PIB Backgrounder
azadi ka amrit mahotsav

ഇന്ത്യൻ സൗരോർജ്ജ മേഖല പുതുയുഗത്തിലേക്ക്

प्रविष्टि तिथि: 02 AUG 2026 11:55AM by PIB Thiruvananthpuram

'പ്രധാനമന്ത്രി സൂര്യ സരോവർ യോജന'യ്ക്ക് (PM-SSY) അംഗീകാരം ലഭിച്ചതോടെ ഇന്ത്യയുടെ സൗരോർജ്ജ മേഖലയ്ക്ക് വൻ മുന്നേറ്റമാണുണ്ടായത്.  ഊർജ്ജ സംഭരണ സംവിധാനങ്ങളോടെ 5,000 മെഗാവാട്ട്  ശേഷിയില്‍ ഫ്ലോട്ടിങ് സൗരോർജ്ജ പദ്ധതികൾ വികസിപ്പിക്കാനാണ്  പദ്ധതി ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ സംശുദ്ധ ഊർജ്ജ പരിവർത്തനത്തിന്റെ  സുപ്രധാന ശക്തിയായി സൗരോർജ്ജം മാറിയിരിക്കുന്നു. സമഗ്ര നയരൂപീകരണത്തിലൂടെ  നവസാങ്കേതികവിദ്യയെ രാജ്യത്തിന്റെ പ്രധാന ഊർജ്ജ സ്രോതസ്സാക്കി മാറ്റാമെന്ന് ഉല്പാദന ശേഷിയിലെ വളർച്ചയും തദ്ദേശീയ നിർമാണവും ഉപഭോക്തൃ പങ്കാളിത്തവുമെല്ലാം തെളിയിക്കുന്നു. സൗരോര്‍ജ്ജ മേഖല  രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും സാമ്പത്തിക വികസനം സാധ്യമാക്കുകയും കാലാവസ്ഥാ സംരക്ഷണ ലക്ഷ്യങ്ങൾ വേഗത്തിലാക്കുകയും പുനരുപയോഗ ഊർജ്ജരംഗത്ത്  ഇന്ത്യയെ  ആഗോള നേതൃനിരയില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ സൗരോർജ്മുന്നേറ്റം

ഒരു പതിറ്റാണ്ട് മുന്‍പുവരെ ഇന്ത്യയുടെ ആകെ വൈദ്യുതി ഉല്പാദനത്തിൽ സൗരോർജ്ജത്തിന് തീരെ ചെറിയ പങ്ക് മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇന്ന് രാജ്യത്തെ പുനരുപയോഗ ഊർജ്ജ ശേഷിയുടെ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് സൗരോർജ്ജമാണ്. 2014-ൽ ഏകദേശം 3 ജിഗാവാട്ട് ആയിരുന്ന സ്ഥാപിത ശേഷി 50 മടങ്ങിലേറെ വർദ്ധിച്ച് 2026 ജൂൺ 30 വരെ 162.15 ജിഗാവാട്ടിലെത്തി.

ശക്തമായ ഭരണനയങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ആഭ്യന്തര നിർമാണ വിപുലീകരണം, ജനപങ്കാളിത്തം എന്നിവയാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്. സൗരോര്‍ജ്ജ പാർക്കുകൾ, പുരപ്പുറ സൗരോര്‍ജ്ജ സംവിധാനങ്ങള്‍, സൗരോര്‍ജ്ജ കാര്‍ഷിക പമ്പുകൾ എന്നിവയടക്കം പദ്ധതികൾ രാജ്യത്തുടനീളം ഇതിന്റെ വ്യാപനം ത്വരിതപ്പെടുത്തുന്നു.  സൗരോർജ്ജ മേഖലയിലെ ഏറ്റവും പുതിയ മുന്നേറ്റമാണ് പുതുതായി അംഗീകരിച്ച പ്രധാനമന്ത്രി സൂര്യ സരോവർ യോജന (PM-SSY).

 

2026 ജൂലൈ 31-നാണ് പ്രധാനമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് (PM-SSY) കേന്ദ്ര ഗവണ്‍മെന്റ്  അംഗീകാരം നൽകിയത്. അനുബന്ധ ഊർജ്  സംഭരണ സംവിധാനങ്ങളോടെ  5,000 മെഗാവാട്ട് ശേഷിയില്‍ ഫ്ലോട്ടിങ് സോളാർ ഫോട്ടോവോൾട്ടായിക് (FSPV) പദ്ധതികളെ  പിന്തുണയ്ക്കുകയാണ്  പദ്ധതി ലക്ഷ്യം. കുറഞ്ഞത് രണ്ട് മണിക്കൂർ സംഭരണ ശേഷിയോടുകൂടിയ (10,000 MWh) ഊർജ് സംഭരണ സംവിധാനം  തിരക്കേറിയ സമയങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകത കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സംസ്ഥാനങ്ങളെ സഹായിക്കും. നിലവിലെ ജലാശയങ്ങളും വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കുളങ്ങളും ഉപയോഗപ്പെടുത്തി  ഭൂമി ലഭ്യതയുടെ അപര്യാപ്തത മൂലമുള്ള പ്രതിസന്ധി ലഘൂകരിക്കാൻ  പദ്ധതി വഴിയൊരുക്കും.  സംയോജിത ഊർജ് സംഭരണം വഴി പവർ ഗ്രിഡിന്റെ കാര്യക്ഷമതയും വിശ്വസനീയതയും വർദ്ധിക്കും.  5,070 കോടി രൂപ സാമ്പത്തിക വിഹിതത്തോടെ  2026–27 മുതൽ 2030–31 സാമ്പത്തിക വർഷം വരെയാണ് പദ്ധതി നടപ്പാക്കുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജി (NISE) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്  പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. രാജ്യത്തെ ജലാശയങ്ങളിലും അനുയോജ്യമായ ഉൾനാടൻ ജലാശയങ്ങളിലുമായി ഏകദേശം 102.18 ജിഗാവാട്ട് പരമാവധി ഫ്ലോട്ടിങ് സൗരോർജ് ഉല്പാദന സാധ്യതയുണ്ടെന്നാണ്  പഠനം വിലയിരുത്തുന്നത്.  പദ്ധതി വഴി പ്രതിവർഷം ഏകദേശം 10 ദശലക്ഷം ടൺ കാർബൺ ഡയോക്സൈഡ്  പുറന്തള്ളൽ കുറയ്ക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ 16,000 മുതൽ 17,000 വരെ മുഴുവൻ സമയ തൊഴിലവസരങ്ങൾ പദ്ധതി സൃഷ്ടിക്കും. ഫ്ലോട്ടേഷൻ സംവിധാനങ്ങൾ, പിവി  സെല്ലുകൾ, മൊഡ്യൂളുകൾ, ഊര്‍ജ് സംഭരണ സംവിധാനങ്ങള്‍  എന്നിവയുടെ ആഭ്യന്തര നിർമാണം പ്രോത്സാഹിപ്പിക്കാനും ഇത് വഴിയൊരുക്കും. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും  പദ്ധതി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും.  നിലവിൽ 700 മെഗാവാട്ടോളം വരുന്ന ഇന്ത്യയുടെ ഫ്ലോട്ടിങ് സൗരോര്‍ജ് ശേഷി 5,000 മെഗാവാട്ട് കൂടി വർദ്ധിപ്പിക്കാൻ നടപടി  സഹായിക്കും.

