രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

'ഓപ്പറേഷൻ സതേൺ റെഡിനെസ് 26-2' ന് കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ സമാപനം

प्रविष्टि तिथि: 23 JUL 2026 7:25PM by PIB Thiruvananthpuram

കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ നാലുദിവസമായി സംഘടിപ്പിച്ച ബഹുരാഷ്ട്ര സമുദ്ര സുരക്ഷാ പരിശീലന പരിപാടി 'ഓപ്പറേഷൻ സതേൺ റെഡിനെസ് 26-2' 2026 ജൂലൈ 23-ന് സമാപിച്ചു. ഇന്ത്യൻ നാവികസേന സംയുക്ത സമുദ്ര സേനയുമായി (CMF) സഹകരിച്ച് ദക്ഷിണ നാവിക കമാൻഡിൻ്റെയും ഇന്ത്യൻ നാവികസേന നേതൃത്വം നൽകുന്ന സംയുക്ത ദൗത്യ സേന 154-ൻ്റെയും (CTF 154) മേൽനോട്ടത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 27 രാജ്യങ്ങളിലെ 276 പ്രതിനിധികൾ പങ്കെടുത്തു. 76 ഫെസിലിറ്റേറ്റർമാരും വിഷയ വിദഗ്ധരും നാല് അന്താരാഷ്ട്ര സംഘടനകളും പരിപാടിക്ക് പിന്തുണയേകി.

 

2026 ജൂലൈ 20-ന് ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ ചീഫ് സ്റ്റാഫ് ഓഫീസർ (ട്രെയിനിങ്) റിയർ അഡ്മിറൽ ദീപക് സിംഗാൾ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ CMF ഡെപ്യൂട്ടി കമാൻഡർ കമ്മഡോർ ഡാൻ തോമസ്, ഉയർന്ന സൈനിക ഉദ്യോഗസ്ഥർ, പങ്കാളിത്ത രാജ്യങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ജൂലൈ 23-ന്  സമാപന ചടങ്ങിൽ CTF 154 കമാൻഡർ കമ്മഡോർ മിലിന്ദ് എം. മൊകാശി സമാപന സന്ദേശം നല്‍കി.  ഫെസിലിറ്റേറ്റർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത ചടങ്ങില്‍ ചീഫ് സ്റ്റാഫ് ഓഫീസർ (ട്രെയിനിങ്) റിയർ അഡ്മിറൽ ദീപക് സിംഗാൾ  സമാപന പ്രസംഗം നടത്തി.

 

വിദഗ്ധ ചർച്ചകൾ, സിമുലേറ്റർ അധിഷ്ഠിത മാർഗനിർദേശങ്ങൾ, പ്രായോഗിക പരിശീലനം എന്നിവയിലൂടെ സമുദ്ര സുരക്ഷ, നിയമ-പ്രവർത്തന വീക്ഷണങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതായിരുന്നു പരിശീലന പരിപാടി. സമുദ്ര മേഖലയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച ധാരണയും വിവരങ്ങൾ പങ്കിടലും, സമുദ്ര നിയമം, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ, സേനാ സംരക്ഷണ നടപടികൾ, പരമ്പരാഗതമല്ലാത്ത ഭീഷണികൾ, സമുദ്രത്തിലെ സ്വയം നിയന്ത്രിത സംവിധാനങ്ങൾ, ദൗത്യരൂപേണയുള്ള സമുദ്ര പരിശീലനം എന്നിവയെക്കുറിച്ച് പ്രത്യേക സെഷനുകൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.  ഇന്ത്യൻ മഹാസമുദ്ര മേഖലാ ഇൻഫർമേഷൻ ഫ്യൂഷൻ സെൻ്റർ (IFC-IOR) ഉൾപ്പെടെ ഇന്ത്യൻ നാവികസേനയുടെ വിവിധ വിഭാഗങ്ങളിലെയും സംയുക്ത സമുദ്ര വിവര കേന്ദ്രം (JMIC) ഉള്‍പ്പെടെ CMF ഘടകങ്ങളിലെയും  യുഎന്‍ ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (UNODC), ഐഎംഒ ഇൻ്റർനാഷണൽ മാരിടൈം ലോ ഇൻസ്റ്റിറ്റ്യൂട്ട് (IMO IMLI) എന്നീ അന്താരാഷ്ട്ര സംഘടനകളിലെയും വിദഗ്ധരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

 

ഇന്ത്യൻ നാവികസേനാ കപ്പലിലെ സമുദ്ര പരിശീലനത്തിന് പുറമെ നാശനഷ്ട നിയന്ത്രണവും അഗ്നിശമനവും, സമുദ്ര ആശയവിനിമയം, കടലിലെ ജീവൻരക്ഷാ മാർഗങ്ങൾ, കപ്പലുകളിലെ  പരിശോധനാ രീതികൾ എന്നിവയിലും പ്രതിനിധികൾ പ്രായോഗിക പരിശീലനം നേടി. പങ്കാളിത്ത രാജ്യങ്ങളിലെ സേനകൾക്കും സംഘടനകൾക്കും അനുഭവങ്ങളും മികച്ച പ്രവർത്തന രീതികളും  പങ്കുവെയ്ക്കാൻ പരിപാടി അവസരമൊരുക്കി.

 

പങ്കാളിത്ത രാജ്യങ്ങൾ തമ്മിലെ പരസ്പര പ്രവർത്തനക്ഷമതയും പ്രൊഫഷണൽ ബന്ധങ്ങളും പ്രവർത്തനപരമായ ആത്മവിശ്വാസവും ശക്തിപ്പെടുത്തുന്നതായിരുന്നു പരിശീലനം. സൈദ്ധാന്തിക അറിവും പ്രായോഗിക പരിശീലനവും സമന്വയിപ്പിച്ച് പ്രാദേശിക ശേഷി വർധനയ്ക്കും കൂട്ടായ സമുദ്ര സുരക്ഷയ്ക്കും പരിപാടി മികച്ച സംഭാവന നൽകി. നാലുദിവസത്തെ ദൗത്യത്തില്‍ പങ്കെടുത്തവരുടെ മൊത്തം  പരിശീലന സമയം 3,800 മണിക്കൂറായിരുന്നു.  

ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക പരിശീലന അടിസ്ഥാന സൗകര്യങ്ങൾ, സിമുലേറ്ററുകൾ, അത്യാധുനിക പരിശീലന രീതികള്‍,  പ്രൊഫഷണൽ മികവ് എന്നിവ 'ഓപ്പറേഷൻ സതേൺ റെഡിനെസ് 26-2' എടുത്തുകാട്ടി. പരിശീലനത്തിൻ്റെ വിജയകരമായ സംഘാടനം ഇന്ത്യൻ നാവികസേനയും CMF-ഉം തമ്മിലെ പങ്കാളിത്തം സുദൃഢമാക്കുകയും CTF 154-ൽ ഇന്ത്യൻ നാവികസേനയുടെ നേതൃത്വം പ്രകടമാക്കുകയും ചെയ്തു. ഒപ്പം വിദഗ്ധ സമുദ്ര പരിശീലനത്തിൻ്റെ മുൻനിര കേന്ദ്രമെന്ന നിലയിൽ ദക്ഷിണ നാവിക കമാൻഡിൻ്റെ പങ്ക് കൂടുതൽ ശക്തിപ്പെടുത്താനും പരിപാടി വഴിയൊരുക്കി.  

*****

 


(रिलीज़ आईडी: 2288665) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Tamil