PIB Backgrounder
നിശ്ചയദാർഢ്യത്തിൻ്റെ യാത്രകൾ, വളർച്ചയുടെ വഴികൾ
സംരംഭകത്വത്തിലൂടെ ഗ്രാമീണ സ്വപ്നങ്ങൾക്ക് കരുത്തേകി ആർ.എസ്.ഇ.ടി.ഐ.-കൾ
प्रविष्टि तिथि:
21 JUL 2026 11:51AM by PIB Thiruvananthpuram
തൻ്റെ ജീവിതയാത്രയ്ക്ക് ദിശാബോധം നൽകിയ ഒരു വിശ്വാസത്തെക്കുറിച്ച് വിഷ്ണു ബായി ഓർത്തെടുക്കുന്നു: "സ്വയം ഉയരാൻ ശ്രമിക്കുന്നവരെ, ലോകം കൂടുതൽ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തും." ദൈനംദിന അതിജീവനത്തിനപ്പുറം വലിയ സ്വപ്നങ്ങൾക്ക് യാതൊരു സ്ഥാനവുമില്ലാതിരുന്ന ഒരു സാധാരണ കർഷക കുടുംബത്തിലായിരുന്നു അവരുടെ ജനനം. എട്ടാം ക്ലാസ്സിൽ വെച്ച് പഠനം നിർത്തേണ്ടി വന്നു, ചെറിയ പ്രായത്തിലെ വിവാഹവും പുതിയ ഉത്തരവാദിത്തങ്ങളുമാണ് സ്കൂൾ ജീവിതത്തിന് വിരാമമിട്ടത്. എന്നാൽ, ഭർതൃഗൃഹത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വിവാഹം കഴിഞ്ഞ് പതിനെട്ട് മാസങ്ങൾക്കുള്ളിൽ അവർക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. പ്രതിസന്ധി ഘട്ടത്തിൽ സാമ്പത്തികമായി സഹായിക്കാൻ സ്വന്തം സഹോദരങ്ങൾ പോലും വിസമ്മതിച്ചപ്പോൾ, സ്വയംപര്യാപ്തതയുടെ വഴി തിരഞ്ഞെടുക്കാൻ അവർ തീരുമാനിക്കുകയും വീട്ടിലിരുന്ന് തയ്യൽ ജോലി ആരംഭിക്കുകയും ചെയ്തു. അതിൽ നിന്ന് ലഭിച്ച ഓരോ ചെറിയ വരുമാനവും ഉപജീവനമാർഗ്ഗം മാത്രമല്ല അവർക്ക് നൽകിയത്, മറിച്ച് സ്വയംപര്യാപ്തതയിലേക്കുള്ള ചുവടുവെപ്പ് കൂടിയായിരുന്നു.

ശ്രീറാം സ്വയംസഹായ സംഘത്തിലൂടെയാണ് അവരുടെ ജീവിതത്തിലെ വഴിത്തിരിവ് ആരംഭിക്കുന്നത്. ഭോപ്പാലിലെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന സ്ഥാപനം (ആർ.എസ്.ഇ.ടി.ഐ.) വാഗ്ദാനം ചെയ്യുന്ന പരിശീലന പരിപാടികളെക്കുറിച്ച് വിഷ്ണു ബായി അറിയുന്നത് ഈ കൂട്ടായ്മയിലൂടെയാണ്. മറ്റ് സ്ത്രീകളെപ്പോലെ തയ്യൽ പഠിക്കാൻ അവർക്കും ആഗ്രഹമുണ്ടായിരുന്നെങ്കിലും, ഗ്രാമത്തിലെ കർശനമായ സാമൂഹിക നിയന്ത്രണങ്ങൾ അവർക്ക് മുന്നിൽ ഒരു തടസ്സമായി നിന്നു. വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനുള്ള വിലക്കുകൾ നേരിട്ടപ്പോൾ, പരിശീലനം തങ്ങളുടെ ഗ്രാമത്തിൽ തന്നെ ലഭ്യമാക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. ആ അപേക്ഷ സ്വീകരിച്ചുകൊണ്ട് ആർ.എസ്.ഇ.ടി.ഐ. അവരുടെ ഗ്രാമത്തിലേക്കെത്തി, അങ്ങനെ അവിടുത്തെ പഞ്ചായത്ത് ഭവൻ പ്രതീക്ഷകളുടെ ക്ലാസ് മുറിയായി മാറി. ഗ്രാമത്തിലെ സ്ത്രീകൾ അവിടെ ഒത്തുകൂടുകയും തയ്യൽ പഠിക്കുന്നതിനോടൊപ്പം ഒരു ചെറിയ സംരംഭം എങ്ങനെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാമെന്നതിൻ്റെ അടിസ്ഥാന പാഠങ്ങൾ അവർ ഹൃദിസ്ഥമാക്കുകയും ചെയ്തു. അവരിൽ പലർക്കും, വീടിൻ്റെ നാലുചുവരുകൾക്കപ്പുറമുള്ള വലിയൊരു ലോകത്തേക്കുള്ള ആദ്യത്തെ ചുവടുവെപ്പായിരുന്നു അത്.

പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം, വിഷ്ണു ബായി തൻ്റെ ഗ്രാമത്തിൽ തന്നെ ഒരു ചെറിയ തയ്യൽക്കട ആരംഭിച്ചു. കഠിനാധ്വാനത്തിലൂടെ അവരുടെ തൊഴിൽമേഖല പതിയെ വികസിക്കുകയും പുരുഷന്മാർക്കുള്ള വസ്ത്രങ്ങളും അവിടെ തയ്ക്കാൻ തുടങ്ങുകയും ചെയ്തു. ഇതിനിടെ സ്കൂൾ യൂണിഫോമുകൾ തയ്ക്കാനുള്ള ഗവണ്മെൻ്റ് ഓർഡർ ലഭിച്ചതോടെ സ്ഥിര വരുമാനവും അതോടൊപ്പം പുതിയൊരു ആത്മവിശ്വാസവും അവർക്ക് കൈവന്നു. വൈകാതെ അവർ വ്യാവസായിക നിലവാരത്തിലുള്ള തയ്യൽ മെഷീനുകൾ സ്വന്തമാക്കുകയും, വളർന്നുകൊണ്ടിരിക്കുന്ന തൻ്റെ സംരംഭത്തിലൂടെ സുസ്ഥിരമായ ഉപജീവനമാർഗ്ഗം കെട്ടിപ്പടുക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ അദ്ഭുതാവഹമായ മാറ്റങ്ങളല്ല, മറിച്ച് തളരാത്ത നിശ്ചയദാർഢ്യവും നിശ്ശബ്ദമായ ധീരതയുമാണ് അവരുടെ ഈ ജീവിതയാത്രയ്ക്ക് അടിത്തറയിട്ടത്. വലിയ കോലാഹലങ്ങളില്ലാതെ നിശ്ശബ്ദ വിപ്ലവങ്ങളിലൂടെ മാറ്റങ്ങൾ സംഭവിക്കുന്ന ഗ്രാമീണ ഇന്ത്യയുടെ യഥാർത്ഥ പ്രതിഫലനമാണ് വിഷ്ണു ബായിയുടെ ഈ ജീവിതയാത്ര.

