സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് 'സ്വധാ' ആരോഗ്യസംരക്ഷണ വസ്ത്രശേഖരം പുറത്തിറക്കി ഖാദി ഇന്ത്യ

प्रविष्टि तिथि: 12 JUN 2026 10:02PM by PIB Thiruvananthpuram

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകത്വ മന്ത്രാലയത്തിന് കീഴിലെ ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ പ്രത്യേക ആരോഗ്യസംരക്ഷണ വസ്ത്രശേഖരം പുറത്തിറക്കി. ചെയർമാൻ ശ്രീ മനോജ് ഗോയലാണ് 'സ്വധാ' എന്ന പേരിൽ വസ്ത്രശേഖരം വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ പുറത്തിറക്കിയത്. യോഗ, ആരോഗ്യം, സന്തുലിത ജീവിതം എന്നീ ഇന്ത്യൻ സങ്കൽപ്പങ്ങളെ ആധുനിക വസ്ത്രധാരണ ശൈലികളുമായി സമന്വയിപ്പിക്കാന്‍ നടത്തുന്ന നൂതന ശ്രമമാണ് ഖാദി മികവുകേന്ദ്രം രൂപകല്പന ചെയ്ത ഈ വസ്ത്രശേഖരം. ന്യൂഡൽഹി ഹൗസ് ഖാസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കാമ്പസിൽ ഖാദി ഗ്രാമവ്യവസായ കമ്മീഷൻ്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഖാദി മികവുകേന്ദ്രത്തിൻ്റെ ഓഫീസിലായിരുന്നു വസ്ത്രശേഖരം പുറത്തിറക്കുന്ന ചടങ്ങ്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം 2014-ൽ ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രഖ്യാപനത്തിൻ്റെ അടിസ്ഥാനത്തിലാണ് എല്ലാ വർഷവും ജൂൺ 21-ന് അന്താരാഷ്ട്ര യോഗ ദിനം ആഗോളതലത്തിൽ ആഘോഷിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ ചെയർമാൻ ശ്രീ മനോജ് ഗോയൽ ഓർമിപ്പിച്ചു. ശരീരത്തിനും മനസ്സിനും ആത്മാവിനുമിടയില്‍ ഐക്യം രൂപപ്പെടുത്തി സമഗ്ര ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്ന പുരാതന ഇന്ത്യയുടെ പാരമ്പര്യമായ യോഗയുടെ ആഘോഷമാണ് ഈ ദിനം. ഈ അന്തസ്സത്ത ഉൾക്കൊണ്ട് വരാനിരിക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ഭാഗമായി രാജ്യത്തിൻ്റെ രണ്ട് സുപ്രധാന പൈതൃകങ്ങളായ യോഗയെയും ഖാദിയെയും പരസ്പരം നെയ്തെടുത്താണ് 'സ്വധാ' ആരോഗ്യസംരക്ഷണ വസ്ത്രശേഖരം തയ്യാറാക്കിയിരിക്കുന്നത്.

ബാപ്പുജിയുടെ പൈതൃകമായ ഖാദി കേവലമൊരു തുണിത്തരം മാത്രമല്ലെന്നും മറിച്ച് സ്വാശ്രയത്വത്തിൻ്റെയും സ്വദേശി ബോധത്തിൻ്റെയും പരിസ്ഥിതി സംരക്ഷണത്തിൻ്റെയും ഗ്രാമീണ ശാക്തീകരണത്തിൻ്റെയും പ്രതീകമാണെന്നും ശ്രീ ഗോയൽ അഭിപ്രായപ്പെട്ടു. യോഗ, ഖാദി എന്നീ മഹത്തായ ഇന്ത്യൻ പാരമ്പര്യങ്ങളുടെ സന്തുലിത സമന്വയമാണ് 'സ്വധാ' ആരോഗ്യസംരക്ഷണ വസത്രശേഖരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'സ്വധാ' എന്ന വാക്ക് അഥർവ്വവേദത്തിൽനിന്നാണ്. എളുപ്പം, സുഖം, ആത്മീയ സംതൃപ്തി എന്നിവയെയാണ് ഈ വാക്ക്  സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഈ തത്വങ്ങളിലൂന്നി ലാളിത്യത്തിനും സൗകര്യത്തിനും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ശേഷിയ്ക്കും വസ്ത്രശേഖരം മുൻഗണന നൽകുന്നു. ആധുനിക ജീവിതശൈലിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ തക്കവണ്ണം രൂപകല്പന ചെയ്ത ഈ ശേഖരം യോഗാഭ്യാസത്തിനും ദൈനംദിന വസ്ത്രധാരണത്തിനും ഒരുപോലെ അനുയോജ്യമാണ്.

