പ്രധാനമന്ത്രിയുടെ ഓഫീസ്
'മൻ കി ബാത്തിന്റെ' 135-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന ( 28.06.2026)
प्रविष्टि तिथि:
28 JUN 2026 11:41AM by PIB Thiruvananthpuram
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. "മൻ കി ബാത്തിൽ" ഒരിക്കൽ കൂടി നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. 2026ന്റെ പകുതി കടന്നിരിക്കുന്നു. ഈ ആറ് മാസത്തിനുള്ളിൽ, "മൻ കി ബാത്തിൽ" നമ്മുടെ നാട്ടുകാരുടെ നിരവധി നേട്ടങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തു. ജൂൺമാസത്തിലും, ഓരോ പൗരനും അഭിമാനിക്കാവുന്ന ചില നേട്ടങ്ങൾ രാജ്യം കൈവരിച്ചു. ഈ വിജയങ്ങൾ രാജ്യത്തിന്റെ സുരക്ഷയുമായും സ്വാശ്രയത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു. അടുത്തിടെ, കൊൽക്കത്തയിൽ നടന്ന നാവികസേനയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. അവിടെ, ഐ.എൻ.എസ്. ദുനാഗിരി, ഐ.എൻ.എസ്. സൻശോധക്ക്, ഐ.എൻ.എസ്. അഗ്രയ് എന്നിവ ഇന്ത്യൻ നാവികസേനയുടെ വ്യൂഹത്തിൽ ഉൾപ്പെടുത്തി. ഈ കപ്പലുകളുടെ രൂപകൽപ്പന, നിർമ്മാണം തുടങ്ങി എല്ലാം തദ്ദേശീയമാണ്.
സുഹൃത്തുക്കളേ, ജൂൺ മാസത്തിൽ തന്നെ, വ്യോമയാന മേഖലയിൽ രാജ്യം ഒരു വലിയ വിജയം കൈവരിച്ചു. C-295, ഇത് മെയ്ഡ് ഇൻ ഇന്ത്യ ആണ്. C-295 വിമാനം ആദ്യ പറക്കൽ പൂർത്തിയാക്കി. ഭാരതത്തിൽ തന്നെ ഇത്തരത്തിലുള്ള 40 വിമാനങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇത് എയ്‌റോസ്‌പേസ് മേഖലയ്ക്ക്, പ്രത്യേകിച്ച് എം.എസ്.എം.ഇ.കൾക്ക് പുതിയ ശക്തി നൽകുന്നു. തൊഴിലവസരങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്വാശ്രയ ഭാരതം കെട്ടിപ്പെടുക്കാനുള്ള നിശ്ചയദാർഢ്യവും കൂടുതൽ ശക്തമാവുകയാണ്. ഈ മാസം, ഡി.ആർ.ഡി.ഒ. തദ്ദേശീയമായി നിർമ്മിച്ച 'ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ' വിജയകരമായി പരീക്ഷിച്ചു. ഡി.ആർ.ഡി.ഒ. ലബോറട്ടറികളും ഇന്ത്യൻ ഇൻഡസ്ട്രീസ് പാർട്ണർമാരും സംയുക്തമായി ഇത് വികസിപ്പിച്ചെടുത്തിട്ടുണ്ട്, അതായത് ഇന്ന്, ആഴി മുതൽ ആകാശം വരെ, കൂടുതൽ സുരക്ഷിതവും സ്വയം പര്യാപ്തവുമായി മാറുകയാണ് നമ്മുടെ ഭാരതം. സുഹൃത്തുക്കളേ, ജൂണിൽ ഭാരതത്തിന്റെ നേതൃത്വത്തിൽ ലോകം മുഴുവൻ പങ്കുചേർന്ന മറ്റൊരു പരിപാടി നടന്നു. ഈ പരിപാടി 'അന്താരാഷ്ട്ര യോഗ ദിനം' ആയിരുന്നു. ഇത്തവണ ലോകമെമ്പാടുമുള്ള 2500-ലധികം സ്ഥലങ്ങളിൽ വിവിധ യോഗ പരിപാടികൾ നടന്നു. നമ്മുടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കോടിക്കണക്കിന് ആളുകൾ യോഗ പരിപാടികളിൽ പങ്കെടുത്തു. ഈ മാസം, അഹമ്മദാബാദിൽ നടന്ന 'ലോക യോഗാസന ചാമ്പ്യൻഷിപ്പും' ഏറെ ചർച്ച ചെയ്യപ്പെട്ടു. 102 സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ ഭാരതം ആകെ 114 മെഡലുകൾ നേടി. ഈ ചാമ്പ്യൻഷിപ്പിൽ ഭാരതം ഒന്നാം സ്ഥാനത്തെത്തി. വിജയിച്ച എല്ലാ കായികതാരങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
സുഹൃത്തുക്കളേ, ഏതൊരു രാജ്യത്തിന്റെയും ആത്മാവ് അവിടുത്തെ ജനങ്ങളാണ്. ആ രാജ്യത്തെ ജനങ്ങൾ ഒരു ദൃഢനിശ്ചയം എടുക്കുമ്പോൾ, ഒരു ശക്തിക്കും അവരെ അവരുടെ ലക്ഷ്യത്തിൽ നിന്ന് തടയാൻ കഴിയില്ല. രാഷ്ട്രനിർമ്മാണത്തിലെ പൊതുജനപങ്കാളിത്തത്തിന്റെ ഈ ശക്തി ഭാരതത്തിന് ഒരു വലിയ മുതൽക്കൂട്ടാണ്. ഈ പൊതുജനപങ്കാളിത്തം കൂടുതൽ കൂടുതൽ അനുഭവവേദ്യമായിക്കൊണ്ടിരിക്കുകയാണിന്ന്.
സുഹൃത്തുക്കളേ, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, ഞാൻ എന്റെ നാട്ടുകാരോട് ചില അഭ്യർത്ഥനകൾ നടത്തി. കുറച്ചുകാലത്തേക്ക് സ്വർണ്ണം വാങ്ങുന്നത് കഴിയുന്നത്ര ഒഴിവാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. വിദേശത്ത് അവധിക്കാലം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്ന് ഞാൻ ആളുകളോട് ആവശ്യപ്പെട്ടു. കാർ പൂളിംഗ് പ്രോത്സാഹിപ്പിക്കാനും ഞാൻ ആളുകളോട് അഭ്യർത്ഥിച്ചു. രാസവസ്തുക്കൾ ഉപയോഗിക്കാത്ത കൃഷി സ്വീകരിക്കാനും, വയലുകൾ സംരക്ഷിക്കാനും, കഴിയുന്നത്ര പ്രകൃതിദത്ത വളങ്ങൾ ഉപയോഗിക്കാനും ഞാൻ കർഷകരോട് അഭ്യർത്ഥിച്ചു. സുഹൃത്തുക്കളേ, എന്റെ അഭ്യർത്ഥനയ്ക്ക് നൽകിയ എല്ലാ വിധത്തിലുള്ള പിന്തുണയ്ക്കും സഹകരണത്തിനും രാജ്യത്തെ ഓരോ പൗരനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. നിരവധി കുടുംബങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ച് എനിക്ക് സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ഇത്തവണ വിവാഹങ്ങൾക്ക് സ്വർണ്ണം വാങ്ങേണ്ടതില്ലെന്ന് നിരവധി കുടുംബങ്ങൾ തീരുമാനിച്ചു. ആവശ്യമെങ്കിൽ, അവർ പഴയ സ്വർണ്ണം പുനരുപയോഗിച്ച് പുതിയ ആഭരണങ്ങൾ നിർമ്മിക്കും. ഇത്തവണ വിദേശ യാത്ര മാറ്റിവച്ചതിനെക്കുറിച്ച് പലരും സോഷ്യൽ മീഡിയയിൽ എഴുതിയിട്ടുണ്ട്.
സുഹൃത്തുക്കളേ, കാർ പൂളിംഗുമായി ബന്ധപ്പെട്ട നിരവധി അനുഭവങ്ങൾ ആളുകൾ പങ്കുവെച്ചിട്ടുണ്ട്. സ്വന്തം വാഹനങ്ങളിൽ എല്ലാ ദിവസവും ഒരേ ദിശയിൽ യാത്ര ചെയ്തിരുന്നവർ ഇപ്പോൾ ഒരുമിച്ച് യാത്ര ചെയ്യുന്നു. സാധ്യമാകുമ്പോഴെല്ലാം ആളുകൾ ബസുകളും മെട്രോയും ഉപയോഗിക്കുന്നു. ഇത് പെട്രോളും ഡീസലും ലാഭിക്കുന്നു. അതുപോലെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതിദത്ത വളങ്ങളുടെ ഉപഭോഗം വർദ്ധിച്ചതായി റിപ്പോർട്ടുകളുണ്ട്. സുഹൃത്തുക്കളേ, നമ്മൾ ഭാരതീയർ ഈ ആഗോള പ്രതിസന്ധിയെ ഒരുമിച്ച് നേരിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പൊതുജനപങ്കാളിത്തത്തിന്റെ ഈ കരുത്ത് നമ്മെ ശക്തിപ്പെടുത്തുകയും വിജയിപ്പിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ രാജ്യത്ത്, ജന്മദിനങ്ങളും വിവാഹങ്ങളും കുടുംബ പരിപാടികൾ മാത്രമല്ല, ആഘോഷങ്ങൾ കൂടിയാണ്. ഓരോ കുടുംബവും അവരുടെ സന്തോഷം മറ്റുള്ളവരുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. ആളുകൾ അതിഥികൾക്ക് സമ്മാനങ്ങളും നൽകുന്നു. സുഹൃത്തുക്കളേ, മഹാരാഷ്ട്രയിലെ നാന്ദേഡിലുള്ള ഒരു കുടുംബം അവരുടെ സന്തോഷം പങ്കിടാൻ ചെയ്ത കാര്യം ഇപ്പോൾ ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. നാന്ദേഡിലെ ബഹാദൂർപുര ഗ്രാമത്തിലാണ് പേഠ്കർ കുടുംബം താമസിക്കുന്നത്. സന്തോഷം പങ്കിടുന്നത്, ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തെ പിന്തുണയ്ക്കുന്ന ഒരു കാര്യം ചെയ്തുകൊണ്ടാകണമെന്ന് ഈ കുടുംബം തീരുമാനിച്ചു. ഒരു വിവാഹ വേളയിൽ, ഈ കുടുംബം ഗ്രാമത്തിലെ ഏകദേശം 3500 പേർക്ക് അപകട ഇൻഷുറൻസ് ഏർപ്പെടുത്തി. ഓരോ വ്യക്തിക്കും ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകി. ഈ സംരംഭത്തിന് പിന്നിലെ ചേതോവികാരം ഹൃദയസ്പർശിയാണ്. അപകടങ്ങളെ തുടർന്ന് കുടുംബങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നത് ഇവർ കണ്ടിരുന്നു. അത്തരം സമയങ്ങളിൽ, ചെറിയ തുകയുടെ സഹായം പോലും വലിയ പിന്തുണയായി മാറുന്നു.
