ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യസമര സേനാനിയുമായ മന്നത്ത് പത്മനാഭൻ്റെ പ്രതിമ ഉപരാഷ്ട്രപതി ന്യൂഡൽഹിയിൽ അനാച്ഛാദനം ചെയ്തു; മന്നം സ്മൃതി മണ്ഡപത്തിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു

प्रविष्टि तिथि: 12 JUL 2026 2:15PM by PIB Thiruvananthpuram

ഡൽഹി നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ദ്വാരകയിലെ മന്നം ഇൻ്റർനാഷണൽ സെൻ്ററിൽ ഇന്ന് സംഘടിപ്പിച്ച ചടങ്ങിൽ, സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യസമര സേനാനിയുമായ മന്നത്ത് പത്മനാഭൻ്റെ പ്രതിമ ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണൻ അനാച്ഛാദനം ചെയ്യുകയും മന്നം സ്മൃതി മണ്ഡപത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

ആധുനിക ഇന്ത്യയിലെ മഹാനായ സാമൂഹിക പരിഷ്കർത്താവും രാഷ്ട്രശില്പിയുമായ മന്നത്ത് പത്മനാഭൻ്റെ ശാശ്വത പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന ചരിത്രപരമായ ഒരു ആഘോഷമാണിതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. മന്നം സ്മൃതി മണ്ഡപം സ്ഥാപിക്കുക എന്ന ദീർഘകാല സ്വപ്നം യാഥാർത്ഥ്യമാക്കിയ ഡൽഹി നായർ സർവീസ് സൊസൈറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. ഈ സ്മാരകം വെറുമൊരു കെട്ടിടം മാത്രമല്ല, മറിച്ച് "ഒരു ശാശ്വത പാരമ്പര്യത്തിൻ്റെ സമർപ്പണവും",  സാമൂഹിക നീതി, സമത്വം, ദേശീയ സേവനം എന്നിവയെക്കുറിച്ചുള്ള ആദർശങ്ങൾ ജാതിക്കും മതത്തിനും പ്രദേശത്തിനും അതീതമായി ഉയർത്തിപ്പിടിച്ച ഒരു ദീർഘദർശിയുടെ ജീവിക്കുന്ന സ്മാരകവുമാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

മന്നത്ത് പത്മനാഭൻ്റെ  ജീവിതത്തെക്കുറിച്ചും അദ്ദേഹം നൽകിയ സംഭാവനകളെക്കുറിച്ചും അനുസ്മരിച്ച ശ്രീ. സി. പി. രാധാകൃഷ്ണൻ,  പ്രശസ്ത സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യസമര സേനാനിയും നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനുമായ അദ്ദേഹം വിദ്യാഭ്യാസം, സാമൂഹിക പരിഷ്കരണം, സ്വയംപര്യാപ്തത, സാമൂഹിക സേവനം എന്നിവയിലൂടെ സമൂഹത്തിൻ്റെ ഉന്നമനത്തിനായി തൻ്റെ ജീവിതം സമർപ്പിച്ച വ്യക്തിയാണെന്ന് പറഞ്ഞു.

മന്നത്ത് പത്മനാഭനെ സാമൂഹിക നവോത്ഥാനത്തിൻ്റെ യഥാർത്ഥ നേതാവായി വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് വിഭാഗീയ താൽപ്പര്യങ്ങൾക്ക് അതീതമായിരുന്നുവെന്ന് പറഞ്ഞു. "ഓരോ മനുഷ്യനും തുല്യമായ അന്തസ്സും തുല്യമായ അവസരങ്ങളും അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. നീതിയും കാരുണ്യവും എല്ലാവരേയും ഉൾക്കൊള്ളുന്ന മനോഭാവവും സമൂഹത്തിൻ്റെ  മാർഗ്ഗനിർദ്ദേശക തത്വങ്ങളായി മാറുമ്പോൾ മാത്രമേ യഥാർത്ഥ സാമൂഹിക പുരോഗതി സാധ്യമാകൂ എന്ന് അദ്ദേഹത്തിൻ്റെ ജീവിതപ്രവർത്തനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു," ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.

