വാണിജ്യ വ്യവസായ മന്ത്രാലയം
യുപിഐ സേവനം ഇനി ഗ്രീസിലും; യൂറോബാങ്കിലെ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ
प्रविष्टि तिथि:
30 JUN 2026 10:20PM by PIB Thiruvananthpuram
ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് സംവിധാനത്തിന്റെ ആഗോള വ്യാപനത്തില്‍ മറ്റൊരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി ഏഥൻസിലെ യൂറോബാങ്ക് ആസ്ഥാനത്ത് യുപിഐ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു. യൂറോബാങ്ക്-എൻഐപിഎൽ പങ്കാളിത്തത്തിലൂടെ യാഥാര്‍ത്ഥ്യമാക്കിയ യുപിഐ സേവനങ്ങളുടെ തത്സമയ പ്രദർശനത്തില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ പങ്കെടുത്തു. യൂറോബാങ്ക് സിഇഒ ഫോകിയോൺ കരാവിയാസ്, ഫെയർഫാക്സ് ഡിജിറ്റൽ സർവീസസ് സിഇഒ സഞ്ജയ് തുഗ്നൈത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഉഭയകക്ഷി സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനും വാണിജ്യ പങ്കാളിത്തം ശക്തിപ്പെടുത്താനും ശ്രീ പീയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ മുതിർന്ന വ്യാപാര നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പ്രതിനിധി സംഘം ഗ്രീസ് സന്ദർശനം തുടരുകയാണ്.
ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് സംവിധാനത്തിന്റെ ആഗോള വിപുലീകരണത്തിലെ വലിയൊരു ചുവടുവെപ്പാണ് ഗ്രീസിലെ യുപിഐ സേവനമെന്ന് ശ്രീ പീയൂഷ് ഗോയൽ പറഞ്ഞു. ഗ്രീസിൽ യുപിഐ നിലവിൽ വരുന്നതോടെ യോഗ്യരായ ഉപഭോക്താക്കൾക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും തത്സമയം പണം കൈമാറാൻ കഴിയുമെന്നും പരമ്പരാഗത പണമിടപാട് രീതികളെ അപേക്ഷിച്ച് ഇടപാടുകളുടെ ചെലവ് ഗണ്യമായി കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തികൾക്കപ്പുറം നേട്ടങ്ങൾ കൈവരിക്കാനും പരസ്പര വളർച്ചയ്ക്കായി പങ്കാളിത്തം ആഴത്തിലാക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങൾ കെട്ടിപ്പടുക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുന്നോട്ടുവെച്ച കാഴ്ചപ്പാടിലെ വിശ്വാസത്തെയാണ് യുപിഐയുടെ വർധിച്ചുവരുന്ന ആഗോള സ്വീകാര്യത പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ശ്രീ ഗോയലിന്റെ ഗ്രീസ് സന്ദർശനത്തിന്റെ ഭാഗമായി സാമ്പത്തിക ബന്ധങ്ങൾ ആഴത്തിലാക്കാന്‍ ഇന്ത്യയുടെയും ഗ്രീസിന്റെയും പ്രതിബദ്ധത അടിവരയിടുന്ന നിരവധി ഉന്നതതല കൂടിക്കാഴ്ചകളുണ്ടാകും.
ഏഥൻസിലെ ഹോട്ടൽ ഗ്രാൻഡെ ബ്രിട്ടാഗ്നിയിൽ യൂറോബാങ്കിന്റെ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിലും നിക്ഷേപ - വളർച്ചാ അവസരങ്ങൾ കണ്ടെത്തുന്നതിലും ചര്‍ച്ചകള്‍ ശ്രദ്ധകേന്ദ്രീകരിച്ചു.
ഏഥൻസ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ സംഘടിപ്പിച്ച ഇന്ത്യ-ഗ്രീസ് വ്യാപാരസമിതി യോഗത്തിലും ബിസിനസ്സ് ഫോറത്തിലും പ്രതിനിധി സംഘം പങ്കെടുത്തു. അടിസ്ഥാനസൗകര്യം (ഊർജം, തുറമുഖങ്ങൾ, ചരക്കുനീക്കം, കപ്പൽ നിർമാണം, സംഭരണം, വ്യാപാരം, രത്നങ്ങളും ആഭരണങ്ങളും); ഡിജിറ്റൽ നൂതനാശയങ്ങളും പ്രതിരോധവും; ഭക്ഷ്യസംസ്കരണവും കൃഷിയും എന്നീ മൂന്ന് മേഖലകളില്‍ പ്രത്യേക വട്ടമേശ ചർച്ചകൾ സംഘടിപ്പിച്ചു.
വിവിധ മേഖലകളിൽ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലെ ശക്തമായ താല്പര്യം വ്യക്തമാക്കി ഇന്ത്യയിലെയും ഗ്രീസിലെയും വ്യാപാര നേതാക്കള്‍ ചർച്ചകളിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളിലെയും വ്യാപാര പ്രമുഖര്‍ക്ക് കേന്ദ്രീകൃത ചർച്ചകളിൽ ഏർപ്പെടാനും പരസ്പര സഹകരണത്തിന് വഴികൾ കണ്ടെത്താനും ഈ യോഗങ്ങൾ സഹായകമായി. വ്യാപാരം, നിക്ഷേപം, നൂതനാശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രി ശ്രീ ഗോയലിന്റെ അഭിസംബോധനയോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
ഇരുരാജ്യങ്ങളിലെയും മന്ത്രിമാരും മുതിർന്ന വ്യാപാര നേതാക്കളും പങ്കെടുത്ത ഇന്ത്യ-ഗ്രീസ് വ്യാപാര ഉച്ചകോടിയോടെ ഇന്നത്തെ ഔദ്യോഗിക പരിപാടികൾക്ക് സമാപനമായി. വ്യാപാരം, നിക്ഷേപം, നൂതനാശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വളർച്ച എന്നിവ മുന്നോട്ട് കൊണ്ടുപോകുകയെന്ന പങ്കിട്ട കാഴ്ചപ്പാട് ഉച്ചകോടി ആവര്‍ത്തിച്ചു.
ഏഥൻസ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ സംഘടിപ്പിച്ച സൗഹൃദവിരുന്ന് ഇരുരാജ്യങ്ങളും തമ്മിലെ ഔദ്യോഗികവും വ്യക്തിപരവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്താനും അനൗപചാരിക ആശയവിനിമയങ്ങൾക്കും അവസരമൊരുക്കി.
ഇന്ത്യ-ഗ്രീസ് ബന്ധത്തിലെ ശക്തമായ മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്ന ആദ്യദിനത്തിലെ ചടങ്ങുകൾ ശക്തവും ഭാവി അധിഷ്ഠിതവുമായ സാമ്പത്തിക പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഇരുപക്ഷവും പുലര്‍ത്തുന്ന പ്രതിബദ്ധത വ്യക്തമാക്കുന്നു.
****
(रिलीज़ आईडी: 2279735)
आगंतुक पटल : 8