വാണിജ്യ വ്യവസായ മന്ത്രാലയം
ന്യായമായ വ്യാപാര രീതികൾ പിന്തുടരാനും 'മെയ്ക്ക് ഇൻ ഇന്ത്യ' പ്രാദേശിക തലത്തിൽ നിന്ന് ആഗോളതലത്തിലേക്ക് ഉയര്‍ത്താനും ആഹ്വാനം ചെയ്ത് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയൽ
प्रविष्टि तिथि:
12 AUG 2026 2:26PM by PIB Thiruvananthpuram
ഇന്ത്യൻ ഉല്പന്നങ്ങളും സേവനങ്ങളും അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്നതിനൊപ്പം ന്യായമായ വ്യാപാര രീതികൾ പിന്തുടരാനും പുനരുപയോഗവും ചാക്രിക സമ്പദ്‍വ്യവസ്ഥയും പ്രോത്സാഹിപ്പിക്കാനും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയൽ രാജ്യത്തെ വ്യാപാര സംരംഭങ്ങളോടും പൗരന്മാരോടും അഭ്യർത്ഥിച്ചു.
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ 'ഭാരതീയ വ്യാപാര മഹോത്സവ'ത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ വർധിച്ചുവരുന്ന പങ്കാളിത്തം ചൂണ്ടിക്കാട്ടിയ ശ്രീ ഗോയല്‍ ഒന്‍പത് സ്വതന്ത്ര വ്യാപാര കരാറുകളിലൂടെ ഇന്ത്യൻ വ്യവസായങ്ങൾക്കും വ്യാപാര സംരംഭങ്ങള്‍ക്കും വിപണികൾ തുറന്നുകൊടുത്തതായി വ്യക്തമാക്കി. അന്താരാഷ്ട്ര വ്യാപാരത്തിൽ ഇന്ത്യയ്ക്ക് നിലവിൽ മുൻഗണനാ പ്രവേശനം ലഭ്യമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഉല്പന്നങ്ങളും സേവനങ്ങളും ആഗോള വിപണിയിലെത്തിക്കുന്നതിൽ രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളും സേവന മേഖലയും തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, കർഷകർ, സംരംഭകർ എന്നിവരും നൽകിയ സംഭാവനകള്‍ മന്ത്രി എടുത്തുപറഞ്ഞു.
ഇന്ത്യയുടെ ഗുണനിലവാരം, രൂപകല്പനയിലെ മികവ്, ബ്രാൻഡ് മൂല്യം എന്നിവയെ മാനിച്ച് 'മെയ്ക്ക് ഇൻ ഇന്ത്യ' ബ്രാൻഡിനെ ശക്തിപ്പെടുത്തുന്നതിന് കൂട്ടായ പരിശ്രമങ്ങൾ നടത്താന്‍ ശ്രീ ഗോയൽ ആഹ്വാനം ചെയ്തു. 2047-ഓടെ 30 ട്രില്യൺ ഡോളർ സാമ്പത്തിക ശക്തിയെന്ന ലക്ഷ്യത്തിലേക്ക് രാജ്യം കുതിക്കുമ്പോൾ നിലവിലെ ഏകദേശം 4 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ശേഷി വലിയ അവസരമാണ് മുന്നോട്ടുവെക്കുന്നത്. ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ലോകരാജ്യങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും ഇത്തരം വലിയ വളർച്ചാ അവസരം കൈവരിക്കാന്‍ വ്യാപാര സംരംഭകരുടെയും പൗരന്മാരുടെയും കൂട്ടായ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ കയറ്റുമതിയിലുണ്ടായ വളർച്ച ചൂണ്ടിക്കാട്ടിയ മന്ത്രി, കഴിഞ്ഞ വർഷം ചരക്ക്, സേവന കയറ്റുമതികൾ 863 ബില്യൺ ഡോളർ എന്ന റെക്കോർഡ് കൈവരിച്ചതായി പറഞ്ഞു. 442 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതിയും 421 ബില്യൺ ഡോളറിന്റെ സേവന കയറ്റുമതിയും ഇതിലുൾപ്പെടുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ കയറ്റുമതിയിൽ ഏകദേശം 73 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും ഈ വർഷം 1 ട്രില്യൺ ഡോളറിന്റെ കയറ്റുമതി കൈവരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂലൈ വരെ ആദ്യ നാല് മാസങ്ങളിൽ കയറ്റുമതിയിൽ ഏകദേശം 15 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വയംപര്യാപ്തതയും രാജ്യ വികസനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശ്രീ. പിയൂഷ് ഗോയൽ വ്യക്തമാക്കി. പൗരന്മാർ സ്വയം മാറ്റത്തിന്റെ ഭാഗമാകണമെന്നും സ്വയംപര്യാപ്തതയിലേക്ക് രാജ്യം നടത്തുന്ന പ്രയാണത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായത്തെയും വ്യാപാര സംരംഭങ്ങളെയും ശക്തിപ്പെടുത്താനും യുവജനങ്ങള്‍ക്ക് അവസരങ്ങൾ സൃഷ്ടിക്കാനും സഹായിച്ച ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാൻഡ്-അപ്പ് ഇന്ത്യ, വൻകിട അടിസ്ഥാന സൗകര്യ വികസനം