PIB Backgrounder
ഇന്ത്യയുടെ ആരോഗ്യ പരിവർത്തനം
प्रविष्टि तिथि:
06 JUN 2026 12:29PM by PIB Thiruvananthpuram
കഴിഞ്ഞ 12 വർഷത്തിനുള്ളിൽ കേന്ദ്രസർക്കാർ ഭാരതത്തിൻ്റെ ആരോഗ്യ സംവിധാനത്തെ ഗണ്യമായി ശാക്തീകരിച്ചിട്ടുണ്ട്. 'ഇത് 44 കോടിയിലധികം കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുകയും, 1.86 ലക്ഷത്തിലധികം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്.' വിപണി വിലയേക്കാൾ 50 മുതൽ 90 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുന്ന ജനറിക് മരുന്നുകൾ ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള 18,000-ത്തിലധികം 'ജൻ ഔഷധി കേന്ദ്രങ്ങൾ' വഴി ലഭ്യമാണ്. കൂടാതെ, രാജ്യത്ത് ഇതുവരെ 47 കോടിയിലധികം ഓൺലൈൻ മുഖേനയുള്ള വിദൂരവൈദ്യസഹായം (ടെലിമെഡിസിൻ കൺസൾട്ടേഷനുകൾ) പൂർത്തിയായിട്ടുണ്ട്. രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയിലധികമായി വർദ്ധിച്ചു. 2014 മുതൽ 12 പുതിയ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപനങ്ങൾ പ്രവർത്തനക്ഷമമാണ്. പരമ്പരാഗത വൈദ്യശാസ്ത്രത്തെ പൊതുജനാരോഗ്യ സംവിധാനവുമായി ഔപചാരികമായി സംയോജിപ്പിച്ചിരിക്കുന്നു.' '2014 മുതൽ മാതൃ-ശിശു മരണനിരക്കിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ക്ഷയരോഗബാധ കുറയുകയും മലേറിയ മൂലമുള്ള മരണനിരക്ക് 78 ശതമാനം കുറയുകയും ചെയ്തു. മറ്റ് പല രോഗങ്ങളുടെയും വ്യാപനവും കുറഞ്ഞുവരുന്നുണ്ട്. മൊത്തത്തിൽ എടുത്തുപറഞ്ഞാൽ, ഈ നേട്ടങ്ങൾ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിലും, സാർവ്വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിലുമുള്ള ഇന്ത്യയുടെ സ്ഥിരതയാർന്ന പുരോഗതിയെയാണ് പ്രതിഫലിപ്പിക്കുന്നത്.'
സാർവത്രിക ആരോഗ്യ പരിരക്ഷയിലേക്ക്
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യ പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങളിൽ വൻതോതിലുള്ള പരിവർത്തനം വരുത്തിയിട്ടുണ്ട്. ഇപ്പോൾ ഇത് കൂടുതൽ അഭിഗമ്യവും, താങ്ങാനാവുന്നതും, ഗുണനിലവാരത്തെ അടിസ്ഥാനമാക്കിയുള്ളതുമായി മാറിയിരിക്കുന്നു. ഇതിൻ്റെ സ്വാധീനം താഴെത്തട്ടിലുള്ള അടിസ്ഥാനതലങ്ങളിൽ പോലും സുവ്യക്തമായി ദൃശ്യമാണ്.
1.39 ലക്ഷത്തിലധികം കുടുംബങ്ങളിൽ നടത്തിയ 2025 ലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് സർവേ, മുമ്പെങ്ങുമില്ലാത്ത വിധം കൂടുതൽ ഇന്ത്യക്കാർ വൈദ്യസഹായം തേടുന്നുണ്ടെന്നത് എടുത്തുകാണിക്കുന്നു.
ആശുപത്രികളിൽ അഡ്മിറ്റ് ആവാതെയുള്ള (ഔട്ട്പേഷ്യന്റ്) പരിചരണത്തിനായി അതായത് കൺസൾട്ടേഷൻ (വൈദ്യശാസ്ത്രപരമായ വിദഗ്ധാഭിപ്രായം ആരായൽ), രോഗനിർണയം, പരിശോധനകൾ, മരുന്ന് കുറിപ്പടി എന്നിവയ്ക്കായി ഗവണ്മെൻ്റ് ആശുപത്രികളിലും ക്ലിനിക്കുകളിലും സന്ദർശിക്കുന്നവർക്ക് പണമൊന്നും നൽകേണ്ടതില്ല. ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ പകുതിയോളം പേർക്കും 1,100 രൂപയിൽ താഴെയാണ് പരിചരണത്തിനായി നൽകുന്നത്. അത്തരം സൗകര്യങ്ങൾക്കായി ഏറ്റവും നിർധനരായ കുടുംബങ്ങൾക്ക് വളരെ കുറഞ്ഞ ചെലവിലോ, അല്ലെങ്കിൽ കയ്യിൽ നിന്ന് പണം ചെലവഴിക്കാതെയോ ഉള്ള കുറഞ്ഞതോ അല്ലെങ്കിൽ പോക്കറ്റിൽ നിന്ന് പുറത്തെടുക്കാത്തതോ ആയ ആരോഗ്യപരിരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. പൊതുജനാരോഗ്യ സംവിധാനത്തിൽ ആളുകൾ വിശ്വാസം പുതുക്കിയിരിക്കുന്നു എന്നതിൻ്റെ സൂചനകളാണിത്.

ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. വർദ്ധിച്ച ഗവണ്മെൻ്റ് വിഹിതങ്ങളും ആരോഗ്യ സംരക്ഷണ മേഖലയിലെ വ്യവസ്ഥാപിതമായ നവീകരണങ്ങളുമാണ് സാർവത്രിക ആരോഗ്യ പരിരക്ഷയിലേക്കുള്ള ഇന്ത്യയുടെ പുരോഗതിയെ നയിച്ചത്. ഇൻഷുറൻസ് പദ്ധതികൾ മുതൽ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളുടെ വികാസം വരെ, കഴിഞ്ഞ 12 വർഷമായി ഇന്ത്യ അതിൻ്റെ പൊതുജനാരോഗ്യ അടിത്തറകൾ വ്യവസ്ഥാപിതമായി പുനർനിർമ്മിച്ചു.

ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) അതിൻ്റെ എണ്ണറ്റ രോഗനിയന്ത്രണ, പരിചരണ പരിപാടികളിലൂടെ ആരോഗ്യ സേവന വിതരണം കൂടുതൽ ലക്ഷ്യബോധമുള്ളതാക്കുന്നു. പുതിയതും ശക്തവുമായ ഡിജിറ്റൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, വളർന്നുവരുന്ന നിർമിതബുദ്ധി സംയോജനങ്ങൾ എന്നിവ ആരോഗ്യ സംരക്ഷണ വിതരണത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നു. വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, ആരോഗ്യസംവിധാനത്തിന് ആവശ്യമായത്ര ഡോക്ടർമാരെയും നഴ്‌സുമാരെയും പരിശീലിപ്പിക്കാനുള്ള ശേഷി ഗവണ്മെൻ്റ് ഇരട്ടിയിലധികമായി വർദ്ധിപ്പിച്ചിട്ടുണ്ട്. 2018 ൽ ആരംഭിച്ച ആയുഷ്മാൻ ഭാരത് പദ്ധതി എന്ന ലോകത്തിലെ ഏറ്റവും അഭിലഷണീയമായ സാർവത്രിക ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് ഈ മാറ്റങ്ങളുടെ കേന്ദ്രബിന്ദു.

ആയുഷ്മാൻ ഭാരത്: എല്ലാ പൗരന്മാർക്കും
സാർവത്രിക ആരോഗ്യ പരിരക്ഷ
'ദീർഘായുസ്സുള്ള ഇന്ത്യ' എന്നർത്ഥം വരുന്ന 'ആയുഷ്മാൻ ഭാരത്' പദ്ധതി ജീവിതത്തിൻ്റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകൾക്ക് താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ പരിചരണം നൽകുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും, 70 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും ഇത് ഒരു നിർണായക ജീവനാഡിയായി ഉയർന്നുവന്നിരിക്കുന്നു. രാജ്യത്തുടനീളമുള്ള പ്രതിരോധ, പ്രോത്സാഹന, രോഗശാന്തി, ഡിജിറ്റൽ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ കൂട്ടായി ശക്തിപ്പെടുത്തുന്ന നാല് പ്രധാന തൂണുകളിലാണ് ആയുഷ്മാൻ ഭാരത് വാസ്തുവിദ്യ നിലകൊള്ളുന്നു.
ഒന്നാം സ്തംഭം:
ആയുഷ്മാൻ ഭാരതിലൂടെ പൊതുജനാരോഗ്യ ഇൻഷുറൻസ് - പ്രധാനമന്ത്രി ജനാരോഗ്യ യോജന (എ.ബി.-പി.എം.ജി.എ.വൈ)
ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ തുടർച്ചയായി, കേന്ദ്ര ഗവണ്മെൻ്റ് 2017-ൽ ദേശീയ ആരോഗ്യ നയം (എൻ.എച്ച്.പി)അവതരിപ്പിച്ചു. ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിനായുള്ള ഒരു പരിവർത്തനാത്മക കാഴ്ചപ്പാടിനെ ഇത് രൂപപ്പെടുത്തുന്നു. പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളുടെ വർദ്ധനയും വർദ്ധിച്ചുവരുന്ന ചികിത്സാ ചെലവുകളും ഉൾപ്പെടെ ഉയർന്നുവരുന്ന ആരോഗ്യ സംരക്ഷണ വെല്ലുവിളികളെ നയം തിരിച്ചറിഞ്ഞു. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, 2018-ൽ കേന്ദ്ര ഗവണ്മെൻ്റ് ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജനാരോഗ്യ യോജന (എ.ബി.-പി.എം.ജി.എ.വൈ) ആരംഭിച്ചു. ഇപ്പോൾ പൊതുജന ധനസഹായത്തോടെയുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷാ പദ്ധതിയായി ഇത് ഉയർന്നിരിക്കുന്നു.
സാമൂഹികവും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് എ.ബി.-പി.എം.ജി.എ.വൈ പ്രതിവർഷം 5 ലക്ഷം രൂപ വരെ സൗജന്യ പൊതുജനാരോഗ്യ ഇൻഷുറൻസ് നൽകുന്നു. ജനസംഖ്യയുടെ 40 ശതമാനത്തോളം, അതായത് ഏകദേശം 12 കോടി കുടുംബങ്ങൾ ഇത്തരം വിഭാഗത്തിൽപ്പെടുന്നു. സാമ്പത്തികഭദ്രതയെ തകർക്കുന്നതരത്തിലുള്ള ആരോഗ്യ സംരക്ഷണ ചെലവുകളിൽ നിന്ന് ഈ കുടുംബങ്ങളെ ആരോഗ്യ ഇൻഷുറൻസ് രക്ഷിക്കുന്നു.

2024 ഒക്ടോബറിൽ നടന്ന പദ്ധതിയുടെ നിർണായക വിപുലീകരണത്തിൽ, 70 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്ന 'ആയുഷ്മാൻ ഭാരത് വയ വന്ദന' ഗവണ്മെൻ്റ് അവതരിപ്പിച്ചു.കാൻസർ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള വിപുലശ്രേണിയിലുള്ള രോഗാവസ്ഥകൾക്കുള്ള കൺസൾട്ടേഷനുകൾ, ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, പ്രത്യേക ചികിത്സ എന്നിവ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുന്നു.
എം പാനൽ ചെയ്ത പൊതു, സ്വകാര്യ ആശുപത്രികൾ ഈ ഇൻഷുറൻസ് പദ്ധതിയുടെ പരിരക്ഷ ചെയ്യുന്നു. 1,900-ലധികം ചികിത്സാ പാക്കേജുകൾക്കായി പ്രതിദിനം ഏകദേശം 40,000 ക്ലെയിമുകൾ പരിശോധിച്ച് തീർപ്പാക്കുന്നു.
രാജ്യത്തുടനീളം ലഭ്യമായ എ.ബി.-പി.എം.ജി.എ, താഴ്ന്ന വരുമാനക്കാർക്കും മുതിർന്ന പൗരന്മാർക്കുമുള്ള ആരോഗ്യ പരിചരണ സമത്വത്തിൻ്റെ ആണിക്കല്ലായി മാറിയിരിക്കുന്നു:
44.14 കോടി ആയുഷ്മാൻ കാർഡുകൾ സൃഷ്ടിച്ചു
12.03 കോടി ആശുപത്രി പ്രവേശനങ്ങൾക്ക് പരിരക്ഷ ലഭിച്ചു
1,80,435 കോടി രൂപ മൂല്യമുള്ള ചികിത്സ ലഭ്യമാക്കി
പൊതുമേഖലയിൽ 19,659 ആശുപത്രികളും, 16,559 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 36,218 ആശുപത്രികൾ എം പാനൽ ചെയ്തു
1.20 കോടി മുതിർന്ന പൗരന്മാർ ആയുഷ്മാൻ ഭാരത് വയ് വന്ദന പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തു, അവർ 3,000 കോടി രൂപ മൂല്യമുള്ള 13.84 ലക്ഷം ചികിത്സകൾ പ്രയോജനപ്പെടുത്തി. (ജൂൺ 5, 2026 വരെ)
ആയുഷ്മാൻ ആപ്പ്
പി.എം.ജെ.എ.വൈ ഗുണഭോക്താക്കൾക്കുള്ള ഏക ജാലക കേന്ദ്രം (വൺ-സ്റ്റോപ്പ് ഹബ്)- 19 പ്രാദേശിക ഭാഷകളിലായി ആൻഡ്രോയ്ഡ്, ഐ.ഒ.എസ് എന്നിവയിൽ ലഭ്യമാണ്.
ഗുണഭോക്താക്കൾക്ക് കഴിയുന്നത്:
യോഗ്യത പരിശോധിക്കൽ
ആയുഷ്മാൻ ഇ-കാർഡുകൾ ഡൗൺലോഡ് ചെയ്യൽ
വാലറ്റ് ബാലൻസ് നിരീക്ഷിക്കൽ
എം പാനൽ ചെയ്ത ആശുപത്രികൾ കണ്ടെത്തൽ
പരാതികൾ ഉന്നയിക്കൽ.
ജീവിതത്തിൽ ലഭ്യമാവുന്ന ഒരു രണ്ടാം അവസരം
ബിഹാറിലെ മോത്തിഹാരിയിൽ നിന്നുള്ള ഒരു ദിവസവേതന തൊഴിലാളിയുടെ ഭാര്യ സോണി കഹ്തൂണിന് വർഷങ്ങളായി ഹൃദയ വാൽവ് തകരാറിലായതിനാൽ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടി. ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി ഭർത്താവ് 2.5 ലക്ഷം രൂപ കടം വാങ്ങി നൽകിയെങ്കിലും ആശ്വാസം ലഭിച്ചില്ല. എ.ബി-പി.എം.ജെ.എ.വൈയുടെ കീഴിൽ, ലഖ്‌നൗവിലെ ഒരു മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിൽ സൗജന്യ ഹൃദയ വാൽവ് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയ നടത്തി. അവൾ സുഖം പ്രാപിച്ച് മക്കളുടെ വീട്ടിലേക്ക് മടങ്ങി. ആയുഷ്മാൻ ഭാരത് സോണിയെയും കുടുംബത്തെയും ജീവിതകാലം മുഴുവൻ നീണ്ടുനിന്നേക്കാവുന്ന സാമ്പത്തിക ബാധ്യതയിൽ നിന്ന് രക്ഷിച്ചു.
