PIB Backgrounder
azadi ka amrit mahotsav

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: ഇന്ത്യന്‍ സമുദ്രമേഖലയ്ക്ക് കരുത്തുറ്റ ഭാവി

प्रविष्टि तिथि: 11 AUG 2026 10:42AM by PIB Thiruvananthpuram

വ്യാപാര - നിര്‍മാണ മേഖലകളിലെ ഇന്ത്യയുടെ വളര്‍ന്നുവരുന്ന ലക്ഷ്യങ്ങള്‍ കരുത്തുറ്റ തദ്ദേശീയ കണ്ടെയ്‌നര്‍ നിര്‍മാണ അടിത്തറയുടെ ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്. 10,000 കോടി രൂപ സാമ്പത്തിക വിഹിതത്തോടെ വിഭാവനം ചെയ്തിട്ടുള്ള 'കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി' കണ്ടെയ്‌നര്‍ മേഖലയുമായി ബന്ധപ്പെട്ട നിര്‍മാണം, നിക്ഷേപം, സാങ്കേതികവിദ്യാ വികസനം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. കപ്പല്‍ ഗതാഗതം, തുറമുഖങ്ങള്‍, ചരക്കുനീക്കം തുടങ്ങിയ മേഖലകളിലെ സമഗ്ര പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ സമുദ്ര ശേഷി ശക്തിപ്പെടുത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യത്തിന്റെ ദീര്‍ഘകാല വ്യാപാര മത്സരക്ഷമതയെ പിന്തുണയ്ക്കാനും പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തദ്ദേശീയ കണ്ടെയ്‌നര്‍ നിര്‍മാണത്തിന്റെ ആവശ്യകത

ആഗോള വ്യാപാരം വന്‍തോതില്‍ കണ്ടെയ്‌നര്‍ അധിഷ്ഠിത ചരക്കുനീക്കത്തെ ആശ്രയിച്ചാണ് ഇന്ന് മുന്നോട്ട് പോകുന്നത്. ഐക്യരാഷ്ട്രസഭയുടെ വ്യാപാര, വികസന സമ്മേളനത്തിന്റെ കണക്കനുസരിച്ച് ആഗോള ചരക്കുവ്യാപാരത്തിന്റെ 80 ശതമാനത്തോളം ഗതാഗതവും കടല്‍മാര്‍ഗമാണ്. അന്താരാഷ്ട്ര വാണിജ്യത്തിന്റെ നട്ടെല്ലാണ് സമുദ്ര ഗതാഗതം. അതേസമയം അന്താരാഷ്ട്ര വ്യാപാര മൂല്യത്തിന്റെ മൂന്നില്‍ രണ്ടും കണ്ടെയ്‌നര്‍ വഴി കടത്തുന്ന ചരക്കുകളാണ്. ആഗോള വിതരണ ശൃംഖലകളെ പിന്തുണയ്ക്കുന്നതില്‍ കാര്യക്ഷമമായ കണ്ടെയ്‌നര്‍ ചരക്കുനീക്കത്തിന്റെ തന്ത്രപരമായ പ്രാധാന്യമാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.  

അടുത്തിടെയുണ്ടായ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും കപ്പല്‍ ഗതാഗത പാതകളിലുണ്ടായ മാറ്റങ്ങളും ആഗോള ചരക്കു നീക്കത്തിലെ പരിമിതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം തടസ്സങ്ങള്‍ ചരക്കുനീക്ക നിരക്കിലെ അസ്ഥിരതയ്ക്കും സമുദ്ര ഗതാഗത ശൃംഖലകളിലെ സമ്മര്‍ദത്തിനും കാരണമായതായി ഐക്യരാഷ്ട്ര വ്യാപാര വികസന സമ്മേളനം നിരീക്ഷിച്ചിട്ടുണ്ട്. തല്‍ഫലമായി ചരക്ക് കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെ സുപ്രധാന ചരക്കുനീക്ക ആസ്തികളുടെ തദ്ദേശീയ നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിന് പല രാജ്യങ്ങളും മുന്‍ഗണന നല്‍കുന്നു.

