റെയില്‍വേ മന്ത്രാലയം
അഞ്ച് ഗ്രൂപ്പ് 'എ' ഉദ്യോഗസ്ഥര്‍ക്ക് നിർബന്ധിത വിരമിക്കല്‍ ശിപാർശ ചെയ്ത് ഇന്ത്യൻ റെയിൽവേ
प्रविष्टि तिथि:
01 AUG 2026 3:11PM by PIB Thiruvananthpuram
പൊതുതാൽപ്പര്യാർത്ഥം അഞ്ച് ഗ്രൂപ്പ് 'എ' ഉദ്യോഗസ്ഥരെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നിർബന്ധിത വിരമിക്കലിന് റെയിൽവേ മന്ത്രാലയത്തിലെ റെയിൽവേ ബോർഡ് അവലോകന സമിതികള്‍ ശിപാർശ ചെയ്തു. മൗലിക നിയമങ്ങളിലെ റൂൾ 56(ജെ) യ്ക്ക് തുല്യമായ ഇന്ത്യൻ റെയിൽവേ എസ്റ്റാബ്ലിഷ്‌മെൻ്റ് ചട്ടം (രണ്ടാം ഭാഗം) റൂൾ 1802(എ) പ്രകാരമാണ് നടപടി.
ഉത്തര റെയിൽവേയില്‍ IRHS-ലെ രണ്ട് SAG ഉദ്യോഗസ്ഥരെയും IRSE-യിലെ ഒരു JAG ഉദ്യോഗസ്ഥനെയും IRSEE-യിലെ ഒരു ഉദ്യോഗസ്ഥനെയും പശ്ചിമ റെയിൽവേയില്‍ IRTS-ലെ ഒരു JAG ഉദ്യോഗസ്ഥനെയുമാണ് നിർബന്ധിത വിരമിക്കലിന് അവലോകന സമിതികള്‍ ശിപാർശ ചെയ്തിരിക്കുന്നത്.
നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് ഉദ്യോഗസ്ഥരുടെ സർവീസ് റെക്കോഡുകള്‍ അവലോകന സമിതികള്‍ വിശദമായി വിലയിരുത്തി. ശിപാർശകള്‍ നല്‍കുന്നതിന് മുന്‍പ് വാർഷിക പ്രകടന വിലയിരുത്തൽ റിപ്പോർട്ടുകൾ, വിജിലൻസ് വിവരങ്ങൾ, സത്യസന്ധതയും കൃത്യനിഷ്ഠയും സംബന്ധിച്ച രേഖകൾ, അച്ചടക്ക നടപടികള്‍, മറ്റ് അനുബന്ധ സർവീസ് റെക്കോഡുകൾ എന്നിവയും പരിശോധിച്ചു. ഈ ഉദ്യോഗസ്ഥരെ പൊതുതാൽപ്പര്യാർത്ഥം നിർബന്ധിത വിരമിക്കലിന് സമിതികള്‍ ഐകകണ്ഠ്യേന ശിപാർശ ചെയ്യുകയായിരുന്നു.
സത്യസന്ധതയും കാര്യക്ഷമതയുമില്ലാത്തവരോടും അഴിമതിക്കാരോടും ഒരു തരത്തിലും വിട്ടുവീഴ്ചയില്ലാത്ത നയമാണ് ഇന്ത്യൻ റെയിൽവേ പിന്തുടരുന്നത്. പൊതുസേവനത്തിലെ സത്യസന്ധത, അച്ചടക്കം, ഉത്തരവാദിത്തം എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല. ഇന്ത്യൻ റെയിൽവേ എസ്റ്റാബ്ലിഷ്‌മെൻ്റ് ചട്ടത്തിലെ പ്രസക്ത വകുപ്പുകൾ പ്രകാരം സ്വീകരിക്കുന്ന ഇത്തരം നടപടികൾ ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ് ലക്ഷ്യമിടുന്നത്.
****
(रिलीज़ आईडी: 2293052)
आगंतुक पटल : 28