എന്നിവയുൾപ്പെടെ 2014 മുതൽ നടപ്പാക്കിയ വിവിധ സംരംഭങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യൻ പൗരന്മാരുടെ ചോരയും വിയർപ്പും കണ്ണീരും വീണ ഇന്ത്യന്‍ നിർമിത ഉല്പന്നങ്ങളെയാണ് 'സ്വദേശി' പ്രതിനിധീകരിക്കുന്നതെന്ന് ശ്രീ ഗോയല്‍ പറഞ്ഞു. പരിമിതമായ വിപണികൾക്കപ്പുറം പ്രാദേശിക ഉല്പന്നങ്ങളും സേവനങ്ങളും ആഗോള വിപണിയിലെത്തിക്കാൻ അദ്ദേഹം ഇന്ത്യൻ വ്യാപാര സംരംഭങ്ങളോട് ആഹ്വാനം ചെയ്തു. ഇന്ത്യയിലെ ഉപഭോക്താക്കള്‍ രാജ്യത്തെ ഉല്പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ഉല്പാദനവും വ്യാപാരവും വർധിപ്പിക്കുമെന്നും വന്‍തോതില്‍ സാമ്പത്തിക നേട്ടം സാധ്യമാക്കുമെന്നും ഇത് ഇന്ത്യൻ വ്യാപാര സംരംഭങ്ങളെ കൂടുതൽ മത്സരക്ഷമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിലും കൂടുതൽ കരുത്തോടെ ഉയർന്നുവരുന്നതിലും രാജ്യത്തെ ജനങ്ങൾ കഴിവ് തെളിയിച്ചതായി മന്ത്രി പറഞ്ഞു. യാത്രക്കാർ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, സ്റ്റാർട്ടപ്പുകൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, തൊഴിലാളികൾ, സംരംഭകർ എന്നിവരുടെ കൂട്ടായ കരുത്ത് എടുത്തുപറഞ്ഞ അദ്ദേഹം ഈ ശക്തി ഇന്ത്യയുടെ ഉല്പന്നങ്ങളും സേവനങ്ങളും ആഗോളതലത്തിലെത്തിക്കാന്‍ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വികസന യാത്രയിലെ ഉയര്‍ന്ന പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി പരിഷ്കരണത്തില്‍ മെച്ചപ്പെടലും പരിവർത്തനവും മികച്ച പ്രകടനവും ഉൾപ്പെടുന്നുണ്ടെന്നും സ്വന്തം കഴിവുകൾ തെളിയിക്കാനും സ്വന്തം പ്രവർത്തനത്തിലൂടെ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കാനും ഈ മേഖലയിലെ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും വ്യക്തമാക്കി.
സ്വന്തം വ്യാപാര സംരംഭങ്ങള്‍ ഡിജിറ്റലാക്കാനും മികച്ച നിർമാണ രീതികൾ അവലംബിക്കാനും ന്യായമായ വ്യാപാര രീതികൾ പിന്തുടരാനും സംരംഭകരോട് ശ്രീ ഗോയൽ ആഹ്വാനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ സുസ്ഥിരതയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം പുനരുപയോഗം, പുനഃചംക്രമണം ചാക്രിക സമ്പദ്‍വ്യവസ്ഥ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാന്‍ ആവശ്യപ്പെട്ടു.
'മെയ്ക്ക് ഇൻ ഇന്ത്യ' എന്ന മുദ്രയ്ക്കപ്പുറം ഇന്ത്യയുടെ യാത്ര രാജ്യത്തെ ഉല്പന്നങ്ങളുടെ ഗുണനിലവാരം, രൂപകല്പനാ ശേഷി, ബ്രാൻഡ് മൂല്യം എന്നിവയ്ക്ക് ആഗോളതലത്തിൽ മതിപ്പ് നേടിക്കൊടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കൂട്ടായ പരിശ്രമങ്ങളിലൂടെ ഇന്ത്യൻ ഉല്പന്നങ്ങളും പ്രകൃതിദത്ത വിഭവങ്ങളും ആഗോളതലത്തിൽ വിശ്വസനീയമായി മാറുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജി.ഡി.പി വളർച്ച സ്വാഭാവികമായും ഉയർന്ന ഉല്പാദനത്തിലേക്ക് നയിക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ശ്രീ ഗോയൽ പറഞ്ഞു. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമോ നൈപുണ്യ വികസന കേന്ദ്രങ്ങൾ വഴി പുതിയ കഴിവുകൾ നേടിയ ശേഷമോ തിരിച്ചെത്തുന്ന യുവജനങ്ങള്‍ പുതിയ വെല്ലുവിളികളെ നേരിടാൻ പുതിയ പരിഹാരങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ വ്യാപാര സംരംഭങ്ങള്‍, സംരംഭകർ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, കർഷകർ, മത്സ്യത്തൊഴിലാളികൾ, തൊഴിലാളികൾ എന്നിവരുടെ കൂട്ടായ പരിശ്രമങ്ങൾ രാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകുമെന്നും ആഗോള സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ പങ്കാളിയായി ഉയർന്നുവരാൻ ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
***
(रिलीज़ आईडी: 2298593)
आगंतुक पटल : 7