പഞ്ചായത്തീരാജ് മന്ത്രാലയം
ആത്മനിർഭർ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത് ബോധവൽക്കരണ ശില്പശാല പഞ്ചായത്തീരാജ് മന്ത്രാലയം കൊച്ചിയിൽ സംഘടിപ്പിച്ചു
പ്രാദേശിക വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും, സ്വന്തം വരുമാന സ്രോതസ്സുകൾ ശക്തിപ്പെടുത്താനും, ബാങ്കുകളുടെ ധനസഹായം ഉറപ്പാക്കാവുന്ന വികസന പദ്ധതികൾ തയ്യാറാക്കാനും കേരളത്തിലെ പഞ്ചായത്തുകളോട് ആഹ്വാനം
സാമ്പത്തിക സ്വയംപര്യാപ്തതയും സുസ്ഥിര തദ്ദേശഭരണവും ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ഹൈബ്രിഡ് ശില്പശാലയിൽ 800-ലധികം പഞ്ചായത്തുകൾ പങ്കെടുത്തു
प्रविष्टि तिथि:
07 JUL 2026 4:37PM by PIB Thiruvananthpuram
കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം, കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് ആത്മനിർഭർ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത് ബോധവൽക്കരണ ശില്പശാല കേരളത്തിലെ കൊച്ചിയിൽ സംഘടിപ്പിച്ചു.


ശില്പശാലയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി ശ്രീ. വിവേക് ഭരദ്വാജ്, ആത്മനിർഭർ പഞ്ചായത്ത് പദ്ധതിയെ പഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നതിനുള്ള പരിവർത്തനാത്മക സംരംഭമെന്ന് വിശേഷിപ്പിച്ചു. സ്വന്തം വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കുക, സുസ്ഥിര സാമ്പത്തിക മാനേജ്‌മെൻ്റ് പ്രോത്സാഹിപ്പിക്കുക, എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനത്തിനായി പ്രാദേശിക അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പഞ്ചായത്തുകളെ പ്രാപ്തമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. താഴെത്തട്ടിലെ പരിവർത്തനത്തിൽ മുൻനിരയിലാണ് പഞ്ചായത്തുകളെന്നും, സമൂഹത്തെ ഒന്നിപ്പിക്കുന്നതിലും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും പങ്കാളിത്ത വികസനം നടപ്പാക്കുന്നതിലും അവ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ത്വരിതപ്പെടുത്തുന്നതിന്, സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ടതും പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ളതുമായ ഭാവിയിലേക്ക് സജ്ജമായ പഞ്ചായത്തുകൾ കെട്ടിപ്പടുക്കുന്നതിന് ദീർഘവീക്ഷണത്തോടെയുള്ള സമീപനം സ്വീകരിക്കാൻ അദ്ദേഹം പങ്കാളികളോട് ആഹ്വാനം ചെയ്തു.


ഫലപ്രദമായ താഴെത്തട്ടിലെ ഭരണത്തിന് സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ട പഞ്ചായത്തുകൾ അനിവാര്യമാണെന്ന് കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ. എം. ഷാജി തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. പഞ്ചായത്തുകൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും, അവയുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിന് സ്വന്തം വരുമാന സ്രോതസ്സുകൾ ശക്തിപ്പെടുത്തേണ്ടത് ഒരുപോലെ പ്രധാനമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കേരളത്തിലെ തദ്ദേശഭരണത്തിനും ശേഷി വികസനത്തിനുമുള്ള ശക്തമായ സ്ഥാപന ചട്ടക്കൂടിനെക്കുറിച്ച് കേരള തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ടിങ്കു ബിസ്വാൾ എടുത്തുപറഞ്ഞു.
കേരളത്തിലെ ശേഷി വികസന ആവാസവ്യവസ്ഥയെക്കുറിച്ച് സംസാരിച്ച കില ഡയറക്ടർ ജനറൽ ഡോ. എൻ. ദേവിദാസ്, നിരന്തരമായ പരിശീലനം, തൊഴിൽപരമായ കാര്യക്ഷമത അടിസ്ഥാനമാക്കിയുള്ള പഠനം, സ്ഥാപനപരമായ പിന്തുണ എന്നിവ സംസ്ഥാനത്തെ ജനാധിപത്യ വികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.
പ്രാദേശിക മുൻഗണനകൾ തിരിച്ചറിഞ്ഞ്, പ്രൊഫഷണൽ രീതിയിലുള്ള പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കാനും ഭാവിയിലെ വികസന ആവശ്യങ്ങൾ ഗ്രാമപഞ്ചായത്ത് വികസന പദ്ധതികളിൽ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ദീർഘകാല വികസന കാഴ്ചപ്പാട് സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പഞ്ചായത്തുകളോട് അഭ്യർത്ഥിച്ചു.
ഈ പദ്ധതിക്ക് കീഴിൽ ലഭ്യമായ സ്ഥാപനപരമായ പിന്തുണയെക്കുറിച്ച് നബാർഡ് (NABARD), ഹഡ്കോ (HUDCO) എന്നിവയുടെ പ്രതിനിധികൾ എടുത്തുപറഞ്ഞു. സുസ്ഥിര വരുമാനം ഉറപ്പാക്കാൻ ശേഷിയുള്ള സാങ്കേതികമായി മികച്ചതും സാമ്പത്തികമായി ലാഭകരവുമായ പദ്ധതികൾ വികസിപ്പിക്കാൻ അവർ പഞ്ചായത്തുകളെ പ്രോത്സാഹിപ്പിച്ചു. അർഹമായ പദ്ധതി നിർദ്ദേശങ്ങൾക്ക് ലഭ്യമാകുന്ന സാങ്കേതിക സഹായം, പദ്ധതി വിലയിരുത്തൽ, ധനസഹായം എന്നിവയെക്കുറിച്ച് അവർ പങ്കാളികളോട് വിശദീകരിക്കുകയും ചെയ്തു.
തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി ശ്രീ. വിവേക് ഭരദ്വാജ് പങ്കാളികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും തൻ്റെ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുകയും ചെയ്ത ഒരു സംവേദനാത്മക ചോദ്യോത്തര സെഷൻ ഈ ബോധവൽക്കരണ ശില്പശാലയുടെ പ്രധാന ആകർഷണമായിരുന്നു. സംശയ നിവാരണത്തിനും ആശയവിനിമയത്തിനും പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള വിവിധ വീക്ഷണങ്ങൾ പങ്കുവെയ്ക്കുന്നതിനും ഈ സെഷൻ മികച്ച വേദിയൊരുക്കി. ആത്മനിർഭർ പഞ്ചായത്ത് പദ്ധതിയുടെ പ്രവർത്തന ചട്ടക്കൂട്, യോഗ്യതാ മാനദണ്ഡങ്ങൾ, വിശദമായ പദ്ധതി റിപ്പോർട്ടുകൾ (DPR) തയ്യാറാക്കൽ, പദ്ധതി ധനസഹായം, നിലവിലുള്ള മറ്റ് ഗവൺമെൻ്റ് പദ്ധതികളുമായുള്ള സംയോജനം എന്നിവയെക്കുറിച്ചുള്ള വിശദമായ സാങ്കേതിക സെഷനുകളും ശില്പശാലയിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ, വരുമാനദായകമായ നൂതന പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും അവയുടെ വിലയിരുത്തലിനും സാങ്കേതിക സഹായത്തിനുമുള്ള 'ചലഞ്ച് മോഡ്' പ്രക്രിയയെക്കുറിച്ചും ശില്പശാലയിൽ വിശദീകരിച്ചു.
രാഷ്‌ട്രീയ ഗ്രാമ സ്വരാജ് അഭിയാന് (RGSA) കീഴിൽ നടപ്പിലാക്കുന്ന ആത്മനിർഭർ പഞ്ചായത്ത് പരിപാടി, പ്രാദേശിക വിഭവങ്ങളുടേയും പൊതു ആസ്തികളുടേയും സാമ്പത്തിക സാധ്യതകൾ തുറന്നുനൽകാൻ പഞ്ചായത്തുകളെ പ്രാപ്തമാക്കുന്നതിലൂടെ സാമ്പത്തികമായി സ്വയംപര്യാപ്തമായ പഞ്ചായത്തുകളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകൾക്ക് ബാങ്കുകളുടെ ധനസഹായം ഉറപ്പാക്കാവുന്ന പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക പിന്തുണ ലഭിക്കും. ഇതിനായുള്ള ധനസഹായം പൊതു-സ്വകാര്യ പങ്കാളിത്തം (PPP), കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (CSR), സ്ഥാപനപരമായ ധനസഹായം, മറ്റ് ഗവൺമെൻ്റ് പദ്ധതികളുമായുള്ള സംയോജനം എന്നിവയിലൂടെ സുഗമമാക്കും.
അവബോധം വളർത്തുന്നതിനും, സ്ഥാപന ശേഷി ശക്തിപ്പെടുത്തുന്നതിനും, സുസ്ഥിരമായ പ്രാദേശിക സാമ്പത്തിക വികസനത്തിനും മെച്ചപ്പെട്ട സ്വന്തം വരുമാന സ്രോതസ്സ് സൃഷ്ടിക്കുന്നതിനായി നൂതന സമീപനങ്ങൾ സ്വീകരിക്കാൻ പഞ്ചായത്തുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി മന്ത്രാലയം രാജ്യവ്യാപകമായി നടത്തുന്ന ബോധവൽകരണ കാമ്പെയ്‌നിൻ്റെ ഭാഗമാണ് കൊച്ചിയിൽ സംഘടിപ്പിച്ച ഈ ശില്പശാല.
കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ശ്രീ. രാജേഷ് കുമാർ സിംഗ്, കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ. എം. ഷാജി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ടിങ്കു ബിസ്വാൾ, പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) ഡയറക്ടർ ജനറൽ ഡോ. എൻ. ദേവിദാസ്, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിലേയും കേരള ഗവൺമെൻ്റിലേയും ഉദ്യോഗസ്ഥർ, നബാർഡ്, ഹഡ്കോ എന്നിവയുടെ പ്രതിനിധികൾ, കൂടാതെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശില്പശാലയിൽ പങ്കെടുത്തു. നേരിട്ടും ഓൺലൈനായും (ഹൈബ്രിഡ് രീതിയിൽ) സംഘടിപ്പിച്ച ശില്പശാലയിൽ 210-ലധികം പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികൾ നേരിട്ടും, കേരളത്തിലുടനീളമുള്ള അറുന്നൂറോളം പഞ്ചായത്തുകൾ ഓൺലൈനായും പങ്കെടുത്തു.
****
(रिलीज़ आईडी: 2282174)
आगंतुक पटल : 13