വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

2026-ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷ പദവിയ്ക്ക് കീഴിലെ പത്താമത് ബ്രിക്സ് വ്യവസായ മന്ത്രിമാരുടെ യോഗത്തിന് ജയ്പൂരിൽ വിജയകരമായ സമാപനം

प्रविष्टि तिथि: 06 AUG 2026 8:09PM by PIB Thiruvananthpuram
2026-ലെ ഇന്ത്യയുടെ ബ്രിക്സ്  അധ്യക്ഷ പദവിയ്ക്ക്  കീഴിൽ പത്താമത് ബ്രിക്സ് വ്യവസായ മന്ത്രിമാരുടെ യോഗം ഇന്ന് രാജസ്ഥാനിലെ ജയ്പൂരിൽ വിജയകരമായി സമാപിച്ചു. നവ വ്യവസായ വിപ്ലവ പങ്കാളിത്തത്തിന് (PartNIR) കീഴിലെ  മന്ത്രിതല ചർച്ചകൾ പൂർത്തിയാക്കാന്‍ ബ്രിക്സ് അംഗരാജ്യങ്ങളിലെ വ്യവസായ മന്ത്രിമാരും മുതിർന്ന പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.


 
‘പ്രതിരോധശേഷിയും നൂതനാശയങ്ങളും സഹകരണവും സുസ്ഥിരതയും  കൈവരിക്കാം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച യോഗം വ്യാവസായിക ശേഷി ശക്തിപ്പെടുത്താനും സാങ്കേതിക മാറ്റങ്ങൾ പ്രയോജനപ്പെടുത്താനും കൂട്ടായ പ്രവർത്തനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും അംഗരാജ്യങ്ങൾക്ക് ചർച്ചകള്‍ക്ക് വേദിയൊരുക്കി.  


നൂറ്റാണ്ടുകളുടെ കരകൗശല പാരമ്പര്യത്തെ ആധുനിക വ്യാവസായിക സാമ്പത്തിക രംഗത്തിന്റെ അഭിലാഷങ്ങളുമായി തടസ്സമില്ലാതെ സമന്വയിപ്പിക്കുന്ന നഗരമാണ് ജയ്പൂർ എന്ന് വിശേഷിപ്പിച്ച്  യോഗത്തെ അഭിസംബോധന ചെയ്ത കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പ്രതിനിധികളെ സ്വാഗതം ചെയ്തു.  

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തിൽ അഭിലാഷങ്ങളെ പ്രായോഗിക നൂതനാശയങ്ങളിലേക്കും സഹകരണത്തിലേക്കും പരിവര്‍ത്തനം  ചെയ്യണമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.  ശക്തമായ വ്യവസായങ്ങൾ പടുത്തുയർത്താൻ ബ്രിക്സ് രാജ്യങ്ങൾ  പരസ്പര പൂരകമായ കരുത്ത് പ്രയോജനപ്പെടുത്തണമെന്ന് ഓർമിപ്പിച്ച അദ്ദേഹം   ഈ കൂട്ടായ്മയുടെ പ്രധാന സംവിധാനമായി PartNIR മാറിയതായി ചൂണ്ടിക്കാട്ടി.  ബ്രിക്സ് അംഗരാജ്യങ്ങൾക്കിടയിൽ കരുത്തുറ്റ വ്യാവസായിക പങ്കാളിത്തം വളർത്തുന്നതില്‍ ഇന്ത്യയുടെ പ്രതിബദ്ധത അടിവരയിട്ട കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ,  ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വ്യാവസായിക ഭാവി കെട്ടിപ്പടുക്കുന്നതിൽ സഹകരണത്തിന്റെയും  നൂതനാശയങ്ങളുടെയും  പരസ്പര വിശ്വാസത്തിന്റെയും  പങ്ക് എടുത്തുപറഞ്ഞു.


2009-ൽ റഷ്യയിലെ യെകാറ്റെറിൻബർഗിലെ ഉദ്ഘാടന ഉച്ചകോടിയോടെയാണ് ബ്രിക്സ് പ്രയാണത്തിന് തുടക്കം കുറിച്ചതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി അനുസ്മരിച്ചു. 2025-ലെ അധ്യക്ഷ പദവിയിൽ ബ്രസീൽ നൽകിയ നേതൃത്വത്തെ പ്രശംസിച്ച അദ്ദേഹം പുരോഗമനാത്മകവും സജീവവും പ്രായോഗികവുമായ സമീപനത്തിലൂടെ ഈ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി.  വ്യാപാരസംരംഭങ്ങള്‍ക്കും നിക്ഷേപകര്‍ക്കും നൂതനാശയക്കാർക്കുമിടയിൽ കൂടുതൽ ആത്മവിശ്വാസം വളർത്തുന്നതിനൊപ്പം എല്ലാ ബ്രിക്സ് അംഗങ്ങൾക്കും വ്യക്തമായ ഫലങ്ങൾ നൽകുന്ന പ്രായോഗിക സഹകരണം മുന്നോട്ടുകൊണ്ടുപോകാനും ബ്രിക്സ് അധ്യക്ഷപദവിയില്‍ ഇന്ത്യ ലക്ഷ്യമിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

PartNIR വഴി ഇന്ത്യയുടെ അധ്യക്ഷതയിൽ കൈവരിച്ച സുപ്രധാന പുരോഗതി കേന്ദ്രമന്ത്രി യോഗത്തിൽ വിശദീകരിച്ചു. ബ്രിക്സ് അംഗരാജ്യങ്ങൾക്കിടയിലെ വ്യാവസായിക സഹകരണം ആഴത്തിലാക്കാന്‍ സ്ഥാപനപരമായ ശാശ്വത സംവിധാനങ്ങൾ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ നിശ്ചയിച്ച നാല് മുൻഗണനാ മേഖലകളിൽ ഉപദേശക സമിതിയും പ്രമേയാധിഷ്ഠിത പ്രവര്‍ത്തക സമിതികളും നടത്തിയ വിപുലമായ ചർച്ചകളുടെ ഫലങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.  SME പ്രവര്‍ത്തക സമിതിയിലെ സഹകരണ ചട്ടക്കൂടിന് അന്തിമരൂപം നൽകൽ, സൗരോര്‍ജവുമായി ബന്ധപ്പെട്ട ഫോട്ടോവോൾട്ടായിക് വ്യാവസായിക പ്രവര്‍ത്തക സമിതിയുടെ ലക്ഷ്യങ്ങളും പ്രവർത്തന പദ്ധതിയും അംഗീകരിക്കൽ, സ്റ്റാർട്ടപ്പുകളുടെ നേതൃത്വത്തില്‍ നവീകരണാധിഷ്ഠിത വളർച്ച സംബന്ധിച്ച പ്രവർത്തന പദ്ധതി പൂർത്തിയാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ  GIS  അധിഷ്ഠിത അടിസ്ഥാനസൗകര്യ ആസൂത്രണം,  നഗര ചരക്കുനീക്ക ആസൂത്രണം എന്നിവയുൾപ്പെടെ സുദൃഢ വ്യവസായാനുബന്ധ ഗതാഗത, ചരക്കുനീക്ക സംവിധാനങ്ങളുടെ പ്രാധാന്യവും യോഗം വിലയിരുത്തി.  


പത്താമത് ബ്രിക്സ് വ്യവസായ മന്ത്രിമാരുടെ യോഗത്തിന്റെ സംയുക്ത പ്രഖ്യാപനം  അംഗീകരിച്ചതാണ് യോഗത്തിന്റെ പ്രധാന നേട്ടം. വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന പ്രായോഗിക സഹകരണ മാർഗങ്ങൾ നടപ്പാക്കുന്നതില്‍  അംഗരാജ്യങ്ങളുടെ കൂട്ടായ പ്രതിബദ്ധത ഈ പ്രഖ്യാപനം പ്രതിഫലിപ്പിക്കുന്നു.


യോഗത്തിൽ ബ്രിക്സ് അംഗരാജ്യങ്ങളിലെ വ്യവസായ മന്ത്രിമാരും പ്രതിനിധി സംഘത്തലവന്മാരും വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിലെ നയപരമായ പ്രധാന ഇടപെടലുകളും മുൻഗണനകളും നേട്ടങ്ങളും വിശദീകരിക്കുകയും ദേശീയ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുകയും ചെയ്തു.  വ്യാവസായിക ശേഷി ശക്തിപ്പെടുത്തുക, ഡിജിറ്റൽ-സാങ്കേതിക പരിവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക,  സുദൃഢവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വ്യാവസായിക ആവാസവ്യവസ്ഥ വളർത്തിയെടുക്കുക, പൊതു വികസന വെല്ലുവിളികളെ നേരിടാൻ സഹകരണം വർധിപ്പിക്കുക എന്നീ സമര്‍പ്പിത ലക്ഷ്യങ്ങൾ പ്രസ്താവനകളിൽ എടുത്തുപറഞ്ഞു. ബ്രിക്സ് അംഗങ്ങൾക്കിടയിൽ പ്രായോഗിക സഹകരണം, അറിവ് പങ്കിടല്‍, ശേഷി വികസനം, വ്യാവസായിക നവീകരണം എന്നിവ മുന്നോട്ടുകൊണ്ടുപോകുന്ന സുപ്രധാന വേദിയായി  PartNIR മാറേണ്ടതിന്റെ പ്രാധാന്യം അംഗരാജ്യങ്ങൾ ആവര്‍ത്തിച്ചു.  ഇന്ത്യയുടെ 2026-ലെ അധ്യക്ഷപദവിയില്‍ കൈവരിച്ച പുരോഗതിയെ പ്രതിനിധി സംഘങ്ങൾ സ്വാഗതം ചെയ്തു. 'PartNIR’-ന് ' കീഴിൽ ആരംഭിച്ച പ്രവർത്തനങ്ങൾ സ്ഥാപനപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം നൂതനാശയങ്ങളും ശേഷി വികസനവും പ്രോത്സാഹിപ്പിക്കാനും ബ്രിക്സ് രാജ്യങ്ങളിലുടനീളം സുദൃഢവും മത്സരശേഷിയാര്‍ന്നതും ഭാവിസജ്ജവുമായ വ്യാവസായിക വികസനത്തെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.


