രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഒഡീഷ ഗവണ്മെൻ്റിൻ്റെ രണ്ടാം വാർഷികാഘോഷത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു; 47,600 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു

വികസനത്തിൻ്റെ നേട്ടങ്ങൾ ഓരോ ഗ്രാമത്തിലും ഓരോ കുടുംബത്തിലും ഓരോ പൗരനിലും എത്തുമ്പോഴേ അത് സാർത്ഥകമാകൂ- രാഷ്ട്രപതി ദ്രൗപദി മുർമു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഫലപ്രദമായ നേതൃത്വം ആഗോള തലത്തിൽ ഇന്ത്യയുടെ അന്തസ്സുയർത്തി- രാഷ്ട്രപതി

प्रविष्टि तिथि: 20 JUN 2026 6:58PM by PIB Thiruvananthpuram

ഒഡീഷ സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് മയൂർഭഞ്ച് ജില്ലയിലെ റായ്‌രംഗ്പൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പങ്കെടുത്തു. ഈ ചരിത്ര വേദിയിൽ, ഇരു നേതാക്കളും സംയുക്തമായി 60 വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും, 12 പുതിയ പദ്ധതികളുടെ തറക്കല്ലിടൽ നിർവ്വഹിക്കുകയും ചെയ്തു. ഊർജ്ജം, വ്യവസായ അടിസ്ഥാന സൗകര്യം, റോഡ് ഗതാഗതം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ജലസേചനം തുടങ്ങി വിവിധ മേഖലകളിലായി 47,600 കോടി രൂപയുടെ ബൃഹത് പദ്ധതികൾക്കാണ് ഇന്ന് തുടക്കം കുറിച്ചത്. മേഖലയിലെ പ്രാദേശിക കണക്റ്റിവിറ്റി ശക്തമാക്കുന്നതിനും സാമ്പത്തിക വികസനത്തിന്  കുതിപ്പേകുന്നതിനുമാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ മയൂർഭഞ്ചിൻ്റെ മണ്ണിലേക്ക് സ്വാഗതം ചെയ്തുകൊണ്ട്, തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും റായ്‌രംഗ്പൂർ സന്ദർശിക്കാൻ അദ്ദേഹം തയ്യാറായത് ഒഡീഷയോടുള്ള സവിശേഷമായ സ്നേഹവും ആദരവും കാരണമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ സന്ദർശനം റായ്‌രംഗ്പൂരിലെ ജനങ്ങളിൽ, പ്രത്യേകിച്ച് ഗോത്രവർഗ്ഗക്കാരായ സഹോദരീസഹോദരന്മാരിൽ അതിരറ്റ സന്തോഷമാണ് നിറയ്ക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ന് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്ത പദ്ധതികൾ കേവലം വികസനത്തിൻ്റെ പ്രതീകങ്ങൾ മാത്രമല്ല; മറിച്ച് സാമൂഹിക നീതി, തുല്യ അവസരം, സമഗ്ര വികസനം എന്നിവയോടുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ സാക്ഷ്യപത്രമാണെന്ന് രാഷ്ട്രപതി പ്രസ്താവിച്ചു.

വികസനത്തിൻ്റെ ആനുകൂല്യങ്ങൾ ഓരോ ഗ്രാമത്തിലും ഓരോ കുടുംബത്തിലും ഓരോ പൗരനിലും എത്തിച്ചേരുമ്പോൾ മാത്രമേ അത് അർത്ഥപൂർണ്ണമാകൂവെന്ന് രാഷ്ട്രപതി പറഞ്ഞു. ഗോത്രവർഗ്ഗ മേഖലകൾ, വിദൂരദേശങ്ങൾ, വികസനം പ്രതീക്ഷിക്കുന്ന ജില്ലകൾ (അഭിലാഷ ജില്ലകൾ) എന്നിവിടങ്ങളിലെ മനുഷ്യവിഭവ വികസന സൂചികകളിൽ പ്രകടമായ പുരോഗതി കൊണ്ടുവരിക എന്നതാണ് രാജ്യത്തിൻ്റെ മുൻഗണന. ഈ ദിശയിൽ നാം വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടതും തറക്കല്ലിട്ടതുമായ പദ്ധതികൾ ഈ മേഖലയുടെയും ഒഡീഷ സംസ്ഥാനത്തിൻ്റെയും വികസനത്തിൽ ഒരു പുതിയ അധ്യായം തുറക്കുമെന്ന ആത്മവിശ്വാസവും രാഷ്ട്രപതി പ്രകടിപ്പിച്ചു.

