നിയമ, നീതി മന്ത്രാലയം
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 12-ാമത് ബ്രിക്സ് തൊഴിൽ മന്ത്രിമാരുടെ യോഗം ഹൈദരാബാദിൽ ചേരും
प्रविष्टि तिथि:
14 JUL 2026 6:55PM by PIB Thiruvananthpuram
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026-ലെ ബ്രിക്സ് തൊഴിൽ മന്ത്രിമാരുടെ യോഗം 2026 ജൂലൈ 15, 16 തീയതികളിൽ ഹൈദരാബാദിൽ ചേരും. ബ്രിക്സ് അംഗരാജ്യങ്ങളിലെ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഒത്തുചേരുന്ന യോഗം 2026-ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷ പദവിക്ക് കീഴിലെ സുപ്രധാന മന്ത്രിതല ചടങ്ങുകളിലൊന്നാണ്.
"സുസ്ഥിരത, നൂതനാശയങ്ങള്‍, സഹകരണം, പ്രതിരോധശേഷി എന്നിവ കെട്ടിപ്പടുക്കാം" എന്ന ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതാ പ്രമേയത്തിന് കീഴിലാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. കേന്ദ്ര തൊഴിൽ മന്ത്രി ശ്രീ. മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം.
2026 ജൂലൈ 13, 14 തീയതികളിൽ ഹൈദരാബാദിൽ ചേര്‍ന്ന മൂന്നാമത് ബ്രിക്സ് തൊഴില്‍ പ്രവര്‍ത്തക സമിതി യോഗത്തിന് പിന്നാലെയാണ് മന്ത്രിതല യോഗം ചേരുന്നത്. നാല് പ്രധാന മുന്‍ഗണനാ മേഖലകളിലെ അനുഭവങ്ങളും മികച്ച മാതൃകകളും ഈ യോഗത്തിൽ അംഗരാജ്യങ്ങൾ പങ്കുവെച്ചിരുന്നു.
-
സാമൂഹ്യ സുരക്ഷാ പ്രോത്സാഹനവും തൊഴിൽ വിപണികളുടെ ഔദ്യോഗികവൽക്കരണവും
-
തൊഴിൽ സേനയിൽ സ്ത്രീ പങ്കാളിത്തവും ഉള്‍ച്ചേര്‍ക്കലും മെച്ചപ്പെടുത്തല്‍.
-
തൊഴിൽ സാധ്യത, നൈപുണ്യ നിര്‍ണയം, നൈപുണ്യ വികസനം എന്നിവയിലെ സഹകരണം
-
ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തല്‍.
ഈ നാല് മുൻഗണനാ മേഖലകളെക്കുറിച്ച് മന്ത്രിമാർ യോഗത്തില്‍ ചർച്ച ചെയ്യും. സാമൂഹ്യസുരക്ഷാ പരിഷ്കാരങ്ങൾ, ഔദ്യോഗികവൽക്കരണ തന്ത്രങ്ങൾ, നൈപുണ്യ വികസന സംരംഭങ്ങൾ, പ്ലാറ്റ്‌ഫോം അധിഷ്ഠിത ജോലികളില്‍ എല്ലാവരെയും ഉൾക്കൊള്ളുന്ന മാതൃകകൾ എന്നിവയുൾപ്പെടെ സ്വന്തം രാജ്യങ്ങളിലെ അനുഭവങ്ങളിലൂന്നി മികച്ച മാതൃകകളും നൂതന സമീപനങ്ങളും അവര്‍ യോഗത്തില്‍ പങ്കുവെക്കും.
കരട് പ്രഖ്യാപനത്തിന്മേല്‍ ചർച്ചകളും പ്രവര്‍ത്തക സമിതി പൂർത്തിയാക്കിയിട്ടുണ്ട്. ഇത് മന്ത്രിതല യോഗത്തിൽ മന്ത്രിമാരുടെ പരിഗണനയ്ക്കും അംഗീകാരത്തിനുമായി സമർപ്പിക്കും.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ ലോകത്ത് പൊതു തൊഴിൽ വിപണിയിലെയും തൊഴിലവസരങ്ങളിലെയും വെല്ലുവിളികളെക്കുറിച്ച് ബ്രിക്സ് അംഗരാജ്യങ്ങൾക്കിടയിൽ നിരന്തര സംവാദത്തിന് യോഗം വേദിയൊരുക്കും. ബ്രിക്സ് രാജ്യങ്ങളിലുടനീളം എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രതിരോധശേഷിയാര്‍ന്നതും സുസ്ഥിരവുമായ വളർച്ച പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനും തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്താനും തൊഴിൽ വിപണി നയവുമായി ബന്ധപ്പെട്ടും സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ചർച്ചകൾ ശ്രദ്ധകേന്ദ്രീകരിക്കും.
പ്രായോഗികവും മറ്റ് രാജ്യങ്ങൾക്ക് അനുകരിക്കാവുന്നതുമായ നയപരമായ മാർഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക, സാങ്കേതിക യാഥാർത്ഥ്യങ്ങളോട് ബ്രിക്സ് രാജ്യങ്ങളിലെ തൊഴിൽ വിപണികൾക്ക് എങ്ങനെ പൊരുത്തപ്പെടാനും പ്രതികരിക്കാനും കഴിയുമെന്ന് കണ്ടെത്താനും ചർച്ചകൾ ലക്ഷ്യമിടുന്നു.
ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ സഹകരണം ശക്തിപ്പെടുത്താനും തൊഴിൽ, തൊഴിലാളി ക്ഷേമം എന്നിവയിൽ പ്രായോഗിക ദീർഘവീക്ഷണ ഫലങ്ങൾ നൽകാനും ഹൈദരാബാദ് യോഗം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരന്തര സംവാദങ്ങളിലൂടെയും അറിവ് പങ്കിടുന്നതിലൂടെയും മാന്യമായ തൊഴിലിനെ പിന്തുണയ്ക്കുന്ന നയങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും സാമൂഹ്യസുരക്ഷ വിപുലീകരിക്കാനും നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കാനും ഭാവി തൊഴിലവസരങ്ങൾക്കും വെല്ലുവിളികൾക്കും തൊഴിലാളികളെ സജ്ജരാക്കാനും ബ്രിക്സ് രാജ്യങ്ങൾ ലക്ഷ്യമിടുന്നു.
***
(रिलीज़ आईडी: 2284651)
आगंतुक पटल : 6