ഈ ഏകോപിത പ്രവർത്തനങ്ങൾ പ്രകടമായ ഫലങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. 2025-ൽ മാത്രം ഇന്ത്യ 37 ജിഗാവാട്ട്  സൗരോർജ്ജ ശേഷിയാണ് കൂട്ടിച്ചേർത്തത്. പ്രതിവർഷ സൗരോർജ്ജ ശേഷി വർധനയില്‍ അമേരിക്കയെപ്പോലും മറികടക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇതിലൂടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൗരോർജ്ജ വളർച്ചാ വിപണിയായി ഇന്ത്യ ഉയർന്നുവന്നു.  ആഗോള സംശുദ്ധ ഊർജ്ജ പരിവർത്തനത്തിൽ ഇന്ത്യ വഹിക്കുന്ന വർധിച്ചുവരുന്ന നിർണായക പങ്കിനെ ഇത് എടുത്തുകാണിക്കുന്നു.

സൗരോർജ്ജ വിപുലീകരണത്തിന്റെ ഒരു പതിറ്റാണ്ട്

ശക്തമായ ഭരണനയങ്ങളാണ് ഇന്ത്യയുടെ സൗരോർജ്ജ വിപുലീകരണത്തിന് അടിത്തറ പാകിയത്. ദേശീയ സൗരോർജ്ജ ദൗത്യം (2010), സൗരോർജ്ജ പാർക്ക് പദ്ധതി, ഹരിതോർജ്ജ  ഇടനാഴി പരിപാടി,  മത്സരാധിഷ്ഠിത ലേലങ്ങൾ എന്നിവ ഈ മേഖലയിലെ നിർണായക ചുവടുവെപ്പുകളായി മാറി.  ഇവയെല്ലാം ചേര്‍ന്ന  വൻകിട സൗരോർജ്ജ പദ്ധതികളുടെ നിർമാണത്തിന് വേഗം പകര്‍ന്നു. 

ഇന്ത്യയിലെ സൗരോർജ്ജ ഉല്പാദന ശേഷി

രാജ്യത്തിന്റെ വിവിധ ഭൂപ്രകൃതികളിലും കാലാവസ്ഥാ മേഖലകളിലുമായി സൗരോർജ്ജ പദ്ധതികൾ വ്യാപിച്ചുകിടക്കുന്നു. രാജസ്ഥാൻ, ഗുജറാത്ത്, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് സ്ഥാപിത ശേഷിയുടെ ഏറിയ പങ്കും സംഭാവന ചെയ്യുന്നത്. വൻകിട സൗരോർജ്ജ പദ്ധതികൾ മാത്രം 118.79 ജിഗാവാട്ട് ശേഷി നൽകുന്നു. രാജസ്ഥാനിലെ ഭദ്‌ല സൗരോർജ്ജ പാർക്ക്, കർണാടകയിലെ പാവഗഡ സൗരോർജ്ജ പാർക്ക്, മധ്യപ്രദേശിലെ രേവ അൾട്രാ മെഗാ സൗരോർജ്ജ പാർക്ക് എന്നിവ ഇവയിൽ പ്രധാന വൻകിട പദ്ധതികളാണ്. പവർ ഗ്രിഡുമായി ബന്ധിപ്പിച്ച പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങൾ 27.88 ജിഗാവാട്ട് സംഭാവന ചെയ്യുന്നു. ബാക്കി ശേഷി ഹൈബ്രിഡ് സൗരോർജ്ജ പദ്ധതികളിൽ നിന്നും ഓഫ്-ഗ്രിഡ് സംവിധാനങ്ങളില്‍ നിന്നുമാണ് ലഭിക്കുന്നത്. ഹൈബ്രിഡ് പദ്ധതികൾ സൗരോർജ്ജത്തെ ബാറ്ററി സംഭരണ സംവിധാനവുമായോ മറ്റ് ഊർജ്ജ സ്രോതസ്സുകളുമായോ സംയോജിപ്പിക്കുമ്പോൾ പവർ ഗ്രിഡ് സൗകര്യമില്ലാത്ത മേഖലകളിലാണ് ഓഫ്-ഗ്രിഡ് സംവിധാനങ്ങൾ വൈദ്യുതിയെത്തിക്കുന്നത്.

2025–26 സാമ്പത്തിക വർഷം റെക്കോർഡ് വളർച്ച

2025–26 സാമ്പത്തിക വർഷം ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖലയ്ക്ക് ചരിത്ര നേട്ടങ്ങളുടെ വർഷമായിരുന്നു. സൗരോർജ്ജത്തിലും ഫോസിൽ ഇതര ഇന്ധനോല്പാദന ശേഷിയിലും റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയത്.