തനത് സംസ്കാരത്തിൻ്റെ സവിശേഷതകൾ ഒരു സമൂഹം വിസ്മരിച്ചാൽ, സ്വന്തം നിലനിൽപ്പ് തന്നെ നഷ്ടപ്പെടുമെന്ന് രാഷ്ട്രപതി പറഞ്ഞു. ആധുനികതയെ ഉൾക്കൊള്ളുമ്പോൾ തന്നെ തങ്ങളുടെ സാംസ്കാരിക വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹമാണ് യഥാർത്ഥത്തിൽ സമുദ്ധരിക്കപ്പെടുന്നത്. ഗോത്രവർഗ്ഗ സമൂഹങ്ങളുടെ ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയുടെ സംരക്ഷണത്തിനായി കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകൾ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നത് സന്തോഷകരമായ കാര്യമാണ്. ഗോത്രവർഗ്ഗ സമൂഹങ്ങളുടെ അഭിമാനവും അന്തസ്സും ഉയർത്തിപ്പിടിക്കുന്നതിനായി വിപുലമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് കേന്ദ്ര ഗവണ്മെൻ്റിനെ അവർ അഭിനന്ദിച്ചു. ഭഗവാൻ ബിർസ മുണ്ഡയുടെ ജന്മദിനം 'ജൻജാതീയ ഗൗരവ് ദിവസ്' ആയി രാജ്യം ആഘോഷിക്കുന്നുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇതിൻ്റെ ഭാഗമായി രാജ്യത്തുടനീളം ട്രൈബൽ മ്യൂസിയങ്ങൾ സ്ഥാപിച്ച് വരികയാണ്. പൊതുസമൂഹത്തിൻ്റെ ചിന്തകളിൽ നിന്ന് ദീർഘകാലമായി വിസ്മരിക്കപ്പെട്ടു കിടന്നിരുന്ന ഗോത്രവർഗ്ഗ നായകന്മാരുടെ അവിസ്മരണീയ സംഭാവനകളെക്കുറിച്ച് ഇന്ന് ജനങ്ങളെ ബോധവാന്മാരാക്കി വരികയാണെന്നും അവർ കൂട്ടിച്ചേർത്തു.

 

കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകളുടെ ഏകോപിത ശ്രമങ്ങളിലൂടെ ഒഡീഷയിലെ ഗോത്രവർഗ്ഗ ജനസംഖ്യയുടെ ക്ഷേമത്തിലും പുരോഗതിയിലും ഒരു നവയുഗത്തിന് നാന്ദി കുറിക്കാൻ കഴിഞ്ഞതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി വൻ-ധൻ യോജനയ്ക്ക് കീഴിൽ 90-ലധികം ചെറുകിട വനവിഭവങ്ങൾക്ക് തറവില ഉറപ്പാക്കൽ, മൈക്രോ ക്രെഡിറ്റ് പദ്ധതികൾ വഴി സ്വയംസഹായ സംഘങ്ങളിലെ ഗോത്രവർഗ്ഗ വനിതകൾക്ക് വായ്പ ലഭ്യമാക്കൽ, ഗോത്രവർഗ്ഗ വനിതാ ശാക്തീകരണ പദ്ധതികൾ പ്രകാരം പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകൽ തുടങ്ങിയ സംരംഭങ്ങൾ മികച്ച ഫലം നൽകുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.

 

ഗോത്രവർഗ്ഗക്കാർക്കിടയിൽ വ്യാപകമായി കണ്ടുവരുന്ന അരിവാൾ രോഗം തുടച്ചുമാറ്റുന്നതിനായി 'ദേശീയ അരിവാൾ രോഗ നിർമ്മാർജ്ജന ദൗത്യത്തിന്' തുടക്കം കുറിച്ചിട്ടുണ്ട്. ഗോത്രവർഗ്ഗ വിഭാഗങ്ങളിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ വൻതോതിൽ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിച്ചു. 'ധർതി ആബാ ജൻജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ' പദ്ധതി പ്രകാരം ഗോത്രവർഗ്ഗ ഗ്രാമീണ മേഖലകളിൽ സാമൂഹിക അടിത്തറ വികസിപ്പിച്ചുവരികയാണ്. ഗോത്രവർഗ്ഗ മേഖലകളുടെ സമഗ്ര പുരോഗതിയിലൂടെ, പ്രത്യേകിച്ച് ഈ ജനവിഭാഗങ്ങളുടെ ക്ഷേമത്തിലൂടെ, 'അന്ത്യോദയ' എന്ന ലക്ഷ്യം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

 

പ്രധാനമന്ത്രിയായി ചുമതലയേറ്റതു മുതൽ ശ്രീ നരേന്ദ്ര മോദി രാജ്യതാത്പര്യം മുൻനിർത്തി നിരവധി സുപ്രധാന നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് രാഷ്ട്രപതി പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രി എന്ന നിലയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് ഈ മാസമാണ് അദ്ദേഹം സ്വന്തമാക്കിയത്. ഈ ചരിത്രനേട്ടത്തിൽ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും വേണ്ടി പ്രധാനമന്ത്രിയെ രാഷ്ട്രപതി അഭിനന്ദിച്ചു. തൻ്റെ ദീർഘവീക്ഷണത്തിലൂടെ രാജ്യത്തെ ജനങ്ങൾക്ക് നിരന്തരം സേവനം ചെയ്യാനും, 2047-ഓടെ ഇന്ത്യയെ ഒരു 'വികസിത ഇന്ത്യ' ആക്കി മാറ്റുക എന്ന ദൃഢനിശ്ചയം യാഥാർത്ഥ്യമാക്കാൻ രാജ്യത്തെ നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് അവർ ആശംസിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഫലപ്രദമായ നേതൃത്വം മൂലം ആഗോള വേദിയിൽ ഇന്ത്യയുടെ അന്തസ്സ് ഉയർന്നിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഇന്ത്യയുടെ കഴിവുകൾക്ക് ലോകം മുഴുവൻ സാക്ഷ്യം വഹിച്ചതാണ്. യുദ്ധം മൂലമുണ്ടായ അശാന്തിയിലും അസ്ഥിരതയിലും ലോകം ഇന്ന് ഉഴലുമ്പോൾ, പ്രശ്നങ്ങൾക്കുള്ള പരിഹാരം യുദ്ധത്തിലൂടെയല്ല, മറിച്ച് പരസ്പര ചർച്ചകളിലൂടെ മാത്രമേ സാധ്യമാകൂവെന്ന സന്ദേശം ആഗോള സമൂഹത്തിന് നൽകിക്കൊണ്ട് ഇന്ത്യ സമാധാനത്തിനും അനുരഞ്ജനത്തിനുമായി എക്കാലവും നിലകൊണ്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

 

ഈ അവസരത്തിൽ, ഒഡീഷയിൽ അധികാരത്തിൽ രണ്ട് വർഷം പൂർത്തിയാക്കിയ ശ്രീ മോഹൻ ചരൺ മാജിയുടെ നേതൃത്വത്തിലുള്ള ഗവണ്മെൻ്റിനെ രാഷ്ട്രപതി അഭിനന്ദിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഒഡീഷയിലെ വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവ് കൈവന്നിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ തുറമുഖങ്ങൾ അതിവേഗ വികസനത്തിന് സാക്ഷ്യം വഹിക്കുകയാണ്. കേന്ദ്ര ഗവണ്മെൻ്റിൻ്റെ സജീവ പിന്തുണയോടെ റെയിൽ, റോഡ്, ജലഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി ഒഡീഷ ഗവണ്മെൻ്റ്  നിരവധി നടപടികളാണ് സ്വീകരിച്ചു വരുന്നത്. സ്ത്രീ ശാക്തീകരണത്തിന് ഗവണ്മെൻ്റ്  പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകളുടെ സംയുക്ത ശ്രമങ്ങളിലൂടെ ഒഡീഷയിലെ ഗോത്രവർഗ്ഗ സമൂഹത്തിൻ്റെ ക്ഷേമത്തിലും പുരോഗതിയിലും ഒരു പുതുയുഗത്തിന് നാന്ദികുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

 

ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രപതിക്ക് ജന്മദിനാശംസകൾ നേരുകയും, ഈ ശുഭദിനത്തിൽ മയൂർഭഞ്ച് സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. രാഷ്ട്രപതിയോടൊപ്പം പഹാഡ്‌പൂർ ഗ്രാമം സന്ദർശിക്കാൻ കഴിഞ്ഞത് ഒരു അവിസ്മരണീയ അനുഭവമായി നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. പഹാഡ്‌പൂരിനെ ഒരു  'സൗരോർജ്ജ ഗ്രാമം' ആയി വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

 

അധികാരത്തിൽ രണ്ടു വർഷം പൂർത്തിയാക്കിയ ഒഡീഷ ഗവണ്മെൻ്റിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ശുചിത്വവും പൊതുജനാരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്മെൻ്റ്  നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ചു. ഒഡീഷയിലെ ജനങ്ങൾ അടുത്തിടെ 'രാജാ പർബ' ആഘോഷിച്ചതായും ഇപ്പോൾ 'ജഗന്നാഥ രഥയാത്രയ്ക്കായി' ഒരുങ്ങുകയാണെന്നും ഓർമ്മിപ്പിച്ച അദ്ദേഹം, ഇതിനൊപ്പം ഒരു "വികസനത്തിൻ്റെ ഉത്സവം" കൂടി സംസ്ഥാനത്തുടനീളം ആഘോഷിക്കപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടി.

നേരത്തേ, ഗോസാനി പീഠ്, സന്താലി ജഹേര, ഹോ ജഹേര എന്നിവിടങ്ങളിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രാർത്ഥനകൾ നടത്തി. കൂടാതെ, പഹാഡ്‌പൂരിലെ നൈപുണ്യ വികസന കേന്ദ്രവും സ്കൂളും ഇരു നേതാക്കളും സന്ദർശിച്ചു.

രാഷ്ട്രപതിയുടെ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക -

***


(रिलीज़ आईडी: 2275881) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , हिन्दी , Marathi , Odia