സുഹൃത്തുക്കളേ, രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ ഒരു ഇൻഷ്വറൻസ് സുരക്ഷാ കവചം നൽകുകയാണ്. പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന. ഇതിൽ വെറും 20 രൂപയുടെ വാർഷിക പ്രീമിയം അതായത് പ്രതിവർഷം വെറും 20 രൂപയുടെ പ്രീമിയം വഴി 2 ലക്ഷം രൂപവരെ അപകട ഇൻഷുറൻസ് നൽകുന്നു. ഇതുവരെ 58 കോടിയിലധികം ആളുകൾ ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. ഇതിൽ ഏകദേശം 28 കോടി പേർ നമ്മുടെ അമ്മമാരും സഹോദരിമാരും പെൺമക്കളുമായ സ്ത്രീകളാണ്. ഈ പദ്ധതി പ്രകാരം കുടുംബങ്ങൾക്ക് ഇതുവരെ 3,700 കോടിയിലധികം രൂപയുടെ സഹായം ലഭിച്ചു.
സുഹൃത്തുക്കളേ, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയും (PMJJBY) ഇതുപോലെ പ്രധാനമാണ്. ദാരുണമായ മരണം സംഭവിച്ചാൽ ഒരു വ്യക്തിയുടെ കുടുംബത്തിന് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണിത്. ഇതിന്റെ വാർഷിക പ്രീമിയം വെറും ₹436 ആണ്, അതായത് ഒരു ദിവസം കഷ്ടിച്ച് ഒന്നര രൂപ. ഇതുവരെ 27 കോടിയിലധികം ആളുകൾ ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. ഈ പദ്ധതി പ്രകാരം, രാജ്യത്തുടനീളമുള്ള ഏകദേശം 11 ലക്ഷം കുടുംബങ്ങൾക്ക് ഏകദേശം ₹22,000 കോടിയുടെ സഹായം ലഭിച്ചു. ഇതെല്ലാം വളരെ വലിയ കണക്കുകൾ ആണ്. ഈ കണക്കുകൾക്ക് പിന്നിൽ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കഥകളുണ്ട്. ഒരിടത്ത് ഒരമ്മ തന്റെ കുട്ടികളുടെ വിദ്യാഭ്യാസം തുടരുന്നതിനുള്ള സഹായം കണ്ടെത്തി, മറ്റൊരിടത്ത് ഒരു ഭാര്യ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനുള്ള പിന്തുണ കണ്ടെത്തി. സുഹൃത്തുക്കളേ, പലപ്പോഴും ഒരു ചെറിയ തുകയിൽ നിന്നും ഒരു ചെറിയ ചുവടുവെപ്പിൽ നിന്നും വലിയ സുരക്ഷ ആരംഭിക്കാം; ഒരു ചെറിയ തീരുമാനം പോലും വലിയ മാറ്റമുണ്ടാക്കും. ഈ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ കുടുംബങ്ങളുമായി പങ്കിടാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, "മൻ കി ബാത്തിൽ", ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതും ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയതുമായ ഒരു വിഷയം നമുക്കിപ്പോൾ ചർച്ച ചെയ്യാം. അത് അന്ധവിശ്വാസത്തെക്കുറിച്ചാണ്. അന്ധവിശ്വാസം പലപ്പോഴും വെറുമൊരു തെറ്റിദ്ധാരണയല്ല. അത് ഭയം സൃഷ്ടിക്കുന്നു, ഭയം മനസ്സിനെ കീഴടക്കിക്കഴിഞ്ഞാൽ, ഒരു വ്യക്തി യാഥാർത്ഥ്യം തിരിച്ചറിയുന്നില്ല. അന്ധവിശ്വാസത്തിൽ മുഴുകിയ ആളുകൾ, യുക്തിയ്ക്കും സത്യത്തിനും നിരക്കാത്ത തീരുമാനങ്ങൾ കൈക്കൊള്ളുന്നു അതിന്റെ ഭവിഷ്യത്ത് അവർ അനുഭവിക്കുകയും ചെയ്യുന്നു. വലിയ ദോഷം വരുത്തുന്ന തീരുമാനങ്ങൾ അവർ എടുക്കാൻ തുടങ്ങുന്നു. അതേസമയം, ശാസ്ത്രം, അനുഭവം, യുക്തി എന്നിവയെ അടിസ്ഥാനമാക്കി ഈ വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നവരും സമൂഹത്തിലുണ്ട്. അന്ധവിശ്വാസത്തിൽ നിന്ന് വിശ്വാസത്തിലേക്കുള്ള ഈ യാത്ര എളുപ്പമല്ല, ഇന്ന് ഞാൻ നിങ്ങളോട് അത്തരമൊരു വിജയകരമായ യാത്രയെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ, അസമിൽ അപൂർവമായി കാണപ്പെടുന്ന ഒരു പക്ഷിയാണ് 'ഹർഗില'. ചുറ്റുപാടുകളെ ശുചിയാക്കുന്നതിൽ 'ഹർഗില' ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, വളരെക്കാലമായി, അസമിലെ ചില പ്രദേശങ്ങളിൽ, ഇവയെ അശുഭകരമായി കണക്കാക്കിയിരുന്നു. ആളുകൾ ഇതിനെ ചുറ്റുവട്ടത്ത് കാണാൻ ഇഷ്ടപ്പെട്ടിരുന്നില്ല. പലപ്പോഴും, ഹർഗിലയുടെ കൂടുകൾ നിർമ്മിച്ച മരങ്ങൾ പോലും വെട്ടിമാറ്റപ്പെട്ടു. അതായത്, പരിസ്ഥിതി വൃത്തിയാക്കാൻ സഹായിക്കുന്ന പക്ഷിയായ ഹർഗില, ആളുകളുടെ ഭയത്തിന് ഇരയായിത്തീർന്നു. ബയോളജിസ്റ്റായ പൂർണിമ ദേവി ബർമൻ ഇതെല്ലാം കാണാൻ ഇടയായി. ആളുകളുടെ മനസ്സിൽ പതിഞ്ഞ തെറ്റിദ്ധാരണകൾ മാറ്റാൻ അവർ തീരുമാനിച്ചു. സ്ത്രീകളോട് സംസാരിച്ചു, ശാസ്ത്രീയമായി വിശദീകരിച്ചു, ക്രമേണ സ്ത്രീകൾ ഈ പ്രചാരണത്തിൽ പങ്കുചേരാൻ തുടങ്ങി. അങ്ങനെ ഇത് വലിയ ഒരു മാറ്റത്തിന് തുടക്കംകുറിച്ചു. ഒരുകാലത്ത് അശുഭകരമായി കണക്കാക്കപ്പെട്ടിരുന്നതും ആട്ടിയോടിക്കപ്പെട്ടതുമായ പക്ഷി ഗ്രാമങ്ങളുടെ ശുഭസൂചകമായി മാറി. ആയിരക്കണക്കിന് ഗ്രാമീണ സ്ത്രീകൾ ഹർഗിലയെ രക്ഷിക്കാൻ മുന്നോട്ടുവന്നു - ഇന്ന് ഇവർ "ഹർഗില ആർമി" എന്നറിയപ്പെടുന്നു. ഇതിനായി ഇവർ സമൂഹവുമായി ഏറ്റുമുട്ടി, സമൂഹത്തെ ബോധവൽക്കരിക്കാനും അന്ധവിശ്വാസം ഉപേക്ഷിക്കാനും അഹോരാത്രം പ്രവർത്തിച്ചു. ശരിയായ വിവരങ്ങൾ പ്രചരിപ്പിക്കുമ്പോൾ, പഴഞ്ചൻ ചിന്താഗതികൾക്ക് മാറ്റം വരുമെന്ന് അവർ തെളിയിച്ചു.
സുഹൃത്തുക്കളേ, കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ ശോഭിക്കുമെന്ന് ഞാൻ മിക്കപ്പോഴും പറയാറുണ്ട്. ഇന്ന്, രാജ്യത്ത് കായിക വിനോദങ്ങളിൽ ഏർപ്പെടുകയും അതിൽ ശോഭിക്കുകയും ചെയ്യുന്ന യുവാക്കളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പെന്നത്തേക്കാളും കൂടുതൽ യുവാക്കൾ സ്പോർട്സിനെ ഒരു കരിയറായി സ്വീകരിക്കുന്നു. നാഗാലാൻഡിൽ വളരെ രസകരമായ രണ്ട് സംരംഭങ്ങളെക്കുറിച്ച് ഞാൻ മനസ്സിലാക്കി. ആദ്യത്തേത് 'നാഗാലാൻഡ് ബേബി ലീഗ്' ആണ്. പേര് സൂചിപ്പിക്കുന്നത് ഇത് വളരെ ചെറിയ കുട്ടികൾക്കുള്ള ഒരു സാധാരണ ലീഗാണെന്നാണ്, പക്ഷേ അങ്ങനെയല്ല. 5 മുതൽ 10-12 വയസ്സ് വരെ പ്രായമുള്ള കൊച്ചുകുട്ടികൾക്ക് വേണ്ടിയുള്ള ഒരു അസാധാരണ ലീഗാണിത്. ഇവർക്കിടയിലുള്ള ഫുട്ബോൾ കളിക്കാർക്കുള്ള ഒരു ലീഗാണിത്, ഇവരുടെ വേഗതയെയും കഴിവിനെയും പ്രചോദിപ്പിക്കുകയും ഇവരെ പ്രശസ്തിയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. നാഗാലാൻഡിലെ കഴിയുന്നത്ര കുട്ടികളെ ഫുട്ബോളുമായി ബന്ധിപ്പിക്കുന്നതിനാണ് ഇത് ആരംഭിച്ചത്. അഞ്ച് മുതൽ പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഈ ലീഗ് ഇപ്പോൾ മൂന്ന് വർഷം പൂർത്തിയാക്കി. കുട്ടികളുടെ മനസ്സിൽ ഇത് വളരെ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്.
സുഹൃത്തുക്കളേ, നാഗാലാൻഡിൽ മറ്റൊരു നല്ല സംരംഭം നടക്കുന്നുണ്ട്. അതിന്റെ പേര് 'നാഗാലാൻഡ് വിമൻ ഫുട്സൽ ലീഗ്' എന്നാണ്, ഈ 'ഫുട്സൽ' നിങ്ങൾക്ക് ഒരു പുതിയ വാക്കായിരിക്കാം, ഇനി ഞാൻ നിങ്ങളോട് പറയട്ടെ ഫുട്സലിനെ ഇൻഡോർ ഫുട്ബോൾ എന്നും വിളിക്കാറുണ്ട്. ഇതിൽ, ഒരു ടീമിൽ അഞ്ച് കളിക്കാർ മാത്രമേയുള്ളൂ. കളിക്കളവും ഫുട്ബോൾ മൈതാനത്തേക്കാൾ വളരെ ചെറുതാണ്. ഇക്കാരണത്താൽ, കളിക്കാർ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അവർ അവരുടെ ടെക്നിക്കും കഴിവുകളും നന്നായി ഉപയോഗിക്കേണ്ടതുണ്ട്. നാഗാലാൻഡിലെ ഈ വനിതാ ഫുട്സൽ ലീഗ് നമ്മുടെ പെൺമക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ നല്ലൊരു അവസരം നൽകുന്നു. ഇത്തരം സംരംഭങ്ങൾക്ക് നാഗാലാൻഡിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഇത്തരം ശ്രമങ്ങൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്കും പ്രചോദനം നൽകുന്നു.
