ഉപരാഷ്ട്രപതിയുടെ കാര്യാലയം
പരുത്തി ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള 'കപാസ് ക്രാന്തി'ദൗത്യത്തിൻ്റെ പുരോഗതിയെക്കുറിച്ച് ഉപരാഷ്ട്രപതിക്ക് വിശദീകരണം നൽകി
प्रविष्टि तिथि:
07 JUL 2026 3:38PM by PIB Thiruvananthpuram
രാജ്യത്തെ പരുത്തി ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള 'കപാസ് ക്രാന്തി' ദൗത്യത്തെക്കുറിച്ച് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന് വിശദീകരിച്ചു നൽകി. ഉപരാഷ്ട്രപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ കേന്ദ്ര കാർഷിക-കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ, കാർഷിക-ടെക്സ്റ്റൈൽസ് മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് ദൗത്യത്തിൻ്റെ പുരോഗതി ഉപരാഷ്ട്രപതിയെ ധരിപ്പിച്ചത്.
ശാസ്ത്രീയ ഗവേഷണം, ആധുനിക സാങ്കേതികവിദ്യ, മികച്ച കാർഷിക രീതികൾ എന്നിവയിലൂടെ പരുത്തി ഉത്പാദനം വർദ്ധിപ്പിക്കുക,'കസ്തൂരി കോട്ടൺ'സർട്ടിഫിക്കേഷൻ, 'കിസാൻ കപാസ് ആപ്പ്'തുടങ്ങിയ സംവിധാനങ്ങളിലൂടെ മികച്ച ഗുണനിലവാരമുള്ള പരുത്തിയുടെ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുക,ടെക്സ്റ്റൈൽ മേഖലയിൽ പുത്തൻ ആശയങ്ങളും സുസ്ഥിരതയും കൊണ്ടുവരുന്നതിനായി പുതിയ കാലത്തെ പ്രകൃതിദത്ത നാരുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ ദൗത്യത്തിൻ്റെ പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
രാജ്യത്തെ പരുത്തി മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ദൗത്യം സ്വീകരിച്ചിരിക്കുന്ന സമഗ്ര സമീപനത്തെ ഉപരാഷ്ട്രപതി പ്രശംസിച്ചു. പുത്തൻ ആശയങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിനും ആധുനിക സാങ്കേതികവിദ്യകൾ കർഷകരിലേക്ക് കൃത്യസമയത്ത് എത്തിക്കുന്നതിനും സമയബന്ധിതമായ അനുമതി സംവിധാനങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പരുത്തിയുടെ ഏക്കർ പ്രതിയുള്ള വിളവ് വർദ്ധിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ച അദ്ദേഹം, ഉത്പാദനക്ഷമത കൂട്ടുന്നതിനും ലോകത്തിലെ മുൻനിര പരുത്തി ഉത്പാദക രാജ്യങ്ങളുമായുള്ള അന്തരം കുറയ്ക്കുന്നതിനുമായി വ്യക്തവും അളക്കാവുന്നതുമായ ലക്ഷ്യങ്ങൾ നിശ്ചയിക്കാൻ ആഹ്വാനം ചെയ്തു.
ഗുണമേന്മയുള്ള പരുത്തിക്കായി വർദ്ധിച്ചുവരുന്ന ആഭ്യന്തര-അന്തർദ്ദേശീയ ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യ സജ്ജമാകണമെന്നും ആഗോളതലത്തിൽ രാജ്യത്തിൻ്റെ മത്സരശേഷി ശക്തിപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി അടിവരയിട്ടു പറഞ്ഞു. ഈ ദൗത്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായ തന്ത്രങ്ങൾ രൂപീകരിക്കണമെന്നും,പദ്ധതിയുടെ വിജയഗാഥകൾ ടെലിവിഷൻ ഡോക്യുമെൻ്ററികളിലൂടെ ജനങ്ങളിലേക്ക് വ്യാപകമായി എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
***
(रिलीज़ आईडी: 2282070)
आगंतुक पटल : 12