  • ഇന്ത്യ 44.61 ജിഗാവാട്ട് സൗരോർജ്ജ ശേഷി പുതുതായി കൂട്ടിച്ചേർത്തു. 2024–25 സാമ്പത്തിക വർഷം കൂട്ടിച്ചേർത്ത 23.83 ജിഗാവാട്ടിന്റെ ഇരട്ടിയോളമാണിത്.
  • സൗരോർജ്ജ മൊഡ്യൂൾ നിർമാണ ശേഷി 2014-ലെ 2.3 ജിഗാവാട്ടിൽ നിന്ന് 2026 മാർച്ച് 31-ഓടെ ഏകദേശം 172 ജിഗാവാട്ടായി ഉയർന്നു.
  • 274.68 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജശേഷി ഉള്‍പ്പെടെ ആകെ ഫോസിൽ ഇതര ഇന്ധനോല്പാദന ശേഷി 283.46 ജിഗാവാട്ടിലെത്തി.
  • ഒരു വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഫോസിൽ ഇതര ഇന്ധന ശേഷി വർധന (55.29 ജിഗാവാട്ട്) ഈ വർഷം കൈവരിച്ചു.
  • 2025 ജൂലൈ 29-ന് ഇന്ത്യയുടെ ആകെ വൈദ്യുതി ആവശ്യകതയുടെ 51.5 ശതമാനവും നിറവേറ്റിയത് പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളാണ്. ഇതുവരെ രേഖപ്പെടുത്തിയതില്‍  ഏറ്റവും ഉയർന്ന പ്രതിമാസ വിഹിതമാണിത്.

 

സൗരോർജ്ജ വിപുലീകരണത്തിന് പിന്നിലെ ഭരണ നയങ്ങൾ

സുസ്ഥിര ഭരണനയങ്ങൾ, മത്സരാധിഷ്ഠിത ലേല രീതികൾ, ദീർഘകാല ലക്ഷ്യങ്ങൾ എന്നിവ വൻകിട സൗരോർജ്ജ പദ്ധതികളുടെ വിന്യാസത്തിന് അനുകൂല അന്തരീക്ഷമൊരുക്കാന്‍ സഹായിച്ചു. സൗരോർജ്ജ മേഖലയുടെ വികാസത്തിന് കരുത്തേകിയ പ്രധാന നടപടികളെ അഞ്ച് സ്തംഭങ്ങളായി തിരിക്കാം:

1. കാഴ്ചപ്പാട് രൂപീകരിക്കല്‍: കാലാവസ്ഥാ വാഗ്ദാനങ്ങളും ദീർഘകാല ലക്ഷ്യങ്ങളും

ഗ്ലാസ്ഗോയിൽ നടന്ന  COP26 ഉച്ചകോടിയിൽ 2030-ഓടെ 500 ജിഗാവാട്ട് ഫോസിൽ ഇതര ഇന്ധന ശേഷിയും 2070-ഓടെ നെറ്റ്-സീറോ കാർബൺ ബഹിര്‍ഗമനവും കൈവരിക്കുമെന്ന 'പഞ്ചാമൃത' ലക്ഷ്യങ്ങൾ ഇന്ത്യ പ്രഖ്യാപിച്ചു. പാരീസ് ഉടമ്പടിക്ക് കീഴിലെ  ഇന്ത്യയുടെ പുതുക്കിയ സമർപ്പിത ലക്ഷ്യങ്ങളിലും ഈ വാഗ്ദാനങ്ങൾ പ്രതിഫലിച്ചിരുന്നു. ഈ ശ്രമങ്ങളുടെ തുടര്‍ച്ചയായി  പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും സുസ്ഥിര ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നതിന് 'മിഷൻ ലൈഫ്' ആശയവും നടപ്പാക്കിവരുന്നു.

2. ആവശ്യകത വർധിപ്പിക്കൽ: ദേശീയ ദൗത്യങ്ങളും പുനരുപയോഗ ഊർജ്ജ സംഭരണ നിബന്ധനകളും 

സൗരോർജ്ജ മേഖലയുടെ വളർച്ചയ്ക്ക് സുസ്ഥിര ആവശ്യകത സൃഷ്ടിക്കുന്നത് നിർണായകമായിരുന്നു. ദേശീയ സൗരോർജ്ജ ദൗത്യം ഇതിന് ദീർഘകാല ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും തുടക്കത്തിൽ തന്നെ ശക്തമായ അടിത്തറ പാകുകയും ചെയ്തു.

വൈദ്യുതി വിതരണ കമ്പനികളും  മറ്റ് നിശ്ചിത സ്ഥാപനങ്ങളും ആകെ വൈദ്യുതിയുടെ  നിശ്ചിത ശതമാനം പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് തന്നെ വാങ്ങണമെന്ന് 'പുനരുപയോഗ ഊർജ്ജ സംഭരണ നിബന്ധനകള്‍' നിർബന്ധമാക്കുന്നു.  ഡെവലപ്പര്‍മാര്‍ക്കും നിക്ഷേപകർക്കും ദീർഘകാല വിപണി ഉറപ്പുനൽകുന്നതിലൂടെ പുനരുപയോഗ ഊർജ്ജ സ്വീകാര്യത വർധിപ്പിക്കാന്‍ ഇത് വഴിയൊരുക്കുന്നു.  2029–30 വരെ   പുനരുപയോഗ ഊർജ്ജ സംഭരണ നിബന്ധന ലക്ഷ്യങ്ങൾ ഇതിനകം വിജ്ഞാപനം ചെയ്തിട്ടുണ്ട്. 2026–27 വർഷത്തേക്ക് ഇത് 35.95 ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്.  

