വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യയുടെ 2026-ലെ ബ്രിക്‌സ് അധ്യക്ഷ പദവിയ്ക്ക് കീഴില്‍ 16-ാമത് ബ്രിക്‌സ് വാണിജ്യ മന്ത്രിമാരുടെ യോഗത്തിന് ജയ്പൂരില്‍ സമാപനം
प्रविष्टि तिथि:
07 AUG 2026 8:41PM by PIB Thiruvananthpuram
ഇന്ത്യയുടെ 2026-ലെ ബ്രിക്‌സ് അധ്യക്ഷ പദവിയ്ക്ക് കീഴില്‍ 16-ാമത് ബ്രിക്‌സ് വാണിജ്യ മന്ത്രിമാരുടെ യോഗം ഇന്ന് രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാന്‍ മഹലില്‍ വിജയകരമായി സമാപിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ അധ്യക്ഷനായ യോഗത്തില്‍ കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ശ്രീ ജിതിന്‍ പ്രസാദ, വാണിജ്യ സെക്രട്ടറി ശ്രീ രാജേഷ് അഗര്‍വാള്‍ എന്നിവര്‍ പങ്കെടുത്തു. 2026 ഓഗസ്റ്റ് 3, 4 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സാമ്പത്തിക, വാണിജ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട ബ്രിക്‌സ് സമ്പര്‍ക്ക സമിതിയുടെ (CGETI) മൂന്നാമത് യോഗത്തിന് പിന്നാലെയാണ് 'പ്രതിരോധശേഷിയും നൂതനാശയങ്ങളും സഹകരണവും സുസ്ഥിരതയും കൈവരിക്കാം' എന്ന സുപ്രധാന പ്രമേയത്തില്‍ യോഗം ചേര്‍ന്നത്.

ബ്രിക്‌സ് അംഗരാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരും ഉപമന്ത്രിമാരും പ്രതിനിധി സംഘത്തലവന്മാരും യോഗത്തില്‍ പങ്കെടുത്തു. ബ്രസീല്‍ വികസന വ്യവസായ വാണിജ്യ, സേവന സഹമന്ത്രി മാര്‍സിയോ ഫെര്‍ണാണ്ടോ എലിയാസ് റോസ, ചൈന അന്താരാഷ്ട്ര വ്യാപാര പ്രതിനിധിയും വാണിജ്യ സഹമന്ത്രിയുമായ ലി ചെങ്ഗാംഗ്, ഈജിപ്ത് നിക്ഷേപ അന്താരാഷ്ട്ര വ്യാപാര മന്ത്രി ഡോ. മുഹമ്മദ് ഫരീദ് സാലിഹ്, എത്യോപ്യന്‍ അംബാസഡര്‍ മോളാലിന്‍ അസ്ഫാവ് അയാന, ഇന്തോനേഷ്യന്‍ വാണിജ്യ മന്ത്രി ഡോ. ബുധി സന്റോസോ, ഇറാന്‍ വാണിജ്യ വ്യവസായ ഉപമന്ത്രി ഡോ. മുഹമ്മദ് സാദേഗ് മൊഫത്തെഹ്, റഷ്യന്‍ സാമ്പത്തിക വികസന ഉപമന്ത്രി വ്‌ളാഡിമിര്‍ എവ്‌ഗെനീവിച്ച് ഇലിചെവ്, ദക്ഷിണാഫ്രിക്കന്‍ വാണിജ്യ വ്യവസായ മത്സര മന്ത്രി പാര്‍ക്‌സ് ഫ്രാങ്ക്‌ലിന്‍ എംഫോ തൗ, യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി എന്നിവരാണ് വിശിഷ്ടാതിഥികളായി പങ്കെടുത്തത്.