2026 ഓഗസ്റ്റ് 3, 4 തീയതികളിൽ ന്യൂഡൽഹിയിൽ ചേര്‍ന്ന സാമ്പത്തിക-വാണിജ്യ കാര്യങ്ങൾക്കായി രൂപകരിച്ച ബ്രിക്സ് സമ്പർക്ക സമിതിയുടെ  (CGETI) മൂന്നാമത് യോഗത്തിന് പിന്നാലെ 2026 ഓഗസ്റ്റ് 7-ന് രാജസ്ഥാനിലെ ജയ്പൂരിൽ 16-ാമത് ബ്രിക്സ് വാണിജ്യ മന്ത്രിമാരുടെ യോഗത്തിനും (TMM) ഇന്ത്യ അധ്യക്ഷത വഹിക്കുന്നുണ്ട്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ അധ്യക്ഷനാകുന്ന  മന്ത്രിതല യോഗത്തിൽ കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ, വാണിജ്യ സെക്രട്ടറി ശ്രീ രാജേഷ് അഗർവാൾ എന്നിവരും പങ്കെടുക്കും. അന്താരാഷ്ട്ര വ്യാപാരവും സാമ്പത്തിക സഹകരണവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നതിന് ബ്രിക്സ് അംഗരാജ്യങ്ങളിലെ  വാണിജ്യ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും  യോഗത്തിൽ ഒത്തുചേരും.


‘പ്രതിരോധശേഷിയും നൂതനാശയങ്ങളും സഹകരണവും സുസ്ഥിരതയും  കൈവരിക്കാം’ എന്ന പ്രധാന പ്രമേയത്തിന് കീഴിൽ ബ്രിക്സ് അംഗരാജ്യങ്ങൾക്കിടയിലെ സാമ്പത്തിക സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ബഹുമുഖ വ്യാപാര സംവിധാനം ശക്തിപ്പെടുത്തുക, അന്താരാഷ്ട്ര വ്യാപാരത്തിൽ MSME-കളുടെ പങ്കാളിത്തം വർധിപ്പിക്കുക, സുദൃഢവും വൈവിധ്യപൂർണവുമായ ആഗോള മൂല്യശൃംഖലകൾ വളർത്തുക, അതിർത്തി കടന്നുള്ള ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക എന്നിവയിലായിരുന്നു സാമ്പത്തിക, വാണിജ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട മൂന്നാമത് സമ്പര്‍ക്ക സമിതിയുടെ (CGETI) ചർച്ചകൾ കേന്ദ്രീകരിച്ചത്.

സന്ദർശകരായ മന്ത്രിമാരും അവരുടെ പ്രതിനിധി സംഘങ്ങളും ഇന്ത്യയുടെ സമ്പന്ന പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന സിറ്റി പാലസ്, ഹവാ മഹൽ എന്നിവിടങ്ങളിലേക്ക് സാംസ്കാരിക സന്ദർശനം നടത്തും.  ബ്രിക്സ് അംഗരാജ്യങ്ങൾക്കിടയിലെ വ്യാപാര, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ പങ്കുവെക്കാൻ സാങ്കേതിക സെഷനുകൾ മന്ത്രിമാർക്ക് അവസരമൊരുക്കും.


ബ്രിക്സ് വാണിജ്യ മന്ത്രിമാരുടെ യോഗം ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയിലെ സുപ്രധാന നാഴികക്കല്ലാണ്. ലോക വ്യാപാര സംഘടനയെ  കേന്ദ്രമാക്കി സ്വതന്ത്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സുതാര്യവും നീതിയുക്തവും നിയമാധിഷ്ഠിതവുമായ  ബഹുമുഖ വ്യാപാര സംവിധാനം പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യ പുലര്‍ത്തുന്ന പ്രതിബദ്ധത ഇതിലൂടെ അടിവരയിടുന്നു. സുദൃഢമായ വിതരണ ശൃംഖലകൾ, നൂതനാശയങ്ങളുടെ അടിസ്ഥാനത്തിലുണ്ടാകുന്ന വളർച്ച, അന്താരാഷ്ട്ര വ്യാപാരത്തിൽ MSME-കളുടെ ശക്തമായ പങ്കാളിത്തം, ഉയർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾക്കിടയിൽ ആഴത്തിലുള്ള സാമ്പത്തിക സഹകരണം എന്നിവ വളർത്തിയെടുക്കുന്ന ഈ ചർച്ചകൾ 'വികസിത് ഭാരത്@2047' എന്ന ഇന്ത്യയുടെ സ്വപ്നത്തിന് സംഭാവന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
SKY
 
*******
 
 

(रिलीज़ आईडी: 2295870) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , हिन्दी , Marathi