സ്വപ്നങ്ങളിൽ നിന്ന് സംരംഭകത്വത്തിലേക്കുള്ള പാലമായി ആർ.എസ്.ഇ.ടി.ഐ.-കൾ
ഈ മാറ്റങ്ങളുടെയെല്ലാം കേന്ദ്രബിന്ദു, ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിൻ്റെ (DAY-NRLM) കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയം തൊഴിൽ പരിശീലന സ്ഥാപനങ്ങളാണ് (ആർ.എസ്.ഇ.ടി.ഐ.-കൾ). സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനും സൂക്ഷ്മ സംരംഭങ്ങളെ വളർത്തിയെടുക്കുന്നതിനുമായി വലിയ കോലാഹലങ്ങളൊന്നുമില്ലാതെ പശ്ചാത്തലത്തിൽ സ്ഥിരതയോടെ പ്രവർത്തിക്കുകയാണ് ഈ സ്ഥാപനങ്ങൾ. ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ 18-നും 50-നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ ഗ്രാമീണർക്ക് സൗജന്യ, ഹ്രസ്വകാല പ്രായോഗിക റെസിഡൻഷ്യൽ പരിശീലനമാണ് നൽകുന്നത്. ഗ്രാമവികസന മന്ത്രാലയം, സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവണ്മെൻ്റുകൾ, സ്പോൺസർ ബാങ്കുകൾ എന്നിവ സംയുക്തമായി ചേരുന്ന ത്രികക്ഷി പങ്കാളിത്തത്തിലൂടെയാണ് ഇവയുടെ പ്രവർത്തനം. ക്ലാസ് മുറികളിലെ പരിശീലനത്തിനപ്പുറത്തേക്ക്, സാമ്പത്തിക സഹായവും തുടർച്ചയായ മാർഗ്ഗനിർദ്ദേശങ്ങളും ഉറപ്പാക്കിക്കൊണ്ട് ഗ്രാമീണരുടെ ഉപജീവനമാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഈ സ്ഥാപനങ്ങൾ നിർണ്ണായക പങ്ക് വഹിക്കുന്നു.

കൃഷി, ഉൽപ്പാദനം, സേവനങ്ങൾ, സംരംഭകത്വം എന്നീ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 73 കോഴ്സുകൾ ദേശീയ തൊഴിൽ നൈപുണ്യ മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടുള്ളവയാണ്. പരിശീലനം നേടുന്നവർക്ക് ലാഭകരമായ സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിനാവശ്യമായ വായ്പ ലഭ്യമാക്കുന്നതിൽ സ്പോൺസർ ബാങ്കുകൾ നിർണ്ണായക പങ്ക് വഹിക്കുന്നു. കേവലം സൈദ്ധാന്തികമായ അറിവുകളിൽ ഒതുങ്ങാതെ, തൊഴിൽ നൈപുണ്യത്തെ യഥാർത്ഥ സാമ്പത്തിക നേട്ടമാക്കി മാറ്റാൻ ഈ സമഗ്ര സമീപനത്തിലൂടെ സാധിക്കുന്നു. അനേകം ആളുകൾക്ക്, ഈ പിന്തുണാ സംവിധാനം അവരുടെ സാധ്യതകളെ യാഥാർത്ഥ്യത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന വഴിത്തിരിവായി മാറുന്നു.
കൂലിപ്പണിക്കാരനിൽ നിന്ന് തൊഴിൽ ദാതാവായി മാറിയ ഉമേഷ് ശിവാജി ഇംഗ്ലെയുടെ കഥ, ആർ.എസ്.ഇ.ടി.ഐ.