ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

'ജൽ സഞ്ചയ് ജൻ ഭാഗീദാരി 2.0' പോർട്ടലിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള സമയപരിധി ജൽ ശക്തി മന്ത്രാലയം നീട്ടി

प्रविष्टि तिथि: 25 JUN 2026 8:37PM by PIB Thiruvananthpuram

ജൽ സഞ്ചയ് ജൻ ഭാഗീദാരി (JSJB) 2.0 പദ്ധതിക്ക് കീഴിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ജലസംരക്ഷണം, മഴവെള്ള സംഭരണം, ഭൂഗർഭജല റീചാർജിംഗ്, ജലസംഭരണ പ്രവൃത്തികൾ എന്നിവയെക്കുറിച്ച് രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും JSJB 2.0 പോർട്ടലിൽ പങ്കുവെക്കുന്നതിനായുള്ള സമയപരിധി ജൽ ശക്തി മന്ത്രാലയം നീട്ടി. പൊതുജനങ്ങൾക്ക് 2026 ജൂലൈ 31 വരെ ഇതിനായി സമയം ലഭിക്കും. പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആസ്തികളെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ താൽപ്പര്യമുള്ള പൗരന്മാർക്ക് പോർട്ടൽ വഴി നിരീക്ഷണങ്ങൾ സമർപ്പിക്കാവുന്നതാണ്.

 

 

പൊതുജന പങ്കാളിത്തത്തിലൂടെ ജലസംരക്ഷണത്തെ ഒരു യഥാർത്ഥ ജനകീയ മുന്നേറ്റമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, 2024 സെപ്റ്റംബർ 6-ന് ഗുജറാത്തിലെ സൂറത്തിൽ പ്രധാനമന്ത്രി വിഭാവനം ചെയ്ത രാജ്യവ്യാപക ജലസംരക്ഷണ പ്രസ്ഥാനത്തിൻ്റെ   പുരോഗതിയിൽ JSJB-യുടെ രണ്ടാം ഘട്ടം നിർണായക നാഴികക്കല്ലാണ് കൈവരിച്ചിരിക്കുന്നത്. 2026 മെയ് 31 വരെയുള്ള കണക്കനുസരിച്ച്, ഈ പദ്ധതിക്ക് കീഴിൽ രാജ്യത്തുടനീളം 1.5 കോടിയിലധികം മഴവെള്ള സംഭരണ, ഭൂഗർഭജല റീചാർജിംഗ്, ജലസംരക്ഷണ-സംഭരണ നിർമ്മിതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

പൗരന്മാർ, പ്രാദേശിക സമൂഹങ്ങൾ, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, ഗവണ്മെൻ്റ്  ഏജൻസികൾ, പൗര സമൂഹ സംഘടനകൾ, മറ്റ് പങ്കാളികൾ എന്നിവരുടെ കൂട്ടായ പരിശ്രമത്താൽ നയിക്കപ്പെടുന്ന JSJB, ജലസംരക്ഷണത്തിനായുള്ള ഒരു രാജ്യവ്യാപക ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുന്നു.

 

റിപ്പോർട്ട് ചെയ്യപ്പെട്ട പ്രവൃത്തികളെക്കുറിച്ച് പൗരന്മാർക്ക് അഭിപ്രായം നൽകാൻ അവസരമൊരുക്കുന്നതിലൂടെ JSJB 2.0 പോർട്ടലിലെ പൗര അഭിപ്രായ സംവിധാനം ജനപങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. വിലയേറിയ നിർദ്ദേശങ്ങളിലൂടെ, ഈ നിർമ്മിതികളുടെ അറ്റകുറ്റപ്പണികൾ നിർദേശിക്കാനും , അവയുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കാനും, ദീർഘകാല ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിന് സംഭാവന നൽകാനും പൗരന്മാർക്ക് സാധിക്കും.

 

പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ , പദ്ധതിക്ക് കീഴിൽ റിപ്പോർട്ട് ചെയ്ത ആസ്തികളുടെ പരിശോധനയ്ക്കും വിലയിരുത്തലിനും സഹായകരമാകും. ഈ പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കിയ കൃത്രിമ റീചാർജ്, ജല സംഭരണ പ്രവൃത്തികളുടെ എണ്ണത്തിൻ്റെ   അടിസ്ഥാനത്തിൽ ജില്ലകൾ, സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, മറ്റ് പങ്കാളികൾ എന്നിവർക്ക് അംഗീകാരം നൽകുന്നതിനാൽ, പൗരന്മാരുടെ ഈ പങ്കാളിത്തം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഈ സംവിധാനം റിപ്പോർട്ടിംഗിൻ്റെ   ഗുണനിലവാരവും വിശ്വാസ്യതയും വർദ്ധിപ്പിക്കുമെന്നും, നടപ്പാക്കലിൽ സുതാര്യത ഉറപ്പാക്കുമെന്നും, നിർമ്മിച്ച ഘടനകളുടെ ശരിയായ അറ്റകുറ്റപ്പണികളും സുസ്ഥിരമായ പ്രവർത്തനക്ഷമതയും ഉറപ്പാക്കാൻ ജില്ലകളെയും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും (ULBs) പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

 

പൗരന്മാർക്കും മറ്റ് തല്പരകക്ഷികൾക്കും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും JSJB 2.0 പോർട്ടൽ വഴി സമർപ്പിക്കാവുന്നതാണ്. (ലിങ്ക്: https://jsjb.mowr.gov.in/DashboardJsjb.aspx)

 

ഈ സംരംഭത്തിലൂടെ ജലസംരക്ഷണ നിർമ്മിതികളിൽ ജനങ്ങളുടെ ഉത്തരവാദിത്വo ശക്തിപ്പെടുത്താനും, സുസ്ഥിര ജലവിനിയോഗത്തിലേക്കും ജലസുരക്ഷയിലേക്കുമുള്ള രാജ്യവ്യാപക മുന്നേറ്റം കൂടുതൽ പ്രോത്സാഹിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു.

**


(रिलीज़ आईडी: 2278130) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Gujarati , Tamil