ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ക്ഷയരോഗമുക്ത ഭാരത യജ്ഞം ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ.പി. നഡ്ഡ കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള എം.പിമാരുമായി ചർച്ച നടത്തി
प्रविष्टि तिथि:
11 AUG 2026 8:03PM by PIB Thiruvananthpuram
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തോടനുബന്ധിച്ച് ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ലോക്സഭ, രാജ്യസഭ എം.പിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജഗത് പ്രകാശ് നഡ്ഡ കൂടിക്കാഴ്ച നടത്തി. കേന്ദ്ര വിദ്യാഭ്യാസ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, നവീന, പുനരുപയോഗ ഊർജ്ജ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ, രാസവസ്തു-രാസവള സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ, കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ഗോപി, കേന്ദ്ര എം.എസ്.എം.ഇ, തൊഴിൽ സഹമന്ത്രി ശ്രീമതി ശോഭ കരന്ദ് ലാജെ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
"ക്ഷയരോഗ മുക്ത ഭാരതത്തിനായി പാർലമെന്റംഗങ്ങൾ അണിചേരുന്നു " എന്ന തലക്കെട്ടോടെ എക്സ്റ്റെൻഡഡ് പാർലമെന്റ് ഹൗസ് അനെക്സിൽ സംഘടിപ്പിച്ച യോഗത്തിൽ, കക്ഷിരാഷ്ട്രീയ ഭേദമന്യേ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ലോക്സഭ, രാജ്യസഭ എം.പിമാർ പങ്കെടുത്തു. ക്ഷയരോഗ നിർമാർജനം ത്വരിതപ്പെടുത്തുന്നതിനുള്ള സർക്കാരിന്റെ സമ്പൂർണ്ണ സമീപനത്തിന്റെ ഭാഗമായി,കർണാടക, കേരളം സംസ്‌ഥാനങ്ങളിൽ നിന്നുള്ള എം പി മാരെക്കൂടാതെ ,പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംബന്ധിച്ചു . മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാരുമായും സമാനമായ കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്ന് ശ്രീ നദ്ദ അംഗങ്ങളെ അറിയിച്ചു.
ഇന്ത്യയെ ക്ഷയരോഗമുക്തമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് വേഗം കൂട്ടാൻ നടപ്പിലാക്കിയ '100-ദിന ടി.ബി മുക്ത ഭാരത് അഭിയാന്റെ' പുരോഗതി യോഗം വിലയിരുത്തി. രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കിയത്.2024 ഡിസംബർ 7-ന് ആരംഭിച്ച ഒന്നാം ഘട്ടം 347 മുൻഗണനാ ജില്ലകളെയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പിന്നീട് ഇത് രാജ്യവ്യാപകമായി വികസിപ്പിക്കുകയും 2025 മാർച്ച് 24-ഓടെ പൂർത്തിയാവുകയും ചെയ്തു. 2026 മാർച്ച് 24-ന് ആരംഭിച്ച രണ്ടാം ഘട്ടം ജൂലൈയിലാണ് അവസാനിച്ചത്. രാജ്യത്തുടനീളമുള്ള 1.58 ലക്ഷത്തോളം അതീവ ജാഗ്രതാ ഗ്രാമങ്ങളിലും നഗര വാർഡുകളിലുമാണ് രണ്ടാം ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതിയും ഭാവി നടപടികളും യോഗം ചർച്ച ചെയ്തു.
"നവീകരണം, സഹാനുഭൂതി, ദൃഢമായ രാഷ്ട്രീയ ഇച്ഛാശക്തി എന്നിവയിൽ അധിഷ്ഠിതമായ ഈ കാമ്പയിൻ ക്ഷയരോഗത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിലെ നിർണ്ണായകമായ ഒരു ഘട്ടമാണ്," യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജഗത് പ്രകാശ് നഡ്ഡ പറഞ്ഞു.ആഗോളതലത്തിൽ ടിബി നിർമാർജനത്തിൽ ഇന്ത്യയുടെ ത്വരിതഗതിയിലുള്ള നേട്ടങ്ങൾ അദ്ദേഹം എടുത്തുകാട്ടി. “2015 നും 2024 നും ഇടയിൽ രാജ്യത്ത് ക്ഷയരോഗബാധയിൽ 21% കുറവ് രേഖപ്പെടുത്തി. ഇത് ആഗോള വേഗതയുടെ ഇരട്ടിയാണ്. കൂടാതെ ലോകാരോഗ്യസംഘടനയുടെ ഗ്ലോബൽ ടിബി റിപ്പോർട്ട് 2025 പ്രകാരം 92% ചികിത്സാ കവറേജ് നിരക്ക് നേടിയിട്ടുണ്ട്” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ദേശീയ തലത്തിലുണ്ടാകുന്ന ഈ മുന്നേറ്റം ജനങ്ങളിലേക്ക് എത്തിക്കാൻ കേരളത്തിലും കർണാടകത്തിലും രോഗനിർണ്ണയം, ചികിത്സ, രോഗികൾക്കുള്ള പിന്തുണ എന്നിവ വിപുലീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ശ്രീ നഡ്ഡ കൂട്ടിച്ചേർത്തു.
