ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
ഉള്ളി സംഭരണ വില 13% വർധിപ്പിച്ച് ക്വിന്റലിന് 2,125 രൂപയാക്കി കേന്ദ്ര ഗവണ്‍മെന്റ്; കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കി മുന്‍കൂര്‍ സുരക്ഷാ സംഭരണം ശക്തിപ്പെടുത്തും
प्रविष्टि तिथि:
04 JUL 2026 12:47PM by PIB Thiruvananthpuram
ഉള്ളി കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനും മുന്‍കൂര്‍ സുരക്ഷാ സംഭരണം ശക്തിപ്പെടുത്താനും വില സ്ഥിരതാ ശേഖരത്തിന് കീഴിലെ ഉള്ളി സംഭരണ വില കേന്ദ്ര ഗവൺമെന്റ് 13 ശതമാനം വർധിപ്പിച്ചു. ഇതോടെ സംഭരണ വില ക്വിന്റലിന് 1,875 രൂപയിൽ നിന്ന് 2,125 രൂപയായി ഉയരും. പുതുക്കിയ സംഭരണ വില 2026 ജൂലൈ 4 ന് പ്രാബല്യത്തിൽ വരും. നാഫെഡ്, എൻസിസിഎഫ് എന്നിവ വഴി ഗവൺമെന്റിന്റെ വില സ്ഥിരതാ ശേഖരത്തിലേക്കുള്ള ഉള്ളി സംഭരണം പുരോഗമിക്കുകയാണ്. പുതുക്കിയ സംഭരണ വില ഉള്ളി കർഷകർക്ക് മികച്ച ലാഭം ഉറപ്പാക്കുന്നതിനൊപ്പം വിലക്കയറ്റ നിയന്ത്രണ ശേഖരം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പിന്തുണയേകുകയും ചെയ്യും.
കൃഷി, കർഷക ക്ഷേമ വകുപ്പിന്റെ 2025-26 വർഷത്തെ രണ്ടാമത് മുൻകൂർ കണക്കെടുപ്പ് പ്രകാരം രാജ്യത്തെ ഉള്ളി ഉല്പാദനം 307.37 ലക്ഷം മെട്രിക് ടൺ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് 2024-25 വർഷത്തെ 307.67 ലക്ഷം മെട്രിക് ടണ്ണിന് സമാനമാണ്. നിലവിലെ സാഹചര്യത്തില്‍ ഉള്ളി ലഭ്യതയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഈ ഉല്പാദന കണക്കുകൾ സൂചിപ്പിക്കുന്നത്. എങ്കിലും സാധാരണ ഉണ്ടാകുന്ന വിപണിയിലെ സ്വാഭാവിക വില വ്യത്യാസങ്ങള്‍ക്ക് അനുസൃതമായി വിലയിൽ നേരിയ വർധന പ്രതീക്ഷിക്കാം.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ നിലവിലെ സ്റ്റോക്ക് തൃപ്തികരമാണ്. നിലവിൽ സംഭരിച്ച ഉള്ളിയുടെ കാര്യത്തിൽ യാതൊരുവിധ ക്ഷാമവും ഉള്ളതായി സൂചനകളില്ല.
അഖിലേന്ത്യാ തലത്തിൽ പ്രതിദിന കമ്പോള വരവ് 50,000 മെട്രിക് ടണ്ണിലധികമായി മികച്ച രീതിയിൽ തുടരുകയാണ്. മഹാരാഷ്ട്രയിൽ ഇത് 30,000 മെട്രിക് ടണ്ണിൽ കൂടുതലാണ്. വിപണിയിൽ കിലോയ്ക്ക് ശരാശരി 18 രൂപ നിരക്കിലാണ് വില. മികച്ച ഗുണനിലവാരമുള്ള ഉള്ളി ശേഖരം നിലവിൽ സംഭരണശാലകളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉല്പാദനം കുറയുന്ന വരും മാസങ്ങളിൽ ഇവ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ അഖിലേന്ത്യാ തലത്തിൽ ഉള്ളിയുടെ ശരാശരി ചില്ലറ വില കിലോയ്ക്ക് 31 രൂപയാണ്.
ചില പ്രദേശങ്ങളിൽ കാലവർഷം വൈകിയതും സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴ ലഭിച്ചതും ഒരു വിഭാഗം വ്യാപാരികൾക്കിടയിൽ ഊഹക്കച്ചവടത്തിന് വഴിയൊരുക്കിയിട്ടുണ്ട്. എങ്കിലും പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലെ നിലവിലെ വില നിലവാരത്തിൽ ഇപ്പോള്‍ വലിയ രീതിയില്‍ ആവശ്യകതയില്ല. വിപണിയിലെ ഈ പ്രവണതകൾക്കിടയിലും നാസിക് പോലുള്ള പ്രധാന ഉല്പാദന കേന്ദ്രങ്ങളിലും മധ്യപ്രദേശിന്റെ ചില ഭാഗങ്ങളിലും ഭാവിയിൽ വില കൂടിയേക്കാമെന്ന പ്രതീക്ഷയിൽ ഊഹക്കച്ചവട പ്രവണതകൾ പ്രകടമാണ്. എന്നാൽ വിപണിയിലെ ശക്തമായ ആവശ്യകതയല്ല ഇതിന് കാരണം.
ഉള്ളി കയറ്റുമതി സാധാരണ നിലയിലാണ് തുടരുന്നത്. 2026 ജൂണിൽ ഏകദേശം 1.50 ലക്ഷം മെട്രിക് ടൺ ഉള്ളി കയറ്റുമതി ചെയ്തു. എങ്കിലും ഗൾഫ് രാജ്യങ്ങൾ, ശ്രീലങ്ക, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയ പ്രധാന കയറ്റുമതി കേന്ദ്രങ്ങളിൽ പാകിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ വിളവുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമായതിനാൽ ചെറിയൊരു കാലയളവിലേക്ക് ഉള്ളി കയറ്റുമതിയുടെ വേഗം കുറഞ്ഞേക്കാമെന്ന് വ്യാപാരികൾ കരുതുന്നു.
മഹാരാഷ്ട്രയിലെ നാസിക് മേഖലയിൽ ഖാരിഫ് വിതയ്ക്കൽ ഏകദേശം 15 ദിവസത്തോളം വൈകിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ കർണാടകയിലെ ചിത്രദുർഗ, ചല്ലക്കെരെ മേഖലകളിൽ വിതയ്ക്കൽ പ്രക്രിയ സാധാരണ നിലയുടെ 60 ശതമാനത്തോളം പൂർത്തിയായതായാണ് കണക്കാക്കുന്നത്.
****
(रिलीज़ आईडी: 2281139)
आगंतुक पटल : 12