-കൾ എങ്ങനെയാണ് മനുഷ്യജീവിതങ്ങൾക്ക് കരുത്ത് പകർന്ന് അവയെ മാറ്റിമറിക്കുന്നത് എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞ കുടുംബ പശ്ചാത്തലം കാരണം പത്താം ക്ലാസ് വരെ മാത്രമേ അദ്ദേഹത്തിന് പഠിക്കാൻ കഴിഞ്ഞുള്ളൂ. അഞ്ച് വർഷത്തോളം ഒരു ന്യൂഡിൽസ് ഫാക്ടറിയിൽ ദിവസക്കൂലിക്കാരനായി അദ്ദേഹം ജോലി ചെയ്തു. മണിക്കൂറുകളോളം പണിയെടുത്താലും കുടുംബത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പോലുമുള്ള വരുമാനം അതിൽ നിന്ന് ലഭിച്ചിരുന്നില്ല. ആ സമയത്താണ് ഒരു സുഹൃത്തിൻ്റെ നിർദ്ദേശപ്രകാരം അദ്ദേഹം പരിശീലന പരിപാടിയെക്കുറിച്ച് അറിയുന്നത്, അതൊരു പുതിയ വഴിത്തിരിവായി. ഫാക്ടറിയിലെ മുൻപരിചയം ഉപയോഗിച്ചുകൊണ്ട് കാര്യങ്ങൾ വേഗത്തിൽ പഠിച്ചെടുക്കുന്നതിനായി അദ്ദേഹം സംരംഭകത്വ വികസന പരിശീലന പരിപാടിയിൽ ചേർന്നു. പരിശീലനത്തിന് ശേഷം, ഒരു സെക്കൻഡ് ഹാൻഡ് മെഷീനും കുറച്ചു സാധനങ്ങളും വാങ്ങി സ്വന്തമായി ഒരു ചെറിയ ന്യൂഡിൽസ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. തുടക്കത്തിൽ പ്രതിദിനം 1,000 മുതൽ 1,200 കിലോഗ്രാം വരെ ന്യൂഡിൽസ് ആണ് ഉൽപ്പാദിപ്പിച്ചിരുന്നത്. ക്രമേണ ആവശ്യകത വർദ്ധിക്കുകയും, മാസം മുപ്പതിനായിരം രൂപയോളം ലാഭം കിട്ടുന്ന ഒരു സംരംഭമായി അത് വളരുകയും ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നാല് സ്ത്രീകൾക്ക് ജോലി നൽകിക്കൊണ്ട്, തൻ്റെ വിജയത്തിൻ്റെ തണൽ കുടുംബത്തിന് പുറത്തേക്കും വ്യാപിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ബാങ്കിൽ നിന്ന് ലഭിച്ച എട്ട് ലക്ഷം രൂപയുടെ വായ്പ, സംരംഭം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിച്ചു. അക്കോളയിലെ എം.ഐ.ഡി.സി.-യിലേക്ക് വലിയൊരു യൂണിറ്റായി പ്രവർത്തനം മാറ്റിയ അദ്ദേഹം, വർദ്ധിച്ചുവരുന്ന ആവശ്യകതയ്ക്കനുസരിച്ച് ഉൽപ്പാദനവും കൂട്ടി. വെറുമൊരു ദിവസക്കൂലിക്കാരനിൽ നിന്ന് ഒരു കൂട്ടം ആളുകൾക്ക് ജീവനോപാധി നൽകുന്ന തൊഴിലുടമയിലേക്കുള്ള ഉമേഷിൻ്റെ യാത്ര, ജീവിതത്തിൻ്റെ അർത്ഥം തന്നെ മാറ്റിമറിക്കുന്നതായിരുന്നു.
ചില യാത്രകൾ സാമ്പത്തിക ആവശ്യങ്ങളിൽ നിന്നാണ് ആരംഭിക്കുന്നതെങ്കിൽ, മറ്റു ചിലത് സർഗ്ഗാത്മകമായ അഭിലാഷങ്ങളിൽ നിന്നാണ് രൂപപ്പെടുന്നത്. വൈവിധ്യമാർന്ന സ്വപ്നങ്ങളെ സംരംഭങ്ങളായി വളർത്താൻ ആർ.എസ്.ഇ.ടി.ഐ.-കൾ എങ്ങനെയാണ് സഹായിക്കുന്നതെന്ന് ധാർവാഡിൽ നിന്നുള്ള സഞ്ജയ് മലഗിയുടെ കഥ വ്യക്തമാക്കുന്നു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം ബെംഗളൂരുവിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ അദ്ദേഹം ജോലി ചെയ്യുകയായിരുന്നു. കാലക്രമേണ ജോലിയോടുള്ള താൽപര്യം നഷ്ടപ്പെടുകയും, ജീവിതത്തിനൊരു ലക്ഷ്യം തേടി ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ അദ്ദേഹം നിർബന്ധിതനാവുകയും ചെയ്തു. ഭാവിയെക്കുറിച്ച് അനിശ്ചിതത്വം നിറഞ്ഞ ഈ ഘട്ടത്തിലാണ് ധാർവാഡ് ആർ.