യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം: രാജ്യവ്യാപക ക്വിസ് മത്സരത്തിന് 'മൈ ഭാരത്' തുടക്കം കുറിക്കുന്നു

ലഹരിമുക്ത ഇന്ത്യ: യുവതലമുറയെ അണിനിരത്തി 'നശാ മുക്ത് യുവ ഫോർ വികസിത ഭാരത്' ക്വിസ് മത്സരം

രാജ്യവ്യാപകമായ പ്രചാരണത്തിൻ്റെ ഔദ്യോഗിക ശബ് ദമാകാൻ ലഹരിമുക്ത ഗീതം

प्रविष्टि तिथि: 25 JUN 2026 6:17PM by PIB Thiruvananthpuram

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26-ന് രാജ്യത്തെ യുവാക്കൾക്കായി കായിക-യുവജന മന്ത്രാലയവും മേരാ യുവ ഭാരതും  സംയുക്തമായി ദേശീയ 'നശാ മുക്തി ക്വിസ്'സംഘടിപ്പിക്കും . രാജ്യവ്യാപകമായി നടപ്പിലാക്കുന്ന 'നശാ മുക്ത് യുവ ഫോർ വികസിത ഭാരത്' പ്രചാരണത്തിൻ്റെ    ഭാഗമായാണ് ഈ ഡിജിറ്റൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് യുവതലമുറയിൽ അവബോധം വളർത്താനും, ആരോഗ്യകരവും ലഹരിമുക്തവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പരിപാടി.
 


2026 ജൂൺ 26 മുതൽ ജൂലൈ 15 വരെ രാജ്യത്തുടനീളമുള്ള യുവാക്കൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും . ലഹരി ഉപയോഗത്തിൻ്റെ   സാമൂഹിക- ആരോഗ്യ പ്രത്യാഘാതങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ, ലഹരിമുക്ത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ കൂട്ടായ പ്രവർത്തനങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള അറിവ് പങ്കുവെക്കുന്ന ആകർഷകമായ ഡിജിറ്റൽ ഫോർമാറ്റിലാണ് ക്വിസ് ഒരുക്കിയിരിക്കുന്നത്. മത്സരത്തിൽ വിജയിക്കുന്നവർക്ക് ദേശീയതലത്തിൽ പ്രത്യേക അംഗീകാരങ്ങൾ നൽകും.

വികസിത ഇന്ത്യ @2047 എന്ന മഹത്തായ ലക്ഷ്യം കൈവരിക്കാൻ ഊർജ്ജസ്വലരും ആരോഗ്യവാന്മാരുമായ യുവതലമുറയെ  വാർത്തെടുക്കുന്നതിനായി യുവജനകാര്യ, കായിക മന്ത്രാലയത്തിൻ്റെ   രാജ്യവ്യാപക സംരംഭമായ "വിക്‌സിത് ഭാരതിനായി നശാ മുക്ത് യുവ" എന്ന പ്രചാരണപരിപാടിക്ക്‌   തുടക്കം കുറിക്കുന്നതാണ് ക്വിസ്. ഡിജിറ്റൽ പങ്കാളിത്തവും പ്രാദേശിക കൂട്ടായ്മകളും സംയോജിപ്പിച്ചാണ് ഈ ലഹരിവിരുദ്ധ ജനകീയ മുന്നേറ്റം രാജ്യമൊട്ടാകെ വ്യാപിക്കുന്നത്.

ഈ പ്രചാരണപരിപാടിക്ക്‌  ഏകീകൃത ശബ്ദം നൽകുന്നതിനും സൃഷ്ടിപരമായ ആവിഷ്‌കാരത്തിലൂടെ യുവാക്കളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമായി, മന്ത്രാലയം 2026 ജൂൺ 26 മുതൽ ജൂലൈ 6 വരെ മൈ  ഭാരത് പോർട്ടലിൽ രാജ്യവ്യാപകമായി ലഹരിമുക്ത  ഗീതത്തിനായുള്ള  ചിന്തകളും ആശയങ്ങളും  സമാഹരിക്കും. ലഹരിമുക്ത  ഇന്ത്യയെന്ന  സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിനായി ലഹരിമുക്ത   ഗാനത്തിൻ്റെ   വികസനത്തിന് സംഭാവന നൽകാൻ കഴിയുന്ന സൃഷ്ടിപരമായ ആശയങ്ങൾ, തീമുകൾ, മുദ്രാവാക്യങ്ങൾ, വരികൾ, സന്ദേശങ്ങൾ എന്നിവ സമർപ്പിക്കാൻ രാജ്യത്തുടനീളമുള്ള യുവാക്കളെ ക്ഷണിക്കും.

മൈ ഭാരത്  പോർട്ടൽ വഴി രാജ്യമെമ്പാടുമുള്ള യുവാക്കളിൽ നിന്ന് ലഭിക്കുന്ന എൻട്രികൾ അതീവ പ്രാധാന്യത്തോടെയാണ് മന്ത്രാലയം വിലയിരുത്തുന്നത്. ഇന്ത്യയിലെ പ്രശസ്തരായ സംഗീതജ്ഞരും സാംസ്കാരിക പ്രമുഖരും അടങ്ങുന്ന ഒരു ദേശീയ ജൂറി ആയിരിക്കും ഈ ആശയങ്ങളും വരികളും പരിശോധിച്ച് മികച്ചവ തിരഞ്ഞെടുക്കുന്നത്.

ജൂൺ 26-ന് ആരംഭിക്കുന്ന ക്വിസ് മത്സരങ്ങൾക്ക് പിന്നാലെ രാജ്യത്തുടനീളം വിപുലമായ ജനബോധവൽക്കരണ പരിപാടികൾ അരങ്ങേറും . കായിക-യുവജന മന്ത്രാലയത്തിൻ്റെ   നേതൃത്വത്തിൽ യുവാക്കളുടെ സർഗ്ഗാത്മക ശേഷി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മത്സരങ്ങളും അനുബന്ധ പരിപാടികളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.

 നാടൻപാട്ടുകൾ, മൈം , ഹ്രസ്വചിത്രങ്ങൾ, സോഷ്യൽ മീഡിയ റീൽസ് മത്സരങ്ങൾ, പെയിൻ്റിംഗ്, സംവാദങ്ങൾ, മുദ്രാവാക്യം എഴുത്ത്  എന്നീ  മത്സരങ്ങളെക്കൂടാതെ  നശാ മുക്ത് ഭാരത് പ്രതിജ്ഞ, യൂത്ത് ക്ലബ്ബുകളുടെ രൂപീകരണം, പിയർ സപ്പോർട്ട് ഗ്രൂപ്പുകൾ, 'ഫിറ്റ് ഇന്ത്യ' മൂവ്‌മെൻ്റിൻ്റെ    ഭാഗമായുള്ള കായിക പരിപാടികൾ, വിദഗ്ധരുമായുള്ള ചർച്ചകൾ, കൗൺസിലിംഗ് സെഷനുകൾ, സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾ എന്നീ തുടർപ്രവർത്തനങ്ങളും  2026 ജൂലൈ 13 മുതൽ ജൂലൈ 23 വരെ സംഘടിപ്പിക്കും.

2026 ആഗസ്റ്റ് 14-ന് ന്യൂഡൽഹിയിൽ നടക്കുന്ന 'ദേശീയ നശാ മുക്തി യുവ കോൺക്ലേവോടെ' കാമ്പെയ്‌ൻ സമാപിക്കും. വിവിധ മത്സരങ്ങളിൽ രാജ്യത്തിൻ്റെ   വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന  പ്രതിഭകൾ ഈ കോൺക്ലേവിൽ ഒത്തുചേരും.

ആരോഗ്യകരവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു ലഹരിമുക്ത ഇന്ത്യ കെട്ടിപ്പടുക്കാനും അതുവഴി  'വികസിത ഇന്ത്യ' എന്ന സ്വപ്നത്തിലേക്ക് ഒരുമിച്ച്  മുന്നേറാനുമായി രാജ്യത്തെ ഓരോ യുവാവിനും ഈ കാമ്പെയ്‌ൻ്റെ   ഭാഗമാകാം.അതിനായി ,മൈ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ദേശീയ നശാ മുക്തി ക്വിസിൽ പങ്കെടുക്കുക, ഒപ്പം നശാ മുക്തി ഗീതത്തിനായുള്ള നിങ്ങളുടെ ആശയങ്ങളും വരികളും താഴെക്കാണുന്ന ലിങ്ക് വഴി  സമർപ്പിക്കുക.

രജിസ്റ്റർ ചെയ്യേണ്ട വിലാസം : https://mybharat.gov.in/

***


(रिलीज़ आईडी: 2278154) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Tamil , Kannada