സുഹൃത്തുക്കളേ, ഇത് സാങ്കേതികവിദ്യയുടെ യുഗമാണ്. ഓരോ ദിവസവും പുതിയ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. പുതിയ എഐ നൂതനാശങ്ങൾ ഉയർന്നുവരുന്നു. ഈ കാലഘട്ടത്തിൽ, ഒരു നിർണായക ചോദ്യം ഇതാണ്: ആളുകളുടെ സർഗ്ഗാത്മകത എങ്ങനെ സംരക്ഷിക്കാം? പുതിയ സാങ്കേതികവിദ്യയുമായി മുന്നേറുമ്പോൾ നമ്മുടെ വേരുകളുമായി നമുക്ക് എങ്ങനെ ബന്ധം നിലനിർത്താം? നളന്ദ സർവകലാശാല ഈ ചോദ്യങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തി. ആയിരക്കണക്കിന് വർഷം പഴക്കമുള്ള നമ്മുടെ നളന്ദ സർവകലാശാല ഇപ്പോൾ പുതിയ ഭാരതത്തിന്റെ ഭാവി രൂപപ്പെടുത്തുകയാണ്. രണ്ട് വർഷം മുമ്പ്, നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. നളന്ദ സർവകലാശാല നമ്മുടെ പുരാതന സംവാദ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിച്ചു. സംവാദം ഒരാളുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാധ്യമം മാത്രമല്ല; അത് ചർച്ചയുടെയും ആലോചനയുടെയും ഒരു അച്ചടക്കമുള്ള പ്രക്രിയയാണ്. യുക്തിയും വസ്തുതകളും ഉപയോഗിച്ച് ഒരാളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കേണ്ടത് നിർണായകമാണ്, ഒരാൾ അതിൽ പ്രാവീണ്യം നേടണം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ക്ഷമയോടെ കേൾക്കാനും മനസ്സിലാക്കാനും ഈ സംവാദ പ്രക്രിയ നമ്മെ പഠിപ്പിക്കുന്നു. നളന്ദ സർവകലാശാല, ഈ സംവാദത്തെ ബിരുദദാന സമ്മേളനത്തിന്റെ ഭാഗമാക്കിയതിൽ എനിക്ക് സന്തോഷമുണ്ട്. പങ്കെടുക്കുന്ന വിദ്യാർത്ഥികളിൽ പകുതിയോളം പേരും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. ഒരു പുരാതന പാരമ്പര്യത്തെ ആധുനിക കാലവുമായി ബന്ധിപ്പിക്കാനുള്ള ഈ ശ്രമം വളരെ പ്രശംസനീയമാണ്. ഇതിനായി നളന്ദ സർവകലാശാലയെ ഞാൻ അഭിനന്ദിക്കുന്നു. രാജ്യത്തെ മറ്റ് സർവകലാശാലകളും ഇത്തരം സംരംഭങ്ങൾ പരിഗണിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളേ, വേരുകൾ തൊട്ടുനിന്നുകൊണ്ട് യുവാക്കളെ പുതിയ സാങ്കേതികവിദ്യകൾക്കായി സജ്ജമാക്കുന്നതിനുള്ള മറ്റൊരു നല്ല ശ്രമം കൂടി നടക്കുന്നുണ്ട്. ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര സംസ്‌കൃത സർവകലാശാല, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് എന്നിവയിൽ ഒരു ബി.ടെക് പ്രോഗ്രാം ആരംഭിക്കാൻ പോകുന്നു. ആധുനിക സാങ്കേതികവിദ്യയെ ഭാരതത്തിന്റെ പരമ്പരാഗത അറിവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. ഭാരതീയ ഭാഷകൾക്കായി പുതിയ എഐ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിന് ഇത് സഹായിക്കും. നമ്മുടെ പുരാതന ഗ്രന്ഥങ്ങളും കൈയെഴുത്തുപ്രതികളും ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കുന്നതിനും പുതിയ വേഗത കൈവരും. ഈ ശ്രമത്തിന് കേന്ദ്ര സംസ്‌കൃത സർവകലാശാലയെ ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് ഭാരത സംസ്കാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നു. ലോകമെമ്പാടുമുള്ള ആളുകൾ നമ്മുടെ ഗീതം, സംഗീതം, ആദ്ധ്യാത്മികത എന്നിവ മനസ്സിലാക്കുകയും സ്വായത്തമാക്കുകയും ചെയ്യുന്നു. ഭാരതത്തിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ, കരീബിയൻ കടലിൽ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നൊരു രാജ്യം സ്ഥിതിചെയ്യുന്നു. അവിടെയുള്ള ഇന്ത്യക്കാരുടെ എണ്ണം ഏകദേശം 100 ആണ്, ഒരുപക്ഷേ അതിലും കുറവാണ്. എങ്കിലും, ഭാരതീയ സംസ്കാരത്തോടും ആദ്ധ്യാത്മികതയോടും ബന്ധപ്പെട്ട് വളരെ നല്ല ഒരു ഉദ്യമം അവിടെ നടക്കുന്നുണ്ട്. സ്പാനിഷ് സംസാരിക്കുന്ന കുറച്ച് ആളുകൾ ചേർന്ന് "ബ്രഹ്മകമൽ ഡൊമിനിക്കാന" എന്ന പേരിൽ ഒരു ടീം രൂപീകരിച്ചിട്ടുണ്ട്. ടീം അംഗങ്ങൾ ഒരുമിച്ച് വൈദിക സാഹിത്യം പഠിക്കുന്നു. വേദ മന്ത്രങ്ങൾ ഉച്ചരിക്കാനും അവർ പഠിക്കുന്നു. അവർക്ക് ഔപചാരിക പരിശീലനം ലഭിച്ചിട്ടില്ല, പക്ഷേ ഓഡിയോ റെക്കോർഡിംഗുകൾ കേട്ട് വേദ മന്ത്രങ്ങളുടെ ശരിയായ ഉച്ചാരണം അവർ പഠിച്ചിട്ടുണ്ട്. ഇന്ന്, അവർക്ക് നിരവധി മന്ത്രങ്ങൾ നന്നായി ജപിക്കാൻ കഴിയും. പുരുഷ സൂക്തം, ശ്രീ സൂക്തം, ശ്രീ രുദ്രം, ദുർഗ്ഗാ സൂക്തം, ദേവീ മാഹാത്മ്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഭാരതത്തിൽ നിന്ന് വളരെ അകലെ താമസിച്ചുകൊണ്ട് നമ്മുടെ പാരമ്പര്യങ്ങൾ പഠിക്കാനുള്ള അവരുടെ ശ്രമങ്ങൾ വളരെ പ്രചോദനാത്മകമാണ്. "ബ്രഹ്മകമൽ ഡൊമിനിക്കാന"യിലെ എല്ലാ അംഗങ്ങൾക്കും അവരുടെ ശ്രമങ്ങൾക്കും ഞാൻ ആശംസകൾ നേരുന്നു. ലോകമെമ്പാടും ഭാരത സംസ്കാരത്തെ ജനപ്രിയമാക്കാൻ നിരന്തരം ശ്രമിക്കുന്ന എല്ലാവരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മേഘാലയ മേഘങ്ങൾക്കും മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ടതാണ്. മേഘാലയ സന്ദർശിക്കുന്ന ഏതൊരാളും അവിടുത്തെ ജനങ്ങളുടെ ആതിഥ്യമര്യാദ ദീർഘകാലം ഓർക്കും. മേഘാലയയ്ക്ക് മറ്റൊരു പ്രത്യേകതയുണ്ട്, അത് 'മൻ കി ബാത്തി'ൽ ഞാൻ നിങ്ങളുമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു. മേഘാലയയുടെ വേരുപാലങ്ങൾ. ഇത് ഒരു സാധാരണ പാതയല്ല, വേരുകൾകൊണ്ടുള്ള പാതയാണ്. ഈ വേരുപാലങ്ങളുടെ കഥ വളരെ രസകരമാണ്. ഈ പാലങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിലോ വർഷങ്ങളിലോ നിർമ്മിക്കപ്പെടുന്നില്ല; അവ വികസിക്കാൻ പതിറ്റാണ്ടുകൾ എടുക്കും. റബ്ബർ മരങ്ങളുടെ വേരുകളെ നയിച്ച് നീർച്ചാലുകൾക്ക് കുറുകെ കൊണ്ടുപോകുന്നു. കാലക്രമേണ, ആ വേരുകൾ ശക്തമായ ഒരു പാലത്തിന്റെ രൂപമെടുക്കുന്നു. ഈ പാലങ്ങൾക്ക് മറ്റൊരു പ്രത്യേകതയുണ്ട്: അവ ജീവനുള്ള പാലങ്ങളാണ്. കാലക്രമേണ അവ കൂടുതൽ ശക്തമാകുന്നു. മേഘാലയയിലെ ജനങ്ങളുടെ സർഗ്ഗാത്മകതയെ അവ പ്രതിഫലിപ്പിക്കുന്നു. അവയ്ക്ക് പിന്നിൽ വർഷങ്ങളുടെ ക്ഷമയും പ്രകൃതിയോടുള്ള ആദരവും ഉണ്ട്. പ്രകൃതിയുമായി സഹകരിച്ച് മനുഷ്യർക്ക് എത്രമാത്രം അത്ഭുതകരമായ കാര്യങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഈ പാലങ്ങൾ പറഞ്ഞുതരുന്നു. അവ നമ്മുടെ രാജ്യത്തിന്റെ, ഈ ഭൂമിയുടെ പൈതൃകമാണ്. മേഘാലയയുടെ വേരുപാലങ്ങളെ UNESCOയുടെ ലോക പൈതൃക കേന്ദ്ര ശൃംഖലയിൽ ഉൾപ്പെടുത്താൻ ഭാരതം ഇപ്പോൾ അപേക്ഷ നൽകിയിട്ടുണ്ട്.
സുഹൃത്തുക്കളേ, കാലാവസ്ഥാ വ്യതിയാനം കാരണം ഈ വേരുപാലങ്ങൾ നിരവധി വെല്ലുവിളികൾ നേരിടുന്നു. അത്തരം സന്ദർഭങ്ങളിൽ, മേഘാലയയിലെ ജനങ്ങൾ ഈ പ്രകൃതി പൈതൃകം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭംഗിയായി1 നിറവേറ്റിയിട്ടുണ്ട്. മുമ്പ്, അത്തരം പാലങ്ങളുടെ എണ്ണം പോലും നിർണ്ണയിക്കാൻ ബുദ്ധിമുട്ടായിരുന്നു. നാട്ടുകാർ അവ എണ്ണാൻ തുടങ്ങി. തുടർന്ന്, ഈ പാലങ്ങൾ പരിപാലിക്കേണ്ട ഉത്തരവാദിത്തം അവർ ഏറ്റെടുത്തു. ഇന്ന്, 120-ലധികം വേര് പാലങ്ങൾ നാട്ടുകാർ പരിപാലിക്കുന്നു. ഈ പാലങ്ങളുടെ അവസ്ഥ വർഷം തോറും ടീമുകൾ പരിശോധിക്കുന്നു. ചുറ്റുമുള്ള പ്രദേശം ശക്തിപ്പെടുത്തുന്നതിനായി മറ്റുള്ളവർ നഴ്സറികൾ പോലും സൃഷ്ടിച്ചിട്ടുണ്ട്. അങ്ങനെ, അവയുടെ സംരക്ഷണത്തിനായി ഒരു പൂർണ്ണ ആവാസവ്യവസ്ഥയും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾ ശ്രദ്ധിച്ചിരിക്കാം, ഈ വർഷം ഹാലി വാറിന് പത്മ അവാർഡ് നൽകി ആദരിച്ചു. ഈ വേര് പാലങ്ങൾ പരിപാലിക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതത്തിന്റെ 50 വർഷത്തിലധികം നീക്കിവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സമർപ്പണം നമുക്കെല്ലാവർക്കും പ്രചോദനപ്രദമാണ്. സുഹൃത്തുക്കളേ, നിങ്ങൾ എപ്പോഴെങ്കിലും ഈ വേര് പാലങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിൽ, ദയവായി അവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കിടുക. മേഘാലയയുടെ ഈ അതുല്യ പൈതൃകത്തെക്കുറിച്ച് അറിയാൻ നിങ്ങളുടെ ഫോട്ടോകൾ മറ്റുള്ളവരെ പ്രചോദിപ്പിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ ഗ്രാമങ്ങൾ വൃത്തിയായിരിക്കണമെന്നും നമ്മുടെ നഗരങ്ങൾ മനോഹരമായി കാണണമെന്നും നാമെല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ നമുക്ക് ചുറ്റും അടിഞ്ഞുകൂടുന്ന മാലിന്യം ആരാണ് വൃത്തിയാക്കുന്നതെന്ന് നമ്മൾ വല്ലപ്പോഴുമെങ്കിലും ചിന്തിക്കാറില്ലേ? മിക്ക ആളുകളും ഇത് മറ്റൊരാളുടെ ഉത്തരവാദിത്തമാണെന്നും മറ്റാരെങ്കിലും വൃത്തിയാക്കുമെന്നും കരുതുന്നു. എന്നാൽ, തങ്ങളുടെ ചിന്തയിലൂടെ നമ്മെ പ്രചോദിപ്പിക്കുന്ന ചിലർ നമുക്കിടയിലുണ്ട്. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ബിയോറയിൽ നിന്നുള്ള ചില സഹോദരിമാരെക്കുറിച്ച് അറിയാൻ എനിക്ക് അവസരം ലഭിച്ചു. ചുറ്റുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ അവർ ദൃഢനിശ്ചയം ചെയ്തു. അവർ മാറ്റം വരുത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അവർ നഗരത്തിലുടനീളമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ഒഴിഞ്ഞ കുപ്പികളും ശേഖരിക്കാൻ തുടങ്ങി. ക്രമേണ, ഈ ശ്രമം പുരോഗമിച്ചു, തുടർന്ന് പ്ലാസ്റ്റിക്, ഇക്കോ-ബ്രിക്ക് ആക്കി മാറ്റാൻ തുടങ്ങി. ഇന്ന്, പൊതു ഇടങ്ങൾ മനോഹരമാക്കാൻ ഈ ഇക്കോ-ബ്രിക്ക് ഉപയോഗിക്കുന്നു. രാജ്ഗഡിൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി നൂറുകണക്കിന് കിലോ പ്ലാസ്റ്റിക് കാര്യക്ഷമമായി പുനരുപയോഗിച്ചു. ഇതിനർത്ഥം, ഒരുകാലത്ത് നഗരത്തെ മലിനമാക്കിയ പ്ലാസ്റ്റിക്, ഈ സഹോദരിമാരുടെ ശ്രമഫലമായി, നഗരത്തിന്റെ സൗന്ദര്യത്തിന് സംഭാവന നൽകുന്ന രീതിയിലേയ്ക്ക് മാറിയെന്നാണ്. ബീവാറിലെ എല്ലാ സഹോദരിമാരെയും ഈ കാമ്പെയ്‌നിൽ ഉൾപ്പെട്ട എല്ലാ കൂട്ടുകാരെയും ഞാൻ അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഒരു പ്രത്യേക വിഷയത്തെപ്പറ്റി സംസാരിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് പലരും