അടുത്തിടെ പൂർത്തിയായ (2026 മാർച്ച് 24 മുതൽ ജൂലൈ 4 വരെ) 100 ദിന 'ടി.ബി മുക്ത ഭാരത് അഭിയാന്റെ' വൻ വിജയം കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജഗത് പ്രകാശ് നഡ്ഡ എടുത്തുപറഞ്ഞു.രാജ്യത്തുടനീളമുള്ള 2.02 കോടിയിലധികം ദുർബലരായ വ്യക്തികളെ ഈ കാമ്പെയ്ൻ പരിശോധിച്ചു, 7 ലക്ഷത്തിലധികം പുതിയ ടിബി കേസുകൾ കണ്ടെത്തി, അതിൽ 1.97 ലക്ഷം രോഗലക്ഷണങ്ങളില്ലാത്ത കേസുകൾ ഉൾപ്പെടുന്നു, പരിശോധന നടന്നിരുന്നില്ലെങ്കിൽ ഇവ കണ്ടുപിടിക്കപ്പെടാതെ പോകുമായിരുന്നു.രാഷ്ട്രീയ നേതൃത്വത്തിന്റെ നിർണായക പങ്ക് ഊന്നിപ്പറഞ്ഞ ശ്രീ നദ്ദ, സുസ്ഥിരമായ പൊതുജന ഇടപെടൽ, ഭരണപരമായ മേൽനോട്ടം, സാമൂഹിക സമാഹരണം എന്നിവയിലൂടെ തങ്ങളുടെ നിയോജകമണ്ഡലങ്ങളിൽ ടിബി നിർമാർജന ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് പാർലമെന്റ് അംഗങ്ങളോട് ആഹ്വാനം ചെയ്തു. "ടിബി മുക്ത് ഭാരത് വെറുമൊരു ആരോഗ്യ പരിപാടിയല്ല, മറിച്ച് കൂട്ടായ ഉടമസ്ഥതയാൽ നയിക്കപ്പെടുന്ന ഒരു ജനകീയ പ്രസ്ഥാനമാണ്" എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാർലമെന്റ് അംഗങ്ങളുടെ പ്രതിബദ്ധതയെ അഭിനന്ദിക്കുകയും സംസ്ഥാനത്തിന്റെ നേതൃത്വ ശേഷിയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്ത ശ്രീ നദ്ദ, 100 ദിവസത്തെ കാമ്പെയ്‌നിന്റെ സമാപനം ഉത്തരവാദിത്തത്തിന്റെ അവസാനമല്ലെന്നും മറിച്ച് കൂടുതൽ ആഴമേറിയതും സുസ്ഥിരവുമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ഘട്ടമാണെന്നും, ഓരോ ജില്ലയിലെയും സ്ഥിരമായ പുരോഗതിയിലൂടെയാണ് പരിപാടിയുടെ വിജയം അളക്കുന്നതെന്നും തന്റെ പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലം വിശദീകരിച്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീമതി പുണ്യ സലില ശ്രീവാസ്തവ കേരളത്തിലും കർണാടകത്തിലും ക്ഷയരോഗ വ്യാപന സാധ്യത വർദ്ധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ഈ സംസ്‌ഥാനങ്ങളിലെ അന്തർസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം, നഗര ചേരികൾ, വയോജനങ്ങളുടെ വർദ്ധന, പോഷകാഹാരക്കുറവ്, ലഹരിവസ്തുക്കളുടെ ഉപയോഗം, എച്ച്ഐവി-പ്രമേഹ ബാധിതരുടെ വർധന,കാപ്പി, തോട്ടം തൊഴിലാളികൾ (കേരളത്തിൽ പ്രത്യേകിച്ച് തേയില തോട്ടങ്ങൾ), ക്വാറി തൊഴിലാളികൾ, പട്ടുനൂൽ നെയ്ത്തുകാർ തുടങ്ങിയ ദുർബല ഘടകങ്ങൾ ടിബിയുടെ തോത് വർധിക്കുന്നതിന് കാരണമായെന്ന് അവർ വ്യക്തമാക്കി.
