ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ അധ്യക്ഷതയിൽ 13-ാമത് ബ്രിക്സ് നഗരവൽക്കരണ ഫോറത്തിന് ന്യൂഡൽഹിയിൽ തുടക്കം കുറിച്ചു

प्रविष्टि तिथि: 11 JUN 2026 6:19PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിൽ, കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ,പതിമൂന്നാമത് ബ്രിക്സ് (BRICS) നഗരവൽക്കരണ ഫോറം  ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയിൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് രണ്ട് ദിവസത്തെ ഈ ഫോറം സംഘടിപ്പിക്കുന്നത്. നിർണായകമായ നഗര വികസന മുൻഗണനകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബ്രസീൽ, റഷ്യ, ഇന്തോനേഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാൻ, യു എ ഇ  എന്നീ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും മുതിർന്ന ഗവൺമെൻറ് ഉദ്യോഗസ്ഥരും നഗരവികസന വിദഗ്ധരും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

2013-ൽ ന്യൂഡൽഹിയിലും, 2016-ൽ വിശാഖപട്ടണത്തിലും, 2021-ൽ വെർച്വലായും നടന്ന സമ്മേളനങ്ങൾക്ക് ശേഷം ഇത് നാലാം തവണയാണ് ഇന്ത്യ ബ്രിക്സ് നഗരവൽക്കരണ ഫോറത്തിന് ആതിഥേയത്വം വഹിക്കുന്നത്.

 



 

‘ജനങ്ങൾക്കായുള്ള നഗരങ്ങൾ: സമഗ്രവും പ്രതിരോധശേഷിയുള്ളതുമായ നഗര ഭാവിക്കായുള്ള  ബ്രിക്‌സ് സഹകരണം’എന്നതാണ് ഫോറത്തിന്റെ ഈ വർഷത്തെ  പ്രമേയം."ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയിൽ ചേരുന്ന ഈ ഫോറം, നഗര വികസന അജണ്ടകളെ ആഗോള വികസന ചർച്ചകളിലേക്ക് കൂടുതൽ ശക്തമായി കൊണ്ടുവരാനുള്ള ഒരു അവസരമാണ്"എന്ന് ഫോറം ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന നഗരവികസനം, കാലാവസ്ഥാ-ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ, സ്ഥാപനശാക്തീകരണം, ഡിജിറ്റൽ നവീകരണം എന്നിവയാണ് രാജ്യത്തിൻറെ വികസന മുന്നേറ്റത്തിനുള്ള  പ്രധാന സ്തംഭങ്ങളെന്നും  അദ്ദേഹം പറഞ്ഞു.

 



 

പ്രതിനിധികളെ സ്വാഗതം ചെയ്തുകൊണ്ട് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി ശ്രീ ശ്രീനിവാസ് കടികിത്തല ഫോറത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കഴിഞ്ഞ കുറച്ചുകാലങ്ങളായി, മികച്ച പ്രവർത്തന മാതൃകകൾ പരസ്പരം പങ്കുവെക്കാനും, ഓരോ രാജ്യത്തിന്റെയും നഗരവികസന സംവിധാനങ്ങളെക്കുറിച്ചുള്ള പരസ്പര ധാരണ ആഴത്തിലാക്കാനും, സുസ്ഥിര സഹകരണത്തിന് ആവശ്യമായ വിശ്വാസം കെട്ടിപ്പടുക്കാനും ഈ ഫോറം അംഗരാജ്യങ്ങളെ പ്രാപ്തമാക്കിയിട്ടുണ്ടെന്ന്  അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന സെഷനിൽ, ബഹുമാനപ്പെട്ട കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ, ഫോറത്തിന്റെ നാല് മുൻഗണനാ മേഖലകളിലായി ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അവതരിപ്പിച്ച തിരഞ്ഞെടുക്കപ്പെട്ട  നഗരവികസന മാതൃകകളും  അനുഭവങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള  'ഇന്ത്യാസ് അർബൻ ട്രാൻസ്ഫോർമേഷൻ: സ്റ്റോറീസ് ഓഫ് ചേഞ്ച്' എന്ന പ്രസിദ്ധീകരണം പുറത്തിറക്കി.
ഉദ്ഘാടന ചടങ്ങിനുശേഷം ഉന്നതതല പ്ലീനറി സമ്മേളനവും നടന്നു. കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഈ സമ്മേളനത്തിൽ, അംഗരാജ്യങ്ങൾ തങ്ങളുടെ ഔദ്യോഗിക പ്രസ്താവനകളിലൂടെ പൊതുവായ നഗര വെല്ലുവിളികൾ, ഭാവി സാധ്യതകൾ, പങ്കാളിത്ത ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി.


ബ്രിക്സ് നഗരവൽക്കരണ ഫോറത്തിന്റെ അനുബന്ധമായി ഇന്ത്യയും റഷ്യൻ ഫെഡറേഷനും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നു. കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി ശ്രീ തോഖൻ സാഹു, റഷ്യൻ ഫെഡറേഷന്റെ നിർമ്മാണ, ഭവന, പൊതുജന മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി ശ്രീ യൂറി മുത്സെനെക് എന്നിവർ  യോഗത്തിൽ സംയുക്ത അധ്യക്ഷത വഹിച്ചു. സുസ്ഥിര നഗരവികസന മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനായുള്ള സുപ്രധാനവും ദീർഘവീക്ഷണത്തോടെയുള്ളതുമായ ചർച്ചകൾക്ക് ഈ സമ്മേളനം വേദിയൊരുക്കി.

സുസ്ഥിര നഗര വികസനവുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട ധാരണാപത്രത്തെക്കുറിച്ചുള്ള ചർച്ചകളുടെ പുരോഗതി ഇരുപക്ഷവും അവലോകനം ചെയ്തു. ഇത് എത്രയും വേഗം അന്തിമരൂപത്തിലാക്കി ഒപ്പുവെക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ഇരുപക്ഷവും  വ്യക്തമാക്കി. നഗരാസൂത്രണം, കുറഞ്ഞ ചെലവിൽ  ഭവന നിർമാണം, മുനിസിപ്പൽ അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിര നിർമാണ സാങ്കേതികവിദ്യകൾ, ശേഷി വികസനം, നഗര ഭരണത്തിലെ മികച്ച മാതൃകകളുടെ കൈമാറ്റം എന്നിവയുൾപ്പെടെ ഇരുരാജ്യങ്ങൾക്കും പൊതുതാല്പര്യമുള്ള വിപുലമായ മേഖലകൾ ചർച്ചയിൽ ഉൾപ്പെട്ടു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ, ഇറാൻ -റഷ്യ, ഇറാൻ -ചൈന,റഷ്യ-യുഎഇ  എന്നീ രാജ്യങ്ങൾ തമ്മിലും ഉഭയകക്ഷി ചർച്ചകൾ നടന്നു.

തുടർന്ന്, പുതിയ പാർലമെന്റ് മന്ദിര സമുച്ചയം, ഇന്ത്യ ഗേറ്റ്, കർത്തവ്യപഥ് എന്നിവയുൾപ്പെടെ ന്യൂഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട  പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച് രാജ്യത്തെ നഗരവികസന പദ്ധതികൾ പ്രതിനിധി സംഘം  നേരിട്ടുകണ്ട് മനസ്സിലാക്കി.

സാംസ്കാരിക പരിപാടികൾക്കുശേഷം  അത്താഴവിരുന്നോടെയാണ് സമ്മേളനത്തിന്റെ ആദ്യദിനച്ചടങ്ങുകൾ സമാപിച്ചത്.

 

****


(रिलीज़ आईडी: 2271934) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी