ലിക് ഓഫ് നമീബിയ സർക്കാരിന്റെ അന്താരാഷ്ട്ര ബന്ധ-വ്യാപാര മന്ത്രാലയത്തിലെ എക്സിക്യൂട്ടീവ് ഡയറക്ടർ എൻഡിത എൻഗിപോണ്ടോക-റോബിയാറ്റി പറഞ്ഞു. ഇന്ത്യയെ SACU വിന്റെ സുപ്രധാന പങ്കാളിയെന്ന് വിശേഷിപ്പിച്ച അവർ വ്യാപാരം, നിക്ഷേപം, നൈപുണ്യ വികസനം, വികസന പദ്ധതികൾ എന്നിവയിൽ ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള ദീർഘകാല സഹകരണത്തെ ഉയർത്തിക്കാട്ടുകയും ചെയ്തു. അംഗരാജ്യങ്ങളുടെ വികസനത്തിന്റെ വ്യത്യസ്ത തലങ്ങൾ, പ്രത്യേകിച്ച് ദരിദ്രവും, ആവികസിതവും, സാമ്പത്തികമായി ദുർബലവുമായ രാജ്യങ്ങളുടെ താത്പര്യങ്ങളും വികസന ആവശ്യങ്ങളും പരിഗണിക്കുന്ന നീതിയുക്തവും സന്തുലിതമായ ഒരു വ്യാപാര കരാർ SACU ആഗ്രഹിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
ആഫ്രിക്കൻ മേഖലയുമായി ഇന്ത്യ ഇതാദ്യമായാണ് ടേംസ് ഓഫ് റഫറൻസ് (ToR) ഒപ്പുവയ്ക്കുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ വകുപ്പ് സെക്രട്ടറി ശ്രീ രാജേഷ് അഗർവാൾ സമ്മേളനത്തെ അഭിസംബോധന ചെയ്യവേ അറിയിച്ചു, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കസ്റ്റംസ് യൂണിയൻ എന്ന നിലയിൽ SACU വിന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. ചരക്ക് വ്യാപാരം, ഉത്പന്നങ്ങൾ എവിടെ നിന്ന് വരുന്നു എന്നതിനെക്കുറിച്ചുള്ള നിയമങ്ങൾ, കസ്റ്റംസ് നടപടിക്രമങ്ങൾ, വ്യാപാര സംരക്ഷണ നടപടികൾ, ഭക്ഷ്യ-ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ, സാങ്കേതിക വ്യാപാര മാനദണ്ഡങ്ങൾ, വ്യാപാര തർക്കങ്ങൾ പരിഹരിക്കൽ, മറ്റ് നിയമപരമായ കാര്യങ്ങൾ എന്നിവയുൾപ്പെടെ എട്ട് പ്രധാന മേഖലകൾ നിർദ്ദിഷ്ട മുൻഗണനാ വ്യാപാര കരാറിൽ (PTA) ഉൾക്കൊള്ളുന്നതായി അദ്ദേഹം വിശദീകരിച്ചു.
പരസ്പര പ്രയോജനകരമായ വ്യാപാര ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയും SACU വും പ്രതിജ്ഞാബദ്ധരാണെന്ന് ടേംസ് ഓഫ് റഫറൻസിൽ ഒപ്പുവെച്ചത് വ്യക്തമാക്കുന്നു. ഇരുവിഭാഗത്തിനും പ്രയോജനകരവും സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നതുമായ നീതിയുക്തവും സന്തുലിതവുമായ വ്യാപാര കരാർ സൃഷ്ടിക്കുന്നതിനുള്ള ചർച്ചകൾക്ക് ഇത് അടിത്തറ പാകുന്നു.
(रिलीज़ आईडी: 2298724)
आगंतुक पटल : 5