രാജ്യത്തെ ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നത് വിപുലമായ സാങ്കേതിക സൗകര്യങ്ങളാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീമതി ആരാധന പട്നായിക് വ്യക്തമാക്കി. ഒരു പതിറ്റാണ്ട് മുൻപ് വിരലിലെണ്ണാവുന്ന മോളിക്കുലാർ പരിശോധനാ യന്ത്രങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്നിത് 11,000-ത്തിലധികം ആയി ഉയർന്നു. കൂടാതെ, നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന 3,000-ത്തോളം ഹാൻഡ്‌ഹെൽഡ് എക്‌സ്‌റേ യൂണിറ്റുകൾ രോഗനിർണ്ണയത്തിനായി ഉപയോഗിക്കുന്നുണ്ട്.
100-ദിന കാമ്പയിന്റെ ഭാഗമായി കേരളവും കർണാടകവും മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. നഗരങ്ങളിലെ ചേരികൾ, നിർമ്മാണ മേഖലകൾ, ഇതരസംസ്ഥാന തൊഴിലാളികൾ കേന്ദ്രീകരിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലേക്ക് നേരിട്ട് 'ആയുഷ്മാൻ ആരോഗ്യ ശിബിരുകൾ' എത്തിച്ച് പരിശോധനകളും ചികിത്സയും ഉറപ്പാക്കാൻ ഇരു സംസ്ഥാനങ്ങൾക്കും സാധിച്ചു.ടിബി അറിയിപ്പുകൾ, ചികിത്സാ വിജയം, പ്രതിരോധ ചികിത്സാ കവറേജ്, ദേശീയ എലിമിനേഷൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്തൽ തുടങ്ങിയ പ്രധാന സൂചകങ്ങളിൽ കർണാടകയുടെയും കേരളത്തിന്റെയും പ്രകടനത്തിന്റെ ഒരു സ്നാപ്പ്ഷോട്ട് അവർ അവതരിപ്പിച്ചു.
യോഗത്തിൽ പങ്കെടുത്ത കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നുമുള്ള പാർലമെന്റ് അംഗങ്ങൾ രോഗനിർമ്മാർജ്ജനം ശക്തമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവരിലും ഇല്ലാത്തവരിലും പരിശോധനകൾ വിപുലമാക്കുക, രോഗത്തെക്കുറിച്ചുള്ള സാമൂഹിക അപകർഷതാബോധം ഇല്ലായ്മ ചെയ്യുക, ഗ്രാമീണ-പാർശ്വവൽകൃത മേഖലകളിൽ കൂടുതൽ നിക്ഷയ് ക്യാമ്പുകൾ സംഘടിപ്പിക്കുക, ജില്ലാ-ബ്ലോക്ക് തലങ്ങളിൽ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ എം.പിമാരുടെ നേതൃത്വത്തിൽ മേൽനോട്ടം ശക്തമാക്കുക,ക്ഷയരോഗികൾക്ക് ആവശ്യമായ പോഷകാഹാരം, മാനസിക പിന്തുണ, ജീവിതമാർഗ്ഗം എന്നിവ ഉറപ്പാക്കാൻ ജനങ്ങളെ അണിനിരത്തി സമുദായ പിന്തുണ ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ക്ഷയരോഗമുക്ത ഭാരതത്തിനായുള്ള യജ്ഞത്തിന്റെ ഭാഗമാകാനുള്ള സംസ്‌ഥാനങ്ങളുടെ പ്രതിജ്ഞാബദ്ധത കേരള -കർണാടക എം പിമാർ ആവർത്തിച്ചു വ്യക്തമാക്കി.
(रिलीज़ आईडी: 2298054)
आगंतुक पटल : 6