PIB Backgrounder
അന്ത്യോദയ കർമ്മപഥത്തിൽ
എല്ലാവർക്കും അന്തസ്സ്, അവസരം, വളർച്ച എന്നിവ ഉറപ്പാക്കുന്നു
प्रविष्टि तिथि:
12 JUN 2026 12:05PM by PIB Thiruvananthpuram
|
തലമുറകളായി, ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനസമൂഹങ്ങൾ, ആവശ്യമായ പരിഗണന ലഭ്യമാവാതെ ദീർഘകാലമായി പാർശ്വവത്കൃതരായാണ് കഴിഞ്ഞിരുന്നത്. കേന്ദ്ര ഗവണ്മെൻ്റ് 'അന്ത്യോദയ' (ഏറ്റവും താഴെത്തട്ടിലുള്ളവരുടെയും ഉന്നമനം) ഒരു മുഖ്യലക്ഷ്യമായി സ്വീകരിച്ചതോടെ കഴിഞ്ഞ 12 വർഷമായി ഇതിന് മാറ്റം വന്നു.
സമഗ്രവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം, നൈപുണ്യ പരിപാടികൾ, ഉപജീവന സഹായം, അടിസ്ഥാന സൗകര്യങ്ങൾ, സാംസ്‌കാരിക അംഗീകാരം എന്നിവ ഈ സമൂഹങ്ങളിലേക്ക് അഭൂതപൂർവ്വമായ തോതിൽ എത്തിയിട്ടുണ്ട്. ഈ പദ്ധതിയുടെ മാർഗ്ഗനിർദ്ദേശ ലക്ഷ്യം വ്യക്തമാണ്: പിന്തള്ളപ്പെട്ട് പോയവരെ അവസരങ്ങളുടെയും പുരോഗതിയുടെയും മുൻപന്തിയിൽ എത്തിച്ചുവെന്ന് ഉറപ്പാക്കുക.
|
അന്ത്യോദയ: ഒരു ഭരണനിർവഹണ
ചട്ടക്കൂട് എന്ന നിലയിൽ
''നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദരിദ്രനും ദുർബലനുമായ മനുഷ്യൻ്റെ മുഖം ഓർക്കുക, നിങ്ങൾ സ്വീകരിക്കുന്ന നടപടി അദ്ദേഹത്തിന് എന്തെങ്കിലും പ്രയോജനം ചെയ്യുമോ എന്ന് സ്വയം ചോദിക്കുക'' മഹാത്മാ ഗാന്ധി ഒരിക്കൽ ഇങ്ങനെ ഉപദേശം നൽകി. പതിറ്റാണ്ടുകളായി, ഈ ശക്തമായ ആശയം ഭൂരിഭാഗവും പുസ്തകങ്ങളിൽ മാത്രമാണ് കാണപ്പെട്ടത്. അതേസമയം, ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ രാജ്യത്തിൻ്റെ പുരോഗതിയിൽ നിന്ന് പുറന്തള്ളപ്പെട്ടു.
എന്നിരുന്നാലും, കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങൾ വലിയൊരു മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. ഈ ആദർശത്തെക്കുറിച്ച് കേവലം സംസാരിക്കുന്നതിൽ നിന്ന് അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്ന തലത്തിലേക്ക് ഇന്ത്യ മാറിയിരിക്കുന്നു. ഏറ്റവും പിന്നാക്കം നിന്നിരുന്നവർക്ക് അവസരം, അന്തസ്സ്, വികസനം എന്നിവയിൽ മുൻഗണന ലഭിക്കുന്നുവെന്നത് ഇത് ഉറപ്പാക്കി. സേവനാനുകൂല്യങ്ങൾ കുറച്ചുപേർക്ക് മാത്രമായി ലഭ്യമാവുന്നതിൽ നിന്ന് മാറി അർഹരായ എല്ലാവരെയും സമ്പൂർണമായി ഉൾക്കൊള്ളിക്കുക എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
ആദിവാസി ആവാസ വ്യവസ്ഥകളിൽ വലിയതോതിലുള്ള അടിസ്ഥാന സൗകര്യ വികസനമുണ്ടായി. അവകാശാനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട ജനസമൂഹങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിപുലമായ തലത്തിലുള്ള വിദ്യാഭ്യാസ അഭിഗമ്യത ലഭ്യമായി. ശുചിത്വ തൊഴിലാളികൾക്ക് ശക്തമായ സ്ഥാപന അംഗീകാരവും സുരക്ഷാ പിന്തുണയും ലഭിച്ചു. പിന്നാക്ക വിഭാഗക്കാരും നാടോടി സമൂഹങ്ങളും ലക്ഷ്യാധിഷ്ഠിത ക്ഷേമ ആസൂത്രണത്തിൻ്റെ കേന്ദ്രബിന്ദുവായി മാറി.
ഭൂമിശാസ്ത്രപരമായും ഈ മാറ്റം ദൃശ്യമാണ്. ഗോത്ര മേഖലകൾ, വികസനത്തിനായി തിരഞ്ഞെടുക്കപ്പെട്ട അഭിലാഷ ജില്ലകൾ, വിദൂര ആവാസ വ്യവസ്ഥകൾ എന്നിവ വികസന ആസൂത്രണത്തിൻ്റെയും അവലോകനത്തിൻ്റെയും കേന്ദ്രങ്ങളായി മാറി. മന്ത്രാലയങ്ങൾ തമ്മിലുള്ള കൂട്ടായ ഏകോപനം, ഒരിക്കൽ എത്തിച്ചേരാൻ പ്രയാസമാണെന്ന് കരുതിയിരുന്ന പ്രദേശങ്ങളിൽ പദ്ധതി ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നത് കൂടുതൽ ശക്തമാക്കി.
വികസനത്തിൻ്റെ കേന്ദ്രബിന്ദുവായി ആദിവാസി സമൂഹങ്ങൾ
ഇന്ത്യയിലെ ഗോത്ര സമൂഹങ്ങൾ എപ്പോഴും സംസ്‌കാരം, പരമ്പരാഗത അറിവ്, അതിജീവനശേഷി എന്നിവയാൽ സമ്പന്നമാണ്. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, വെള്ളം, വൈദ്യുതി, തൊഴിൽ അവസരം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും തുല്യ അഭിഗമ്യത അവർക്ക് ഇല്ലായിരുന്നു. കഴിഞ്ഞ 12 വർഷങ്ങളായി ബോധപൂർവവും, അളന്ന് തിട്ടപ്പെടുത്താവുന്ന രീതിയിലും, വിപുലമായ തോതിലും ആ അകലം കുറയ്ക്കുന്നതിനാണ് മുൻഗണന നൽകിയത്.
'പ്രത്യേക ദുർബല ആദിവാസി വിഭാഗങ്ങൾ' (പി.വി.ടി.ജി) അധിവസിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടെയുള്ള വിദൂര ആവാസ വ്യവസ്ഥകളിലാണ് ഈ മാറ്റം വിശേഷിച്ചും ദൃശ്യമായത്. ഒരിക്കൽ എത്തിച്ചേരാൻ പ്രയാസമായി കാണപ്പെട്ടിരുന്ന പ്രദേശങ്ങൾ വികസന ആസൂത്രണത്തിൻ്റെയും അന്തിമഘട്ട വിതരണത്തിൻ്റെയും കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു.
പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ (പി.എം ജൻമൻ)
ഝാർഖണ്ഡ്: കാട്ടുതറകളിൽ നിന്ന് വിപണിയിലെ അലമാരകളിലേക്ക്
ഝാർഖണ്ഡിലെ ഗരിയബന്ദ് ജില്ലയിൽ, പ്രത്യേക ദുർബല ആദിവാസി വിഭാഗമായ കമർ സമൂഹത്തിലെ സ്ത്രീകൾ വളർന്നത്, തങ്ങളുടെ മുതിർന്നവർ വന ഔഷധങ്ങൾ ഉപയോഗിച്ച് സുഖപ്പെടുത്തുന്നത് കണ്ടാണ്. അമ്മമാരിൽ നിന്ന് പെൺമക്കൾക്ക് നിശബ്ദമായി കൈമാറ്റം ചെയ്യപ്പെട്ട ഒരു അറിവായിരുന്നു അത്. വർഷങ്ങളോളം, വിപണിയിൽ നിന്ന് ലഭിക്കുന്ന വിലയ്ക്ക് അവർ ആ ഔഷധസസ്യങ്ങൾ സംസ്‌കരിച്ച് മാറ്റം വരുത്താതെ വിറ്റു. അറിവ് അവരുടേതായിരുന്നു. പക്ഷേ, അതിൻ്റെ വരുമാനം വളരെ അപൂർവമായി മാത്രമെ അവർക്ക് ലഭിച്ചിരുന്നുള്ളൂ.
