സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

ചരിത്രപ്രാധാന്യമുള്ള ഡാനിഷ് കപ്പലായ ഓറെസുണ്ടിൻ്റെ സമുദ്രാന്തർ പുരാവസ്തു ഗവേഷണത്തിനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (എ.എസ്.ഐ) ഡെന്മാർക്ക് നാഷണൽ മ്യൂസിയവും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

प्रविष्टि तिथि: 15 JUN 2026 8:07PM by PIB Thiruvananthpuram
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സമുദ്രാന്തർ പുരാവസ്തു ഗവേഷണ വിഭാഗവും കോപ്പൻഹേഗനിലെ നാഷണൽ മ്യൂസിയം ഓഫ് ഡെന്മാർക്കിൻ്റെ എൻജോർഡ് - സെൻ്റർ ഫോർ മാരിടൈം ആൻഡ് അണ്ടർവാട്ടർ കൾച്ചറൽ ഹെറിറ്റേജും തമ്മിൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചു. എ.ഡി. 1619-ൽ പുതുച്ചേരിയിലെ കാരയ്ക്കലിന് സമീപമുള്ള തീരക്കടലിൽ തകർന്നടിഞ്ഞ ചരിത്രപ്രസിദ്ധമായ ഡാനിഷ് കപ്പലായ ഓറെസുണ്ടിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും അവ രേഖപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സംയുക്ത സമുദ്രാന്തർ പുരാവസ്തു ഗവേഷണ പദ്ധതി നടപ്പിലാക്കുന്നതിനാണ് ഈ ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്.

ഇന്ത്യയിൽ എത്തിയതായി അറിയപ്പെടുന്ന ആദ്യത്തെ ഡാനിഷ് കപ്പൽ എന്ന നിലയിൽ സമുദ്ര ഗതാഗത ചരിത്രത്തിൽ ഒറെസുണ്ടിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്. ഇന്ത്യൻ സമുദ്രമേഖലയിൽ എത്തിച്ചേർന്നതിന് തൊട്ടുപിന്നാലെ, ഈ കപ്പൽ കാരയ്ക്കലിന് സമീപം തകർന്നടിഞ്ഞു. ഇത് ഡെന്മാർക്കും ഇന്ത്യയും തമ്മിലുള്ള ആദ്യകാല സമുദ്ര ബന്ധങ്ങളെക്കുറിച്ചും, പതിനേഴാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ നാവികയാത്രകളുടേയും വ്യാപാരത്തിൻ്റേയും വിപുലമായ ചരിത്രത്തെക്കുറിച്ചും മനസ്സിലാക്കുന്നതിനുള്ള ഒരു പ്രധാന പുരാവസ്തു സ്രോതസ്സായി ഇതിനെ മാറ്റുന്നു.

ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം, കപ്പലിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ തിരിച്ചറിയുന്നതിനായി, നൂതന സാങ്കേതികവിദ്യകളും ശാസ്ത്രീയ രീതികളും ഉപയോഗിച്ച് അവശിഷ്ടങ്ങൾക്ക് യാതൊരുവിധ കേടുപാടുകളും വരുത്താത്ത രീതിയിൽ പുരാവസ്തു സർവേ നടത്തുന്നതിലായിരിക്കും ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുക. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സമുദ്രാന്തർ പുരാവസ്തു ഗവേഷണ വിഭാഗവും ഡെന്മാർക്കിലെ നാഷണൽ മ്യൂസിയവും സംയുക്തമായാണ് ഈ അന്വേഷണങ്ങൾ നടത്തുക.

ഈ പങ്കാളിത്തം സമുദ്രാന്തർ പുരാവസ്തു ഗവേഷണ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണ്, കാരണം ഒരു അന്താരാഷ്ട്ര സംഘടനയുമായി ചേർന്ന് ഈ വിഭാഗം നടത്തുന്ന ആദ്യത്തെ സംയുക്ത പുരാവസ്തു ഗവേഷണ പദ്ധതിയാണിത്. ഈ കൂട്ടായ്മ സമുദ്രാന്തർ സാംസ്കാരിക പൈതൃക ഗവേഷണ മേഖലയിൽ ഇന്ത്യയും ഡെന്മാർക്കും തമ്മിലുള്ള അക്കാദമിക്, ശാസ്ത്രീയ സഹകരണം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര സഹകരണത്തിലൂടെയും അവശിഷ്ടങ്ങൾക്ക് യാതൊരുവിധ കേടുപാടുകളും വരുത്താത്ത ശാസ്ത്രീയ രീതികളുടെ പ്രയോഗത്തിലൂടെയും സമുദ്രാന്തർ സാംസ്കാരിക പൈതൃകം രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും പഠിക്കുന്നതിനുമുള്ള ഇരു സ്ഥാപനങ്ങളുടേയും പങ്കിട്ട  പ്രതിബദ്ധതയും ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു.
 
SKY
 
*****

(रिलीज़ आईडी: 2273349) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Telugu