രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മധ്യപ്രദേശിലെ ഓംകാരേശ്വരിൽ നടന്ന അന്താരാഷ്ട്ര സിക്കിൾ സെൽ ദിനാചരണത്തിൽ രാഷ്ട്രപതി പങ്കെടുത്തു

प्रविष्टि तिथि: 19 JUN 2026 1:24PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 ജൂൺ 19) മധ്യപ്രദേശിലെ ഓംകാരേശ്വറിൽ നടന്ന അന്താരാഷ്ട്ര സിക്കിൾ സെൽ ദിനാചരണത്തിൽ പങ്കെടുത്തു.
 

 
ആരോഗ്യ മേഖലയിലെ വലിയൊരു വെല്ലുവിളിയെ നേരിടുന്നതിനുള്ള അർത്ഥവത്തായ ശ്രമമാണ് അന്താരാഷ്ട്ര സിക്കിൾ സെൽ ദിനാചരണമെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ദേശീയ അരിവാൾ കോശ രോഗ നിർമ്മാർജ്ജന ദൗത്യത്തിൻ്റെ ഭാഗമായി ലക്ഷ്യമിട്ട പരിശോധനകൾ നിശ്ചിത സമയപരിധിക്ക് മുൻപ് കൈവരിക്കാൻ സാധിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് അവർ വ്യക്തമാക്കി. നവജാതശിശുക്കൾ മുതൽ 40 വയസ്സുവരെയുള്ള ഏഴ് കോടി ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കുക എന്നത് ചെറിയൊരു നേട്ടമല്ലെന്നും, ജനിതക രോഗനിർണ്ണയത്തിനായി ലോകത്ത് നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സംരംഭങ്ങളിലൊന്നാണിതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
 


 
ദൗത്യാടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളുടെ ഫലമായാണ് ഇതുവരെ ഏകദേശം 2.5 ലക്ഷം ആളുകളിൽ അരിവാൾ കോശ രോഗം കണ്ടെത്താനും, രോഗവാഹകരായ 20 ലക്ഷത്തിലധികം ആളുകളെ  തിരിച്ചറിയാനും സാധിച്ചതെന്ന് രാഷ്ട്രപതി പറഞ്ഞു. ഇത്രയധികം രോഗവാഹകർ ഉയർത്തുന്ന  വെല്ലുവിളികൾ മനസ്സിലാക്കേണ്ടതിൻ്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. അരിവാൾ കോശ രോഗബാധിതരേയും രോഗവാഹകരേയും കണ്ടെത്തുക മാത്രമല്ല, അവർക്ക് കൃത്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അവർ അഭിനന്ദിച്ചു. 2025 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടന്ന "സ്വസ്ഥ് നാരി, സശക്ത് പരിവാർ അഭിയാൻ" പദ്ധതിക്ക് കീഴിൽ നാല് ലക്ഷത്തിലധികം സ്ത്രീകളെ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ട് റെക്കോർഡ് സൃഷ്ടിച്ച മധ്യപ്രദേശ് സംസ്ഥാനം, അരിവാൾ കോശ രോഗം പരിഹരിക്കുന്നതിൽ വിലമതിക്കാനാവാത്ത സംഭാവന നൽകിയിട്ടുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
 


 
കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര സിക്കിൾ സെൽ ദിനത്തിൽ മധ്യപ്രദേശ് സർക്കാർ "സിക്കിൾ മിത്ര" സംരംഭത്തിന് തുടക്കം കുറിച്ച കാര്യം രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഈ സംരംഭത്തിന് കീഴിൽ ബോധവൽക്കരണം നടത്തുന്നതിനും രോഗികൾക്ക് സഹായം നൽകുന്നതിനുമായി സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളിലേയും സന്നദ്ധ സംഘടനകളിലേയും പ്രതിനിധികൾക്കും എൻ.സി.സി കേഡറ്റുകൾക്കും പരിശീലനം നൽകിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുടേയും കൂട്ടായ ശക്തിയിലൂടെയും സജീവമായ ഇടപെടലുകളിലൂടെയും, 2047-ഓടെ ഇന്ത്യയിൽ നിന്ന് അരിവാൾ കോശ രോഗം നിർമ്മാർജ്ജനം ചെയ്യുകയെന്ന നമ്മുടെ ദേശീയ ലക്ഷ്യം നിശ്ചിത സമയപരിധിക്ക് വളരെ മുമ്പുതന്നെ കൈവരിക്കാൻ  സാധിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
****
 
 

(रिलीज़ आईडी: 2275146) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: Punjabi , English , Urdu , हिन्दी , Marathi , Bengali , Bengali-TR , Gujarati , Tamil