വൻകിട കമ്പനികൾക്കും ഡെവലപ്പര്‍മാര്‍ക്കുമപ്പുറം സാധാരണക്കാരിലേക്കും ഇതിന്റെ ആവശ്യകത വ്യാപിപ്പിച്ചു. 'പി.എം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന' വീടുകളിൽ പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അതേസമയം, 'പി.എം-കുസും' പദ്ധതി കാർഷിക മേഖലയിൽ സൗരോർജ്ജ പമ്പുകളും ഫീഡർ സൗരോർജ്ജവല്‍ക്കരണവും ഉറപ്പാക്കുന്നു. ഉപഭോക്താക്കളെയും കർഷകരെയും വ്യവസായങ്ങളെയും വൈദ്യുതി വിതരണ കമ്പനികളെയും  പങ്കാളികളാക്കി ഈ പദ്ധതികൾ സൗരോർജ്ജ വിപണി വിപുലീകരിക്കുന്നു.  

3. ചെലവ് കുറയ്ക്കൽ: മത്സരാധിഷ്ഠിത ലേലവും നിരക്ക് നിർണയവും

കഴിഞ്ഞ പതിറ്റാണ്ടിൽ സൗരോർജ്ജ വൈദ്യുതി നിരക്കുകളിലുണ്ടായ ഗണ്യമായ കുറവാണ് ഈ മേഖലയിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ ഡെവലപ്പര്‍മാര്‍ മത്സരിക്കുന്ന 'ഇ-റിവേഴ്‌സ് ഓക്ഷൻ'  ലേല രീതിയാണ് ഇതിന് വഴിയൊരുക്കിയത്.

സുതാര്യമായ ഈ നിരക്ക് നിർണയ രീതി വികസിപ്പിക്കുന്നതിൽ സൗരോർജ്ജ  കോർപ്പറേഷൻ ഓഫ് ഇന്ത്യ (SECI) പോലുള്ള ഏജൻസികൾ സുപ്രധാന പങ്കുവഹിച്ചു. കൂടുതൽ ഡെവലപ്പര്‍മാര്‍ പങ്കെടുത്തതോടെ 2010-ൽ യൂണിറ്റിന് 18 രൂപയോളമായിരുന്ന നിരക്ക് റെക്കോഡ് കുറവായ 2.44 രൂപയിലേക്ക് കൂപ്പുകുത്തി. 2017-ൽ ഭദ്‌ല സൗരോർജ്ജ പാർക്ക് ലേലത്തിലാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.  സൗരോർജ്ജ എല്ലാവർക്കും താങ്ങാവുന്നതാക്കി മാറ്റിയ ഈ നേട്ടം സൗരോര്‍ജ സംവിധാനങ്ങളുടെ വ്യാപനം ത്വരിതപ്പെടുത്തുകയും ചെയ്തു.

നിരക്കുകളിലെ കുറവ് സൗരോർജ്ജം കൂടുതൽ വിലകുറഞ്ഞതാക്കി മാറ്റിയതോടെ ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സൗരോർജ്ജം ഉല്പാദിപ്പിക്കുന്ന വിപണികളിലൊന്നായി ഇന്ത്യ മാറി. 2025-ൽ വൻകിട സൗരോർജ്ജ പദ്ധതികളിലെ വൈദ്യുതിയുടെ ശരാശരി ഉൽപ്പാദന ചെലവ് (LCOE) മെഗാവാട്ട് അവറിന് (MWh) 35 യു.എസ് ഡോളറായിരുന്നു. ഇത് ആഗോള ശരാശരിയായ 44 ഡോളറിനെ അപേക്ഷിച്ച് തീരെ കുറവാണ്.

 

4. അനുയോജ്യ അടിസ്ഥാന സൗകര്യങ്ങളൊരുക്കൽ  

ഡെവലപ്പര്‍മാര്‍ക്ക് ആവശ്യമായ ഭൂമിയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്  കേന്ദ്ര ഗവൺമെൻറ് 'സൗരോർജ്ജ പാർക്ക് പദ്ധതി' ആരംഭിച്ചു. തുടക്കത്തിൽ 20 ജിഗാവാട്ട് ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചതെങ്കിലും 2017-ൽ ഇത് 40 ജിഗാവാട്ടായി ഉയർത്തി. 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ആകെ 39,188 മെഗാവാട്ട് ശേഷിയില്‍  54 സോളാർ പാർക്കുകൾക്ക് രാജ്യത്തുടനീളം അംഗീകാരം നൽകിയിട്ടുണ്ട്.

വൻകിട പുനരുപയോഗ ഊർജോല്പാദനത്തിന് വിവിധ സംസ്ഥാനങ്ങളിൽ ഉയർന്നുവന്ന പ്രധാന കേന്ദ്രങ്ങളാണ് ഈ സൗരോർജ്ജ പാർക്കുകൾ:

 

ക്രമ നമ്പർ

സംസ്ഥാനങ്ങൾ / കേന്ദ്രഭരണ പ്രദേശങ്ങൾ

പാർക്കുകളുടെ എണ്ണം

അംഗീകൃത ശേഷി (MW)

1

ആന്ധ്രാപ്രദേശ്

5

4,200

2

ഛത്തീസ്ഗഡ്

1

100

3

ഗുജറാത്ത്

7

12,150

4

ഝാർഖണ്ഡ്

2

334

5

ഝാർഖണ്ഡും പശ്ചിമ ബംഗാളും*

1

310

6

കർണാടക

1

2,000

7

കേരളം

3

255

8

മധ്യപ്രദേശ്

9

4,208

9

മഹാരാഷ്ട്ര

4

1,105

10

മിസോറാം

1

20

11

ഒഡീഷ

1

40

12

രാജസ്ഥാൻ

11

10,726

13

ഉത്തർപ്രദേശ്

8

3,740

ആകെ

54

39,188

* ഝാർഖണ്ഡിലും പശ്ചിമ ബംഗാളിലുമായി വ്യാപിച്ചുകിടക്കുന്ന  അന്തർസംസ്ഥാന ഫ്ലോട്ടിങ് സൗരോജ്ജ പാർക്ക് ഉൾപ്പെടെ.

