ശാസ്ത്ര സാങ്കേതിക മന്ത്രാലയം
പരമ്പരാഗത വിജ്ഞാന സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൻ്റെ പരമ്പരാഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രറിയിലേക്കുള്ള പ്രവേശനം സംബന്ധിച്ച കരാറിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പുവെച്ചു
प्रविष्टि तिथि:
10 JUL 2026 9:32AM by PIB Thiruvananthpuram
2026 ജൂലൈ 9-ന് ഓസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന മൂന്നാമത് ഇന്ത്യ-ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടിയിൽ, കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൻ്റെ (സിഎസ്ഐആർ) പരമ്പരാഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രറിയിലേക്കുള്ള (സിഎസ്ഐആർടികെഡിഎൽ) പ്രവേശനവുമായി ബന്ധപ്പെട്ട് സി.എസ്.ഐ.ആറും ഐ.പി ഓസ്‌ട്രേലിയയും ഒരു കരാറിൽ ഏർപ്പെട്ടു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടേയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് എം.പി.യുടേയും സാന്നിധ്യത്തിലാണ് ഈ കരാർ ഒപ്പിട്ടത്.
പ്രതിരോധവും സുരക്ഷയും, ഊർജ്ജ സുരക്ഷ, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ശാസ്ത്ര സാങ്കേതിക വിദ്യ, ചലച്ചിത്ര നിർമ്മാണം, പരമ്പരാഗത വിജ്ഞാനം, സാംസ്കാരിക ആസ്തികൾ സ്വദേശത്തേക്ക് തിരികെ എത്തിക്കൽ എന്നിവയുൾപ്പെടെയുള്ള വിപുലമായ മേഖലകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഉച്ചകോടിയിൽ നടന്ന ഉഭയകക്ഷി ചർച്ചകളുടെ പതിനെട്ട് സുപ്രധാന ഫലങ്ങളിൽ ഒന്നാണ് ടി.കെ.ഡി.എൽ പ്രവേശന കരാർ.
തെറ്റായ പേറ്റൻ്റുകൾ നൽകുന്നത് വഴി ഇന്ത്യയുടെ സമ്പന്നമായ പരമ്പരാഗത വിജ്ഞാനം ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇന്ത്യ വികസിപ്പിച്ചെടുത്ത, ഇത്തരത്തിലുള്ള ആദ്യത്തെ മുൻകാല വിജ്ഞാന ശേഖരമാണ് പരമ്പരാഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രറി. ഈ കരാർ പ്രകാരം, ഓസ്‌ട്രേലിയയുടെ പേറ്റൻ്റ് നിയമങ്ങളും പരിശോധനാ നടപടിക്രമങ്ങളും അനുസരിച്ച് പേറ്റൻ്റ് അപേക്ഷകൾ പരിശോധിക്കുമ്പോൾ, പ്രസക്തമായ വിവരങ്ങൾ കണ്ടെത്താൻ ഐ.പി ഓസ്‌ട്രേലിയക്ക് ടി.കെ.ഡി.എൽ വിവരശേഖരത്തിലേക്ക് പ്രവേശനം ലഭിക്കും. ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ട പാരമ്പര്യ പൈതൃകത്തിൻ്റെ ഭാഗമായ അറിവുകൾക്ക് മേൽ തെറ്റായ പേറ്റൻ്റ് നൽകുന്നത് തടയാൻ സഹായിക്കുന്നതോടൊപ്പം, കൂടുതൽ വ്യക്തവും കാര്യക്ഷമവുമായ പേറ്റൻ്റ് പരിശോധനയ്ക്ക് ഈ കരാർ സൗകര്യമൊരുക്കും.
നൂറ്റാണ്ടുകളായി വികസിച്ചുവന്നതും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതുമായ സമ്പന്നമായ തദ്ദേശീയ വിജ്ഞാന സംവിധാനങ്ങളുടേയും പരമ്പരാഗത ആചാരങ്ങളുടേയും സാംസ്കാരിക ആവിഷ്കാരങ്ങളുടേയും കേന്ദ്രമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. രേഖപ്പെടുത്തപ്പെട്ട മുൻകാല വിജ്ഞാനശേഖരത്തിൻ്റെ ഫലപ്രദമായ വിനിയോഗത്തിലൂടെ പാരമ്പര്യ വിജ്ഞാനം സംരക്ഷിക്കുന്നതിനും ബൗദ്ധിക സ്വത്തവകാശ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള ഇരുരാജ്യങ്ങളുടേയും കൂട്ടായ പ്രതിബദ്ധതയാണ് ഈ കരാറിലൂടെ പ്രതിഫലിക്കുന്നത്.