ജയ്പൂരിലെ സാംസ്‌കാരിക പരിപാടികളോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. സന്ദര്‍ശകരായ മന്ത്രിമാരും പ്രതിനിധി സംഘങ്ങളും രാവിലെ ചരിത്രപ്രസിദ്ധമായ സിറ്റി പാലസ് കാണുകയും ഹവാ മഹലില്‍ ഫോട്ടോ സെഷനില്‍ പങ്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് ചന്ദ്രമഹലില്‍ ഗ്രൂപ്പ് ഫോട്ടോയുമെടുത്തു. ഇന്ത്യയുടെ സമ്പന്ന പാരമ്പര്യവും രാജസ്ഥാന്റെ സജീവ കരകൗശല പാരമ്പര്യങ്ങളും വിളിച്ചോതുന്നതായിരുന്നു സന്ദര്‍ശനം.
തുടര്‍ന്ന് രണ്ട് സാങ്കേതിക സെഷനുകളിലായി മന്ത്രിതല ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. 'മാറുന്ന ലോകത്തിലെ വ്യാപാരം: ബ്രിക്‌സ് സഹകരണത്തിലൂടെ കരുത്ത് നേടാം' എന്ന ആദ്യ സെഷന്‍ ഇന്ത്യയുടെ അധ്യക്ഷ പദവിയെ പ്രതിനിധീകരിച്ച് വാണിജ്യ സെക്രട്ടറിയുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു. തുടര്‍ന്ന് ബ്രിക്‌സ് മന്ത്രിതല സംയുക്ത പ്രഖ്യാപനം യോഗം അംഗീകരിച്ചു. വാണിജ്യ വ്യവസായ സഹമന്ത്രി സ്വാഗതഭാഷണവും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി മുഖ്യപ്രഭാഷണവും നടത്തി. ശേഷം അംഗരാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാര്‍ ദേശീയ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. 'ഭാവി സുരക്ഷിതമാക്കാം: പരസ്പരം പ്രയോജനകരമായ ചരക്കുസേവന വ്യാപാരത്തിന് ബ്രിക്‌സ് സഹകരണം പ്രോത്സാഹിപ്പിക്കല്‍' എന്ന രണ്ടാമത്തെ സെഷന്‍ ബ്രിക്‌സ് സാമ്പത്തിക സഹകരണത്തിന്റെ ഭാവി സംബന്ധിച്ച് ചര്‍ച്ച ചെയ്തു. അധ്യക്ഷന്റെ പ്രാരംഭ പ്രസംഗത്തിന് ശേഷം മന്ത്രിമാരുടെ ഇടപെടലുകളുണ്ടായി. ഇന്ത്യയുടെ അധ്യക്ഷപദവിയെ പ്രതിനിധീകരിച്ച് വാണിജ്യ സെക്രട്ടറി അവലോകനഭാഷണം നടത്തി. തുടര്‍ന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രിയുടെ സമാപന പ്രസംഗത്തോടെയാണ് യോഗം സമാപിച്ചത്. ഇന്ത്യയുടെ ആതിഥേയത്വത്തിനും അധ്യക്ഷതയിലെ നേതൃത്വത്തിനും മന്ത്രിമാര്‍ നന്ദി രേഖപ്പെടുത്തി.