പ്രധാനമന്ത്രി ജൻമൻ പദ്ധതി ഇത് മാറ്റിമറിച്ചു. വൻ ധൻ വികാസ് കേന്ദ്ര സംരംഭത്തിന് കീഴിൽ, ഈ സ്ത്രീകളിൽ 87 പേർ വ്യത്യസ്തമായ എന്തെങ്കിലും നിർമ്മിക്കാനായി ഒത്തുചേർന്നു. ആയുഷ് സാക്ഷ്യപത്രത്തോട് കൂടിയ ഛത്തീസ്ഗഢ് ഹെർബൽസ് എന്ന ബ്രാൻഡിന് കീഴിൽ ആയുർവേദ എണ്ണകൾ, പൊടികൾ, മരുന്നുകൾ എന്നിവ നിർമ്മിക്കുന്നതിനായി ലൈസൻസുള്ള ഒരു യൂണിറ്റ് അവർ സ്ഥാപിച്ചു. സംരംഭകത്വത്തിലൂടെയും ഡിജിറ്റൽ സാക്ഷരതാ പരിശീലനത്തിലൂടെയും നൈപുണ്യങ്ങൾ കൂടുതൽ മികവുറ്റതാക്കാനായി. തുടക്കം മുതലുള്ള വിൽപ്പന വരുമാനം 159.59 ലക്ഷം രൂപയിലെത്തി. ഗ്രാമം വിട്ടുപോകാതെ തന്നെ സ്ത്രീകൾ ഇപ്പോൾ ഉത്പാദനം, പാക്കേജിംഗ്, മാർക്കറ്റിങ് എന്നിവയ്ക്ക് നേതൃത്വം നൽകുന്നു. ഒരുകാലത്ത് നിശബ്ദമായിരുന്ന പാരമ്പര്യ ജ്ഞാനം ഇപ്പോൾ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ബിസിനസ്സായി മാറിയിരിക്കുന്നു.
പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ (പിഎം ജൻമൻ) എന്നത് പ്രത്യേക ദുർബല ആദിവാസി വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള ഒരു പദ്ധതിയാണ്. ഇന്ത്യയിലെ ഏറ്റവും ഒറ്റപ്പെട്ട സമൂഹങ്ങളിൽ ഉൾപ്പെടുന്നതാണവ. പലരും അടച്ചുറപ്പുള്ള പാർപ്പിടം, ശുദ്ധജലം, വൈദ്യുതി, റോഡ് സൗകര്യം എന്നിവയില്ലാതെ ജീവിച്ചു. ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുടെയും ഏകോപിത പരിശ്രമത്തിലൂടെ ഈ കുറവുകൾ നികത്തുന്നതിനായി 2023 നവംബറിൽ കേന്ദ്ര ഗവണ്മെൻ്റ് പി.എം ജൻമൻ പദ്ധതിയ്ക്ക് തുടക്കമിട്ടു. 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 75 പ്രത്യേക ദുർബല ആദിവാസി സമൂഹങ്ങളെ ഈ പരിപാടി ലക്ഷ്യം വെക്കുന്നു. 9 മന്ത്രാലയങ്ങൾ നടപ്പിലാക്കിയ 11 ഇടപെടലുകളിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. 24,104 കോടി രൂപയാണ് ആകെ ബജറ്റ് വിഹിതം.
ഭവന നിർമ്മാണം, റോഡ് ഗതാഗത ബന്ധം, പൈപ്പ് മുഖേനയുള്ള ജലവിതരണം, സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുകൾ, അങ്കണവാടി കേന്ദ്രങ്ങൾ, ഹോസ്റ്റലുകൾ, വൈദ്യുതീകരണം, മൊബൈൽ ടവറുകൾ, വിവിധോദ്ദേശ്യ കേന്ദ്രങ്ങൾ, വൻ ധൻ വികാസ് കേന്ദ്രങ്ങൾ, തൊഴിലധിഷ്ഠിത നൈപുണ്യ വികസനം എന്നിവ ഉൾപ്പെടുന്നതാണ് 11 ഇടപെടലുകൾ.
വൻ ധൻ വികാസ് കേന്ദ്രങ്ങൾ (വി.ഡി.വി.കെ) വഴി നൈപുണ്യ വികസനവും ഉപജീവന മാർഗവും:
വനത്തെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നതിലും സംസ്‌ക്കരിക്കുന്നതിലും വിൽക്കുന്നതിലും പ്രത്യേക ദുർബല ആദിവാസി സമൂഹങ്ങളെ പിന്തുണയ്ക്കുന്ന വൻ ധൻ വികാസ് കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നതാണ് പി.എം ജൻമൻ പദ്ധതിയുടെ ഒരു പ്രധാനലക്ഷ്യം.
അതുവഴി പ്രാദേശിക തൊഴിലവസരങ്ങളും വരുമാനമുണ്ടാക്കുന്നതിനുള്ള അവസരങ്ങളും സൃഷ്ടിക്കുന്നു. ട്രൈബൽ കോപ്പറേറ്റീവ് മാർക്കറ്റിങ് ഡെവലപ്മെൻ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ട്രൈഫെഡ്) പിന്തുണയോടെ ദേശീയ സംരംഭകത്വ ചെറുകിട ബിസിനസ് വികസന സ്ഥാപനം (എൻ.ഐ.ഇ.എസ്.ബി.യു.ഡി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻ്റർപ്രണർഷിപ്പ് (ഐ.ഐ.ഇ) എന്നിവ 15 സംസ്ഥാനങ്ങളിൽ നൈപുണ്യ, സംരംഭകത്വ പരിശീലനം നടപ്പിലാക്കി വരുന്നു.
- 500 എണ്ണം ലക്ഷ്യം വെച്ചിടത്ത് 491 വൻ ധൻ വികാസ് കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കി (2026 ഏപ്രിൽ വരെ)
- 38,391 പ്രത്യേക ദുർബല ആദിവാസി സമൂഹ അംഗങ്ങൾ സംരംഭകത്വ വികസന പരിപാടിക്ക് കീഴിൽ പരിശീലനം നേടി
പി.എം. ജുഗ/ ധർതി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ
പി.എം-ജുഗ എന്ന് ഇപ്പോൾ അറിയപ്പെടുന്ന ധർതി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ (ഡി.എ.ജെ.ജി.യു.എ) 2024 ഒക്ടോബറിലാണ് ആരംഭിച്ചത്.

ഇത് 17 കേന്ദ്ര മന്ത്രാലയങ്ങളുടെ ശ്രമങ്ങളെ സംയോജിപ്പിക്കുകയും ആദിവാസി ഭൂരിപക്ഷ ഗ്രാമങ്ങളിലും പ്രത്യേക ദുർബല ആദിവാസി സമൂഹ ആവാസ വ്യവസ്ഥകളിലും ദീർഘകാലമായി നിലനിൽക്കുന്ന ഉന്നമനക്കുറവുകൾ നികത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഒറ്റപ്പെട്ട ഇടപെടലുകളിൽ നിന്ന് മാറി, പി.എം ജുഗയ്ക്ക് കീഴിൽ വിവിധ മേഖലകളിലും മന്ത്രാലയങ്ങളിലും ഉടനീളം ഏകോപിതവും ദൗത്യപരവുമായ വിതരണത്തിലേക്കുള്ള ഊന്നൽ വർദ്ധിച്ചുവരികയാണ്.

ഏകലവ്യ മാതൃകാ റെസിഡൻഷ്യൽ സ്‌കൂളുകൾ (ഇ.എം.ആർ.എസ്)
പട്ടികവർഗ വിദ്യാർത്ഥികൾക്കിടയിൽ വിദ്യാഭ്യാസ അവസരങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഇടപെടലായി 'താമസിച്ചു പഠിക്കാൻ സൗകര്യമുള്ള ഏകലവ്യ മാതൃകാ സ്‌കൂളുകൾ' (ഇ.എം.ആർ.എസ്) ഉയർന്നുവന്നിട്ടുണ്ട്.
ആദിവാസി ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ സ്ഥാപിതമായ ഈ റെസിഡൻഷ്യൽ സ്‌കൂളുകൾ ആറാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സമഗ്ര വികസന പിന്തുണ എന്നിവ നൽകുന്നു.

കഴിഞ്ഞ 12 വർഷക്കാലയളവിൽ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളുടെ വിപുലീകരണം, വിദൂര ജില്ലകളിലെ ഗോത്ര വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളെ മാറ്റിമറിച്ചു. 2018- ന് ശേഷം ഈ ശൃംഖല അതിവേഗം വളർന്നു. തലമുറകളായി അർഹമായ പരിഗണന ലഭ്യമാവാതിരുന്ന പട്ടികവർഗ സമൂഹങ്ങളിലേക്ക്, താമസസൗകര്യത്തോട് കൂടിയുള്ള ആധുനികമായ അധ്യയന സൗകര്യവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും കൂടുതലായി എത്തിക്കുന്നു.
2026 ലെ കണക്കനുസരിച്ച്, 499 സ്‌കൂളുകളിലായി 1.56 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ചേർന്നിട്ടുണ്ട്. ഇത്തരം 323 സ്‌കൂളുകൾ കൂടി നിർമ്മാണത്തിലാണ്.
ഇ.എം.ആർ.എസിൽ ചേർന്ന നിരവധി വിദ്യാർത്ഥികൾ ഘടനാപരമായ സെക്കൻഡറി വിദ്യാഭ്യാസ സംവിധാനങ്ങളിലേക്ക് പ്രവേശിക്കുന്ന ഒന്നാം തലമുറ പഠിതാക്കളായി മാറി.
സ്മാർട്ട് ക്ലാസ് മുറികൾ, സയൻസ്-കമ്പ്യൂട്ടർ ലബോറട്ടറികൾ, ലൈബ്രറികൾ, കായിക അടിസ്ഥാനസൗകര്യം, ഡിജിറ്റൽ പഠന സൗകര്യങ്ങൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റലുകൾ എന്നിവയുൾപ്പെടെ നിരവധി വിദൂര പ്രദേശങ്ങളിൽ മുമ്പ് ലഭ്യമല്ലാതിരുന്ന സൗകര്യങ്ങൾ പുതിയ കാമ്പസുകൾ അവതരിപ്പിച്ചു.
ഒരു ഹിമാലയൻ ഗ്രാമത്തിൽ നിന്ന് ഐ.ഐ.ടിയിലേക്ക്:
ജതിൻ നേഗിയുടെ കഥ
ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലെ സാംഗ്ല ഗ്രാമം ടിബറ്റുമായി അതിർത്തി പങ്കിടുന്നു. ഇവിടെ ശൈത്യകാലമെന്നാൽ വൈദ്യുതിയില്ലാത്ത മഞ്ഞുവീഴ്ചയാൽ റോഡുകൾ വിച്ഛേദിക്കപ്പെടുന്ന രണ്ട് മാസക്കാലമാണ്. ജതിൻ നേഗി വളർന്നത് ഇവിടെയാണ്.
നേഗി ഒരു ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ആറാം തരത്തിൽ ചേർന്നു. ഘടനാപരമായ പഠനം, പതിവായുള്ള പരീക്ഷകൾ, പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് കടന്നുചെല്ലാൻ അവനെ പ്രേരിപ്പിച്ച അധ്യാപകർ എന്നിവ എല്ലാം മാറ്റിമറിച്ചു. അവൻ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കവെ അച്ഛൻ മരിച്ചപ്പോൾ, അധ്യാപകർ അവന് പിന്തുണയേകി അചഞ്ചലനായി നിലനിർത്തി. ഒരു വർഷം അവധിയെടുത്ത്, നിരന്തരം പഠിച്ച്, അഖിലേന്ത്യാതലത്തിൽ 421-ാം റാങ്കോടെ ജെ.ഇ.ഇ അഡ്വാൻസ്ഡ് എഞ്ചിനീയറിങ് പ്രവേശന പരീക്ഷ പാസായി. ഇപ്പോൾ അവൻ ജോധ്പൂർ ഐ.ഐ.ടിയിൽ പഠിക്കുകയാണ്.
ജതിൻ നേഗിയുടെ ഗ്രാമം ഒരു ഐ.ഐ.ടിയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലായിരുന്നു. 2022-23 ൽ വെറും രണ്ട് പേർ എന്നയിടത്ത് നിന്ന് 2024-25 ൽ ജെ.ഇ.ഇ, നീറ്റ് എന്നിവ വിജയിച്ച 597 ഇ.എം.ആർ.എസ് വിദ്യാർത്ഥികളുടെ കഥകളിൽ ഒന്നാണ് ജതിനിൻ്റേത്.
ഗോത്രവർഗ ഗവേഷണ സ്ഥാപനങ്ങൾക്കുള്ള (ടി.ആർ.ഐ) പിന്തുണ
ഗോത്ര ഭാഷകൾ, സംസ്‌കാരം, പാരമ്പര്യങ്ങൾ, തദ്ദേശീയ വിജ്ഞാന സംവിധാനങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും ഗോത്രവർഗ ഗവേഷണ സ്ഥാപനങ്ങൾ ( ടി.ആർ.ഐ) ഒരു പ്രധാന പങ്ക് വഹിക്കുന്നു. 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള പിന്തുണയോടെ, അവർ ഗവേഷണം നടത്തുകയും, വാമൊഴി ചരിത്രങ്ങൾ രേഖപ്പെടുത്തുകയും, സാംസ്‌കാരിക ആചാരങ്ങൾ രേഖപ്പെടുത്തുകയും, മ്യൂസിയങ്ങൾ, പുരാരേഖകൾ, പ്രസിദ്ധീകരണങ്ങൾ, ഉത്സവങ്ങൾ, പൊതുജന സമ്പർക്ക പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗോത്ര പൈതൃക അവബോധം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഗോത്രവർഗ വിജ്ഞാനം അക്കാദമിക പഠനങ്ങളെയും ഭരണ നിർവഹണത്തെയും ഒരുപോലെ നയിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, നയ വികസനത്തിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഗോത്രവർഗ ഗവേഷണ സ്ഥാപനങ്ങൾ സംഭാവനയേകുന്നു. ഗോത്രവർഗ ഗവേഷണം, വിവരശേഖരണം, വിദ്യാഭ്യാസം, ആശയവിനിമയം, മേളകൾ എന്നിവയുടെ നടത്തിപ്പിനായുള്ള കേന്ദ്രപദ്ധതിയായ ട്രൈബൽ റിസർച്ച്, ഇൻഫർമേഷൻ, എജ്യുക്കേഷൻ, കമ്മ്യൂണിക്കേഷൻ ആൻഡ് ഇവൻ്റ്സ് (ടി.ആർ.ഐ-ഇ.സി.ഇ) ന് കീഴിൽ ഈ ശ്രമങ്ങൾക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നു.
ഐ.ഐ.ടികൾ, ഐ.ഐ.എമ്മുകൾ, എയിംസ്, ടെറി, ഭാഷാ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങൾ വഴി അന്യം നിന്നുപോവുന്ന ഭാഷകൾ, പരമ്പരാഗത വൈദ്യശാസ്ത്രം, സാമൂഹിക വനാവകാശങ്ങൾ, പി.വി.ടി.ജി ഉപജീവനമാർഗ്ഗങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഇത് ധനസഹായം നൽകുന്നു.
ഗോത്രവർഗ പൈതൃകത്തെയും
സ്വാതന്ത്ര്യ സമര സേനാനികളെയും അംഗീകരിക്കൽ
കഴിഞ്ഞ 12 വർഷത്തിനിടെ, കോളനിവത്കരണ ഭരണത്തിനെതിരെ പോരാടിയ ഗോത്രവർഗ നേതാക്കളെ ആദരിക്കുന്നതിനായി 10 സംസ്ഥാനങ്ങളിലായി 11 ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയങ്ങൾ ഗവണ്മെൻ്റ് അനുവദിച്ചു. ഝാർഖണ്ഡ്, മധ്യപ്രദേശ് (2 മ്യൂസിയങ്ങൾ), ഛത്തീസ്ഗഡ് എന്നിവിടങ്ങളിലായി നാല് മ്യൂസിയങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. മിസോറാം, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, ഗുജറാത്ത്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലായി ഏഴ് മ്യൂസിയങ്ങൾ കൂടി നിർമ്മാണ ഘട്ടത്തിലാണ്.
'ഭഗവാൻ ബിർസ മുണ്ട'യുടെ ജന്മവാർഷികദിനമായ നവംബർ 15 ന് എല്ലാ വർഷവും ഗോത്രവർഗ്ഗ അഭിമാന ദിനം (ജൻജാതിയ ഗൗരവ് ദിവസ്) ആചരിക്കുന്നു. ഇത് ഒരു നേതാവിനെ മാത്രമല്ല, മുഖ്യധാരാ ഇന്ത്യ വളരെക്കാലമായി അവഗണിച്ച കോളനിവത്കരണ ഭരണത്തിനെതിരായ ഗോത്രവർഗ ചെറുത്തുനിൽപ്പിൻ്റെ മുഴുവൻ ചരിത്രത്തെയും ആദരിക്കുന്നു. ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം 2024 നവംബർ 15 മുതൽ 2025 നവംബർ 15 വരെ ഗോത്രവർഗ അഭിമാന വർഷമായി ആചരിച്ചു.