ആഗോള നിര്‍മാണ രംഗത്തും അന്താരാഷ്ട്ര വ്യാപാരത്തിലും വളര്‍ന്നുവരുന്ന ഇന്ത്യയുടെ പങ്ക് കണ്ടെയ്‌നര്‍ ചരക്കുനീക്കത്തിന്റെ ആവശ്യകത ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. വിപുലീകരിക്കുന്ന കയറ്റുമതി-ഇറക്കുമതി വ്യാപാരവും ചരക്കുനീക്ക രംഗത്ത് ദ്രുതഗതിയിലുള്ള വികസനവുമുണ്ടായിട്ടും ഇറക്കുമതി ചെയ്ത ശൂന്യമായ കണ്ടെയ്‌നറുകളെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത്. ആഭ്യന്തര ആവശ്യങ്ങള്‍ക്കും പുനര്‍വിന്യാസത്തിനും ഇന്ത്യ പ്രതിവര്‍ഷം ഏകദേശം 2 ദശലക്ഷം ഇത്തരം ശൂന്യമായ കണ്ടെയ്‌നറുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് ആഗോള വിപണിയിലെ മാറ്റങ്ങള്‍, ചരക്കുനീക്ക നിരക്കുകളിലെ അസ്ഥിരത, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവ മൂലം കണ്ടെയ്‌നറുകളുടെ ലഭ്യത പ്രതിസന്ധിയിലാക്കുന്നു.

ഈ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞാണ് കേന്ദ്ര ഗവണ്‍മെന്റ് 'കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി' പ്രഖ്യാപിച്ചത്. തദ്ദേശീയ നിര്‍മാണവും മൂല്യശൃംഖലയിലുടനീളം നിക്ഷേപവും പ്രോത്സാഹിപ്പിച്ച് ഇന്ത്യയില്‍ ആഗോള മത്സരശേഷിയാര്‍ന്ന കണ്ടെയ്‌നര്‍ നിര്‍മാണ അന്തരീക്ഷം വികസിപ്പിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്ന പദ്ധതി കേന്ദ്ര ഗവണ്‍മെന്റിന്റെ 'മെയ്ക്ക് ഇന്‍ ഇന്ത്യ', 'മാരിടൈം അമൃത് കാല്‍ വിഷന്‍ 2047', ബഹുതല ചരക്കുനീക്ക വികസനം എന്നീ പദ്ധതികള്‍ക്ക് അനുബന്ധമായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയുടെ ദീര്‍ഘകാല സമുദ്ര-വ്യാപാര ലക്ഷ്യങ്ങള്‍ക്ക് പദ്ധതി മികച്ച സംഭാവന നല്‍കുന്നു.

എന്താണ് കണ്ടെയ്‌നറുകള്‍?

ചരക്കുകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ അവ ഇറക്കി വീണ്ടും പാക്ക് ചെയ്യാതെ തന്നെ കപ്പലുകള്‍, റെയില്‍വേ, റോഡ് വാഹനങ്ങള്‍ എന്നിവയിലൂടെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഏകീകൃത സ്റ്റീല്‍ കണ്ടെയ്‌നറുകളാണ് ചരക്ക് കണ്ടെയ്‌നറുകള്‍ എന്നറിയപ്പെടുന്നത്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ISO മാനദണ്ഡങ്ങള്‍ പ്രകാരം നിര്‍മിച്ച ഈ കണ്ടെയ്‌നറുകള്‍ സുഗമമായ ബഹുതല ഗതാഗതവും കാര്യക്ഷമമായ ആഗോള വ്യാപാരവും സാധ്യമാക്കുന്നു. 20 അടി, 40 അടി വലിപ്പമുള്ള കണ്ടെയ്‌നറുകളാണ് സാധാരണ ഉപയോഗിക്കുന്നത്. കണ്ടെയ്‌നറുകളുടെ സംഭരണശേഷി അളക്കുന്ന മാനദണ്ഡമായ 'ട്വന്റി-ഫൂട്ട് ഇക്വിവലന്റ് യൂണിറ്റ്' (TEU) അടിസ്ഥാനമാക്കിയാണ് ഇവ കണക്കാക്കുന്നത്.

 



 

എന്താണ് കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി?


2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റിലാണ് കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി പ്രഖ്യാപിച്ചത്. സാമ്പത്തികവും സ്ഥാപനപരവുമായ പിന്തുണ നല്‍കി മത്സരശേഷിയാര്‍ന്ന തദ്ദേശീയ കണ്ടെയ്‌നര്‍ നിര്‍മാണ വ്യവസായം സ്ഥാപിക്കുന്നതിനായി ആവിഷ്‌കരിച്ച ലക്ഷ്യാധിഷ്ഠിത പദ്ധതിയാണിത്.

അഞ്ച് വര്‍ഷത്തേക്ക് 10,000 കോടി രൂപയുടെ വിഹിതത്തോടെ രൂപകല്പന ചെയ്ത പദ്ധതി പുതിയ നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും നിലവിലെ യൂണിറ്റുകള്‍ വിപുലീകരിക്കാനും പിന്തുണ നല്‍കുന്നു. ഇന്ത്യയില്‍ ചരക്ക് കണ്ടെയ്‌നറുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിന് നിര്‍മാണ ശേഷി വര്‍ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

നിലവിലെ കണ്ടെയ്‌നര്‍ ഉല്‍പ്പാദന ശേഷിയുടെ ഏകദേശം 10 മടങ്ങ് അഥവാ പ്രതിവര്‍ഷം 7.5 ലക്ഷം TEU വരെ തദ്ദേശീയ നിര്‍മാണ ശേഷിയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇന്ത്യയെ അന്താരാഷ്ട്രതലത്തില്‍ മത്സരശേഷിയാര്‍ന്നതും വിശ്വസനീയവുമായ ചരക്ക് കണ്ടെയ്‌നര്‍ ഉല്‍പ്പാദക രാജ്യമായി ഉയര്‍ത്തുന്ന പദ്ധതി ഏകദേശം 80,000 കോടി രൂപയുടെ വിപണി അവസരം സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

കണ്ടെയ്‌നര്‍ നിര്‍മാണ മൂല്യശൃംഖലയെ ശക്തിപ്പെടുത്തുന്നതിന് പദ്ധതി നല്‍കുന്ന സഹായങ്ങള്‍ ഇവയാണ്:

പുതിയ ഗ്രീന്‍ഫീല്‍ഡ് നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് മൂലധന സഹായം.

നിലവിലെ ബ്രൗണ്‍ഫീല്‍ഡ് നിര്‍മാണ യൂണിറ്റുകളുടെ വിപുലീകരണത്തിന് പിന്തുണ.

തദ്ദേശീയ കണ്ടെയ്‌നര്‍ നിര്‍മാണത്തിന്റെ മത്സരശേഷി മെച്ചപ്പെടുത്തുന്നതിന് പ്രവര്‍ത്തന പിന്തുണ.

പരിശോധനാ അടിസ്ഥാന സൗകര്യങ്ങള്‍, നൈപുണ്യ വികസന സംരംഭങ്ങള്‍, ശേഷി വര്‍ധന എന്നിവയ്ക്ക് പിന്തുണ.

സംയോജിത സമുദ്ര ആവാസവ്യവസ്ഥയുടെ വികസനം


തദ്ദേശീയതയിലൂന്നിയ സംയോജിത കണ്ടെയ്‌നര്‍ ആവാസവ്യവസ്ഥയൊരുക്കാന്‍ ലക്ഷ്യമിടുന്ന വിശാല തന്ത്രത്തിന്റെ ഭാഗമാണ് കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി. 2026 ഫെബ്രുവരിയില്‍ തുറമുഖ കപ്പല്‍ ഗതാഗത ജലപാത മന്ത്രാലയം ഭാരത് കണ്ടെയ്‌നര്‍ ഷിപ്പിങ് ലൈന്‍ (BCSL) സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചു. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (SCI), കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (CONCOR), ജവഹര്‍ലാല്‍ നെഹ്റു തുറമുഖ അതോറിറ്റി, വി.ഒ. ചിദംബരനാര്‍ തുറമുഖ അതോറിറ്റി (VOCPA), സാഗര്‍മാല ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SFMCL) എന്നിവരെ ഈ ധാരണാപത്രം ഒന്നിപ്പിക്കുന്നു. വിവിധ വലുപ്പത്തില്‍ 51 കണ്ടെയ്‌നര്‍ കപ്പലുകളടങ്ങുന്ന കപ്പല്‍വ്യൂഹത്തിന്റെ വികസനത്തിലും തദ്ദേശീയ കണ്ടെയ്‌നര്‍ സംഭരണത്തിലുമായി ഏകദേശം 99,149 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ഈ ഏകോപിത സമീപനം ഗവണ്‍മെന്റിന്റെ മറ്റ് വിശാല ചരക്കുനീക്ക സംരംഭങ്ങള്‍ക്ക് അനുബന്ധമായി പ്രവര്‍ത്തിക്കുന്നു. താഴെ നല്‍കിയിരിക്കുന്നവ അവയില്‍ ചിലതാണ്:

തുറമുഖങ്ങള്‍, റെയില്‍വേ, ദേശീയപാതകള്‍, വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ തമ്മിലെ ബന്ധം വര്‍ധിപ്പിക്കുന്ന പി.എം ഗതിശക്തി.

പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്ന ദേശീയ ലോജിസ്റ്റിക്‌സ് നയം.  

തുറമുഖ അധിഷ്ഠിത വികസനം പ്രോത്സാഹിപ്പിക്കുന്ന സാഗര്‍മാല പരിപാടി.

ഇന്ത്യയുടെ വളരുന്ന വ്യാപാര ആവശ്യങ്ങളെ സഹായിക്കുന്ന പ്രതിരോധശേഷിയാര്‍ന്നതും സംയോജിതവുമായ ചരക്കുനീക്ക ശൃംഖലയ്ക്ക് പദ്ധതികള്‍ പിന്തുണ നല്‍കുന്നു.

തൊഴില്‍, നിര്‍മാണ അവസരങ്ങള്‍

ചരക്കുനീക്ക മേഖലയുടെ സുസ്ഥിരത മെച്ചപ്പെടുത്തുന്ന കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വ്യവസായ വികസനത്തിന് ഉത്തേജനം പകരുമെന്നും പ്രതീക്ഷിക്കുന്നു.

കണ്ടെയ്‌നര്‍ നിര്‍മാണ മേഖലയിലും അനുബന്ധ വ്യവസായങ്ങളിലുമായി ഏകദേശം 3,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 50,000-ത്തിലേറെ പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ പദ്ധതിയ്ക്ക് സാധിക്കും.  

 



 

താഴെ നല്‍കിയിരിക്കുന്നതടക്കം നിരവധി അനുബന്ധ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് പദ്ധതി വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു:

കോര്‍ണര്‍ കാസ്റ്റിംഗുകള്‍  

വുഡന്‍ ഫ്രെയിമുകള്‍  

കോര്‍ട്ടന്‍ സ്റ്റീല്‍  

സമീപകാല പുരോഗതിയും വ്യാവസായിക പ്രതികരണവും

2026 ജൂലൈയില്‍ ആഗോള കപ്പല്‍ ഗതാഗത കമ്പനിയായ എ.പി. മുള്ളര്‍ - മാഴ്‌സ്‌കിനുവേണ്ടി നിര്‍മിച്ച ആദ്യ കയറ്റുമതി-ഇറക്കുമതി ചരക്ക് കണ്ടെയ്‌നര്‍ പുറത്തിറക്കി ഇന്ത്യ സമുദ്ര നിര്‍മാണ മേഖലയില്‍ സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ മാഴ്‌സ്‌ക് - കൊണ്‍കോര്‍ ഇന്‍ലാന്റ് കണ്ടെയ്‌നര്‍ ഡിപ്പോയിലാണ് കണ്ടെയ്‌നര്‍ പുറത്തിറക്കിയത്.  

അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ISO മാനദണ്ഡങ്ങള്‍ക്കും സുരക്ഷിത കണ്ടെയ്‌നറുകള്‍ സംബന്ധിച്ച അന്താരാഷ്ട്ര കണ്‍വെന്‍ഷനും അനുസൃതമായാണ് കണ്ടെയ്‌നര്‍ നിര്‍മിച്ചിരിക്കുന്നത്. ഇത് ആഗോള കപ്പല്‍ഗതാഗത ശൃംഖലകളിലുടനീളം ഉപയോഗിക്കാന്‍ കണ്ടെയ്‌നറിനെ അനുയോജ്യമാക്കുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന ചരക്ക് കണ്ടെയ്‌നറുകള്‍ നിര്‍മിക്കുന്നതിലെ ഇന്ത്യയുടെ ശേഷി തെളിയിക്കുന്നതാണ് ഈ ചുവടുവെപ്പ്.

ഡിസിഎം ശ്രീറാം ഗ്രൂപ്പുമായി ചേര്‍ന്ന് 1,000 'മേഡ് ഇന്‍ ഇന്ത്യ' ചരക്ക് കണ്ടെയ്‌നറുകള്‍ കൂടി നിര്‍മിക്കാന്‍ മാഴ്‌സ്‌ക് നല്‍കിയ ഓര്‍ഡറാണ് മറ്റൊരു പ്രധാന നേട്ടം. ഇന്ത്യയുടെ വളര്‍ന്നുവരുന്ന നിര്‍മാണ ശേഷിയുടെ ആദ്യകാല വാണിജ്യ അംഗീകാരമാണിത്. ഗുണനിലവാരമേറിയ ചരക്ക് കണ്ടെയ്‌നറുകളുടെ ഉല്‍പ്പാദനത്തിലെ ഇന്ത്യയുടെ കഴിവില്‍ ആഗോള കപ്പല്‍ ഗതാഗത കമ്പനികളുടെ വര്‍ധിച്ചുവരുന്ന വിശ്വാസത്തെയും ഇത് സൂചിപ്പിക്കുന്നു.

ഗവണ്‍മെന്റിന്റെ നയപരമായ ഇടപെടലുകള്‍ വാണിജ്യ വിജയങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ മാറ്റങ്ങള്‍. ആഗോള സമുദ്ര മൂല്യശൃംഖലയിലെ സുപ്രധാന നിര്‍മാണ കേന്ദ്രമായി ഉയര്‍ന്നുവരാന്‍ ഇന്ത്യ മുന്നോട്ടുവെയ്ക്കുന്ന ലക്ഷ്യത്തിന് ഇവ കരുത്തേകുന്നു.

വിശാല സമുദ്ര പരിവര്‍ത്തനത്തിന്റെ ഭാഗം

ഇന്ത്യയുടെ സമുദ്ര മേഖലയെ ശക്തിപ്പെടുത്തുന്ന വിശാല പരിഷ്‌കാരങ്ങളുടെ ഭാഗമാണ് കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി. തദ്ദേശീയ കണ്ടെയ്‌നര്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിയമപരവും സ്ഥാപനപരവും അടിസ്ഥാന സൗകര്യപരവുമായ ഒരു കൂട്ടം സംരംഭങ്ങളും ഗവണ്‍മെന്റ് അവതരിപ്പിച്ചിട്ടുണ്ട്. സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്ന ഈ നടപടികള്‍ ഇന്ത്യയുടെ സമുദ്ര ആവാസവ്യവസ്ഥയെ ആധുനികവത്കരിക്കാനും ലക്ഷ്യമിടുന്നു.

വാണിജ്യ കപ്പല്‍ നിയമം 2025, തീരദേശ കപ്പല്‍ ഗതാഗത നിയമം 2025, ഇന്ത്യന്‍ തുറമുഖ നിയമം 2025 എന്നിവ ഇതിലുള്‍പ്പെടുന്നു. ഈ നിയമനിര്‍മാണങ്ങള്‍ കപ്പല്‍ഗതാഗതം, തീരദേശ വ്യാപാരം, തുറമുഖ ഭരണനിര്‍വഹണം എന്നിവയ്ക്ക് പുതുക്കിയ നിയമപരമായ ചട്ടക്കൂട് നല്‍കുന്നു. ഈ പരിഷ്‌കാരങ്ങള്‍ക്ക് അനുബന്ധമായി 'ഒരു രാജ്യം ഒരു തുറമുഖ നടപടി', 'മാരിടൈം സിംഗിള്‍ വിന്‍ഡോ', 'ഇ-സമുദ്ര' തുടങ്ങിയ ഡിജിറ്റല്‍ സംരംഭങ്ങളുമുണ്ട്. നിയന്ത്രണ നടപടിക്രമങ്ങള്‍ ലളിതമാക്കുന്ന ഈ പദ്ധതികള്‍ രേഖകളുടെ ആവശ്യകത കുറയ്ക്കുകയും തുറമുഖങ്ങളുടെയും കപ്പല്‍ഗതാഗത സേവനങ്ങളുടെയും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

തദ്ദേശീയ കപ്പല്‍ നിര്‍മാണ ശേഷി വര്‍ധിപ്പിക്കാനും സമുദ്ര നിര്‍മാണ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് 70,000 കോടി രൂപയുടെ 'കപ്പല്‍ നിര്‍മാണ സാമ്പത്തിക സഹായ പാക്കേജ്' ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍ദിഷ്ട ഭാരത് കണ്ടെയ്‌നര്‍ ഷിപ്പിങ് ലൈനിനൊപ്പം കപ്പല്‍ നിര്‍മാണം, കണ്ടെയ്‌നര്‍ നിര്‍മാണം, ചരക്കു സേവനങ്ങള്‍, തുറമുഖങ്ങള്‍, ബഹുതല ചരക്കുനീക്കം എന്നിവയെ ഉള്‍ക്കൊള്ളുന്ന സംയോജിത സമുദ്ര ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ഈ നടപടികള്‍ ലക്ഷ്യമിടുന്നു.

വധാവന്‍ തുറമുഖം, ഗലാത്തിയ ബേയിലെ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ചരക്കുമാറ്റ തുറമുഖം, ടുണ ടെക്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍, വി.ഒ. ചിദംബരനാര്‍ തുറമുഖത്തെ ബാഹ്യ തുറമുഖ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ എന്നിവയുള്‍പ്പെടെ പ്രമുഖ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇന്ത്യയുടെ സമുദ്ര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ചരക്ക് കൈകാര്യം ചെയ്യുന്ന ശേഷി വര്‍ധിപ്പിക്കാനുമാണ് പദ്ധതികള്‍ ലക്ഷ്യമിടുന്നത്.

2025-ലെ കണ്ടെയ്‌നര്‍ തുറമുഖ പ്രകടന സൂചികയില്‍ മൂന്ന് ഇന്ത്യന്‍ തുറമുഖങ്ങള്‍ ലോകത്തെ മികച്ച 30 തുറമുഖങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. തുറമുഖ കാര്യക്ഷമതയിലുണ്ടായ തുടര്‍ച്ചയായ പുരോഗതി പ്രതിഫലിപ്പിക്കുന്ന ഈ നേട്ടം ആഗോള സമുദ്ര വ്യാപാരത്തില്‍ ഇന്ത്യയുടെ സ്ഥാനം ആവര്‍ത്തിച്ചുറപ്പിക്കുന്നു.  

മുന്നോട്ടുള്ള വഴി
ആഗോളതലത്തില്‍ മത്സരശേഷിയാര്‍ന്ന സമുദ്ര നിര്‍മാണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള നിര്‍ണായക ചുവടുവെപ്പാണ് കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി. കണ്ടെയ്‌നര്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിച്ചും ഇറക്കുമതി ആശ്രിതത്വം കുറച്ചും വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന പദ്ധതി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആഗോള വ്യാപാരത്തില്‍ ഇന്ത്യയുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശാലമായ സമുദ്ര പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഇന്ത്യയെ മുന്‍നിര സമുദ്ര നിര്‍മാണ, ചരക്കുനീക്ക കേന്ദ്രമായി മാറ്റാന്‍ പദ്ധതിയ്ക്ക് ശേഷിയുണ്ട്.

അവലംബം:

 

Ministry of Ports, Shipping and Waterways

https://sansad.in/getFile/annex/270/AU2875_nAmH3t.pdf?source=pqars&utm

https://www.pib.gov.in/PressReleasePage.aspx?PRID=2221817&reg=48&lang=2

https://dgma.gov.in/download/1775649151_69d6417f46b3f_dgs-nmdc-address-01042026.pdf?utm

https://www.pib.gov.in/PressReleasePage.aspx?PRID=2222805&lang=1&reg=3&utm

https://www.pib.gov.in/PressReleasePage.aspx?PRID=2280831&lang=1&reg=3&utm

UNCTAD
https://unctad.org/topic/transport-and-trade-logistics/review-of-maritime-transport?utm

https://unctad.org/publication/review-maritime-transport-2025?utm

Click here to see pdf 

 

***


(रिलीज़ आईडी: 2298223) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Manipuri , Gujarati , Tamil