ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ ആംബുലന്‍സ് സേവനത്തിന്റെ 2026-ലെ പ്രവര്‍ത്തന മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സമിതിയുടെ 16-ാം സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ശ്രീ. ജഗത് പ്രകാശ് നദ്ദ പുറത്തിറക്കും

प्रविष्टि तिथि: 29 JUN 2026 10:50AM by PIB Thiruvananthpuram

ദേശീയ ആംബുലന്‍സ് സേവനത്തിന്റെ 2026-ലെ പ്രവര്‍ത്തന മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സമിതിയുടെ (CCHFW) 16-ാം സമ്മേളനത്തില്‍ ഇന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ശ്രീ. ജഗത് പ്രകാശ് നദ്ദ പ്രകാശനം ചെയ്യും.  എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആംബുലന്‍സ് സേവനങ്ങള്‍ ഏകീകരിക്കാനും അടിയന്തര ആരോഗ്യ ഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും സമഗ്ര ദേശീയ ചട്ടക്കൂടൊരുക്കുന്നതാണ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം തയ്യാറാക്കിയ ഈ മാര്‍ഗരേഖ.


ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പുള്ള പരിചരണം, രോഗിയുടെ നില സുരക്ഷിതമാക്കല്‍, സുരക്ഷിത യാത്ര,  വിദഗ്ധ ചികിത്സാ നിര്‍ദേശത്തിലൂടെ അനുയോജ്യമായ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്ത് എത്തിക്കല്‍ എന്നിവ ഉറപ്പാക്കി അടിയന്തര വൈദ്യസഹായ ശൃംഖലയിലെ ആദ്യ നിര്‍ണായക കണ്ണിയായി ആംബുലന്‍സ് സേവനങ്ങള്‍ നിലകൊള്ളുന്നു. രാജ്യത്തെ ആംബുലന്‍സ് സേവനങ്ങളുടെ ഗുണനിലവാരം, ലഭ്യത, കാര്യക്ഷമത, പ്രതികരണ ശേഷി എന്നിവ ഉറപ്പാക്കാന്‍ ഏകീകൃത മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയാണ് പ്രവര്‍ത്തന മാര്‍ഗരേഖയിലൂടെ ലക്ഷ്യമിടുന്നത്.


അടിയന്തര മെഡിക്കല്‍ ഗതാഗതത്തിന്റെ എല്ലാ മേഖലകളിലെയും പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതാണ് ഈ മാര്‍ഗരേഖ. ആംബുലന്‍സുകളുടെ തരംതിരിക്കല്‍, ജനസംഖ്യാടിസ്ഥാനത്തില്‍  വിന്യാസവും ആസൂത്രണവും, മനുഷ്യവിഭവശേഷിയുടെ ആവശ്യകത,  ഉപകരണങ്ങള്‍, മരുന്നുകള്‍, മറ്റ് സാമഗ്രികള്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍ക്ക് പരിശീലനവും നൈപുണ്യ മാനദണ്ഡങ്ങളും, അണുബാധ തടയലും നിയന്ത്രണ നടപടികളും, വാഹന പരിപാലന ചട്ടങ്ങള്‍, പ്രവര്‍ത്തന നിരീക്ഷണ സംവിധാനങ്ങള്‍, പരാതി പരിഹാര സംവിധാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ എല്ലാ ആംബുലന്‍സുകളും AIS-125 മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഈ മാര്‍ഗരേഖ നിഷ്‌കര്‍ഷിക്കുന്നു.  അടിയന്തര മെഡിക്കല്‍ വാഹനങ്ങളുടെ മികച്ച സുരക്ഷയും ഗുണനിലവാരവും ഏകീകരണവും ഇതിലൂടെ ഉറപ്പാക്കുന്നു.


ജിപിഎസ് അധിഷ്ഠിത ആംബുലന്‍സ് ട്രാക്കിങ്, കോള്‍ ലോഗിങ് സംവിധാനങ്ങള്‍, ഘടനാപരമായ രോഗനിര്‍ണയ ചട്ടങ്ങള്‍, ഏകീകൃത വാഹന വിന്യാസ സംവിധാനങ്ങള്‍, തത്സമയ പ്രകടന ഡാഷ്ബോര്‍ഡുകള്‍ എന്നിവയടങ്ങുന്ന സംയോജിത കമാന്‍ഡ് ആന്‍ഡ് ഡിസ്പാച്ച് കേന്ദ്രങ്ങള്‍ (ICDC) സ്ഥാപിക്കുന്നത് ഈ മാര്‍ഗരേഖ പ്രോത്സാഹിപ്പിക്കും. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആംബുലന്‍സ് സേവനങ്ങളെ 112 എന്ന ഏകീകൃത അടിയന്തര പ്രതികരണ നമ്പറുമായി ക്രമാനുഗതമായി സംയോജിപ്പിക്കും. വേഗമേറിയതും ഏകോപിതവുമായ അടിയന്തര പ്രതികരണം ഇതുവഴി സാധ്യമാക്കും.


അടിയന്തര ചികിത്സാ നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍  ആരോഗ്യ കേന്ദ്രങ്ങള്‍, റഫറല്‍ കേന്ദ്രങ്ങള്‍, ആംബുലന്‍സ് താവളങ്ങള്‍, അപകടസാധ്യതയും ഭീഷണിയും ഉയര്‍ന്ന പ്രദേശങ്ങള്‍, കിടക്കകളുടെ ലഭ്യത, തീവ്രപരിചരണ സജ്ജീകരണം എന്നിവയുടെ ജിഐഎസ് അധിഷ്ഠിത ഭൂപട നിര്‍മാണം  മാര്‍ഗരേഖ വിഭാവനം ചെയ്യുന്നു. ഈ സംയോജിത സമീപനത്തിലൂടെ  അടിയന്തരമായി വാഹനങ്ങള്‍  ലഭ്യമാക്കുന്നവര്‍ക്ക്  രോഗികളെ തിരിച്ചറിയാനും  കുറഞ്ഞ സമയത്തിനകം ഏറ്റവും അനുയോജ്യമായ ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കാനും സാധിക്കും.


വിവരാധിഷ്ഠിത ആസൂത്രണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് അടിയന്തര ഫോണ്‍ കോളുകളുടെ എണ്ണം, അപകടമേഖലകള്‍, റഫറല്‍ രീതികള്‍, ഗതാഗത സാഹചര്യങ്ങള്‍, ഭൂപ്രകൃതി, ഭൂമിശാസ്ത്രപരമായ സാഹചര്യം എന്നിവയുടെ വിശകലനം അടിസ്ഥാനമാക്കി ശാസ്ത്രീയ ആംബുലന്‍സ് വിന്യാസം എന്നിവ  പ്രവര്‍ത്തന മാര്‍ഗരേഖ ശിപാര്‍ശ ചെയ്യുന്നു, ഇതുവഴി ആംബുലന്‍സുകളുടെ പരമാവധി ഉപയോഗവും മെച്ചപ്പെട്ട പ്രതികരണ സമയവും ഉറപ്പാക്കുന്നു.


ദേശീയ ആംബുലന്‍സ് സേവനത്തിന്റെ 2026-ലെ പ്രവര്‍ത്തന മാര്‍ഗരേഖ  ഇന്ത്യയുടെ അടിയന്തര ആരോഗ്യ പരിപാലന സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന നാഴികക്കല്ലായി മാറും.

 

***


(रिलीज़ आईडी: 2278912) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Tamil