 

രാജ്യത്തെ പ്രമുഖ പല സൗരോർജ്ജ പാർക്കുകളുടെയും വികസനത്തിന്  പദ്ധതി വഴിയൊരുക്കിയിട്ടുണ്ട്.

 

ഭദ്‌ല സൗരോജ്ജ പാർക്ക്: മരുഭൂമിയിൽ നിന്ന് സംശുദ്ധ ഊജ്ജ കേന്ദ്രത്തിലേക്ക്

രാജസ്ഥാനിലെ ഭദ്‌ല മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ പാർക്ക് വിശാലമായ തരിശുഭൂമിയെ ലോകത്തെ തന്നെ ഏറ്റവും വലിയ സൗരോജ്ജ സമുച്ചയങ്ങളിലൊന്നാക്കി മാറ്റി. സൗരോജ്ജ പാർക്ക് പദ്ധതിക്ക് കീഴിൽ 2015-ൽ വികസനമാരംഭിച്ച പദ്ധതി ഘട്ടംഘട്ടമായി 2020-ഓടെ പൂർത്തീകരിച്ചു.  

ഏകദേശം 5,700 ഹെക്ടറിലധികം (56 ചതുരശ്ര കിലോമീറ്റർ) വ്യാപിച്ചുകിടക്കുന്ന  പാർക്കിന് 2,245 മെഗാവാട്ട്  സ്ഥാപിത ശേഷിയുണ്ട്. ഈ മേഖലയിലെ ഉയർന്ന സൂര്യപ്രകാശ ലഭ്യത, കുറഞ്ഞ മഴ, കുറഞ്ഞ സസ്യസാന്നിധ്യം എന്നിവ വൻകിട സൗരോജ്ജ ഉല്പാദനത്തിന് തീര്‍ത്തും അനുയോജ്യമാണ്.

വിസ്തൃതിക്കപ്പുറം സൗരോജ്ജ പാർക്ക് മാതൃകയുടെ മികച്ച ഉദാഹരണമാണ് ഭദ്‌ല. ഭൂമി ഒരുക്കലും പ്രസരണ സൗകര്യങ്ങളും ഉൾപ്പെടെ പൊതു അടിസ്ഥാന സൗകര്യങ്ങൾ പദ്ധതിയുടെ അതിവേഗ വികസനത്തിന് വഴിയൊരുക്കുകയും വൻതോതില്‍ സ്വകാര്യ നിക്ഷേപമാകർഷിക്കുകയും ചെയ്തു. ഈ പാർക്കിൽ നടന്ന മത്സരാധിഷ്ഠിത ലേലം രാജ്യത്തെ ഏറ്റവും കുറഞ്ഞ സൗരോജ്ജ നിരക്കുകള്‍ക്ക് വഴിയൊരുക്കുകയും സൗരോർജ്ജം  വിലകുറഞ്ഞതാക്കാൻ സഹായിക്കുകയും ചെയ്തു.

 

 

സൗരോർജ്ജ പാർക്ക് പദ്ധതിക്ക് പിന്തുണയേകി രാജ്യത്തുടനീളം പുനരുപയോഗ ഊർജ്ജസമൃദ്ധ പ്രദേശങ്ങളിൽ നിന്ന്  ആവശ്യകതയേറിയ കേന്ദ്രങ്ങളിലേക്ക് വൈദ്യുതി എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'ഹരിതോർജ്ജ ഇടനാഴി' പരിപാടി നടപ്പാക്കുന്നത്.  പ്രസരണ ശൃംഖലകളെ ശക്തിപ്പെടുത്തുന്ന ഈ നടപടി പുനരുപയോഗ ഊർജ്ജം പവർ ഗ്രിഡിലേക്ക് തടസ്സമില്ലാതെ സംയോജിപ്പിക്കാന്‍ പിന്തുണയേകുന്നു.  

2026 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം ശക്തിപ്പെടുത്തിയ പ്രസരണ ശൃംഖലകൾ വഴി 24,567.8 മെഗാവാട്ട് പുനരുപയോഗ ഊർജ്ജം വിതരണം ചെയ്യാൻ ഈ പരിപാടിയിലൂടെ സാധിച്ചിട്ടുണ്ട്. പത്ത് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഹരിതോർജ്ജ ഇടനാഴി  പദ്ധതികൾ  ഏകദേശം 44 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ വിതരണം സുഗമമാക്കാന്‍ ലക്ഷ്യമിടുന്നു.  പദ്ധതികൾ ദേശീയ ഗ്രിഡിലേക്കുള്ള പുനരുപയോഗ ഊർജ സംയോജനം  കൂടുതൽ ശക്തിപ്പെടുത്തും.  

 

5. തദ്ദേശീയ നിർമാണത്തിന് പിന്തുണ നൽകൽ  

തദ്ദേശീയ സൗരോർജ്ജ ഉപകരണ നിർമാണം ശക്തിപ്പെടുത്താനും ഇറക്കുമതി ആശ്രയം  കുറയ്ക്കാനും കേന്ദ്ര ഗവണ്‍മെന്റ് വിവിധ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

കാര്യക്ഷമത കൂടിയ സൗരോജ്ജ പിവി മൊഡ്യൂളുകൾക്ക് പി.എൽ.ഐ പദ്ധതി 

4,500 കോടി രൂപയുടെ പ്രാരംഭ സാമ്പത്തിക വിഹിതത്തോടെ 2021-ൽ തുടക്കം കുറിച്ച പദ്ധതിക്ക് 2022-ൽ 19,500 കോടി രൂപ അധികമായി അനുവദിച്ചു.  തദ്ദേശീയ നിർമാണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും സൗരോർജ്ജ മൂല്യശൃംഖലയിലുടനീളം മൂല്യവർധന ഉറപ്പാക്കുകയും ചെയ്യുന്നു. 2024 ഒക്ടോബറോടെ ഏകദേശം 35,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ  പദ്ധതിയ്ക്ക് സാധിച്ചു.  കൂടാതെ പതിനായിരത്തോളം പേർക്ക് നേരിട്ട് തൊഴിൽ നൽകാനും പദ്ധതി വഴിയൊരുക്കി.  