എനിക്ക് കത്തെഴുതിയിട്ടുണ്ട്. ഈ വിഷയം ഗണേശോത്സവവുമായി ബന്ധപ്പെട്ടതാണ്. ഗണേശോത്സവത്തിന് ഇനിയും ഒരുപാട് നാളുകളുണ്ടെങ്കിലും, ഈ വിഷയത്തെപ്പറ്റി തന്നെ സംസാരിക്കണമെന്ന് ആളുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. വാസ്തവത്തിൽ, ഗണേശ വിഗ്രഹങ്ങൾ നിർമ്മിക്കുന്ന ജോലി വളരെ മുമ്പുതന്നെ ആരംഭിക്കുന്നു. വിഗ്രഹ നിർമ്മാതാക്കളും വിഗ്രഹ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവരും ഇപ്പോൾ മുതൽ സജീവമാകും. അതിനാൽ, നിങ്ങളോട് എല്ലാവരോടും എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്: നിങ്ങളുടെ വീട്ടിലോ, സമൂഹത്തിലോ, പരിസര പ്രദേശങ്ങളിലോ സ്ഥാപിച്ചിരിക്കുന്ന ഗണപതി വിഗ്രഹം നമ്മുടെ നാട്ടിൽ നിന്നുള്ള മണ്ണിൽ നിന്ന് നിർമ്മിച്ചതാണെന്നും, നമ്മുടെ മൺവിഗ്രഹ നിർമ്മാതാക്കളും പ്രാദേശിക കലാകാരന്മാരും കൈകൊണ്ട് നിർമ്മിച്ചതാണെന്നും ഉറപ്പാക്കുക. ഗണേശ വിഗ്രഹങ്ങൾ നിർമ്മിക്കുന്നവർ മൺ വിഗ്രഹങ്ങൾക്ക് മുൻഗണന നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. വിഗ്രഹങ്ങൾ വാങ്ങുന്നവരും ഗണപതി വിഗ്രഹം എന്തുകൊണ്ട് നിർമ്മിച്ചതാണെന്നും ഏത് രാജ്യത്തു നിർമ്മിച്ചതാണെന്നും പരിശോധിക്കണം. പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച വിഗ്രഹങ്ങൾ ഒഴിവാക്കുക. സുഹൃത്തുക്കളേ, ആരാധനയ്ക്ക് ശേഷം മൺ വിഗ്രഹങ്ങൾ വെള്ളത്തിൽ എളുപ്പത്തിൽ ലയിക്കുന്നു. ഇത് നമ്മുടെ നദികളെയും കുളങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നു. നമ്മുടെ വിശ്വാസം സംരക്ഷിച്ചുകൊണ്ട്, പ്രകൃതിയോടുള്ള നമ്മുടെ ഉത്തരവാദിത്തം നിറവേറ്റുന്നു. പ്രാദേശിക കരകൗശല വിദഗ്ധരിൽ നിന്ന് വിഗ്രഹങ്ങൾ വാങ്ങുമ്പോൾ, 'വോക്കൽ ഫോർ ലോക്കൽ' എന്ന നമ്മുടെ ദൃഢനിശ്ചയത്തെ അത് ശക്തിപ്പെടുത്തുന്നു. ഇത്തവണ ഗണേശോത്സവത്തിലും മറ്റ് ഓരോ ഉത്സവത്തിലും ഇങ്ങനെയുള്ള എല്ലാ വിഷയങ്ങളും നമ്മൾ ഗൗരവമായി ചിന്തിക്കുകയും ദേശീയ താൽപ്പര്യം മുൻനിർത്തി നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇവിടുത്തെ ജനങ്ങളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചെറുതും വലുതുമായ ശ്രമങ്ങൾ നമ്മുടെ അനുഭവ പാഠങ്ങളാണ്. മനസ്സിൽ ദൃഢനിശ്ചയവും സമൂഹത്തിൽ നിന്നുള്ള പിന്തുണയും ഉണ്ടെങ്കിൽ, ഏത് വലിയ മാറ്റവും കൊണ്ടുവരാൻ കഴിയുമെന്ന് ഈ ശ്രമങ്ങൾ കാണിക്കുന്നു. നിങ്ങളുടെ ചുറ്റും നടക്കുന്ന അത്തരം ശ്രമങ്ങളെക്കുറിച്ച് ദയവായി എനിക്ക് എഴുതുന്നത് തുടരുക. നിങ്ങളുടെ ചിന്തകളും നിർദ്ദേശങ്ങളും അയയ്ക്കുക; ഒരുപക്ഷേ നിങ്ങൾക്കു ചുറ്റുമുള്ള ഒരു ചെറിയ സംരംഭംപോലും മുഴുവൻ രാജ്യത്തിനും പ്രചോദനമാകാം. അടുത്ത മാസം നമ്മൾ വീണ്ടും ഒത്തുചേരും. നമ്മുടെ നാട്ടുകാരുടെ ചില പുതിയ ശ്രമങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യും. അതുവരെ, നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും പരിപാലിക്കുക, അതെ! ജലസംഭരണം ചെയ്യുകതന്നെവേണം. നമ്മൾ ഓരോ തുള്ളി മഴവെള്ളവും സംരക്ഷിക്കണം. 'ക്യാച്ച് ദ റെയിൻ' എന്ന കാമ്പെയ്‌നിന് അൽപ്പം പോലും മങ്ങലേൽക്കാൻ അനുവദിക്കരുത്. അതിനാൽ എന്റെ പ്രത്യേക അഭ്യർത്ഥന, നാമെല്ലാവരും ഒരുമിച്ച് ഓരോ തുള്ളി മഴവെള്ളവും സംരക്ഷിക്കണം എന്നതാണ്. വളരെ നന്ദി. നമസ്കാരം.
-SK-
(रिलीज़ आईडी: 2278563)
आगंतुक पटल : 31
इस विज्ञप्ति को इन भाषाओं में पढ़ें:
Gujarati
,
Odia
,
Telugu
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Tamil
,
Kannada