ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാജസ്ഥാന്‍ നിയമസഭയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിധായി ഗൗരവ് യാത്രയുടെ സമാപന സമ്മേളനത്തെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു

प्रविष्टि तिथि: 15 JUL 2026 5:56PM by PIB Thiruvananthpuram
രാജസ്ഥാന്‍ നിയമസഭയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജയ്പൂരിലെ രാജസ്ഥാന്‍ വിധാന്‍ സഭയില്‍ സംഘടിപ്പിച്ച  വിധായി ഗൗരവ് യാത്ര: മുന്‍ ജനപ്രതിനിധികളുടേയും നിലവിലെ അംഗങ്ങളുടേയും സമ്മേളനം എന്ന പരിപാടിയുടെ സമാപന സമ്മേളനത്തെ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍ ഇന്ന് അഭിസംബോധന ചെയ്തു.

ത്യാഗത്തിന്റേയും ധീരതയുടേയും ദേശസ്‌നേഹത്തിന്റേയും സമ്പന്നമായ പാരമ്പര്യത്തിന് രാജസ്ഥാന്‍ നല്‍കിയ സംഭാവനകള്‍ക്ക് ആദരമര്‍പ്പിച്ച ഉപരാഷ്ട്രപതി, സംസ്ഥാനത്തെ ഓരോ തലമുറയും രാജ്യത്തിന്റെ  ജനാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ അന്തസ്സോടെ സംവദിക്കുകയും മറ്റെല്ലാ പരിഗണനകളേക്കാളും ദേശീയ താല്‍പ്പര്യത്തിന്  മുന്‍ഗണന നല്‍കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം അഭിവൃദ്ധി പ്രാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് പ്രധാനമാണെങ്കിലും ജനങ്ങളെ സേവിക്കുന്നത് അതിനേക്കാള്‍ പ്രധാനമാണെന്ന് ശ്രീ സി. പി. രാധാകൃഷ്ണന്‍ എടുത്തുപറഞ്ഞു. വോട്ടുകളിലൂടെയാണ് തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നത്, എന്നാല്‍ ആത്മാര്‍ത്ഥമായ പൊതുസേവനത്തിലൂടെയാണ് ജനങ്ങളുടെ ശാശ്വതമായ ആദരവും സ്‌നേഹവും നേടിയെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ നിയമസഭാംഗങ്ങളേയും നിലവിലെ അംഗങ്ങളേയും ഒരുമിച്ച് കൊണ്ടുവന്ന ഈ വ്യത്യസ്തമായ സംരംഭത്തെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, ഇത്തരത്തിലുള്ള സംവാദങ്ങള്‍ നിയമസഭയുടെ ചരിത്രപരമായ ഓര്‍മ്മകള്‍  നിലനിര്‍ത്തുമെന്നും മുതിര്‍ന്ന അംഗങ്ങളുടെ അറിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്താന്‍ യുവ ജനപ്രതിനിധികളെ സഹായിക്കുമെന്നും വ്യക്തമാക്കി. ഈ സമ്മേളനം വിഭാവനം ചെയ്ത സ്പീക്കര്‍ ശ്രീ. വാസുദേവ് ദേവ്‌നാനിയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ആരോഗ്യകരമായ ജനാധിപത്യ പ്രവര്‍ത്തനത്തിന്റെ  പ്രാധാന്യത്തെക്കുറിച്ച്  ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്ന് ചൂണ്ടിക്കാട്ടി. 'നമുക്കിടയില്‍  അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം, എന്നാല്‍ ഒരു കാര്യത്തില്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടായിരിക്കണം- ജനങ്ങളോടും ഭരണഘടനയോടുമുള്ള നമ്മുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ കാര്യത്തില്‍,' അദ്ദേഹം പറഞ്ഞു. രാജ്യസഭയിലെ അംഗങ്ങള്‍ക്ക് നല്‍കിയ തന്റെ സന്ദേശം അനുസ്മരിച്ചുകൊണ്ട്, 'വാദപ്രതിവാദങ്ങളും ചര്‍ച്ചകളും ചിലപ്പോഴുണ്ടാകുന്ന സഭാതടസ്സങ്ങള്‍ പോലും ഒടുവില്‍ ഒരു സുപ്രധാന തീരുമാനത്തിലേക്കായിരിക്കണം വഴിതുറക്കേണ്ടത്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്ത് ഭരണഘടനാ സ്ഥാപനങ്ങളുടെ മഹത്വത്തില്‍ മാത്രമല്ല നിലനില്‍ക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. നിയമസഭകളില്‍ നടക്കുന്ന ചര്‍ച്ചകളുടെ നിലവാരം, ജനപ്രതിനിധികളുടെ മാന്യമായ പെരുമാറ്റം, ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധത എന്നിവയേയും അത് ഒരുപോലെ ആശ്രയിച്ചിരിക്കുന്നു. ഈ ആദര്‍ശങ്ങള്‍ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനും ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹം ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു.