പട്ടികജാതിക്കാർക്ക് നീതിയും അന്തസ്സും
കഴിഞ്ഞ 12 വർഷമായി പട്ടികജാതി (എസ്.സി) സമൂഹങ്ങൾ ലക്ഷ്യകേന്ദ്രീകൃത വികസന കാര്യനയത്തിൻ്റെ കേന്ദ്രബിന്ദുവാണ്. സാമ്പത്തിക ശാക്തീകരണം, വിദ്യാഭ്യാസ അഭിഗമ്യത, സമർപ്പിത ബജറ്റ് പിന്തുണ എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഈ കാര്യനയം-പ്രതീകാത്മക ഉൾപ്പെടുത്തലിനപ്പുറമുള്ള തത്വപരമായ സമത്വത്തിലേക്ക് നീങ്ങുന്നു.
പ്രധാനമന്ത്രി അനുസൂചിത് ജാതി അഭ്യുദയ യോജന (പി.എം-അജയ്)
2021 ൽ ആരംഭിച്ച പ്രധാനമന്ത്രി പട്ടികജാതി അഭിവൃന്ദി പദ്ധതി (പി.എം.അജയ്) പട്ടികജാതി ഭൂരിപക്ഷ ഗ്രാമങ്ങളുടെ സംയോജിത വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പിന്നോക്കം നിൽക്കുന്ന പട്ടികജാതി സമൂഹങ്ങളിലെ അടിസ്ഥാന സൗകര്യ സൃഷ്ടി, നൈപുണ്യ വികസനം, ഉപജീവന അവസരങ്ങൾ എന്നിവയെ ഈ പദ്ധതി പിന്തുണയ്ക്കുന്നു.

പി.എം-അജയ് പദ്ധതി പ്രകാരം, പദ്ധതികളുടെ സംയോജനം, ഗ്രാമ വികസന പദ്ധതികൾ, നിർണായകമായ പ്രാദേശിക ആവശ്യങ്ങൾക്കുള്ള വിടവ് നികത്തൽ പിന്തുണ എന്നിവയിലൂടെ പട്ടികജാതി ഭൂരിപക്ഷ ഗ്രാമങ്ങളെ വികസിപ്പിക്കുന്നതിന് ആദർശ ഗ്രാമം ഘടകം ഒരു പ്രദേശാധിഷ്ഠിത സമീപനം സ്വീകരിക്കുന്നു.
26 സംസ്ഥാനങ്ങളിലെ 597 ജില്ലകളിലായി 47,334 ഗ്രാമങ്ങളിലായാണ് ഇത് പ്രവർത്തിക്കുന്നത്. 4 കോടിയിലധികം പട്ടികജാതി പൗരന്മാരിലേക്കും 83 ലക്ഷത്തിലധികം കുടുംബങ്ങളിലേക്കും ഈ പരിപാടി എത്തിച്ചേരുന്നു.
ഗ്രാമതല ആസൂത്രണവും അടിസ്ഥാന സൗകര്യ നിരീക്ഷണവും ഈ പരിപാടി ശക്തിപ്പെടുത്തിയിട്ടുണ്ട്. 25,000-ത്തിലധികം ഗ്രാമങ്ങൾ അടിസ്ഥാന സൗകര്യ വിലയിരുത്തൽ പ്രവർത്തന നടപടികൾ പൂർത്തിയാക്കി. റോഡുകൾ, ജലവിതരണം, വിദ്യാഭ്യാസം, ശുചിത്വം, ഗതാഗത സൗകര്യങ്ങൾ എന്നിവയിലെ ന്യൂനതകൾ കൂടുതൽ വ്യവസ്ഥാപിതമായി നിർണയിക്കാൻ ഇത് സഹായകരമായി.
യുവജന പങ്കാളിത്തത്തിലും ഉപജീവനമാർഗ്ഗ നിർമ്മാണത്തിലും കരുത്തുറ്റ ഊന്നൽ നൽകിയിട്ടുണ്ട്. നൈപുണ്യ വികസനം, സ്വയം സഹായ സംഘങ്ങളുടെ പങ്കാളിത്തം, ഗ്രാമീണ അടിസ്ഥാനസൗകര്യ നിർമിതി എന്നിവ ക്രമേണ ദീർഘകാല സാമ്പത്തിക പങ്കാളിത്തം ലക്ഷ്യമിട്ടുള്ള വിശാലമായ മുന്നേറ്റത്തിൻ്റെ ഭാഗമായി മാറുകയാണ്.
പട്ടികജാതിക്കാർക്കായുള്ള വികസന കർമ്മ പദ്ധതി (ഡി.എ.പി.എസ്.സി)
രാജ്യത്തുടനീളമുള്ള പട്ടികജാതി കേന്ദ്രീകൃത ധനവിനിയോഗത്തിനായി പട്ടികജാതിക്കായുള്ള വികസന കർമ്മ പദ്ധതി (ഡി.എ.പി.എസ്.സി) ഒരു സമർപ്പിത ചട്ടക്കൂട് സൃഷ്ടിച്ചിട്ടുണ്ട്. ഡി.എ.പി.എസ്.സി ഒറ്റയ്ക്ക് നിലനിൽക്കുന്ന ഒരു സ്വതന്ത്ര പദ്ധതിയല്ല. പട്ടികജാതി സമൂഹങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും നടപ്പിലാക്കുന്ന പദ്ധതികളും ഇടപെടലുകളും ഇത് ഒരുമിച്ച് കൊണ്ടുവരുന്നു. പട്ടികജാതി സമൂഹങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾക്കായി വിവിധ മന്ത്രാലയങ്ങൾ പ്രത്യേക ഫണ്ട് നീക്കിവയ്ക്കുന്നുണ്ടെന്ന് ഈ ചട്ടക്കൂട് ഉറപ്പാക്കുന്നു.

ഇന്ന് ഈ ചട്ടക്കൂടിൽ 38 കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും ഉൾപ്പെടുന്നു. വിദ്യാഭ്യാസം, പാർപ്പിടം, ആരോഗ്യ സംരക്ഷണം, നൈപുണ്യവികസനം, ഉപജീവനമാർഗ്ഗങ്ങൾ, വൈദ്യുതീകരണം, സാമൂഹിക നീതി എന്നിവയിലുടനീളമുള്ള 239 പദ്ധതികളെ ഇത് പിന്തുണയ്ക്കുന്നു.
പട്ടികജാതി വിഭാഗക്കാർക്കും മറ്റുള്ളവർക്കും സ്‌കോളർഷിപ്പ് പിന്തുണ
ശ്രേയസ് (യുവ പ്രതിഭകൾക്കായുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി)
2019 ഫെബ്രുവരിയിൽ ആരംഭിച്ച 'ശ്രേയസ്' എസ്.സി, ഒ.ബി.സി, ഇ.ബി.സി വിഭാഗം വിദ്യാർത്ഥികളെ, ഉന്നത വിദ്യാഭ്യാസം, ഗവേഷണം, മത്സര പരീക്ഷകൾ, വിദേശ പഠനം എന്നിവയ്ക്കായി പിന്തുണയ്ക്കുന്നു. സാമ്പത്തിക പ്രതിബന്ധങ്ങൾ കുറയ്ക്കുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസ അവസരങ്ങളിലേക്കുള്ള അഭിഗമ്യത വിപുലീകരിക്കുന്നതിനുമുള്ള പലവിധ നടപടികളെ ഈ പദ്ധതി സംയോജിപ്പിക്കുന്നു. 2025-26 ൽ മാത്രം ഐ.ഐ.ടികൾ, ഐ.ഐ.എമ്മുകൾ, എയിംസ്, എൻ.ഐ.ടികൾ തുടങ്ങിയ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 4,156 പട്ടികജാതി വിദ്യാർത്ഥികൾക്ക് 'ഉന്നത തല വിദ്യാഭ്യാസ ഘടകം' പിന്തുണ ലഭ്യമാക്കി. അതിൽ മുപ്പത് ശതമാനം സീറ്റുകൾ പട്ടികജാതി വിഭാഗം പെൺകുട്ടികൾക്കായി സംവരണം ചെയ്തു.


ഇതേ കാലയളവിൽ, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 990 വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലന പദ്ധതി സഹായകമായി, വിദേശത്ത് ഉന്നത പഠനം നടത്തുന്ന 72 വിദ്യാർത്ഥികൾക്ക് നാഷണൽ ഓവർസീസ് സ്‌കോളർഷിപ്പ് ധനസഹായമേകി. ഗവേഷണ തലത്തിൽ, 2025-26 കാലയളവിൽ തന്നെ 4,153 പട്ടികജാതി വിദ്യാർത്ഥികൾക്കും 1,969 ഒബിസി വിദ്യാർത്ഥികൾക്കും ഫെലോഷിപ്പ് പദ്ധതികൾ പ്രയോജനകരമായി.
തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള റെസിഡൻഷ്യൽ വിദ്യാഭ്യാസ പദ്ധതി (ശ്രേഷ്ഠ)
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള റെസിഡൻഷ്യൽ സ്‌കൂൾ വിദ്യാഭ്യാസം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. 2022 ജൂണിൽ ആരംഭിച്ച ശ്രേഷ്ഠ പദ്ധതി, ഒമ്പതാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാഭ്യാസം സാധ്യമാക്കുന്നതിലൂടെ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നു.

ഈ പദ്ധതിക്ക് രണ്ട് മാതൃകകളുണ്ട്:
- ഒന്നാം മാതൃക: ശ്രേഷ്ഠ പദ്ധതിയ്ക്കായുള്ള ദേശീയ പ്രവേശന പരീക്ഷയിലൂടെ (എൻ.ഇ.ടി.എസ്) സ്വകാര്യ റെസിഡൻഷ്യൽ സ്‌കൂളുകളിൽ മികച്ച അക്കാദമിക് യോഗ്യതയുള്ള പട്ടികജാതി വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനെ പിന്തുണയ്ക്കുന്നു.
- രണ്ടാം മാതൃക: സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന റെസിഡൻഷ്യൽ സ്‌കൂളുകളെ പിന്തുണയ്ക്കുന്നു. 2.5 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള യോഗ്യരായ പട്ടികജാതി വിദ്യാർത്ഥികൾക്ക് എൻ.ഇ.ടി.എസിൽ പങ്കെടുക്കാം.
2025-26 ൽ, ശ്രേഷ്ഠ 288 സ്‌കൂളുകളിലും സ്ഥാപനങ്ങളിലുമായി 19,754 പട്ടികജാതി വിദ്യാർത്ഥികളെ പിന്തുണച്ചു. രണ്ട് തരത്തിലുള്ള റെസിഡൻഷ്യൽ വിദ്യാഭ്യാസ രീതികളിലൂടെയാണ് ഈ പദ്ധതി പ്രവർത്തിച്ചത്.
രണ്ട് പെൺകുട്ടികൾ, ഒരു പദ്ധതി, ഒരു പരിഹാരം
തങ്ങൾ പരാജയപ്പെടുന്നത് തങ്ങളുടെ കുടുംബത്തിന് താങ്ങാൻ കഴിയില്ലെന്ന് അറിയാവുന്ന കുട്ടികളിൽ ഒരു പ്രത്യേകതരം നിശ്ചയദാർഢ്യം വളർന്നുവരാറുണ്ട്. ഡോളിയും ഊർമ്മിളയും ഇതുവരെ പരസ്പരം കണ്ടുമുട്ടിയിട്ടില്ല. ഒരാൾ ഹിമാചൽ പ്രദേശിൽ നിന്നുള്ളയാളാണ്, മറ്റേയാൾ രാജസ്ഥാനിൽ നിന്നും. ഭൂമിശാസ്ത്രപരമായി അകലെയാണെങ്കിലും, ജീവിതകഥകളുടെ കാര്യത്തിൽ സമാനരാണ്.
ഡോളിയുടെ അച്ഛൻ ദിവസ വേതനക്കാരനായ ഒരു തൊഴിലാളിയാണ്. അവൾ സ്‌കൂൾ പഠനം നിർത്തിപ്പോവാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. പിന്തുണയില്ലാതിരുന്നെങ്കിൽ അവൾക്ക് പഠനം തുടരാൻ കഴിയുമായിരുന്നില്ല. ഗുണനിലവാരമുള്ള സ്‌കൂളുകളിൽ എസ്.സി (പട്ടികജാതി) വിദ്യാർത്ഥികൾക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകുന്ന ശ്രേഷ്ഠ പദ്ധതിയുടെ ഒന്നാം മാതൃക പ്രകാരം തൻ്റെ ജീവിതത്തിൽ ഏറ്റവും നിർണായകമായ വർഷങ്ങളിൽ അവൾ ഡൽഹൗസി പബ്ലിക് സ്‌കൂളിൽ തന്നെ തുടർന്ന് പഠിച്ചു.
ഡോളി ഡൽഹിയിലെ ഐ.ഐ.ടിയിൽ പ്രവേശനം നേടി, ഇന്നവൾ അവിടെ സിവിൽ എഞ്ചിനീയറിങ്ങിന് പഠിക്കുകയാണ്. ''പരിമിതികൾക്കിടയിലും എൻ്റെ ലക്ഷ്യങ്ങൾ പിന്തുടരാൻ ശ്രേഷ്ഠ എനിക്ക് പിന്തുണയും പ്രചോദനവും ആത്മവിശ്വാസവും നൽകി.'' അവളുടെ വാക്കുകൾ.
രാജസ്ഥാനിലെ ബൽറാവു ജില്ലയിൽ ഒരു ചെറിയ കൃഷിയിടത്തിലാണ് ഊർമിളയുടെ അച്ഛൻ കൃഷി ചെയ്യുന്നത്. പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിനായി ഗുണനിലവാരമുള്ള റെസിഡൻഷ്യൽ സ്‌കൂളുകളെ എംപാനൽ ചെയ്യുകയും ധനസഹായം നൽകുകയും ചെയ്യുന്ന രണ്ടാം മാതൃക വഴിയാണ് ഊർമിളയ്ക്ക് പിന്തുണ ലഭിച്ചത്. പന്ത്രണ്ടാം തരം ബോർഡ് പരീക്ഷകൾ എഴുതിയ അവൾ 99.60 ശതമാനം മാർക്ക് നേടി, രാജസ്ഥാൻ സംസ്ഥാനത്തൊട്ടാകെ ഒന്നാം റാങ്ക് നേടി.
രണ്ട് പെൺകുട്ടികൾ, രണ്ട് കുടുംബങ്ങൾ, ഒരേ മലഞ്ചെരിവിൻ്റെ രണ്ട് വ്യത്യസ്ത അറ്റങ്ങൾ - വ്യത്യസ്ത വഴികളിലൂടെ പ്രവർത്തിക്കുന്ന, ഒരേ പദ്ധതിയാൽ പിന്തുണക്കപ്പെട്ടു.
ശ്രേഷ്ഠ അവരുടെ കഴിവ് കണ്ടെത്തുകയല്ല ചെയ്തത്. ആ പ്രതിഭയെ കെടുത്തിക്കളയാൻ സാഹചര്യങ്ങളെ അനുവദിക്കാൻ അത് തീർത്തും വിസമ്മതിച്ചുവെന്ന് മാത്രം.
സ്‌കൂൾ, ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്‌കോളർഷിപ്പുകൾ
പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് സ്‌കോളർഷിപ്പ് പദ്ധതികൾ വിദ്യാഭ്യാസത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ പട്ടികജാതി വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നു. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനം ഇടയ്ക്കുവെച്ച് നിർത്താതെ സ്‌കൂളിൽ തുടരാൻ പ്രീ-മെട്രിക് സ്‌കോളർഷിപ്പ് സഹായിക്കുന്നു.
തോട്ടിപ്പണി, അപകടകരമായ ശുചീകരണ പ്രവർത്തനം തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ദുർബല കുടുംബങ്ങളിലെ കുട്ടികളെയും ഇത് പിന്തുണയ്ക്കുന്നു. ഉന്നത, സെക്കൻഡറി വിദ്യാഭ്യാസാനന്തര പഠനത്തിനായുള്ള വിദ്യാഭ്യാസ ചെലവുകൾ വഹിക്കാൻ വിദ്യാർത്ഥികളെ പോസ്റ്റ്-മെട്രിക് സ്‌കോളർഷിപ്പ് സഹായിക്കുന്നു. രണ്ട് പദ്ധതികളും പൂർണ്ണമായും ഡിജിറ്റൽവത്കരിച്ച നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (ഡി.ബി.ടി) സംവിധാനത്തിലൂടെയാണ് നടപ്പിലാക്കുന്നത്.
സമീപകാല പുരോഗതി
- പ്രീ-മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി പ്രകാരം, 2025-26 ൽ 359.47 കോടി രൂപ അനുവദിച്ചു. ഇത് ഡി.ബി.ടി വഴി 17.14 ലക്ഷം വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്തു.
- പോസ്റ്റ്-മെട്രിക് സ്‌കോളർഷിപ്പ് പദ്ധതിക്ക് കീഴിലുള്ള ശ്രമങ്ങളിലൂടെ, 2021-22 ൽ ഉന്നത വിദ്യാഭ്യാസത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരുടെ പ്രവേശനം 66.23 ലക്ഷത്തിലെത്തി, 2014-15 മുതൽ 44 ശതമാനമാണ് വർദ്ധനവ്.
- പട്ടികജാതി വിഭാഗം വിദ്യാർത്ഥിനികളുടെ പ്രവേശനം 31.71 ലക്ഷമായി ഉയർന്നു, 2014-15 ലേതിൽ നിന്ന് ഇത് 51 ശതമാനം വർദ്ധനവ് പ്രകടമാക്കുന്നു.
- ഉന്നത വിദ്യാഭ്യാസത്തിൽ പട്ടികജാതി വിദ്യാർത്ഥികളുടെ മൊത്ത പ്രവേശന അനുപാതം (ജി.ഇ.ആർ) 2014-15 ലെ 18.9 ശതമാനത്തിൽ നിന്ന് 2021-22 ൽ 25.9 ശതമാനമായി വർദ്ധിച്ചു. ഇതേ കാലയളവിൽ പട്ടികജാതി വിദ്യാർത്ഥിനികളുടെ ജി.ഇ.ആർ 18.1 ശതമാനത്തിൽ നിന്ന് 26 ശതമാനം ആയി ഉയർന്നു.
- 11, 12 ക്ലാസുകളിലെ പട്ടികജാതി വിദ്യാർത്ഥികളുടെ ജി.ഇ.ആർ 2019-20 ലെ 52.9 ശതമാനത്തിൽ നിന്ന് 2021-22 ൽ 61.5 ശതമാനമായി മെച്ചപ്പെട്ടു.
രാജ്യത്തുടനീളമുള്ള പട്ടികജാതി വിദ്യാർത്ഥികളുടെ പഠനം നിലനിർത്തുന്നത് മെച്ചപ്പെടുത്താനും, ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള അഭിഗമ്യത വിപുലീകരിക്കുന്നതിനും വിദ്യാഭ്യാസ ഫലങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതികൾ ഒരുമിച്ച് സഹായിച്ചിട്ടുണ്ട്.
2021-22 മുതൽ, പദ്ധതി പരിപൂർണമായും ഡിജിറ്റൽ മാതൃകയിലേക്ക് മാറി. ധനസഹായം, സാക്ഷ്യപ്പെടുത്തപ്പെട്ട വിദ്യാർത്ഥികളിലേക്ക് നേരിട്ട് എത്തുന്നു.
പിന്നാക്ക, നാടോടി സമൂഹങ്ങളുടെ ഉന്നമനം
ഇതര പിന്നാക്ക വിഭാഗങ്ങൾ (ഒ.ബി.സി), സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (ഇ.ബി.സി), ബ്രിട്ടീഷ് ഭരണകാലത്തെ കുറ്റവാളിപട്ടികയിൽ നിന്ന് പിന്നീട് സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷമുള്ള
വിജ്ഞാപനപ്രകാരം വിമുക്തരാക്കപ്പെട്ട ഗോത്രവിഭാഗങ്ങളും (വിമുക്തജാതികൾ) നാടോടി ഗോത്രങ്ങളും (ഡി.എൻ.ടി) എന്നിവർ ഔപചാരിക വികസനത്തിൻ്റെ മുഖ്യധാരയിലെത്താതെ പാർശ്വവത്കരിക്കപ്പെട്ടിരുന്നു. കഴിഞ്ഞ 12 വർഷത്തിനിടയിൽ, ആ സാഹചര്യം മാറി. സ്‌കോളർഷിപ്പുകൾ, നൈപുണ്യവികസനം, ഉപജീവനമാർഗങ്ങൾ, നിയമപരമായ വ്യക്തിത്വം എന്നിവ അതിനായി ഏറ്റവും കൂടുതൽ കാലം കാത്തിരുന്ന സമൂഹങ്ങളിൽ എത്തിയിരിക്കുന്നു.
പി.എം-യശസ്വി- പി.എം യങ് അച്ചീവേഴ്‌സ് സ്‌കോളർഷിപ്പ് അവാർഡ് സ്‌കീം ഫോർ വൈബ്രൻ്റ് ഇന്ത്യ
2021-22 ൽ ആരംഭിച്ച പി.എം-യശസ്വി, പ്രീ-മെട്രിക് സ്‌കോളർഷിപ്പ്, പോസ്റ്റ്-മെട്രിക് സ്‌കോളർഷിപ്പ്, ടോപ്പ് ക്ലാസ് സ്‌കൂൾ വിദ്യാഭ്യാസം, ടോപ്പ് ക്ലാസ് കോളേജ് വിദ്യാഭ്യാസം, ഒ.ബി.സി ഹോസ്റ്റലുകൾ എന്നീ അഞ്ച് ഘടകങ്ങളിലൂടെ ഒ.ബി.സി, ഇ.ബി.സി, ഡി.എൻ.ടി വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നു. എല്ലാ ആനുകൂല്യങ്ങളും ആധാർ-സീഡ് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നു. ഘടകഭാഗങ്ങളിലുടനീളം കുറഞ്ഞത് 30 ശതമാനം സീറ്റുകളെങ്കിലും പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി ദക്ഷത ഔർ കുശാൽത സമ്പൻ ഹിത്ഗ്രാഹി (പി.എം-ദക്ഷ്) യോജന
2020-21 ൽ ആരംഭിച്ച പി.എം-ദക്ഷ് യോജന (പ്രധാനമന്ത്രി കാര്യക്ഷമത, നൈപുണ്യ സമ്പന്ന ഗുണഭോക്തൃ പദ്ധതി), പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹങ്ങൾക്ക് സൗജന്യവും അംഗീകൃതവുമായ നൈപുണ്യ പരിശീലനം നൽകുന്നു. ഈ പദ്ധതി അവരെ നേരിട്ട് വേതന ലഭ്യതയുള്ള തൊഴിലിലേക്കും സ്വയംതൊഴിലിലേക്കും നേരിട്ട് ബന്ധിപ്പിക്കുന്നു.
ആരൊക്കെയാണ് ഇതിൽ ഉൾപ്പെടുന്നത്:
- പട്ടികജാതിക്കാർ: വരുമാന പരിധിയില്ല
- ഒ.ബി.സി വിഭാഗക്കാർ: കുടുംബ വരുമാനം മൂന്നു ലക്ഷം രൂപ വരെ
- ഇ.ബി.സി വിഭാഗക്കാർ: കുടുംബ വരുമാനം ഒരു ലക്ഷം രൂപ വരെ
- വിമുക്തജാതികളും നാടോടി ഗോത്രക്കാരും: വരുമാന പരിധിയില്ല
- ശുചീകരണ തൊഴിലാളികളും മാലിന്യം ശേഖരിക്കുന്നവരും: വരുമാന പരിധിയില്ല
പദ്ധതി ആരംഭിച്ചതുമുതൽ പി.എം-ദക്ഷ് 2.08 ലക്ഷം ഗുണഭോക്താക്കൾക്ക് വിജയകരമായി പരിശീലനം നൽകി.
വഞ്ചിത് ഇകായ് സമൂഹ ഔർ വർഗോം കോ ആർത്ഥിക് സഹായത (വിശ്വാസ്) യോജന
പാർശ്വവത്കൃത സമൂഹങ്ങൾക്കും വിഭാഗങ്ങൾക്കുമുള്ള സാമ്പത്തിക സഹായ (വിശ്വാസ്) യോജന പദ്ധതി പട്ടികജാതിക്കാർ, ഒ.ബി.സി വിഭാഗക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് വരുമാന ലബ്ധിയേകുന്ന പ്രവർത്തനങ്ങൾക്കായി താങ്ങാവുന്ന വായ്പ ലഭ്യമാക്കാൻ സഹായിക്കുന്നു. അർഹമായ വായ്പകൾക്ക് പ്രതിവർഷം അഞ്ച് ശതമാനം വരെ പലിശ സബ്സിഡി ഈ പദ്ധതി നൽകുന്നു. കൂടാതെ ആനുകൂല്യങ്ങൾ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി നേരിട്ട് ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നു. വായ്പാ ചെലവുകൾ കുറയ്ക്കുന്നതിലൂടെ, ഇത് സംരംഭകത്വം, സ്വയം തൊഴിൽ, ഉപജീവനമാർഗങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു.

പ്രധാന നേട്ടങ്ങൾ (2024-25 ലെയും, 2025-26 ലെയും):
വിമുക്തജാതികളുടെയും നാടോടി ഗോത്രങ്ങളുടെയും
സാമ്പത്തിക ശാക്തീകരണത്തിനുള്ള പദ്ധതി (സീഡ്)
2022 ഫെബ്രുവരിയിൽ തുടക്കമിട്ട സീഡ് പദ്ധതി, ബ്രിട്ടീഷ് ഭരണകാലത്തെ കുറ്റവാളിപട്ടികയിൽ നിന്ന് സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷമുള്ള വിജ്ഞാപനപ്രകാരം വിമുക്തരാക്കപ്പെട്ട ഗോത്രവിഭാഗങ്ങളുടെയും (വിമുക്തജാതികൾ), നാടോടി, അർധ നാടോടി ഗോത്രങ്ങളുടെയും ക്ഷേമത്തിനായുള്ള ഒരു സമർപ്പിത പദ്ധതിയാണ്. മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, സാമൂഹികതലത്തിലുള്ള ഉപജീവന സംരംഭങ്ങൾ, ഭവന നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായം എന്നിങ്ങനെയുള്ള നാല് പ്രധാന ഇടപെടലുകളെ ഈ പദ്ധതി പിന്തുണയ്ക്കുന്നു.
2025-26 കാലയളവിൽ മാത്രം, 4,485 ഡി.എൻ.ടി വിഭാഗം വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലന സഹായം നൽകുന്നതിനായി 26.75 കോടി രൂപ വിതരണം ചെയ്തു. അതോടൊപ്പം, താഴെത്തട്ടിൽ സാമ്പത്തിക സ്വാതന്ത്ര്യം വർദ്ധിപ്പിക്കുന്നതിനായി, അതേ കാലയളവിൽ, 64,701 വ്യക്തികൾക്ക് അവരുടെ ഉപജീവനമാർഗ്ഗത്തെ പിന്തുണയ്ക്കുന്നതിനായി 16 കോടി രൂപ നേരിട്ട് നൽകി. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ശാക്തീകരണത്തോടൊപ്പം, സാമൂഹിക സുരക്ഷയ്ക്കും ഗവണ്മെൻ്റ് മുൻഗണന നൽകി. 2025-26 ൽ തന്നെ, 73,569 ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ ഡി.എൻ.ടി കുടുംബങ്ങൾക്ക് വിതരണം ചെയ്തിട്ടുണ്ട്. ഇത് അവർക്ക് ഏറ്റവും ആവശ്യമുള്ള ഘട്ടങ്ങളിൽ സൗജന്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യ പരിരക്ഷ ലഭ്യമാവുന്നുവെന്ന് ഉറപ്പാക്കുന്നു.

പാർശ്വവൽക്കരിക്കപ്പെട്ട ന്യൂനപക്ഷ സമുദായങ്ങളെ ശാക്തീകരിക്കുന്നു
പ്രധാനമന്ത്രി വിരാസത് കാ സംവർദ്ധൻ (പി.എം വികാസ്)
2025-ൽ ആരംഭിച്ച പി.എം വികാസ് പദ്ധതി, ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക വികസന ആവശ്യങ്ങൾക്ക് ഘടനാപരമായ പ്രതികരണമേകുന്നു. സീഖോ ഔർ കമാവോ, ഉസ്താദ്, ഹമാരി ധരോഹർ, നയി റോഷ്‌നി, നയി മൻസിൽ എന്നീ നിലവിലുള്ള അഞ്ച് പദ്ധതികൾ ഒരൊറ്റ ഏകോപിത ചട്ടക്കൂടിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു.
പി.എം വികാസിൻ്റെ പ്രധാന ലക്ഷ്യം വ്യവസായാധിഷ്ഠിത നൈപുണ്യ വികസനമാണ്. പരിശീലനം നിലവിലെ വിപണി ആവശ്യകതയ്ക്കും തൊഴിലവസരങ്ങൾക്കും അനുസൃതമാണെന്ന് പദ്ധതി ഉറപ്പാക്കുന്നു. വിമാനയാത്രാ സഹായികളായ ജീവനക്കാർ (എയർലൈൻ കാബിൻ ക്രൂ), പൂന്തോട്ട-നഴ്‌സറി പരിപാലനം, പരമ്പരാഗത ചിത്രത്തയ്യൽ, ഗ്രാഫിക് ഡിസൈൻ, ഇലക്ട്രീഷ്യൻ, ജൂനിയർ എഞ്ചിനീയർ-ഡ്രോൺ (ഗവേഷണവും വികസനവും) എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന തൊഴിൽ ചുമതലകളിലാണ് പരിശീലനം നൽകുന്നത്. നൈപുണ്യ വികസനത്തെ സംരംഭകത്വം, നേതൃത്വം, സാംസ്‌കാരിക സംരക്ഷണം എന്നിവയുമായി സംയോജിപ്പിച്ച്, ന്യൂനപക്ഷ സമുദായങ്ങൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരമായ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
പുരോഗതി (2026 ജൂൺ 10 വരെ):
- 73,200 ഉദ്യോഗാർത്ഥികൾ ഈ പദ്ധതിയിൽ ചേർന്നു
- 31 പരിശീലന പങ്കാളികളിലൂടെയും 353 പരിശീലന കേന്ദ്രങ്ങളിലൂടെയും വിവിധ നൈപുണ്യങ്ങളിൽ പരിശീലനം നേടിയ 12,429 ഉദ്യോഗാർത്ഥികൾ
- എയർലൈൻ ക്യാബിൻ ക്രൂ, മൾട്ടി-സ്‌കിൽ ടെക്നീഷ്യൻ, പരമ്പരാഗത ചിത്രത്തയ്യൽ തുടങ്ങിയ ജോലികളിൽ 2,557 ബാച്ചുകളിലായി 1,405 ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു
- ഭരണനിർവഹണം, മാധ്യമങ്ങളും വിനോദങ്ങളും, ആരോഗ്യപരിരക്ഷ, കൃഷി തുടങ്ങിയവ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലായാണ് രജിസ്‌ട്രേഷൻ നടക്കുന്നത്
ശുചീകരണ തൊഴിലാളികൾക്ക് അന്തസ്സ് വീണ്ടെടുക്കൽ
സ്വന്തം ആരോഗ്യം, സുരക്ഷ, അന്തസ്സ് എന്നിവയെ പലപ്പോഴും ബലികഴിച്ചാണ് ശുചീകരണ തൊഴിലാളികൾ ഇന്ത്യയിലെ നഗരങ്ങളെ പ്രവർത്തനക്ഷമമാക്കുന്നത്. ഇതിന് മാറ്റം വരുത്തുന്നതിനായി 2023-24 സാമ്പത്തിക വർഷത്തിൽ യന്ത്രവൽകൃത ശുചിത്വ ആവാസ വ്യവസ്ഥയ്ക്കായുള്ള ദേശീയ കർമ്മപദ്ധതി എന്ന നമസ്‌തെ പദ്ധതി (നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം) ആരംഭിച്ചു.
കൈകൊണ്ടുള്ള നേരിട്ട് വൃത്തിയാക്കിയിരുന്ന അപകടകരമായ മുൻ രീതിയെ യന്ത്രവത്കൃത സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ശുചീകരണത്തിലേക്ക് മാറ്റുകയും, അന്തസ്സോടെയും സുരക്ഷിതത്വത്തോടെയും ഉപജീവനമാർഗ്ഗങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുന്ന ഒരു ഘടനാപരമായ പരിഷ്‌കരണമാണിത്.