മാറ്റത്തിന്റെ പാതയിലുള്ള ആഗോള സമ്പദ്വ്യവസ്ഥയില്‍ ബ്രിക്‌സിന്റെ പങ്ക് വര്‍ധിച്ചുവരികയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി മുഖ്യപ്രഭാഷണത്തില്‍ വ്യക്തമാക്കി. കൂടിവരുന്ന ഏകപക്ഷീയതയ്ക്കും വേര്‍തിരിവുകള്‍ക്കും ഈ കൂട്ടായ്മ സുദൃഢതയിലൂടെയും സഹകരണത്തിലൂടെയും പരിഷ്‌കരണത്തിലൂടെയുമാണ് മറുപടി നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക വ്യാപാര സംഘടനയെ കേന്ദ്രമാക്കി പരിഷ്‌കരിച്ചതും വികസനാധിഷ്ഠിതവും അംഗങ്ങള്‍ നയിക്കുന്നതും സമവായത്തിലധിഷ്ഠിതവുമായ ബഹുമുഖ വ്യാപാര സംവിധാനത്തോടുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. വികസ്വര രാജ്യങ്ങളുടെ പ്രത്യേകവും വിഭിന്നവുമായ പരിഗണനകള്‍ നിലനിര്‍ത്തണമെന്നും കാര്യക്ഷമവും ബാധ്യതാപൂര്‍ണവുമായ ദ്വിതല തര്‍ക്കപരിഹാര സംവിധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''ഏറ്റവും അനുകൂല രാജ്യപദവി'' എന്ന തത്വവും പ്രത്യേക-വ്യത്യസ്ത പരിഗണനകളും നീതിയുക്തവും സുതാര്യവും വിവേചനരഹിതവും നിയമാധിഷ്ഠിതവുമായ വ്യവസ്ഥയുടെ ആധാരമായി നിലനില്‍ക്കുന്നുവെന്നും പരിഷ്‌കാരങ്ങള്‍ ഇതിനെ തളര്‍ത്തുകയല്ല, മറിച്ച് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബഹുമുഖ വ്യാപാര സംവിധാനം ശക്തിപ്പെടുത്തുക, സുദൃഢവും വൈവിധ്യപൂര്‍ണവുമായ ആഗോള മൂല്യശൃംഖലകള്‍ കെട്ടിപ്പടുക്കുക, MSME-കളുടെ അന്താരാഷ്ട്രവല്‍ക്കരണവും വ്യാപാര ധനസഹായ ലഭ്യതയും ഉറപ്പാക്കുക, ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നിങ്ങനെ അധ്യക്ഷ പദവിയില്‍ ഇന്ത്യ മുന്നോട്ടുവെയ്ക്കുന്ന മുന്‍ഗണനകളും അദ്ദേഹം വിശദീകരിച്ചു.
'പധാരോ മ്ഹാരേ ദേശ്' എന്ന രാജസ്ഥാനി ആതിഥേയ സന്ദേശത്തോടെയാണ് സ്വാഗതഭാഷണത്തില്‍ കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി പ്രതിനിധികളെ ജയ്പൂരിലേക്ക് സ്വാഗതം ചെയ്തത്. 'മനുഷ്യത്വം പ്രഥമം' എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിലൂന്നിയ ബ്രിക്‌സ് സഹകരണം ജനങ്ങളെയാണ് കേന്ദ്രബിന്ദുവായി കാണുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ബ്രിക്‌സ് വ്യാപാരത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ജനക്ഷേമമാണെന്നും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളിലും വനിതാ സംരംഭകരുടെ വ്യാപാരത്തിലും വികസനക്ഷമമായ സമ്പദ്വ്യവസ്ഥകളിലെ യുവജന ഊര്‍ജത്തിലും അതിന്റെ ഫലം പ്രകടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ കര്‍ഷകരുടെ താല്പര്യങ്ങള്‍ ദൃഢമായി സംരക്ഷിച്ചുവെന്നതാണ് യോഗത്തിന്റെ സുപ്രധാന നേട്ടം. ലോക വ്യാപാര സംഘടനയെ കേന്ദ്രമാക്കി ബഹുമുഖ വ്യാപാര സംവിധാനം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ബഹുമുഖ വ്യാപാര സംവിധാനവുമായി ബന്ധപ്പെട്ട ആദ്യ അനുബന്ധം വ്യക്തമാക്കുന്നു. വികസനത്തിനും വികസ്വര രാജ്യങ്ങളുടെ പ്രത്യേക ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനുമാണ് ഇതില്‍ മുന്‍ഗണന നല്‍കുന്നത്. കൂടാതെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ബാധ്യതാപൂര്‍ണമായ ദ്വിതല തര്‍ക്കപരിഹാര സംവിധാനം പുനഃസ്ഥാപിക്കാനും വികസ്വര രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയ്ക്കും പൊതു ധാന്യശേഖരണത്തിനും നയപരമായ സ്വാതന്ത്ര്യം ഉറപ്പാക്കാനും ഇത് ഊന്നല്‍ നല്‍കുന്നു. വികസ്വര രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയും ജീവനമാര്‍ഗവും ബഹുമുഖ വ്യാപാര സംവിധാനത്തില്‍ സംരക്ഷിക്കപ്പെടണമെന്ന ഇന്ത്യയുടെ എക്കാലത്തെയും നിലപാടാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ചെറുകിട സംരംഭകര്‍ക്കും വ്യാപാരികള്‍ക്കും വലിയ ഊര്‍ജം പകരാന്‍ യോഗത്തിന് സാധിച്ചു. 'ബ്രിക്‌സ് ഇന്‍വോയ്‌സ് ഡിസ്‌കൗണ്ടിങ് മെക്കാനിസം' പഠിക്കാന്‍ മന്ത്രിമാര്‍ 'ജയ്പൂര്‍ സമവായം' പുറപ്പെടുവിച്ചു. കൂടാതെ 'കയറ്റുമതി അധിഷ്ഠിത MSME-കളുടെ വായ്പാ വിശകലന ചട്ടക്കൂടിന്റെ മാര്‍ഗനിര്‍ദേശ തത്വ'ങ്ങള്‍ക്ക് യോഗം അംഗീകാരം നല്‍കി. ഇതനുസരിച്ച് വസ്തുക്കളുടെ ഈട് മാത്രം നോക്കിയല്ലാതെ, വരുമാനവും പണലഭ്യതയും വിലയിരുത്തിയായിരിക്കും ഒരു സ്ഥാപനത്തിന് വായ്പ നല്‍കുന്നത്. ചെറുകിട സംരംഭങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന ആഗോള വ്യാപാര ധനസഹായ രംഗത്തെ ഏകദേശം 2.5 ട്രില്യണ്‍ യു.എസ് ഡോളറിന്റെ കുറവ് നികത്താന്‍ ഈ നടപടികള്‍ നേരിട്ട് സഹായിക്കും. MSME-കളുടെ അന്താരാഷ്ട്രവല്‍ക്കരണ കര്‍മപദ്ധതി രണ്ടാമത്തെ അനുബന്ധമായി യോഗം അംഗീകരിച്ചു.
ബ്രിക്‌സ് അംഗരാജ്യങ്ങള്‍ക്കിടയില്‍ വിപണികള്‍ തുറക്കാനും വൈവിധ്യവല്‍ക്കരണത്തിനും മന്ത്രിമാര്‍ വഴിയൊരുക്കി. മൂന്നാമത്തെ അനുബന്ധമായി അംഗീകരിച്ച 'ആഗോള മൂല്യശൃംഖല സംബന്ധിച്ച ബ്രിക്‌സ് പൊതുധാരണയുടെ കര്‍മപദ്ധതി' വഴി 2026-2030 കാലയളവിലേക്ക് GVC കര്‍മ്മപദ്ധതി, ബ്രിക്‌സ് സാങ്കേതിക സമിതി, പ്രത്യേക സാമ്പത്തിക മേഖലകള്‍ തമ്മിലെ സഹകരണം, വ്യാപാര രേഖകളുടെ ഡിജിറ്റല്‍വല്‍ക്കരണം എന്നിവ നടപ്പിലാക്കും. ഉല്പാദന-വിതരണ ശൃംഖലകളെ കൂടുതല്‍ സുദൃഢവും തടസ്സരഹിതവും വൈവിധ്യപൂര്‍ണവുമാക്കാന്‍ ഇത് സഹായിക്കും. അതിര്‍ത്തി കടന്നുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ സുഗമമാക്കുന്ന ബ്രിക്‌സ് തത്വങ്ങള്‍ നാലാമത്തെ അനുബന്ധമായി അംഗീകരിച്ചു. വിശ്വസനീയവും സുരക്ഷിതവുമായ സേവനങ്ങള്‍ തടസ്സമില്ലാതെ കൈമാറാന്‍ ഇത് വഴിയൊരുക്കും. അംഗങ്ങള്‍ക്കിടയിലെ സന്തുലിത വ്യാപാര വളര്‍ച്ചയ്‌ക്കൊപ്പം വരും ദശകത്തിലെ ബ്രിക്‌സ് സഹകരണത്തിന്റെ മുന്‍നിരയിലേക്ക് സേവനമേഖലയെയും മൂല്യശൃംഖലയെയും കൊണ്ടുവരുന്നതാണ് ഈ തീരുമാനങ്ങള്‍.
'ബ്രിക്‌സ് സാമ്പത്തിക പങ്കാളിത്ത തന്ത്രം 2030' അന്തിമമാക്കിയതാണ് യോഗത്തിലെ മറ്റൊരു പ്രധാന നാഴികക്കല്ല്. ബഹുമുഖ വ്യാപാര സംവിധാനം, സേവന വ്യാപാരം, ഡിജിറ്റല്‍ സാമ്പത്തിക രംഗം, വ്യവസായം, നൂതനാശയങ്ങളും സാങ്കേതികവിദ്യയും, വ്യാപാര-നിക്ഷേപങ്ങള്‍, സാമ്പത്തിക സഹകരണം, സുസ്ഥിര വികസനം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് തന്ത്രം. 2025-ല്‍ ബ്രസീലിന്റെ അധ്യക്ഷതയില്‍ മുന്നോട്ടുവെച്ച ഈ ആശയം 2026-ലെ ഇന്ത്യയുടെ അധ്യക്ഷ പദവിയില്‍ പൂര്‍ണമായി അന്തിമമാക്കി. 2026 സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഈ തന്ത്രവും സംയുക്ത പ്രഖ്യാപനത്തിലെ മുന്‍ഗണനകളും അംഗീകാരത്തിനായി ബ്രിക്‌സ് നേതാക്കള്‍ക്ക് സമര്‍പ്പിക്കാന്‍ മന്ത്രിമാര്‍ തീരുമാനിച്ചു.
16-ാമത് ബ്രിക്‌സ് വാണിജ്യ മന്ത്രിമാരുടെ യോഗം ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷ പദവിയിലെ സുപ്രധാന നാഴികക്കല്ലാണ്. ലോക വ്യാപാര സംഘടനയെ കേന്ദ്രമാക്കി സ്വതന്ത്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുതാര്യവും നീതിയുക്തവും നിയമാധിഷ്ഠിതവുമായ ബഹുമുഖ വ്യാപാര സംവിധാനം പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യ പുലര്‍ത്തുന്ന പ്രതിബദ്ധത അടിവരയിടുന്നതാണ് യോഗം. കര്‍ഷകരുടെയും ചെറുകിട സംരംഭകരുടെയും താല്പര്യങ്ങളിലധിഷ്ഠിതമായ ജയ്പൂരിലെ തീരുമാനങ്ങള്‍ ഇന്ത്യയുടെ 'വികസിത് ഭാരത്@2047' കാഴ്ചപ്പാടിനും ഉയര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകള്‍ക്കിടയിലെ കൂട്ടായ സമൃദ്ധിക്കും സംഭാവന നല്‍കും. ഈ തീരുമാനങ്ങള്‍ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്ന ഇന്ത്യ 2027-ലെ ചൈനയുടെ ബ്രിക്‌സ് അധ്യക്ഷപദവിയെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

*****
(रिलीज़ आईडी: 2296404)
आगंतुक पटल : 8