അംഗീകൃത മോഡലുകളുടെയും നിർമാതാക്കളുടെയും പട്ടിക (ALMM)  

സൗരോർജ്ജ പിവി മൊഡ്യൂളുകളുടെയും സെല്ലുകളുടെയും ഗുണനിലവാരം ഉറപ്പാക്കുന്ന  നിയമനിർമാണ ചട്ടക്കൂടാണ് 2019-ൽ അവതരിപ്പിച്ച  ALMM.  അനുയോജ്യമായ പദ്ധതികളിൽ ഉപയോഗിക്കുന്ന സൗരോർജ്ജ ഉപകരണങ്ങൾ നിശ്ചിത ഗുണനിലവാരവും കാര്യക്ഷമതാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.  അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തിയ നിർമാതാക്കൾക്കും മോഡലുകള്‍ക്കും മാത്രമാണ് ഗവണ്‍മന്റ് സഹായത്തോടെയോ ലേലത്തിലൂടെയോ നടപ്പാക്കുന്ന സൗരോർജ്ജ പദ്ധതികളിൽ പങ്കാളികളാകാൻ അർഹത. അംഗീകൃത ഉല്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആഭ്യന്തര നിർമാണ മേഖലയ്ക്കും ഇത് ഉത്തേജനം നൽകുന്നു.

ഉല്പാദന അനുബന്ധ പ്രോത്സാഹന പദ്ധതിയും അംഗീകൃത മോഡലുകളുടെയും നിർമാതാക്കളുടെയും പട്ടികയും ഇന്ത്യയുടെ തദ്ദേശീയ സോളാർ നിർമാണ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തി. സൗരോർജ്ജ പദ്ധതികളുടെ അതിവേഗ വികസനം സാധ്യമാക്കുന്നതിനൊപ്പം  സ്വയം പര്യാപ്തത കൈവരിക്കാനും ഇവ സഹായിച്ചു. രാജ്യത്ത് അംഗീകൃത ഉപകരണങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നതെന്ന്  ഉറപ്പാക്കുന്നതിലൂടെ ഉപഭോക്താക്കൾക്കും ഡെവലപ്പര്‍മാര്‍ക്കും കൂടുതൽ വിശ്വാസ്യത നൽകാനും ഈ സംവിധാനങ്ങൾക്ക് സാധിക്കുന്നു.

സൗരോർജ്ജം വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും 

ഇന്ത്യയുടെ സൗരോർജ്ജ പരിവര്‍ത്തനം വൻകിട ഊർജ്ജ നിലയങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. വീടുകൾക്കും കർഷകർക്കും പ്രത്യേക പദ്ധതികളിലൂടെ ഊർജ്ജ ലഭ്യത വർധിപ്പിക്കുകയും വൈദ്യുതി നിരക്ക് കുറയ്ക്കുകയും ചെയ്യുന്ന സൗരോർജ്ജ സംരംഭങ്ങള്‍ പുതിയ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

പി.എം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന 

75,021 കോടി രൂപ  സാമ്പത്തിക വിഹിതത്തോടെ  2024 ഫെബ്രുവരി 13-നാണ് 'പി.എം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന' ആരംഭിച്ചത്. പുരപ്പുറ സൗരോർജ്ജ  സംവിധാനങ്ങളുടെ ആനുകൂല്യങ്ങൾ രാജ്യത്തെ വീടുകളിലേക്ക് നേരിട്ടെത്തിക്കാൻ ഈ പദ്ധതിക്ക് സാധിച്ചു. ലോകത്തിലെ  ഏറ്റവും വലിയ ഗാർഹിക പുരപ്പുറ സോളാർ പരിപാടിയാണിത്. യോഗ്യരായ കുടുംബങ്ങൾക്ക് സൗരോർജ്ജ പാനലുകൾ സ്ഥാപിക്കാന്‍ സബ്‌സിഡിയും ഈടില്ലാത്ത ബാങ്ക് വായ്പകളും പദ്ധതിയിലൂടെ നൽകിവരുന്നു.  പ്രത്യേക ദേശീയ പോർട്ടൽ വഴി  നടപ്പാക്കുന്ന പദ്ധതി സുഗമമായ രജിസ്‌ട്രേഷൻ, സൗരോര്‍ജ സംവിധാനം സ്ഥാപിക്കല്‍, സബ്‌സിഡി വിതരണം എന്നിവ ഉറപ്പാക്കുന്നു.

പ്രധാന നേട്ടങ്ങൾ:

  • 2026 ജൂൺ വരെ ലഭ്യമായ കണക്കനുസരിച്ച് 43 ലക്ഷത്തിലധികം കുടുംബങ്ങളിൽ പുരപ്പുറ സൗരോർജ്ജ സംവിധാനം സ്ഥാപിച്ചു.
  • 2025 ഡിസംബർ വരെ കേന്ദ്ര സാമ്പത്തിക സഹായമായി 14,771.82 കോടി രൂപ വിതരണം ചെയ്തു.
  • 2025 ഡിസംബർ 9 വരെ ലഭ്യമായ കണക്കനുസരിച്ച് 7.7 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് നിരക്കുരഹിത വൈദ്യുതി ബില്‍ ലഭിച്ചു.  

സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കാൻ പദ്ധതി കുടുംബങ്ങളെ  പ്രാപ്തമാക്കുന്നു. വൈദ്യുതി ബില്ലുകൾ കുറയ്ക്കുന്ന സംരംഭം പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കുന്നു.  ഇന്ത്യയിലെ ഗാർഹിക പുരപ്പുറ സൗരോർജ്ജ പദ്ധതി വിപുലീകരിക്കാന്‍ ലോകബാങ്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതോടെ 'പി.എം സൂര്യ ഘർ: മുഫ്ത് ബിജ്‍ലി യോജന'യ്ക്ക് അന്താരാഷ്ട്ര പിന്തുണയും ലഭിച്ചിട്ടുണ്ട്.

