പഞ്ചായത്തീരാജ് മന്ത്രാലയം
ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള ജല ബജറ്റിങ്ങിനെക്കുറിച്ചുള്ള ദേശീയതല മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലന പരിപാടിക്ക് ന്യൂഡല്‍ഹിയില്‍ തുടക്കമായി
प्रविष्टि तिथि:
13 JUL 2026 6:03PM by PIB Thiruvananthpuram
ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള ജല ബജറ്റിങ്ങിനെയും ജലസുരക്ഷാ ആസൂത്രണത്തെയും കുറിച്ചുള്ള ദേശീയതല മാസ്റ്റര്‍ ട്രെയിനര്‍മാരുടെ ആദ്യ പരിശീലന പരിപാടി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിക്കുന്നു. ജൂലൈ 13 മുതല്‍ 16 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന നാല് ദിവസത്തെ റെസിഡന്‍ഷ്യല്‍ പരിശീലന പരിപാടിയാണിത്. സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരുടെ ഒരു ശൃംഖല രൂപീകരിക്കുന്നതിനുള്ള രാജ്യവ്യാപക ശേഷി വികസന സംരംഭത്തിനാണ് ഇതിലൂടെ തുടക്കമിടുന്നത്. സാങ്കേതികമായി മികച്ചതും, തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതും, ജനപങ്കാളിത്തത്തോടെയുള്ളതുമായ ജലസുരക്ഷാ പദ്ധതികള്‍ തയ്യാറാക്കാന്‍ ഈ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ഗ്രാമപഞ്ചായത്തുകളെ സഹായിക്കും. ജല ബജറ്റിങ്ങിലൂടെ ജലസുരക്ഷാ പദ്ധതികള്‍ തയ്യാറാക്കാനുള്ള ഗ്രാമപഞ്ചായത്തുകളുടെ ശേഷി ശക്തിപ്പെടുത്തുകയും, അതിലൂടെ 'ജലസമൃദ്ധ ഗ്രാമപഞ്ചായത്തുകള്‍' എന്ന ലക്ഷ്യം കൈവരിക്കുകയുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങില്‍, ഗ്രാമപഞ്ചായത്തുകള്‍ക്ക് ജനപങ്കാളിത്തത്തോടെ ശാസ്ത്രീയ അറിവിന്റെ അടിസ്ഥാനത്തിലുള്ളതും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതുമായ ജലസുരക്ഷാ പദ്ധതികള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ 'ജലസമൃദ്ധ പഞ്ചായത്തുകള്‍ക്കായുള്ള പരിശീലന മാനുവല്‍' (ഘട്ടം 1, ഘട്ടം 2) മന്ത്രാലയം പുറത്തിറക്കി.
സുസ്ഥിര ഗ്രാമവികസനത്തിന്റെ നിര്‍ണായക സ്തംഭമാണ് ജലസുരക്ഷയെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയ സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജ് എടുത്തുപറഞ്ഞു. ഗ്രാമപഞ്ചായത്തുകള്‍ക്കും സമൂഹങ്ങള്‍ക്കും അവരുടെ പ്രദേശങ്ങളിലെ ജലസംബന്ധമായ വെല്ലുവിളികളെക്കുറിച്ച് ആഴത്തിലുള്ളതും നേരിട്ടുള്ളതുമായ അറിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈ അറിവിനെ ജല ബജറ്റിങ്ങിലൂടെ ഘടനാപരമായ പ്രവര്‍ത്തനങ്ങളാക്കി മാറ്റാനാണ് പരിശീലനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഭാവിയിലെ ആവശ്യങ്ങള്‍ നേരിടാന്‍ സജ്ജമായ സുസ്ഥിരവും ജനപങ്കാളിത്തത്തോടെയുള്ളതുമായ ജലഭരണം താഴേത്തട്ടില്‍ ശക്തിപ്പെടുത്താന്‍ ഈ സംരംഭത്തിന് സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ശ്രീ ഭരദ്വാജ്, ഇതിനായി സമൂഹത്തിന്റെ ഉടമസ്ഥതാബോധവും ജനങ്ങളുടെ പെരുമാറ്റരീതികളിലെ മാറ്റവും അത്യന്താപേക്ഷിതമാണെന്ന് ഊന്നിപ്പറഞ്ഞു. ഫലപ്രദമായ ജല മാനേജ്‌മെന്റ്, ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് ഒരു പ്രേരകശക്തിയായി പ്രവര്‍ത്തിക്കുമെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ശ്രീ സുശീല്‍ കുമാര്‍ ലോഹാനി, ഗ്രാമപഞ്ചായത്ത് വികസന പദ്ധതികളില്‍ ജലസംരക്ഷണത്തെ സംയോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അടിവരയിട്ടു പറഞ്ഞു. ജലസുരക്ഷാ പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ സംസ്ഥാനങ്ങള്‍, ജില്ലകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയെ പിന്തുണയ്ക്കുന്നതിനായി രാജ്യവ്യാപകമായി മാസ്റ്റര്‍ ട്രെയിനര്‍മാരുടെ ഒരു ശൃംഖല സൃഷ്ടിക്കാനാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ദീര്‍ഘകാല സുസ്ഥിര ജലഭരണം പ്രോത്സാഹിപ്പിക്കുന്നതിന്, ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഘട്ടം ഘട്ടമായി ഈ പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ശാസ്ത്രീയ സമീപനങ്ങള്‍, സാങ്കേതിക നവീകരണങ്ങള്‍, സമൂഹത്തിന്റെ നേതൃത്വത്തിലുള്ള ആസൂത്രണം എന്നിവയിലൂടെ ജലഭരണം ശക്തിപ്പെടുത്തുന്നതിലാണ് ഈ ദേശീയതല മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലന പരിപാടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആശയവിനിമയത്തിനും പ്രായോഗിക പരിശീലനത്തിനും മുന്‍ഗണന നല്‍കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ പരിശീലന പരിപാടി, പങ്കാളികള്‍ക്ക് ജല ബജറ്റിംഗ്, പ്രാദേശിക ജലസ്രോതസ്സുകളുടേയും ആവശ്യകതയുടേയും വിലയിരുത്തല്‍, അനുയോജ്യമായ ജലസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തല്‍, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ജലസുരക്ഷാ പദ്ധതികള്‍ തയ്യാറാക്കല്‍ എന്നിവയില്‍ പ്രായോഗിക നൈപുണ്യം നല്‍കുന്നു. കൂടാതെ, ഈ പദ്ധതികളെ ഗ്രാമപഞ്ചായത്ത് വികസന പദ്ധതികളുമായി സംയോജിപ്പിക്കുന്നതിലും ഗ്രാമീണ തലത്തിലുള്ള നടത്തിപ്പ് തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗ്രാമതലത്തില്‍ ഈ ശേഷി വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ക്രമത്തില്‍ വ്യാപിപ്പിക്കുന്നതിനായി, പരിശീലനത്തിന് ശേഷമുള്ള വിലയിരുത്തലുകളും ഘട്ടങ്ങള്‍ക്കിടയിലെ അസൈന്‍മെന്റുകളും ഈ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സംരംഭത്തിന്റെ ആദ്യ ഘട്ടത്തില്‍ ബീഹാര്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ 10 സംസ്ഥാനങ്ങളിലെ 100 ജില്ലകളും 100 ബ്ലോക്കുകളും 1,000 ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നു. ഇതില്‍ ബീഹാര്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പങ്കാളികളാണ് ഉദ്ഘാടന ബാച്ചിലുള്ളത്. തുടര്‍ന്ന് ഇവര്‍ സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും, വരാനിരിക്കുന്ന 'ജനകീയാസൂത്രണ പരിപാടിയുടെ' സമയത്ത് ജലസുരക്ഷാ പദ്ധതികള്‍ തയ്യാറാക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യും.


***
(रिलीज़ आईडी: 2284309)
आगंतुक पटल : 11