രണ്ടാം സ്തംഭം: ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിലൂടെ
(എ.എ.എം) പ്രാഥമിക പരിചരണം
ചെറിയ രോഗങ്ങളുടെ വിദഗ്ധ ചികിത്സയ്ക്കും പൊതുജനാരോഗ്യ പരിപാടികൾക്കുമായി കേന്ദ്ര ഗവണ്മെൻ്റ് പ്രാഥമികാരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നു. എല്ലാ അയൽപ്പക്കങ്ങളിലും പ്രാഥമിക ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനായി ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ (എ.എ.എം) സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. സാർവത്രിക ആരോഗ്യ പരിരക്ഷ വിപുലീകരിക്കുന്ന ഈ എ.എ.എമ്മു-കൾ ഇന്ത്യയിലെ സാമൂഹികാരോഗ്യത്തിൻ്റെ ആണിക്കല്ലാണ്. പ്രതിരോധം, പ്രോത്സാഹനം, രോഗശമനം, പുനരധിവാസം, സാന്ത്വന പരിചരണം എന്നിങ്ങനെയുള്ള സമഗ്രമായ പരിചരണം അവ നൽകുന്നു.
ഓരോ എ.എ.എമ്മും മാതൃ-ശിശു ആരോഗ്യ സംരക്ഷണത്തിന് അതീതമായ 12 സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രാഥമിക രോഗ നിർണയ പരിശോധന, രോഗ നിയന്ത്രണം, വായ, കണ്ണ്, ചെവി-മൂക്ക്-തൊണ്ട സംരക്ഷണം, മാനസികാരോഗ്യ പിന്തുണ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടെലികൺസൾട്ടേഷനുകൾ, പ്രാഥമിക അടിയന്തര ചികിത്സ, ട്രോമ കെയർ, സൗജന്യ അവശ്യ മരുന്നുകൾ, രോഗനിർണയം എന്നിവ ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് എ.എ.എമ്മുകളിൽ ഇന്നുവരെ 540 കോടിയിലധികം തവണ രോഗീസന്ദർശനം രേഖപ്പെടുത്തി. ഈ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ദ്രുതഗതിയിൽ നിർമിക്കുകയാണ്.
അവ ഇപ്പോൾ:

1.86 ലക്ഷത്തിലധികം ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ പ്രവർത്തനക്ഷമമാണ്, ഇവയുൾപ്പെടെ:
1.34 ലക്ഷം ഉപ ആരോഗ്യ കേന്ദ്രങ്ങൾ
24,483 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ
5,474 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ
12,259 ആയുഷ് കേന്ദ്രങ്ങൾ
9,758 നഗര ആരോഗ്യ-ക്ഷേമകേന്ദ്രങ്ങൾ (അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകൾ) (2026 ജൂൺ 5 വരെ)
സാമൂഹികാരോഗ്യ പ്രവർത്തകർ (കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ)ക്കും അംഗീകൃത സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റുകൾ(ആശകൾ)ക്കും സാമൂഹിക ആരോഗ്യ പ്രചാരണത്തിനുള്ള കേന്ദ്രങ്ങൾ കൂടിയാണ് എ.എ,എമ്മുകൾ. ഈ കേന്ദ്രങ്ങളിൽ വെച്ച് അവർ ആരോഗ്യ പരിപാടികളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുകയും രോഗികളെ പരിശോധിക്കുകയും, സാമൂഹിക ആരോഗ്യത്തിൻ്റെ പിന്തുടർച്ചാവിവരങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്നു.
അടിസ്ഥാനതലത്തിൽ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നു:
വർഷങ്ങളായി, അസമിലെ ബോംഗൈഗാവ് ജില്ലയിലെ ലാൽമതി ഉപകേന്ദ്രം 10 ഗ്രാമങ്ങളിലായി 10,000-ത്തിലധികം ആളുകൾക്ക് അടിസ്ഥാന മാതൃ-ശിശു ആരോഗ്യ സേവനങ്ങൾ മാത്രം നൽകിയിരുന്നു. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ കേന്ദ്രം എ.എ.എം ആയി തലമുയർത്തപ്പെട്ട (അപ്‌ഗ്രേഡ്) പ്പോൾ, അത് അക്ഷരാർത്ഥത്തിൽ പരിവർത്തിതമായി. എ.എ.എം അതിൻ്റെ സേവനങ്ങൾ വിപുലീകരിച്ചു, സാംക്രമികേതര രോഗങ്ങളുടെ പ്രാഥമിക രോഗനിർണയപരിശോധന, മാനസികാരോഗ്യ പിന്തുണ, വായ, നേത്ര പരിചരണം, അടിയന്തര സേവനങ്ങൾ എന്നിവ ഉൾപ്പെടുത്തി വിപൂലീകരിച്ചു. ഈ സേവനങ്ങൾ നൽകുന്ന ടീമിനെ നയിക്കാൻ പരിശീലനം ലഭിച്ച സാമൂഹികാരോഗ്യ ഉദ്യോഗസ്ഥരെ (കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ) വിന്യസിച്ചു.
ഈ മാറ്റങ്ങൾ കാരണം, 2024 മുതൽ തടയാവുന്ന കാരണങ്ങളാലുള്ള മാതൃ-ശിശുമരണ നിരക്ക് ഈ പ്രദേശത്ത് പൂജ്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണങ്ങൾ പകുതിയിലേറെയായി കുറഞ്ഞു. സാംക്രമിക രോഗങ്ങൾ, വിളർച്ച എന്നിവയും കുറഞ്ഞു.
മൂന്നാം സ്തംഭം: പി.എം.അഭിം (പി.എം.എ.ബി.എച്ച്.ഐ.എം)
മുഖേന പകർച്ചവ്യാധി പ്രതിരോധ മുന്നൊരുക്കം
കോവിഡ് 19 വ്യാപന കാലത്ത് കണ്ടതുപോലെ, പൊതുജനാരോഗ്യ അടിയന്തരാവസ്ഥകളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. രോഗ നിരീക്ഷണത്തിനും പ്രാഥമിക രോഗനിർണയ പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള കേന്ദ്രങ്ങളായി അവ മാറുന്നു. പകർച്ചവ്യാധി പ്രതിരോധ മുന്നൊരുക്കം ഉറപ്പാക്കുന്നതിനായി കേന്ദ്ര ഗവണ്മെൻ്റ് പ്രാഥമിക ആരോഗ്യ പരിപാലന അടിസ്ഥാന സൗകര്യങ്ങൾ ഗണ്യമായി വിപുലീകരിക്കുന്നു.
2021 ഒക്ടോബർ 25-ന് ആരംഭിച്ച പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (പി.എം.-അഭിം) അതിജീവനശേഷിയുള്ളതും അഭിഗമ്യവും സ്വയം പര്യാപ്തവുമായ ഒരു പൊതുജനാരോഗ്യ സംവിധാനം വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യവ്യാപക പദ്ധതികളിൽ ഒന്നാണ്. 2021-22 മുതൽ 2025-26 വരെയുള്ള സാമ്പത്തിക വർഷങ്ങളിലായി 64,180 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം സാമ്പത്തിക വിഹിതം.
ആരോഗ്യ സംവിധാനത്തിൻ്റെ എല്ലാ തലങ്ങളിലും ശേഷി വർദ്ധിപ്പിക്കുകയാണ് ഈ ദൗത്യം.
ഒപ്പം അത്:
ഉയർന്ന പരിഗണന വേണ്ട (ഹൈ ഫോക്കസ്) പത്ത് സംസ്ഥാനങ്ങളിലെ 23,224 ഗ്രാമീണ ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾക്ക് പിന്തുണ നൽകുന്നു.
സ്ഥാപിക്കുന്നു:
എല്ലാ സംസ്ഥാനങ്ങളിലും 13,736 നഗര ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ.
ഉയർന്ന പരിഗണന വേണ്ട 11 സംസ്ഥാനങ്ങളിൽ 3,389 ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റുകൾ.
എല്ലാ ജില്ലകളിലും 744 സംയോജിത പബ്ലിക് ഹെൽത്ത് ലാബുകൾ സ്ഥാപിക്കുന്നു
5 ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ ജില്ലകളിലും 631 തീവ്ര പരിചരണ ആശുപത്രി ബ്ലോക്കുകൾ സ്ഥാപിക്കും.
ഭൗതിക അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം, പി.എം. അഭിം ഇന്ത്യയുടെ പകർച്ചവ്യാധി പ്രതിരോധ സംവിധാനഘടന കെട്ടിപ്പടുക്കുകയാണ്.
ഇതിൽ ഉൾപ്പെടുന്നു:
ബയോ-സെക്യൂരിറ്റി തയ്യാറെടുപ്പ്, പകർച്ചവ്യാധി ഗവേഷണം, രോഗ നിരീക്ഷണം എന്നിവയിൽ സമർപ്പിത നിക്ഷേപങ്ങൾ.
രാജ്യത്തിലേക്കുള്ള പ്രവേശനത്തിൻ്റെ 50 പോയിൻ്റുകളിൽ രോഗവ്യാപന പ്രതിരോധവും പ്രതിരോധപ്രവർത്തനങ്ങളും.
12 കേന്ദ്ര സ്ഥാപനങ്ങളിൽ 150 കിടക്കകളുള്ള തീവ്രപരിചരണ ബ്ലോക്കുകൾ സ്ഥാപിക്കുന്നു
നാലാം സ്തംഭം:
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യ (എ.ബി.ഡി.എം)ത്തിലൂടെ
ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥ.
ഇഷ്ടികയും കോൺക്രീറ്റും കൊണ്ട് നിർമ്മിച്ച (ബ്രിക്ക് ആൻഡ് മോർട്ടാർ) ഭൗതിക സൗകര്യങ്ങൾ പോലെ ആരോഗ്യസംരക്ഷണ അഭിഗമ്യത മെച്ചപ്പെടുത്തുന്നതിന് ശക്തമായ ഒരു ഡിജിറ്റൽ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ നിർണായകമാണ്. അതിൻ്റെ കേന്ദ്രത്തിൽ, ഇത് പൗരന്മാർക്ക് അവരുടെ സ്വന്തം ആരോഗ്യ ഡാറ്റയുടെ ഉടമസ്ഥാവകാശം നൽകുന്നു - അത് കൂടെ കൊണ്ടുനടക്കാവുന്നതും, അഭിഗമ്യമായതും, രാജ്യത്തെ ഏത് ദാതാവിലുടനീളവും ഉപയോഗയോഗ്യവുമാക്കുന്നു. ആരോഗ്യ സൗകര്യങ്ങൾ, പ്രൊഫഷണലുകൾ, ഫാർമസികൾ എന്നിവയ്ക്കായി ഇത് വിശ്വസനീയമായ ഒരൊറ്റ വിവരസ്രോതസ്സ് സൃഷ്ടിക്കുന്നു. മികച്ച ക്ലിനിക്കൽ തീരുമാനങ്ങളും പരിചരണ തുടർച്ചയും പ്രാപ്യമാക്കുന്നു. പൊതുജനാരോഗ്യ പ്രവണതകൾ വിശകലനം ചെയ്യുന്നതിനും ആരോഗ്യരംഗത്തെ ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനും ഇടപെടലുകൾക്ക് കൂടുതൽ ലക്ഷ്യബോധമുള്ള സമീപനം സ്വീകരിക്കുന്നതിനും ഗവണ്മെൻ്റിന് ഉപയോഗിക്കാനാകുന്ന ഒരു ദേശീയ ഡാറ്റാബേസും ഇത് സൃഷ്ടിക്കുന്നു.

നാലാമത്തെ സ്തംഭമായ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (എ.ബി.ഡി.എം) സമഗ്രവും പൗരകേന്ദ്രീകൃതവുമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. 2021 സെപ്റ്റംബറിൽ ഇതിന് സമാരംഭം കുറിച്ചു. ഒരു പൗരൻ്റെ പൂർണ്ണമായ ആരോഗ്യ രേഖകൾ ബന്ധിപ്പിച്ചിരിക്കുന്ന 14 അക്ക ആരോഗ്യ ഐഡൻ്റിറ്റി നമ്പർ ആയ ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് (എ.ബി.എച്ച്.എ)ആണ് എ.ബി.ഡി.എമ്മിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നത്.
പൗരൻ്റെ സമ്മതത്തോടെ, എ.ബി.ഡി.എം ശൃംഖലയിലുടനീളമുള്ള ഏതൊരു ആരോഗ്യപരിപാലന വിദഗ്ധനും ഈ റെക്കോർഡുകൾ അഭിഗമ്യമാക്കാനാവും. ഇത് കടലാസ് രഹിതവും തടസ്സരഹിതവുമായ പരിചരണം സാധ്യമാക്കുന്നു. ജനസംഖ്യാ തലത്തിൽ കൂടുതൽ ഫലപ്രദമായ ആരോഗ്യ ഇടപെടലുകൾക്കായി തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും എ.ബി.ഡി.എം സഹായിക്കുന്നു.
ദേശീയ ആരോഗ്യ അതോറിറ്റി നടത്തുന്ന ആഭ (എ.ബി.എച്ച്.എ)ആപ്പിന് ക്യു.ആർ കോഡ് അടിസ്ഥാനമാക്കി കൂടിക്കാഴ്ചക്കായുള്ള പേരുചേർക്കൽ(അപ്പോയിൻ്റ് മെൻ്റ് രജിസ്ട്രേഷൻ) സേവനമുണ്ട്. ഇത് ആശുപത്രികളിലെയോ ക്ലിനിക്കുകളിലെയോ നീണ്ട കാത്തിരിപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. രോഗികളുടെ ഡാറ്റ പരിശോധിക്കാനും ഇത് സഹായിക്കുന്നു. എ.ബി.ഡി.എമ്മിൻ്റെ വിപുലീകരണത്തിന് ആപ്പ് നേതൃത്വം നൽകുന്നു:
20.49 കോടി രജിസ്ട്രേഷനുകളാണ് ആപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്
36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന 27,328 സൗകര്യങ്ങൾ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചിരിക്കുന്നു (2026 മാർച്ച് 31 വരെ)
ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം): അസംഖ്യം രോഗങ്ങളെയും അസുഖങ്ങളെയും ലക്ഷ്യമിടുന്നു
ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും ദേശീയ നഗര ആരോഗ്യ ദൗത്യവും എന്ന രണ്ട് ഉപദൗത്യങ്ങളുള്ള ദേശീയ ആരോഗ്യ ദൗത്യം ചില പ്രത്യേക അസുഖങ്ങൾ, ജനസംഖ്യ, ആരോഗ്യ വെല്ലുവിളികൾ എന്നിവയെ അഭിമുഖീകരിക്കുന്ന ലക്ഷ്യബോധമുള്ള പരിപാടികൾ നൽകുന്നു.

മാതൃ-ശിശു ആരോഗ്യം, രോഗ നിർമാർജനം, പ്രതിരോധ കുത്തിവയ്പ്പ് എന്നിവയിലുടനീളം എൻ.എച്ച്.എം പൊതുജനാരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന സാമൂഹിക ആരോഗ്യ പ്രവർത്തകരാണ് എൻ,എച്ച്.എമ്മിൻ്റെ കേന്ദ്ര സ്ഥാനീയർ. ആയുഷ്മാൻ ഭാരത് വഴി പ്രാഥമിക ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള വിപുലീകരണവും നവീകരണവും കാരണം, ഈ ആരോഗ്യ പ്രവർത്തകർ എന്നത്തേക്കാളും കൂടുതൽ കാര്യക്ഷമതയുള്ളവരാണ്. മുമ്പത്തേതിനേക്കാൾ മികച്ച ഉപകരണങ്ങളും ഡാറ്റയും ഉപയോഗിച്ച് അവർ കൂടുതൽ ആളുകൾക്ക്, കൂടുതൽ സ്ഥലങ്ങളിൽ ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നു. മാതൃ-ശിശു ആരോഗ്യ സംരക്ഷണത്തിൽ നിന്ന് ആരംഭിക്കുന്ന അവരുടെ പ്രവർത്തനം ലക്ഷ്യകേന്ദ്രീകൃതമായ നിരവധി പരിപാടി മേഖലകളിലേക്ക് വ്യാപിക്കുന്നു.
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള മാതൃ-ശിശു ആരോഗ്യ സംരക്ഷണം
പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ (പി.എം.എസ്.എം.എ): 2016-ൽ ആരംഭിച്ച ഈ പദ്ധതി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യവും ഗുണനിലവാരമുള്ളതുമായ ഗർഭകാല പരിശോധനകൾ നൽകുന്നു. കോടിക്കണക്കിന് സ്ത്രീകൾ ഈ പദ്ധതിയുടെ പ്രയോജനം നേടിയിട്ടുണ്ട്:
7.47 കോടി ഗർഭിണികളെ പരിശോധിച്ചു
22,349 സൗകര്യങ്ങൾ രാജ്യവ്യാപകമായി പി.എം.എസ്.എം.എ സേവനങ്ങൾ നൽകി (2026 ജൂൺ 5 വരെ).
ജനനി സുരക്ഷാ യോജന (ജെ.എസ്.വൈ): ഈ പദ്ധതി പ്രസവസമയത്ത് സ്ത്രീകളെ സഹായിക്കുന്നു. നിർധന ഗർഭിണികൾക്കിടയിൽ, പ്രത്യേകിച്ച് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾ, പട്ടികജാതി, പട്ടികവർഗ സമുദായങ്ങൾ എന്നിവർക്കിടയിൽ സൗകര്യാധിഷ്ഠിത പ്രസവങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുന്നു.

ജനനി ശിശു സുരക്ഷാ പരിപാടി (ജെ.എസ്.എസ്.കെ): പൊതു ആതുരാലയ കേന്ദ്രങ്ങളിലെ എല്ലാ ഗർഭിണികൾക്കും സർക്കാർ ധനസഹായത്തോടെ സൗജന്യ പ്രസവം, മരുന്നുകൾ, രോഗനിർണയം, ഭക്ഷണക്രമം, ഗതാഗതം എന്നിവയ്ക്ക് ഈ പദ്ധതി അവകാശം നൽകുന്നു. ഇതിന് സ്വന്തം കൈയിൽ നിന്ന് ചെലവില്ല. 2014-ൽ, ഗർഭകാലത്തുണ്ടാകുന്ന എല്ലാ പ്രസവത്തിനും പ്രസവാനന്ത സങ്കീർണതകൾക്കും ജെ.എസ്.എസ്.കെ പരിരക്ഷ വ്യാപിപ്പിച്ചു.
ഈ പരിപാടികളെല്ലാം ഒരുമിച്ച് മാതൃമരണ നിരക്ക് ഗണ്യമായി കുറച്ചു.
സാമൂഹിക ആരോഗ്യ പ്രവർത്തകർ പൊതുആശുപത്രികളിൽ സുരക്ഷിത പ്രസവം ഉറപ്പാക്കുന്നു
മലപ്പുറത്ത് താമസിക്കുന്ന മുബഷിറയുടെ ഗർഭാവസ്ഥ ഉയർന്ന അപകടസാധ്യതയുള്ളതായി പാണക്കാട് നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് തിരിച്ചറിഞ്ഞു. തുടർന്ന്, ആശാ വർക്കർമാർ അവരുടെ ഗർഭകാലം മുഴുവൻ പ്രതിമാസ ഭവന സന്ദർശനങ്ങൾ നടത്തി. അവർ അമ്മയുടെയും ഗർഭപിണ്ഡത്തിൻ്റെ യും ആരോഗ്യം നിരീക്ഷിച്ചു. അവർ പ്രസവപൂർവ പരിചരണം നൽകുകയും മുബഷിറയ്ക്ക് പ്രതിരോധകുത്തിവെയ്പ്പ് (ടെറ്റനസ്, മുതിർന്നവർക്കുള്ള ഡിഫ്തീരിയ വാക്സിനേഷൻ) നൽകുകയും ചെയ്തു. തുടക്കത്തിൽ തന്നെ പ്രദേശത്തെ പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. പതിവ് ഫോൺ സംഭാഷണങ്ങൾ കുടുംബത്തിന് വിശ്വാസം വളർത്തിയെടുക്കാൻ സഹായിച്ചു. സാമൂഹിക പിന്തുണ കാരണം, മുബഷിറ ഒരു ആശുപത്രിയിൽ സുരക്ഷിതമായി പെൺകുഞ്ഞിനെ പ്രസവിച്ചു.