 

 

ഉയർന്ന വൈദ്യുതി ബില്ലിൽ നിന്ന് സൗരോജ്ജ സമ്പാദ്യത്തിലേക്ക്

'പി.എം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന'യെക്കുറിച്ച് അറിഞ്ഞതോടെയാണ് ഗ്വാളിയോറിലെ ജവഹർ കോളനി നിവാസിയായ സുധാൻഷു ദുബെ  പുരപ്പുറ സൗരോജ്ജ സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ചത്.

സൗരോജ്ജ പാനല്‍ സ്ഥാപിക്കല്‍,  സബ്‌സിഡി നടപടിക്രമങ്ങൾ എന്നിവ തികച്ചും സുഗമമായി പൂർത്തിയാകുകയും സബ്‌സിഡി തുക  ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തുകയും ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇതിന്റെ ആനുകൂല്യങ്ങൾ എല്ലാ മാസവും അദ്ദേഹത്തിന് ലഭിക്കുന്നു. നേരത്തെ പതിനായിരം  രൂപയ്ക്ക് മുകളിലായിരുന്ന കുടുംബത്തിന്റെ മാസാന്ത വൈദ്യുതി ബില്ല് ഇന്ന് നാമമാത്രമായി കുറഞ്ഞു. തടസ്സമില്ലാതെ വൈദ്യുതി ഉല്പാദിപ്പിക്കുന്ന പുരപ്പുറ സൗരോജ്ജ സംവിധാനം കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം പ്രതിമാസ ചെലവുകൾ ഗണ്യമായി കുറയ്ക്കാനും സഹായിക്കുന്നു.

സുധാൻഷുവിനെ സംബന്ധിച്ചിടത്തോളം സൂര്യവെളിച്ചം അദ്ദേഹത്തിന് വൻ സാമ്പത്തിക ലാഭമാണ് നൽകിയത്. സംശുദ്ധ ഊർജ്ജം സ്വീകരിക്കാനും വൈദ്യുതി ചെലവുകളിൽ കൃത്യമായ നിയന്ത്രണം കൈവരിക്കാനും രാജ്യത്തെ കുടുംബങ്ങളെ 'പി.എം സൂര്യ ഘർ' പദ്ധതി എങ്ങനെ പ്രാപ്തരാക്കുന്നുവെന്നതിന്റെ  മികച്ച ഉദാഹരണമാണ് അദ്ദേഹത്തിന്റെ അനുഭവം.

 

 

പ്രധാൻ മന്ത്രി കിസാൻ ഊർജ്ജ സുരക്ഷാ ഏവം ഉത്ഥാൻ മഹാഭിയാൻ (പിഎം-കുസും)

കാർഷിക മേഖലയിൽ സൗരോർജ്ജത്തിന്റെ ഉപയോഗം വിപുലീകരിക്കുന്നതിന് 2019-ലാണ് പി.എം-കുസും പദ്ധതി ആരംഭിച്ചത്. വികേന്ദ്രീകൃത സൗരോർജ്ജ  നിലയങ്ങൾ സ്ഥാപിക്കാനും ഗ്രിഡ്-ഇതര  സൗരോർജ്ജ കാർഷിക പമ്പുകൾ വിതരണം ചെയ്യാനും ഗ്രിഡുമായി ബന്ധിപ്പിച്ച കാർഷിക പമ്പുകളെ സൗരോർജ്ജത്തിലേക്ക് മാറ്റാനും  പദ്ധതി പിന്തുണ നൽകുന്നു.  ജലസേചനത്തിന് പകൽ സമയങ്ങളിൽ വിശ്വസനീയ വൈദ്യുതി ലഭ്യമാക്കാനും ഡീസൽ ആശ്രിതത്വം കുറയ്ക്കാനും കർഷകരുടെ വരുമാന അവസരങ്ങൾ വർദ്ധിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ജലസേചനത്തിനും വൈദ്യുതി ഉല്പാദനത്തിനും സൗരോര്‍ജം ഒരുപോലെ ഉപയോഗപ്പെടുത്താൻ പി.എം-കുസും കർഷകരെ പ്രാപ്തരാക്കുന്നു. പദ്ധതി പ്രകാരം കർഷകർക്ക് ജലസേചനത്തിന് സൗരോർജ്ജ പമ്പുകൾ സ്ഥാപിക്കാനും  യോഗ്യമെങ്കില്‍ അധികം വരുന്ന വൈദ്യുതി വിതരണ കമ്പനികൾക്ക് വിൽക്കാനും സാധിക്കും. 34,422 കോടി രൂപയുടെ കേന്ദ്ര സാമ്പത്തിക സഹായത്തില്‍ 2026-27 സാമ്പത്തിക വര്‍ഷത്തോടെ  ഏകദേശം 34,800 മെഗാവാട്ട് സൗരോർജ്ജ ശേഷി കൂട്ടിച്ചേർക്കുന്നതിലാണ്  പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പ്രധാന നേട്ടങ്ങൾ:

  • കാർഷികാവശ്യങ്ങൾക്ക് ഏകദേശം 11.49 ലക്ഷം ഓഫ്-ഗ്രിഡ് സൗരോർജ്ജ പമ്പുകൾ സ്ഥാപിച്ചു.
  • ഫീഡർ തല സൗരോർജ്ജവല്‍ക്കരണത്തിലൂടെ 15.89 ലക്ഷത്തിലധികം കാർഷിക പമ്പുകൾ പദ്ധതിയുടെ ഭാഗമാക്കി.
  • കർഷകരുടെ ഭൂമിയിൽ സ്ഥാപിച്ച വികേന്ദ്രീകൃത സൗരോർജ്ജ പദ്ധതികളിൽ നിന്ന് ഏകദേശം 1,726 മെഗാവാട്ട് വൈദ്യുതി ഉല്പാദനം തുടങ്ങി.
  • രാജ്യത്തുടനീളം 21.77 ലക്ഷത്തിലേറെ കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.

ഇന്ത്യയുടെ വികേന്ദ്രീകൃത സൗരോർജ്ജ രംഗത്തെ  രണ്ട് പ്രധാന സ്തംഭങ്ങളായി പിഎം കുസും, പിഎം സൂര്യഘര്‍  പദ്ധതികള്‍ ഉയർന്നുവന്നു. 

2025–26 സാമ്പത്തിക വർഷം പുതുതായി കൂട്ടിച്ചേർത്ത 44.61 ജിഗാവാട്ട് സൗരോർജ്ജ ശേഷിയുടെ 36 ശതമാനവും (16.3 ജിഗാവാട്ട്) വികേന്ദ്രീകൃത സൗരോർജ്ജ പദ്ധതികളിൽ നിന്നാണ് ലഭിച്ചത്. ഇതിൽ 7.6 ജിഗാവാട്ട് പി.എം-കുസും പദ്ധതിയില്‍നിന്നും 8.7 ജിഗാവാട്ട് പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങളില്‍നിന്നുമായിരുന്നു.  

ആഗോള സൗരോർജ്ജ സഹകരണത്തിൽ ഇന്ത്യയുടെ വളരുന്ന നേതൃത്വം

സൗരോർജ്ജ മേഖലയിലെ ഇന്ത്യയുടെ നേതൃത്വം രാജ്യാതിര്‍ത്തികള്‍ക്കപ്പുറം  വികസിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര സഹകരണം, സാങ്കേതികവിദ്യ കൈമാറ്റം, ശേഷി വികസനം എന്നിവ ശക്തിപ്പെടുത്താന്‍ ഇന്ത്യ മുൻകൈയെടുക്കുന്നു.  

  • അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം (ISA): 2015-ൽ പാരിസിൽ നടന്ന COP21  ഉച്ചകോടിയിൽ ഇന്ത്യയും ഫ്രാൻസും ചേർന്ന് രൂപീകരിച്ച അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം ആഗോള സൗരോർജ്ജ സഹകരണത്തിന്റെ സുപ്രധാന വേദിയായി ഉയർന്നുവന്നു. സൗരോർജ വിന്യാസം വേഗത്തിലാക്കാനും അറിവുകളും സാങ്കേതികവിദ്യകളും പങ്കുവെക്കാനും മാലിദ്വീപ്, ഗ്രീസ്, ജർമനി, ഇറ്റലി, ഭൂട്ടാൻ, ലക്സംബർഗ്, അർജന്റീന തുടങ്ങിയ നിരവധി രാജ്യങ്ങളെ  സഖ്യം ഒന്നിച്ചുനിർത്തുന്നു. അംഗരാജ്യങ്ങൾക്കിടയിലെ പങ്കാളിത്തത്തിന്റെ നിർണായക  വേദിയായി ഈ സഖ്യം മാറിക്കഴിഞ്ഞു.   
  • വൺ സൺ വൺ വേൾഡ് വൺ ഗ്രിഡ് (OSOWOG): പരസ്പര ബന്ധിത  ആഗോള പുനരുപയോഗ ഊർജ ശൃംഖലയെന്ന ആശയം 2018-ലാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്. ഈ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിന്  2021-ലെ COP26 ഉച്ചകോടിയിൽ ഇന്ത്യയും യുകെയും ചേർന്ന് 'ഗ്രീന്‍ ഗ്രിഡ്സ് ഇനീഷ്യേറ്റീവ് - വൺ സൺ വൺ വേൾഡ് വൺ ഗ്രിഡ്' ആരംഭിച്ചു. ഓസ്‌ട്രേലിയ, ഫ്രാൻസ്, യു.എസ്.എ, അന്താരാഷ്ട്ര സൗരോർജ് സഖ്യം എന്നിവയുടെ പിന്തുണ ഈ പദ്ധതിക്കുണ്ട്. അതിർത്തി കടന്നുള്ള പുനരുപയോഗ ഊർജ് വ്യാപാരം  പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഊർജ് സുരക്ഷ ശക്തിപ്പെടുത്താനും സംശുദ്ധ ഊർജ് പരിവർത്തനം ത്വരിതപ്പെടുത്താനും ഇത് സഹായിക്കുന്നു.

അന്താരാഷ്ട്ര സൗരോർജ് സഖ്യത്തിലൂടെയും മറ്റ് പങ്കാളിത്തങ്ങളിലൂടെയും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കിടയിൽ പുനരുപയോഗ ഊർജ് സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചു.  G-20 അധ്യക്ഷപദവി വഹിച്ച സമയത്ത് 2030-ഓടെ ആഗോള പുനരുപയോഗ ഊർജ് ശേഷി മൂന്ന് മടങ്ങാക്കുന്നതില്‍  പൊതുസമ്മതി രൂപീകരിക്കുന്നതിലും ഇന്ത്യ സുപ്രധാന പങ്കുവഹിച്ചു.

മുന്നോട്ടുള്ള പാത 

സൗരോർജ വിപണിയിലെ ഇന്ത്യയുടെ നേട്ടങ്ങൾ സുസ്ഥിര ഭരണ നയങ്ങളുടെയും വികസിച്ചുവരുന്ന നിർമാണ മേഖലയുടെയും ശക്തമായ അടിസ്ഥാന സൗകര്യങ്ങളുടെയും ഉയര്‍ന്ന ജനപങ്കാളിത്തത്തിന്റെയും പ്രതിഫലനമാണ്. 'പഞ്ചാമൃത' വാഗ്ദാനങ്ങളിലേക്കും 2070-ഓടെ നെറ്റ്-സീറോ കാർബൺ  ലക്ഷ്യത്തിലേക്കും ഇന്ത്യ മുന്നേറുമ്പോള്‍ രാജ്യത്തിന്റെ പ്രധാന കരുത്തായി സൗരോർജ്ജം നിലകൊള്ളും.  സംശുദ്ധ ഊർജ് പരിവർത്തനത്തിന് സൗരോർജ്ജം തുടർന്നും വഴികാട്ടും.  

അവലംബം: 

Click here for pdf file

***


(रिलीज़ आईडी: 2293999) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati