സാംസ്‌കാരിക മന്ത്രാലയം
ഭാരത് കേസരി ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികം: കൊൽക്കത്തയിൽ നാളെ സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ പ്രത്യേക അനുസ്മരണ പരിപാടി
കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും
प्रविष्टि तिथि:
05 JUL 2026 7:01PM by PIB Thiruvananthpuram
ഭാരത് കേസരി ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രണ്ടു വർഷം നീളുന്ന ഔദ്യോഗിക അനുസ്മരണ പരിപാടികളുടെ ഭാഗമായി നാളെ (2026 ജൂലൈ 6) കൊൽക്കത്തയിലെ മിലൻ മേള പ്രാംഗണിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കും. കേന്ദ്ര സാംസ്കാരിക മന്ത്രാലയവും പശ്ചിമ ബംഗാൾ ഗവണ്മെൻ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ശ്രീ സുവേന്ദു അധികാരി, പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ശ്രീ മനോജ് അഗർവാൾ, കേന്ദ്ര സാംസ്കാരിക മന്ത്രാലയം സെക്രട്ടറി ശ്രീ വിവേക് അഗർവാൾ എന്നിവരുൾപ്പെടെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ സംബന്ധിക്കും.
ഇന്ത്യയുടെ രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ, വ്യാവസായിക മേഖലകളെ രൂപപ്പെടുത്തുന്നതിൽ നിർണായക സംഭാവനകൾ നൽകിയ ദീർഘദർശിയായ രാഷ്ട്രതന്ത്രജ്ഞനും വിദ്യാഭ്യാസവിദഗ്ദ്ധനും പാർലമെൻ്റേറിയനും ദേശീയ നേതാവുമായ ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ സ്മരണാർത്ഥം 2025-ലാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം രണ്ടു വർഷം നീളുന്ന ദേശീയ അനുസ്മരണ പരിപാടികൾ പ്രഖ്യാപിച്ചത്.
കൊൽക്കത്തയിലെ ഭവാനിപൂരിലുള്ള ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ വസതിയിൽ മുഖ്യാതിഥി ശ്രീ അമിത് ഷായും മറ്റ് വിശിഷ്ട വ്യക്തികളും പുഷ്പാർച്ചന നടത്തുന്നതോടെ നാളെത്തെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ഇക്കോ പാർക്ക് സന്ദർശിക്കുന്ന അമിത് ഷാ, ഡോ.ശ്യാമ പ്രസാദ് മുഖർജിയുടെ രാജ്യത്തിനായുള്ള സംഭാവനകളെ ആദരിക്കുന്നതിനായി നിർമ്മിക്കുന്ന 125 അടി ഉയരമുള്ള പ്രതിമയുടെ ഭൂമിപൂജയും തറക്കല്ലിടലും നിർവ്വഹിക്കും.
ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ജീവിതവും പൈതൃകവും ദൃശ്യവൽക്കരിക്കുന്ന ഒരു പ്രത്യേക പ്രദർശനം മിലൻ മേള പ്രാംഗണിൽ ഉദ്ഘാടനം ചെയ്യും. അപൂർവ്വ ചിത്രങ്ങൾ, ചരിത്ര രേഖകൾ, മൾട്ടിമീഡിയ സംവിധാനങ്ങൾ എന്നിവയിലൂടെ അദ്ദേഹത്തിൻ്റെ ജീവിതയാത്ര, ദർശനങ്ങൾ, വിദ്യാഭ്യാസ പരിഷ്കാരങ്ങൾ, ജനാധിപത്യ സ്ഥാപനങ്ങളുടെയും വ്യവസായ വികസനത്തിൻ്റെയും ശാക്തീകരണത്തിൽ അദ്ദേഹം വഹിച്ച നിർണായക പങ്ക് എന്നിവ ഈ പ്രദർശനത്തിൽ അനാവരണം ചെയ്യും.
മിലൻ മേള പ്രാംഗണിലെ ചടങ്ങുകൾ കൂട്ടായ വന്ദേമാതര ആലപനത്തോടെയായിരിക്കും ആരംഭിക്കുക. തുടർന്ന് സി.സി.ആർ.ടി അവതരിപ്പിക്കുന്ന "സുർ, സംസ്കൃതി ഏവം രാഷ്ട്ര" എന്ന മഹത്തായ സംഗീത സമർപ്പണം നടക്കും. പത്മശ്രീ തരുൺ ഭട്ടാചാര്യ സംവിധാനം ചെയ്യുന്ന ഈ സംഗീതവിരുന്നിൽ ഇന്ത്യൻ ക്ലാസിക്കൽ, ഫോക്ക്, പരമ്പരാഗത സംഗീത ശാഖകളിൽ നിന്നുള്ള പ്രഗത്ഭരായ 57 കലാകാരന്മാർ അണിനിരക്കും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ഐക്യവും പ്രതിഫലിപ്പിക്കുന്ന ഈ സംഗീതാവിഷ്കാരം, ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ സാംസ്കാരിക ദേശീയത, ദേശീയ ഒരുമ, വിദ്യാഭ്യാസം, നാഗരിക മൂല്യങ്ങൾ എന്നിവയെ ഉയർത്തിക്കാട്ടുന്നതാണ്.
ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ജീവിതവും സംഭാവനകളും ചിത്രീകരിക്കുന്ന ഒരു ഹ്രസ്വചിത്രത്തിൻ്റെ പ്രദർശനവും പരിപാടിയിൽ ഉൾപ്പെടും. ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമയുടെ ശിലാസ്ഥാപനം പ്രദർശിപ്പിക്കുന്ന ഒരു പ്രത്യേക വീഡിയോയുടെ പ്രകാശനവും പരിപാടിയിൽ നടക്കും.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രാഷ്ട്ര ശില്പികളിലൊരാളുടെ ദീർഘകാല പൈതൃകം നിലനിർത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള കേന്ദ്ര ഗവണ്മെൻ്റിൻ്റെ പ്രതിജ്ഞാബദ്ധതയാണ് ഈ രണ്ടു വർഷത്തെ ദേശീയ അനുസ്മരണ പരിപാടിയിലൂടെ പ്രതിഫലിക്കുന്നത്. അദ്ദേഹത്തിൻ്റെ ദേശീയതാബോധവും പൊതുസേവന താല്പര്യവും രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കുമുള്ള അചഞ്ചലമായ സമർപ്പണവും നിലവിലേയും ഭാവിയിലേയും തലമുറകൾക്ക് വലിയ പ്രചോദനമായിരിക്കും.
***
(रिलीज़ आईडी: 2281389)
आगंतुक पटल : 9