സുഗമമായ ചലന സ്വാതന്ത്ര്യവും ദിവസം മുഴുവൻ സുഖപ്രദമായ അനുഭവവും ഉറപ്പാക്കുന്ന തരത്തില്‍ വികസിപ്പിച്ച ഒൻപത് വ്യത്യസ്ത വസ്ത്രങ്ങള്‍ ഈ ശേഖരത്തിലുണ്ട്. ഇതില്‍ ഭൂരിഭാഗം വസ്ത്രങ്ങളും പ്രത്യേക അളവില്ലാത്തതും സ്ത്രീപുരുഷ ഭേദമന്യേ ധരിക്കാവുന്നതുമാണ്. വായുസഞ്ചാരവും ഭാരക്കുറവും മൃദുത്വവും പ്രകൃതിദത്ത സുഖവുമുള്ള ഈ ഖാദി തുണിത്തരങ്ങള്‍ ആരോഗ്യസംരക്ഷണ വസ്ത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാണ്. പയ്യന്നൂർ ഫിർക്ക ഗ്രാമോദയ ഖാദി സംഘം, തമിഴ്‌നാട്ടിലെ ഗാന്ധിഗ്രാം ഖാദി ആൻഡ് വി.ഐ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്, പഞ്ചാബിലെ ക്ഷേത്രീയ പഞ്ചാബ് ഖാദി മണ്ഡൽ എന്നീ രാജ്യത്തെ മൂന്ന് പ്രശസ്ത സ്ഥാപനങ്ങൾ ഉല്പാദിപ്പിക്കുന്ന ഖാദിയാണ് 'സ്വധാ' വസ്ത്രശേഖരത്തിന് ഉപയോഗിക്കുന്നത്. 

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'വോക്കൽ ഫോർ ലോക്കൽ', 'ആത്മനിർഭർ ഭാരത്', 'ലോക്കൽ ടു ഗ്ലോബൽ' എന്നീ കാഴ്ചപ്പാടുകൾ ഖാദി-ഗ്രാമവ്യവസായ മേഖലയ്ക്ക് പുതിയ ഊർജ്ജവും സ്വത്വവും നൽകിയതായി ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ ചെയർമാൻ പറഞ്ഞു. 2025-26 സാമ്പത്തിക വർഷം 1.87 ലക്ഷം കോടി രൂപയുടെ റെക്കോഡ് വില്പന കൈവരിച്ച് ഈ മേഖല ചരിത്രം കുറിച്ചു. രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് കരകൗശല വിദഗ്ധരുടെയും നെയ്ത്തുകാരുടെയും ഗ്രാമീണ സംരംഭകരുടെയും ഖാദി സ്ഥാപനങ്ങളുടെയും കൂട്ടായ പരിശ്രമമാണ് നേട്ടത്തിന് പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഖാദി-ഗ്രാമവ്യവസായ മേഖല ഇപ്പോൾ 2.51 ലക്ഷം കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. 'വികസിത ഇന്ത്യ' കെട്ടിപ്പടുക്കുന്നതിലും ഗ്രാമീണ സമ്പദ്‌ വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിലും മേഖല സുപ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ ഖാദി-ഗ്രാമവ്യവസായ മേഖല രാജ്യത്ത് ഏകദേശം 2.04 കോടി പേര്‍ക്ക് തൊഴിൽ നൽകുന്നുണ്ടെന്നും ശ്രീ ഗോയൽ പറഞ്ഞു.  

 

ഖാദി ഗ്രാമവ്യവസായ കമ്മീഷൻ്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെയും സഹകരണത്തോടെ 2021-ല്‍ ഖാദി മികവുകേന്ദ്രം സ്ഥാപിതമായത് ശ്രദ്ധേയമാണ്. രൂപകല്പനയിലെ നൂതനത്വത്തിലൂടെയും ബ്രാൻഡ് വികസനത്തിലൂടെയും വിപണി അധിഷ്ഠിത ഇടപെടലുകളിലൂടെയും ഖാദിയെ ആധുനികവൽക്കരിക്കാനും സമകാലിക ഉപഭോക്താക്കൾക്ക് കൂടുതൽ പ്രിയങ്കരമാക്കാനും കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യം, പാരമ്പര്യം, സുസ്ഥിര ജീവിതം എന്നിവയുടെ മൂല്യങ്ങൾ ഒരുമിപ്പിക്കുന്ന സംരംഭത്തിൻ്റെ സുപ്രധാന സംഭാവനയാണ് 'സ്വധാ' ആരോഗ്യസംരക്ഷണ വസ്ത്രശേഖരം.  

 

ഖാദി ഗ്രാമവ്യവസായ കമ്മീഷനിലെയും ഖാദി മികവുകേന്ദ്രത്തിലെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെയും ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

*****


(रिलीज़ आईडी: 2272397) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: हिन्दी , English , Tamil