റെയില്‍വേ മന്ത്രാലയം
220 കോടി രൂപ ചെലവിൽ മാരാരിക്കുളം - ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ പദ്ധതിക്ക് ഇന്ത്യൻ റെയിൽവേ അനുമതി നൽകി
प्रविष्टि तिथि:
08 JUN 2026 6:45PM by PIB Thiruvananthpuram
റെയിൽവേ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും ദക്ഷിണ റെയിൽവേയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാനമായ ഒരു ചുവടുവെയ്പ്പായി, ദക്ഷിണ റെയിൽവേയുടെ പരിധിയിൽ വരുന്ന 10.65 കിലോമീറ്റർ ദൈർഘ്യമുള്ള മാരാരിക്കുളം - ആലപ്പുഴ പാത ഇരട്ടിപ്പിക്കലിന് ഇന്ത്യൻ റെയിൽവേ അനുമതി നൽകി. 220.51 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.
റെയിൽവേ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പാത ഇരട്ടിപ്പിക്കൽ, മൂന്ന് വരിയാക്കൽ , നാല് വരിയാക്കൽ , ഫ്ലൈഓവർ, ബൈപ്പാസ് നിർമ്മാണങ്ങൾ എന്നിവയുൾപ്പെടുന്ന ബൃഹത്തായ വികസന പരിപാടിക്ക് കീഴിലാണ് ഈ പദ്ധതിക്ക് അനുമതി നൽകിയിരിക്കുന്നത്. എറണാകുളം - തുറവൂർ - ആലപ്പുഴ - അമ്പലപ്പുഴ - കായംകുളം റൂട്ടിൽ നിലവിൽ ഒറ്റവരിപ്പാത മാത്രമായി അവശേഷിക്കുന്ന ഒരേയൊരു ഭാഗമാണ് മാരാരിക്കുളം - ആലപ്പുഴ സെക്ഷൻ. ഈ റൂട്ടിലെ മറ്റ് ഭാഗങ്ങളിലെ പാത ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാവുകയോ അല്ലെങ്കിൽ പുരോഗമിക്കുകയോ ചെയ്യുകയാണ്.
പദ്ധതി പൂർത്തിയാകുന്നതോടെ ഇരു ദിശകളിലേക്കുമായി പ്രതിദിനം 9 വീതം അധിക പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തുന്നതിനും പ്രതിവർഷം 2.88 ദശലക്ഷം ടൺ (MTPA) ചരക്കുനീക്കത്തിനും ഇത് സഹായകരമാകും. പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ യാത്രക്കാരുടെയും ചരക്കുകളുടെയും വർദ്ധിച്ച നീക്കത്തിലൂടെ പ്രതിവർഷം ഏകദേശം 3.08 കോടി രൂപയുടെ അധിക അറ്റാദായം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
യാത്ര, ചരക്ക് ട്രെയിനുകൾ പിടിച്ചിടുന്നത് ഒഴിവാക്കിക്കൊണ്ട് ഈ സുപ്രധാന റൂട്ടിൽ കൂടുതൽ വേഗതയേറിയതും സുഗമവുമായ ട്രെയിൻ സർവീസുകൾ ഉറപ്പാക്കുന്ന ഈ പദ്ധതി റെയിൽവേയുടെ പ്രവർത്തനക്ഷമതയെ ഗണ്യമായി മെച്ചപ്പെടുത്തും. കൂടാതെ, ഇത് പാതയുടെ ശേഷി വർദ്ധിപ്പിക്കുകയും ട്രെയിനുകളുടെ കൃത്യമായ സമയനിഷ്ഠയ്ക്ക് വഴിയൊരുക്കുകയും പ്രദേശത്തെ റെയിൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യും.
ഇന്ത്യൻ റെയിൽവേയുടെ 'മിഷൻ 3000 എംടി' (Mission 3000 MT), 'ഹൈ ഡെൻസിറ്റി ട്രാഫിക് നെറ്റ്‌വർക്ക് കോറിഡോർ' (High Density Traffic Network Corridor) എന്നിവയ്ക്ക് കീഴിലാണ് ഈ നിർദ്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. 3.99% സാമ്പത്തിക ലാഭക്ഷമത(FIRR)യും , 22.30% സമഗ്ര ലാഭക്ഷമത (EIRR)യും രേഖപ്പെടുത്തിയ ഈ പദ്ധതി സാമ്പത്തികപരമായി ലാഭകരമാണെന്ന് തെളിയിച്ചിട്ടുള്ളതാണ്.
ആധുനികവും ഭാവിക്ക് അനുയോജ്യവുമായ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിലൂടെ കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് പിന്തുണ നൽകുന്നതിനും റെയിൽവേ ശേഷി വികസിപ്പിക്കുന്നതിനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള ഇന്ത്യൻ റെയിൽവേയുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് സ്ഥിരീകരിക്കുന്നതാണ് ഈ അനുമതി.
***
(रिलीज़ आईडी: 2270440)
आगंतुक पटल : 12