ലോക്‌സഭാംഗമായിരുന്ന കാലത്തെ ഒരു അനുഭവം പങ്കുവെച്ചുകൊണ്ട്, അന്ന് താന്‍ കണ്‍വീനറായിരുന്ന ടെക്‌സ്‌റ്റൈല്‍സ് പാര്‍ലമെന്ററി ഉപസമിതിയുടെ ശുപാര്‍ശകളാണ് പിന്നീട് സാങ്കേതികവിദ്യാ നവീകരണ ഫണ്ട് പദ്ധതി രൂപീകരിക്കുന്നതിലേക്ക് നയിച്ചതെന്ന് ശ്രീ സി. പി. രാധാകൃഷ്ണന്‍ അനുസ്മരിച്ചു. ചര്‍ച്ചകളിലും സമിതികളുടെ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കാളികളാകാന്‍ അദ്ദേഹം ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. സഭയിലുണ്ടാകുന്ന ക്രിയാത്മകമായ ഒരു ചെറിയ നിര്‍ദ്ദേശം പോലും വലിയ തോതിലുള്ള നയപരിഷ്‌കാരങ്ങള്‍ക്ക് വഴിതുറക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സമീപിക്കാന്‍ കഴിയുന്നവരും മാന്യമായി പെരുമാറുന്നവരുമായ നേതാക്കളാണ്  ജനങ്ങളുടെ ശാശ്വതമായ വിശ്വാസം നേടിയെടുക്കുന്നതെന്ന് തിരുക്കുറളിലെ ഒരു ശ്ലോകം ഉദ്ധരിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.  ജനങ്ങളെ സഹാനുഭൂതിയോടെ ശ്രവിക്കുന്നതും അവരോട് ആദരവോടെ പെരുമാറുന്നതും നല്ല നയങ്ങള്‍ രൂപീകരിക്കുന്നതുപോലെ തന്നെ പ്രധാനമാണെന്ന് അദ്ദേഹം സഭാംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.

സംസ്ഥാന നിയമസഭകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ജീവസ്പന്ദനമാണെന്ന് ശ്രീ സി. പി. രാധാകൃഷ്ണന്‍ വിശേഷിപ്പിച്ചു. പാര്‍ലമെന്റ്  രാജ്യത്തിന്റെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുമ്പോള്‍, സംസ്ഥാന നിയമസഭകള്‍ ഓരോ ഗ്രാമത്തിന്റേയും നഗരത്തിന്റേയും കുടുംബത്തിന്റേയും പ്രതീക്ഷകള്‍ക്കും ആശങ്കകള്‍ക്കുമാണ് ശബ്ദം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിച്ച ഉപരാഷ്ട്രപതി, നിയമസഭയിലെ ഓരോ അംഗത്തിനും വലിയ ഉത്തരവാദിത്തമുണ്ടെന്ന് വ്യക്തമാക്കി. പൗരന്മാര്‍  ഓരോ തവണ വോട്ട് രേഖപ്പെടുത്തുമ്പോഴും അവര്‍ ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആ വിശ്വാസത്തെ സത്യസന്ധതയോടും വിനയത്തോടും പൊതുസേവനത്തോടുള്ള അര്‍പ്പണബോധത്തോടും കൂടി എല്ലാ ദിവസവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനിലെ രാഷ്ട്രീയ നേതൃത്വവുമായുള്ള തന്റെ ദീര്‍ഘകാല ബന്ധം അനുസ്മരിച്ചുകൊണ്ട്, മുന്‍ മുഖ്യമന്ത്രിമാരായ ശ്രീ. ഭൈരോണ്‍ സിംഗ് ഷെഖാവത്ത്, ശ്രീമതി വസുന്ധര രാജെ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്ന് ശ്രീ. സി. പി. രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ  ജനാധിപത്യ യാത്രയില്‍ മുന്‍ മുഖ്യമന്ത്രി ശ്രീ. അശോക് ഗെഹ്‌ലോട്ട് നല്‍കിയ സംഭാവനകളേയും അദ്ദേഹം അനുസ്മരിച്ചു. കൂടാതെ, താന്‍ ലോക്‌സഭാംഗമായിരുന്ന കാലത്ത് അന്തരിച്ച ശ്രീ. രാജേഷ് പൈലറ്റുമായുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചും അദ്ദേഹം സ്‌നേഹപൂര്‍വ്വം അനുസ്മരിച്ചു.

പൊതുജീവിതത്തില്‍ ക്ഷമ അത്യാവശ്യമാണെന്നും ആത്മാര്‍ത്ഥമായ സേവനം ഒടുവില്‍ അംഗീകരിക്കപ്പെടുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. രാജസ്ഥാന്റെ മഹത്തായ ചരിത്രത്തെക്കുറിച്ച്  പരാമര്‍ശിച്ചുകൊണ്ട്, ചരിത്രത്തിന് മഹാറാണാ പ്രതാപിനെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും, അതോടൊപ്പം അദ്ദേഹത്തിന്റെ വിശ്വസ്തനായ ചേതക് എന്ന കുതിരയുടെ സമാനതകളില്ലാത്ത വിശ്വസ്തതയും ത്യാഗവും എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്നും ശ്രീ സി. പി. രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഇന്ന് ഏത് സ്ഥാനത്തിരിക്കുന്നവരായാലും ആത്മാര്‍ത്ഥതയിലൂടെയും അര്‍പ്പണബോധത്തിലൂടെയും ശാശ്വതമായ ഒരു പാരമ്പര്യം അവശേഷിപ്പിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭഗവദ്ഗീതയെ ഉദ്ധരിച്ചുകൊണ്ട്, പ്രതിഫലത്തെക്കുറിച്ച് ആകുലപ്പെടാതെ ജനപ്രതിനിധികള്‍ അവരുടെ  കടമകള്‍ നിസ്വാര്‍ത്ഥമായി നിര്‍വ്വഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സത്യസന്ധമായ പൊതുസേവനം യഥാസമയം അംഗീകരിക്കപ്പെടുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

നിയമനിര്‍മ്മാണ സഭകളുടെ അന്തസ്സ്  കാത്തുസൂക്ഷിക്കാനും, സൃഷ്ടിപരമായ സംവാദങ്ങളുടെ ശൈലി ശക്തിപ്പെടുത്താനും, വരുംതലമുറകള്‍ക്കായി കൂടുതല്‍ കരുത്തുറ്റ ജനാധിപത്യ സ്ഥാപനങ്ങള്‍ അവശേഷിപ്പിക്കാനും ഉപരാഷ്ട്രപതി ജനപ്രതിനിധികളോട് ആഹ്വാനം ചെയ്തു. വികസിത ഭാരതം @2047 എന്ന ദര്‍ശനം സാക്ഷാത്കരിക്കുന്നതിന് സത്യസന്ധതയും വിനയവും അര്‍പ്പണബോധവും അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വികസിത ഭാരതത്തിന്റെ  അവിഭാജ്യ ഘടകമാണ് വികസിത രാജസ്ഥാന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന്റെ സമ്പന്നമായ ജനാധിപത്യ, നിയമനിര്‍മ്മാണ പാരമ്പര്യത്തിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി, രാജസ്ഥാന്‍ നിയമസഭയിലെ മുന്‍ സ്പീക്കര്‍മാര്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍മാര്‍ എന്നിവരേയും മുന്‍കാലത്തേയും നിലവിലേയും അംഗങ്ങളേയും ഉപരാഷ്ട്രപതി ആദരിച്ചു.

രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ. ഹരിഭാവു കിസന്റാവു ബാഗ്‌ഡെ, മുഖ്യമന്ത്രി ശ്രീ. ഭജന്‍ ലാല്‍ ശര്‍മ്മ, പഞ്ചാബ് ഗവര്‍ണര്‍ ശ്രീ. ഗുലാബ് ചന്ദ് കടാരിയ, രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ ശ്രീ. വാസുദേവ് ദേവ്‌നാനി, രാജസ്ഥാന്‍ പാര്‍ലമെന്ററി കാര്യനിയമനീതിന്യായ വകുപ്പ് മന്ത്രി ശ്രീ. ജോഗാറാം പട്ടേല്‍, പ്രതിപക്ഷ നേതാവ് ശ്രീ. ടികാ റാം ജൂല്ലി എന്നിവരും രാജസ്ഥാന്‍ നിയമസഭയിലെ  മുന്‍ ജനപ്രതിനിധികളും  നിലവിലെ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

 

 

 

 
 
****

(रिलीज़ आईडी: 2285152) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil