സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
മൂന്നാമത് നമസ്‌തേ ദിനം നാളെ; പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നടക്കുന്ന മുഖ്യ പരിപാടിക്ക് പുറമെ, രാജ്യത്തുടനീളമുള്ള നഗര തദ്ദേശ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും
प्रविष्टि तिथि:
13 JUL 2026 1:09PM by PIB Thiruvananthpuram
2023-ല്‍ ആരംഭിച്ച യന്ത്രവല്‍കൃത ശുചിത്വ ആവാസവ്യവസ്ഥയ്ക്കായുള്ള ദേശീയ കര്‍മ്മപദ്ധതി (നമസ്‌തേ) മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം നാളെ (ജൂലൈ 14) മൂന്നാമത് നമസ്‌തേ ദിനം ആചരിക്കും.
നമസ്‌തേ ദിനത്തോടനുബന്ധിച്ചുള്ള പ്രധാന പരിപാടിയും ഒപ്പം ദിവ്യ കലാമേളയും പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലുള്ള രബീന്ദ്ര സദനില്‍ നടക്കും. അതേസമയം, രാജ്യത്തുടനീളമുള്ള നഗര തദ്ദേശ സ്ഥാപനങ്ങളില്‍ വിപുലമായ പരിപാടികളും സംഘടിപ്പിക്കും.
കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാര്‍, സാമൂഹിക നീതി-ശാക്തീകരണ സഹമന്ത്രി ശ്രീ. രാംദാസ് അഠാവലെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ശ്രീ. സുവേന്ദു അധികാരി, മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, എം.എല്‍.എമാര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂട പ്രതിനിധികള്‍, ദേശീയ ശുചീകരണ തൊഴിലാളി ധനകാര്യ-വികസന കോര്‍പ്പറേഷന്‍ (NSKFDC) ഭാരവാഹികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
നമസ്‌തേ ദിനത്തില്‍, ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിവിധ പരിപാടികള്‍ നഗര തദ്ദേശ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കും. തൊഴില്‍ സുരക്ഷാ പരിശീലനം, ആരോഗ്യ പരിശോധനാ ക്യാമ്പുകള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍, യന്ത്രവല്‍കൃത ശുചീകരണ ഉപകരണങ്ങളുടേയും സുരക്ഷാ ഉപകരണങ്ങളുടേയും പ്രദര്‍ശനം, മികച്ച സേവനം കാഴ്ചവെച്ച ശുചീകരണ തൊഴിലാളികളെ ആദരിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പൊതുജനാരോഗ്യ സംരക്ഷണത്തിലും പരിസ്ഥിതി ശുചിത്വത്തിലും നിര്‍ണായക പങ്ക് വഹിക്കുന്ന മലിനജല ഓടകളും സെപ്റ്റിക് ടാങ്കുകളും ശുചീകരിക്കുന്ന തൊഴിലാളികള്‍, മാലിന്യം ശേഖരിക്കുന്നവര്‍, കൈകള്‍ ഉപയോഗിച്ച് ശുചീകരണ ജോലി ചെയ്തിരുന്നവര്‍ എന്നിവരുള്‍പ്പെടെയുള്ള ശുചീകരണ തൊഴിലാളികളെ ആദരിക്കുന്നതിനായാണ് നമസ്‌തേ ദിനം ആചരിക്കുന്നത്. അപകടകരമായ ശുചീകരണ രീതികള്‍ ഇല്ലാതാക്കുക, സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുക, നൈപുണ്യ വികസനവും സുസ്ഥിര ഉപജീവന മാര്‍ഗ്ഗങ്ങളും ഉറപ്പാക്കുക എന്നിവയിലൂടെയും യന്ത്രവല്‍കൃത ശുചീകരണത്തിലൂടെയും ഇവരുടെ സുരക്ഷയും അന്തസ്സും മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഈ ദിനാചരണത്തിലൂടെ വീണ്ടും അടിവരയിടുന്നു.
രാജ്യത്തുടനീളം സുരക്ഷിതവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും അന്തസ്സുള്ളതുമായ ശുചിത്വ ആവാസവ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, ചരിത്രപരമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഈ ആചരണം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
ശുചീകരണ തൊഴിലാളികളുടെ അവകാശങ്ങളേയും ക്ഷേമത്തേയും കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനും അവരുടെ സംഭാവനകളോടുള്ള ആദരവ് വളര്‍ത്തുന്നതിനുമുള്ള അവസരം കൂടിയാണ് നമസ്‌തേ ദിനം. എല്ലാവര്‍ക്കുമായി സുരക്ഷിതവും ഉള്‍ക്കൊള്ളുന്നതും അന്തസ്സുള്ളതുമായ ശുചിത്വ ആവാസവ്യവസ്ഥ സൃഷ്ടിക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയം വീണ്ടും ഉറപ്പിക്കുന്നതാണ് ഈ ദിനാചരണം.
ശുചീകരണ തൊഴിലാളികള്‍ക്ക് അന്തസ്സും സുരക്ഷിതത്വവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതോടൊപ്പം, അവരെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023-24 വര്‍ഷത്തില്‍ സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് യന്ത്രവല്‍കൃത ശുചിത്വ ആവാസവ്യവസ്ഥയ്ക്കായുള്ള ദേശീയ കര്‍മ്മപദ്ധതിക്ക് തുടക്കം കുറിച്ചത്.
ശുചീകരണ ജോലിക്കിടെയുള്ള മരണങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുക, മനുഷ്യ വിസര്‍ജ്യവുമായി ശുചീകരണ തൊഴിലാളികള്‍ നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന സാഹചര്യം ഒഴിവാക്കുക, എല്ലാ ശുചീകരണ പ്രവര്‍ത്തനങ്ങളും സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം നടത്തുക, പരിശീലനം ലഭിച്ച തൊഴിലാളികളെ മാത്രം ഈ ജോലിക്ക് നിയോഗിക്കുക എന്നിവയാണ് നമസ്‌തേ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, യന്ത്രവല്‍കൃത ശുചീകരണ സേവനങ്ങള്‍ സുരക്ഷിതമായി ലഭ്യമാക്കുന്നതിനായി അടിയന്തര പ്രതികരണ ശുചിത്വ യൂണിറ്റുകള്‍ (ERSUs) ശക്തിപ്പെടുത്തുകയും സജ്ജമാക്കുകയും ചെയ്യുക, സ്വയംസഹായ സംഘങ്ങളുടെ രൂപീകരണത്തിലൂടെയും സംരംഭകത്വത്തിലൂടെയും ശുചീകരണ തൊഴിലാളികളെ ശാക്തീകരിക്കുക എന്നിവയും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
****
(रिलीज़ आईडी: 2284165)
आगंतुक पटल : 11