തുടക്കത്തിൽ ഈ പദ്ധതിയിൽ അഴുക്കുചാൽ, സെപ്റ്റിക് ടാങ്ക് തൊഴിലാളികളെയുമാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, 2024 ജൂൺ മുതൽ, നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും മാലിന്യം ശേഖരിക്കുന്നവരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അവികസിത പ്രദേശങ്ങളുടെ പരിവർത്തനം-
അഭിലാഷ ജില്ലകൾ എന്ന സമീപനം
ഭൂപ്രകൃതി ഒരിക്കലും വിധി നിർണയിക്കരുത് എന്ന ലളിതമായ ബോധ്യത്തിൽ നിന്നാണ് കേന്ദ്ര ഗവണ്മെൻ്റ് അഭിലാഷ ജില്ലകൾ പദ്ധതി സൃഷ്ടിച്ചത്. 2018 ൽ ആരംഭിച്ച ഈ പദ്ധതി ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കൃഷി, സാമ്പത്തിക ഉൾച്ചേർക്കൽ എന്നീ തലങ്ങളിലായി രാജ്യത്തെ ഏറ്റവും അവികസിതമായ 112 ജില്ലകളെ ലക്ഷ്യം വച്ചു. 2023-ൽ, ആസ്പിരേഷണൽ ബ്ലോക്ക്‌സ് പദ്ധതിയിലൂടെ ഇത് കൂടുതൽ വേരൂന്നി വ്യാപിക്കുകയും 329 ജില്ലകളിലായി 500 ബ്ലോക്കുകളിലേക്ക് എത്തിക്കുകയും ചെയ്തു.
പ്രാദേശികവും, കൃത്യതയാർന്നതും അളന്ന് തിട്ടപ്പെടുത്താവുന്നതുമാണ് ഫലപ്രാപ്തി. ഓരോ ജില്ലയും അതിൻ്റെ ഏറ്റവും വലിയ പ്രതിബന്ധമെന്തെന്ന് തിരിച്ചറിഞ്ഞ് അതിനുതകുന്ന ഒരു പ്രതിവിധിയുണ്ടാക്കി.
'അഭിലാഷ ജില്ലകൾ' പരിപാടി - ഏറ്റവും അവസാനത്തെ ആളിലേക്കും എത്തുന്ന ഭരണനിർവഹണം
തുടർച്ചയായി വെള്ളപ്പൊക്കമുണ്ടാവുന്ന അസമിലെ ലഖിപൂരിലുള്ള വിശാലമായ നദീതീരങ്ങൾ, വർഷങ്ങളോളം പൊതുജനങ്ങളെ ആരോഗ്യപരിരക്ഷയിൽ നിന്ന് അകറ്റി നിർത്തിയിരുന്നു. 2023 ഏപ്രിൽ മുതൽ 2024 ഡിസംബർ വരെ 1,176 സ്ഥലങ്ങളിൽ ഭരണകൂടം സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുകളും ബോട്ട് ക്യാമ്പുകളും വിന്യസിച്ചു. അതിൻ്റെ ഫലമായി ലക്ഷ്യമിട്ട 25,308 ആളുകളിൽ പ്രമേഹവും രക്താതിസമ്മർദ്ദവും കണ്ടെത്തുന്നതിനുള്ള പരിശോധന 100 ശതമാനം പൂർത്തിയാക്കാനായി.
തമിഴ്നാട്ടിലെ വിരുദുനഗറിൽ, അപകടസാധ്യതയേറിയ ഗർഭാവസ്ഥകളുടെ മോശം ഏകോപനവും വേണ്ടത്ര നിരീക്ഷണമില്ലായ്മയും വളരെക്കാലമായി മാതൃമരണങ്ങൾക്ക് കാരണമായിരുന്നു. വിളർച്ച ബാധിച്ച അമ്മമാർക്ക് തത്സമയ ആരോഗ്യ നിരീക്ഷണവും കൃത്യമായ പോഷകാഹാര പിന്തുണയും ഉറപ്പാക്കുന്നതിനായി, ആ ജില്ല 'വിരു കെയർ' എന്ന പേരിൽ ഒരു പ്രത്യേക ഡിജിറ്റൽ പോർട്ടൽ നിർമ്മിച്ചു. 2023 ഏപ്രിലിനും 2024 മാർച്ചിനും ഇടയിൽ ഈ ജില്ലയിൽ ഒരു മാതൃമരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.
അടിസ്ഥാനതലത്തിൽ ശരിയായ സംവിധാനങ്ങളും, ഉത്തരവാദിത്ത ഘടനകളും, ആളുകളും ഉണ്ടെങ്കിൽ, ഇന്ത്യയിലെ ഏറ്റവും സങ്കീർണ്ണമായ ചില വികസന വെല്ലുവിളികളെ പോലും നേരിടാൻ കഴിയുമെന്ന് 'ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ്‌സ് ആൻഡ് ബ്ലോക്ക്‌സ് പ്രോഗ്രാം' തെളിയിച്ചിട്ടുണ്ട്.
സമത്വത്തിലേക്കുള്ള നിരന്തര പ്രയാണം
2014-ന് മുമ്പ്, പൊതുനയങ്ങളും ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പല സമൂഹങ്ങളും തമ്മിൽ വലിയൊരു അകലം നിലനിന്നിരുന്നു. ക്ഷേമപദ്ധതികൾ പലപ്പോഴും തത്ത്വത്തിൽ നിലനിന്നിരുന്നുവെങ്കിലും, അവയുടെ വിതരണം അസമത്വമുള്ളതായിരുന്നു, കൂടാതെ ജനങ്ങൾക്കുള്ള പ്രാപ്യത പരിമിതവുമായിരുന്നു. ആദിവാസി സമൂഹങ്ങൾ, പട്ടിക ജാതിക്കാർ, മറ്റ് പിന്നോക്ക വിഭാഗക്കാർ, നാടോടി വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവയിലെ വലിയൊരു വിഭാഗങ്ങൾ ഔപചാരിക വികസന ലഭ്യതയ്ക്ക് പുറത്തായിരുന്നു.
തുടർന്നുള്ള വർഷങ്ങളിൽ ഈ വിടവ് നികത്താൻ ഒരു കൂട്ടായ ശ്രമം നടന്നു. ഒരൊറ്റ സംരംഭത്തെ ആശ്രയിക്കുന്നതിനുപകരം, വ്യത്യസ്ത സമൂഹങ്ങൾ നേരിടുന്ന പ്രത്യേക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായി ഗവണ്മെൻ്റ് ലക്ഷ്യകേന്ദ്രീകൃത ഇടപെടലുകളുടെ വിശാലമായൊരു ആവാസവ്യവസ്ഥ സൃഷ്ടിച്ചു. വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഉപജീവനമാർഗ്ഗങ്ങൾ, സാമ്പത്തിക ഉൾച്ചേർക്കൽ, സ്വത്വം, അടിസ്ഥാന സൗകര്യങ്ങൾ, സാംസ്‌കാരിക സംരക്ഷണം, സാമൂഹിക അന്തസ്സ് എന്നിവ സംയോജിതമായി നടപ്പാക്കി.
പിന്നാക്ക സമുദായങ്ങൾക്കിടയിൽ അതിൻ്റെ സ്വാധീനം രാജ്യത്തുടനീളം കൂടുതൽ വ്യക്തമാകുകയാണ്. സർവകലാശാലകളിൽ പ്രവേശനം നേടുകയും പി.എച്ച്.ഡി നേടുകയും ചെയ്യുന്ന പട്ടികവർഗ വിദ്യാർത്ഥികൾ, സംരംഭങ്ങൾ കെട്ടിപ്പടുക്കുന്ന പട്ടികജാതി സംരംഭകർ, റോഡുകളാലും വൈദ്യുതിയാലും കൂട്ടിയിണക്കപ്പെട്ട ഗ്രാമങ്ങൾ, തങ്ങളുടെ വീടുകളിൽ ഇരുന്നുകൊണ്ട് സുസ്ഥിരമായ ഉപജീവനമാർഗ്ഗം സൃഷ്ടിക്കുന്ന ന്യൂനപക്ഷ സമൂഹങ്ങളിലെ സ്ത്രീകൾ എന്നിവയിലെല്ലാം ഇത് ദൃശ്യമാണ്.
പുരോഗതി സ്ഥിരതയുള്ളതായിരുന്നു, കൂടാതെ, കൂടുതൽ സമഗ്രമായ വികസനത്തിനായുള്ള അടിത്തറകൾ ശക്തമായി സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ന്, ഇന്ത്യയിലെ പിന്നാക്ക സമൂഹങ്ങളെ രാജ്യത്തിൻ്റെ വളർച്ചാ ചരിത്രത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവരായി നോക്കിക്കാണുന്നില്ല. അവരാണ് അതിൻ്റെ കേന്ദ്രത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. 2047 ഓടെ 'വികസിത ഇന്ത്യ' എന്ന കാഴ്ചപ്പാടിൽ തങ്ങളും ഉൾപ്പെട്ടിരിക്കുന്നതായി അവർക്ക് തോന്നുന്നു.
അവലംബം
*****
(रिलीज़ आईडी: 2272510)
आगंतुक पटल : 4