നായർ സർവീസ് സൊസൈറ്റിയുടെ ശ്രദ്ധേയമായ വളർച്ച അതിൻ്റെ  സ്ഥാപകൻ്റെ  അസാധാരണമായ സമർപ്പണത്തിൻ്റേയും ദൃഢനിശ്ചയത്തിൻ്റേയും തെളിവാണെന്ന് ശ്രീ. സി. പി. രാധാകൃഷ്ണൻ പറഞ്ഞു. മഹത്തായ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നത് വലിയ സാമ്പത്തികശേഷി കൊണ്ടല്ല, മറിച്ച് വലിയ പ്രതിബദ്ധത കൊണ്ടാണെന്ന് മന്നത്ത് പത്മനാഭൻ ഉറച്ചുവിശ്വസിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ-സാമൂഹിക സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനായി സാധാരണ കുടുംബങ്ങളിൽ നിന്നുള്ള എളിയ സംഭാവനകൾ പോലും അദ്ദേഹം സ്വീകരിച്ചിരുന്നതായും, ഈ കൂട്ടായ ശ്രമങ്ങൾ തലമുറകളുടെ ജീവിതത്തെ മാറ്റിമറിച്ചുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

സ്ഥാപിതമായിട്ട് ഒരു നൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും മന്നത്ത് പത്മനാഭൻ്റെ ആദർശങ്ങൾ കേരളത്തിന് പുറത്തേക്കും വ്യാപിച്ചതിൽ ഉപരാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. ആധുനിക വിദ്യാഭ്യാസവും സാമൂഹിക സേവനവും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കളരിപ്പയറ്റ്, കഥകളി, മോഹിനിയാട്ടം എന്നിവയിലൂടെ കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ ഡൽഹി എൻ.എസ്.എസ്. നടത്തുന്ന സജീവമായ പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഡൽഹി-എൻ.സി.ആറിലുടനീളം 25 ശാഖകളും ഇരുപത്തയ്യായിരത്തോളം അംഗങ്ങളുമുള്ള ഒരു സംഘടനയായി മാറിയ ഡൽഹി എൻ.എസ്.എസിൻ്റെ ശ്രദ്ധേയമായ വളർച്ചയെ അദ്ദേഹം അഭിനന്ദിച്ചു.

സ്മാരകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച്  വ്യക്തമാക്കിക്കൊണ്ട് ശ്രീ. സി. പി. രാധാകൃഷ്ണൻ പറഞ്ഞു, "സ്മാരകങ്ങൾ എന്നത് കല്ലിൽ കൊത്തിയെടുത്ത വെറും ശില്പങ്ങളല്ല; അവ സമൂഹത്തിൻ്റെ കൂട്ടായ മനസ്സാക്ഷിയിൽ ആലേഖനം ചെയ്യപ്പെട്ടവയാണ്. അവയുടെ യഥാർത്ഥ ലക്ഷ്യം ഭൂതകാലത്തെ ആഘോഷിക്കുക എന്നതിലുപരി, ഭാവിക്ക് പ്രചോദനമാകുക എന്നതാണ്."

ഈ മഹാനായ സാമൂഹിക പരിഷ്കർത്താവിൻ്റെ മൂല്യങ്ങൾ മാതൃകയാക്കാൻ പൗരന്മാരോട് ആഹ്വാനം ചെയ്തുകൊണ്ട്,  "മന്നത്ത് പത്മനാഭന് നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരവ് സമത്വം, വിദ്യാഭ്യാസം, കാരുണ്യം, സേവനം, ദേശീയ ഐക്യം എന്നിവയിൽ വേരൂന്നിയ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന അദ്ദേഹത്തിൻ്റെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുക എന്നതാണെന്ന്‌ ഉപരാഷ്ട്രപതി പറഞ്ഞു,

ഈ അവസരത്തിൽ, പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ‘ഏക് പേഡ് മാ കേ നാം’  എന്ന രാജ്യവ്യാപക പ്രചാരണ പരിപാടിയുടെ ഭാഗമായി പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ മന്നം ഇൻ്റർനാഷണൽ സെൻ്ററിൽ ഉപരാഷ്ട്രപതി ഒരു വൃക്ഷതൈ നടുകയും ചെയ്തു.

കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക, ടൂറിസം സഹമന്ത്രി ശ്രീ. സുരേഷ് ഗോപി, ഡൽഹി എൻ.എസ്.എസ്. പ്രസിഡൻ്റ്  ശ്രീ എം. കെ. ജി. പിള്ള, ഡൽഹി എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ശ്രീ. എം. ഡി. ജയപ്രകാശ് എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

 

***


(रिलीज़ आईडी: 2283882) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil