ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
സംസ്ഥാനത്തെ പ്രധാന ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ. പി. നദ്ദ, കേരള ആരോഗ്യ മന്ത്രി കെ. മുരളീധരനുമായി നടത്തിയ ഓൺലൈൻ യോഗത്തിൽ വിലയിരുത്തി
प्रविष्टि तिथि:
07 JUL 2026 3:19PM by PIB Thiruvananthpuram
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ജെ. പി. നദ്ദയുടെ അദ്ധ്യക്ഷതയിൽ ഇന്ന് കേരള ആരോഗ്യ മന്ത്രി കെ. മുരളീധരനുമായി വിർച്വൽ അവലോകന യോഗം നടത്തി . സംസ്ഥാനത്തെ പ്രധാന ആരോഗ്യ പദ്ധതികളുടെയും പൊതുജനാരോഗ്യ സംരംഭങ്ങളുടെയും നടത്തിപ്പും പുരോഗതിയും വിലയിരുത്തുന്നതിനായിരുന്നു യോഗം.

ടിബി മുക്ത ഭാരത് അഭിയാൻ (ക്ഷയരോഗ മുക്ത ഭാരത യജ്ഞം), സൗജന്യ മരുന്ന് വിതരണ പദ്ധതി, സൗജന്യ രോഗനിർണ്ണയ പദ്ധതി, നാഷണൽ ഹെൽത്ത് മിഷന് (എൻ.എച്ച്.എം.) കീഴിലുള്ള ആരോഗ്യ മേഖലയിലെ മനുഷ്യവിഭവശേഷി, മെഡിക്കൽ വിദ്യാഭ്യാസം, ഡ്രഗ് റഗുലേഷൻ, ഭക്ഷ്യസുരക്ഷാ-ഗുണനിലവാര മാനദണ്ഡങ്ങൾ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ പ്രധാന മുൻഗണനാ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പും പുരോഗതിയും യോഗം വിലയിരുത്തി.

ആരോഗ്യ പരിപാലനം കൂടുതൽ ശക്തമാക്കുക, ഗുണമേന്മയുള്ള മരുന്നുകളും രോഗനിർണ്ണയ സംവിധാനങ്ങളും ലഭ്യമാക്കുന്നത് മെച്ചപ്പെടുത്തുക, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും വർദ്ധിപ്പിക്കുക, മെഡിക്കൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, മരുന്നുകളുടെയും ബ്ലഡ് ബാങ്കുകളുടെയും നിയന്ത്രണ മേൽനോട്ടം ശക്തമാക്കുക, സംസ്ഥാനത്തുടനീളമുള്ള ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുക എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ.

വിവിധ മുൻഗണനാ ആരോഗ്യ പദ്ധതികൾക്ക് കീഴിൽ കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് ശ്രീ കെ. മുരളീധരൻ കേന്ദ്ര ആരോഗ്യ മന്ത്രിയെ ധരിപ്പിച്ചു. ആരോഗ്യ പരിപാലനം കൂടുതൽ ശക്തമാക്കുന്നതിന് സംസ്ഥാന ഗവൺമെൻ്റ് സ്വീകരിച്ചിട്ടുള്ള നടപടികൾ അദ്ദേഹം എടുത്തുപറഞ്ഞു. പ്രധാന വെല്ലുവിളികളെക്കുറിച്ചും കേന്ദ്രത്തിൻ്റെ പിന്തുണ ആവശ്യമുള്ള മേഖലകളെക്കുറിച്ചും അദ്ദേഹം കേന്ദ്ര ആരോഗ്യ മന്ത്രിയോട് വിശദീകരിക്കുകയും, ദേശീയ ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള സംസ്ഥാന ഗവൺമെൻ്റിൻ്റെ പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ചെയ്തു.

വിവിധ ആരോഗ്യപധ്ധതികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാനം നടത്തുന്ന ശ്രമങ്ങളെ കേന്ദ്ര ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. കേരളത്തിൻ്റെ ആരോഗ്യ പരിപാലന വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ പിന്തുണ അദ്ദേഹം ഉറപ്പുനൽകി. ദേശീയ ആരോഗ്യ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിനും ജനങ്ങൾക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സഹകരണം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻഗണനാ ആരോഗ്യ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിലൂടെയും തുടർച്ചയായ സഹകരണത്തിലൂടെയും പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും, എല്ലാ വിഭാഗം ജനങ്ങൾക്കും മിതമായ നിരക്കിൽ ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ സമത്വപൂർണ്ണമായി എളുപ്പത്തിൽ ലഭ്യമാകുന്നത് ഉറപ്പാക്കുമെന്നും കേന്ദ്രവും സംസ്ഥാനവും ആവർത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടാണ് യോഗം അവസാനിച്ചത്.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ, കേരള ഗവൺമെൻ്റ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ്, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അഡീഷണൽ സെക്രട്ടറിയും മിഷൻ ഡയറക്ടറുമായ (എൻ.എച്ച്.എം.) ആരാധന പട്നായിക്, ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ. രാജീവ് രഘുവംശി, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) എക്സിക്യൂട്ടീവ് ഡയറക്ടർ അമിത് ശർമ്മ എന്നിവരും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെയും സംസ്ഥാന ഗവൺമെൻ്റിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.
***
(रिलीज़ आईडी: 2282159)
आगंतुक पटल : 22