ഈ കരാറിൻ്റെ നടത്തിപ്പ് സംബന്ധിച്ച ചുമതലകൾക്ക് ഐ.പി ഓസ്‌ട്രേലിയയിലെ പേറ്റൻ്റ്സ് കമ്മീഷണർ ആൻഡ്രൂ വിൽക്കിൻസൺ, സി.എസ്.ഐ.ആർ ഡയറക്ടർ ജനറലും ഡി.എസ്.ഐ.ആർ സെക്രട്ടറിയുമായ ഡോ. എൻ. കലൈസെൽവി, സി.എസ്.ഐ.ആർ-ടി.കെ.ഡി.എൽ യൂണിറ്റ് മേധാവിയും മുതിർന്ന ശാസ്ത്രജ്ഞയുമായ ഡോ. വിശ്വജനനി ജെ. സട്ടിഗേരി എന്നിവർ മേൽനോട്ടം വഹിക്കും.
പരമ്പരാഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രറി (ടി.കെ.ഡി.എൽ)
കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൻ്റേയും (സിഎസ്ഐആർ) ആയുഷ് മന്ത്രാലയത്തിൻ്റേയും സംയുക്ത പങ്കാളിത്തത്തോടെ 2001-ൽ ഭാരത സർക്കാർ സ്ഥാപിച്ച പരമ്പരാഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രറി (സിഎസ്ഐആർ-ടികെഡിഎൽ), പാരമ്പര്യ വിജ്ഞാനത്തിൻ്റെ പ്രതിരോധ സംരക്ഷണത്തിനായി സമർപ്പിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ വിവരശേഖരമാണ്. ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാനത്തെ അടിസ്ഥാനമാക്കി തെറ്റായ പേറ്റൻ്റുകൾ നൽകുന്നത് തടയുന്നതിനായി വികസിപ്പിച്ചെടുത്ത സി.എസ്.ഐ.ആർ-ടി.കെ.ഡി.എല്ലിൽ, നിലവിൽ ആയുർവ്വേദം, യുനാനി, സിദ്ധ, സോവ റിഗ്പ, യോഗ എന്നിവയിൽ നിന്നുള്ള 5.2 ലക്ഷത്തിലധികം ഔഷധക്കൂട്ടുകളേയും ചികിത്സാ രീതികളേയും കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു. ലോകമെമ്പാടുമുള്ള പേറ്റൻ്റ് പരിശോധകർക്കായി ഈ വിവരങ്ങൾ ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച്, ജാപ്പനീസ്, സ്പാനിഷ് എന്നീ അഞ്ച് അന്താരാഷ്ട്ര ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഐ.പി ഓസ്‌ട്രേലിയയുമായുള്ള ഈ കരാർ ഒപ്പിട്ടതോടെ, വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന നിബന്ധനയോടെ ഈ വിവരശേഖരം ഉപയോഗിക്കാൻ അനുമതി ലഭിച്ചിട്ടുള്ള പേറ്റൻ്റ് ഓഫീസുകളുടെ എണ്ണം പതിനെട്ടായി ഉയർന്നു. ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാനം സംരക്ഷിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച സി.എസ്.ഐ.ആർ-ടി.കെ.ഡി.എല്ലിലെ മുൻകാല വിജ്ഞാന തെളിവുകളുടെ അടിസ്ഥാനത്തിൽ, ലോകമെമ്പാടുമുള്ള 375-ലധികം പേറ്റൻ്റ് അപേക്ഷകളാണ് ഇതുവരെ റദ്ദാക്കപ്പെടുകയോ, നിരസിക്കപ്പെടുകയോ, ഭേദഗതി ചെയ്യപ്പെടുകയോ, പിൻവലിക്കപ്പെടുകയോ, ഉപേക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളത്.
***
(रिलीज़ आईडी: 2283315)
आगंतुक पटल : 18