എസ്.ഇ.ടി.ഐ. നടത്തുന്ന ഫോട്ടോഗ്രാഫി കോഴ്‌സിനെക്കുറിച്ച് അദ്ദേഹം അറിയുന്നത്. കോഴ്‌സിൽ ചേർന്ന അദ്ദേഹത്തിന്, കേവലം ഒരു കൗതുകമായി തുടങ്ങിയത് പെട്ടെന്നുതന്നെ വ്യക്തമായ ഒരു സംരംഭകത്വ കാഴ്ചപ്പാടായി മാറി. 2019-ൽ അദ്ദേഹം സിനിവിങ്ക്സ് എന്ന കമ്പനി സ്ഥാപിച്ചുകൊണ്ട് കഥ പറച്ചിലിൻ്റെ ലോകത്തേക്ക് ചുവടുവെച്ചു. വിവിധ ഇന്ത്യൻ ഭാഷകളിലായി വീഡിയോഗ്രാഫി, എഡിറ്റിംഗ്, സംവിധാനം എന്നിവയിലൂടെ കഥകൾ നെയ്യുന്നതാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനം. മനുഷ്യരുടെ കുടിയേറ്റം, രാഷ്ട്രീയം, സാങ്കേതികവിദ്യയുടെ ദുരുപയോഗം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ വൈകാരികമായ ആഴത്തോടെയാണ് വിഷയങ്ങളെ പര്യവേക്ഷണം ചെയ്യുന്നത്.
നെയ്ത്തുകാരുടെ ജീവിതപോരാട്ടങ്ങൾ ദൃശ്യവൽക്കരിച്ച അദ്ദേഹത്തിൻ്റെ ‘തമസോമാ ജ്യോതിർഗമയ’ എന്ന ചിത്രം രണ്ട് അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. മറ്റൊരു സൃഷ്ടിയായ ‘ഹിന്നോട്ട’ എന്ന ചിത്രത്തിലൂടെ 2020-21 വർഷത്തെ കൊച്ചി അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേളയിലെ മികച്ച സംവിധായകനുള്ള പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. തൻ്റെ സർഗ്ഗാത്മക ശൈലിക്കുള്ള അംഗീകാരമെന്നോണം പത്തോളം പുരസ്കാരങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയത്. നിലവിൽ, പ്രാദേശികമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം, വിവിധ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് വൈവിധ്യമാർന്ന പ്രൊഫഷണൽ പ്രോജക്ടുകൾ ഏറ്റെടുത്തു നടത്താനും അദ്ദേഹത്തിൻ്റെ കമ്പനിക്ക് സാധിക്കുന്നുണ്ട്.
വിഷ്ണു ബായിയുടേയും ഉമേഷ് ശിവാജി ഇംഗ്ലെയുടേയും സഞ്ജയ് മലഗിയുടേയും ജീവിതയാത്രകൾ, രാജ്യത്തുടനീളം രൂപംകൊണ്ടുകൊണ്ടിരിക്കുന്ന ഒരു വലിയ മാറ്റത്തിൻ്റെ കഥയാണ് വെളിപ്പെടുത്തുന്നത്. ഇവ കേവലം ഒറ്റപ്പെട്ട വിജയങ്ങളല്ല, മറിച്ച് പ്രതിരോധശേഷിയുടേയും അവസരങ്ങളുടേയും വളർന്നുവരുന്ന ഒരു വലിയ ആവാസവ്യവസ്ഥയുടെ പ്രതിഫലനമാണ്. 2026 മാർച്ചിലെ കണക്കനുസരിച്ച്, 33 സംസ്ഥാനങ്ങളിലായി/കേന്ദ്രഭരണ പ്രദേശങ്ങളിലായി 632 ആർ.എസ്.ഇ.ടി.ഐ.-കൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യവ്യാപകമായി 25 സ്പോൺസർ ബാങ്കുകളുടെ പിന്തുണയോടെ 619 ജില്ലകളെ ഇവ ഉൾക്കൊള്ളുന്നു. 2009-ൽ ആരംഭിച്ചതുമുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ, രാജ്യത്തുടനീളം സുസ്ഥിരവും സ്വാധീനമുള്ളതുമായ പുരോഗതി പ്രകടിപ്പിക്കാൻ ആർ.എസ്.ഇ.ടി.ഐ.-കൾക്ക് സാധിച്ചിട്ടുണ്ട്.
60.81 ലക്ഷം പേർക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തിൽ, ഏകദേശം 99.7 ശതമാനവും കൈവരിക്കാൻ കഴിഞ്ഞു, അതായത് 60.63 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകി. ഇതിൽ 43.89 ലക്ഷം പേർ സുസ്ഥിരമായ ഉപജീവനമാർഗ്ഗം ഉറപ്പാക്കി കഴിഞ്ഞു. സ്ഥാപനപരമായ പിന്തുണയിലൂടെ 22.52 ലക്ഷം ഗുണഭോക്താക്കൾക്ക് ബാങ്ക് വായ്പ്പ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്. സമീപവർഷങ്ങളിൽ ഗണ്യമായ വളർച്ചയാണ് ദൃശ്യമാകുന്നത്, ഇത് സ്ഥാപനത്തിൻ്റെ പ്രവർത്തനക്ഷമതയും ജനങ്ങളിലേക്കുള്ള എത്തിച്ചേരലും വർദ്ധിച്ചതിനെയാണ് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് , 2024-25 വർഷത്തിലാണ് ഏറ്റവും ഉയർന്ന വാർഷിക പരിശീലന നേട്ടം രേഖപ്പെടുത്തിയത്, ആ വർഷം 6.21 ലക്ഷം പേർക്ക് പരിശീലനം നൽകുകയുണ്ടായി.
ഈ കണക്കുകൾ വിജയത്തിൻ്റെ കഥ പറയുന്നുണ്ടെങ്കിലും, ഇതിൻ്റെ യഥാർത്ഥ ആഴം അടങ്ങിയിരിക്കുന്നത് മനുഷ്യജീവിതങ്ങളിലുണ്ടായ പരിവർത്തനത്തിലാണ്. ആർ.എസ്.ഇ.ടി.ഐ.-കൾ വെറും പരിശീലന സ്ഥാപനങ്ങൾ മാത്രമല്ല, മറിച്ച് വലിയ ആഗ്രഹങ്ങൾക്ക് അടിത്തറയിടുന്ന ഇടങ്ങൾ കൂടിയാണ്. ഗ്രാമങ്ങളിലുടനീളം രൂപപ്പെടുന്ന ഇത്തരം ചെറുകിട സംരംഭങ്ങൾ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും മനുഷ്യർക്ക് അന്തസ്സോടെയുള്ള ജീവിതം തിരികെ നൽകുകയും ചെയ്യുന്നു. ഓരോ വിജയഗാഥയിലും, മടിയും ആശങ്കയും മാറി ആത്മവിശ്വാസം കൈവരുന്നതും പ്രതീക്ഷകൾ യാഥാർത്ഥ്യമാകുന്നതും നമുക്ക് കാണാം. നിശ്ശബ്ദമായ ഈ മാറ്റങ്ങളിലൂടെ, ആത്മവിശ്വാസത്തിലും സ്വയംപര്യാപ്തതയിലും അധിഷ്ഠിതമായ ഒരു സുസ്ഥിര ഭാവിയിലേക്ക് ഗ്രാമീണ ഇന്ത്യ സ്ഥിരതയോടെ മുന്നേറുകയാണ്.
അവലംബം
***
(रिलीज़ आईडी: 2287048)
आगंतुक पटल : 9