അമ്മമാരെയും കുട്ടികളെയും പരിപാലിക്കുന്നതിനായി എൻ.എച്ച്.എം
മറ്റ് നിരവധി പദ്ധതികൾ നടപ്പിലാക്കുന്നു.
ഇവയിൽ ഉൾപ്പെടുന്നത്:
മാതൃ ആരോഗ്യം
സുരക്ഷിത് മാതൃത്വ ആശ്വാസൻ: പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ എല്ലാ സ്ത്രീകൾക്കും നവജാതശിശുക്കൾക്കും സൗജന്യവും അന്തസ്സുറ്റതുമായ ആരോഗ്യ സംരക്ഷണം ഉറപ്പ് നൽകുന്നു.
മിഡ് വൈഫറി (പ്രസവശുശ്രൂഷ) സംരംഭം: പ്രസവശുശ്രൂഷാരംഗത്ത് പരിശീലനം നേടിയ നേഴ്‌സുമാർക്ക് (നേഴ്‌സ് പ്രാക്ടീഷണർ മിഡ്വൈഫുമാർ)ക്ക് പരിശീലനം നൽകുന്നു
ഗർഭസ്ഥശിശുമരണ നിരീക്ഷണവും പ്രതികരണവും: 2030-ഓടെ 1,000 ജനനങ്ങളിൽ 10-ൽ താഴെ എന്ന ലക്ഷ്യത്തോടെ ഗർഭസ്ഥ ശിശുക്കളുടെ മരണങ്ങൾ നിരീക്ഷിക്കുകയും കുറയ്ക്കുകയും ചെയ്യുക,
കുട്ടികളുടെ ആരോഗ്യം:
വീട്ടിൽ നിന്നുള്ള നവജാതശിശു പരിചരണം: നവജാതശിശുക്കളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനും നേരത്തെയുള്ള ചികിത്സയ്ക്ക് അയയ്ക്കൽ സാധ്യമാക്കുന്നതിനുമായി ആശാ പ്രവർത്തകർ ജനനശേഷം ആറ് തവണ ഭവന സന്ദർശനം നടത്തുന്നു.
വീട്ടിൽ നിന്നുള്ള കൊച്ചുകുട്ടികളുടെ പരിചരണം: മൂന്ന് മുതൽ 15 മാസം വരെ പ്രായമുള്ള കുട്ടികൾക്ക് പോഷകാഹാരത്തിനും ആദ്യകാല ബാല്യകാല വികസനത്തിനും പിന്തുണയേകാൻ ആശാ പ്രവർത്തകർ അഞ്ച് തവണ ഭവന സന്ദർശനം നടത്തുന്നു.
രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമം (ദേശീയ ശിശു ആരോഗ്യ പരിപാടി): ജനന വൈകല്യങ്ങൾ, വികസന കാലതാമസം, വൈകല്യങ്ങൾ, രോഗങ്ങൾ എന്നിവ നിർണയിക്കുന്നതിനായി കുട്ടികളെ പരിശോധിക്കുന്നു.
പോഷകാഹാരവും കൗമാര ആരോഗ്യവും
വിളർച്ച മുക്ത ഭാരതം: ഗർഭിണികൾ, കുട്ടികൾ, കൗമാരക്കാർ എന്നിവർക്ക് ഇരുമ്പും ഫോളിക് ആസിഡും നൽകുന്നു.
ആഴ്ചതോറും അയേൺ, ഫോളിക് ആസിഡ് കുറവുനികത്തൽ (സപ്ലിമെൻ്റേഷൻ): ശരീരത്തിൽ ഇരുമ്പിൻ്റെയും ഫോളിക് ആസിഡിൻ്റെയും കുറവ് തടയുന്നതിനായി കൗമാരക്കാർക്ക് ആഴ്ചതോറും അയേൺ, ഫോളിക് ആസിഡ് ഗുളികകൾ നൽകുന്നു.
മാതാക്കളുടെ സമ്പൂർണ്ണ വാത്സല്യം: മുൻനിര ആരോഗ്യ പ്രവർത്തക പരിശീലനത്തിലൂടെ മുലയൂട്ടലും പൂരക ഭക്ഷണവും പ്രോത്സാഹിപ്പിക്കുന്നു.
കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രങ്ങൾ: പ്രാഥമിക ആരോഗ്യ തലത്തിൽ കൗമാരക്കാർക്ക് കൗൺസിലിംഗും ക്ലിനിക്കൽ സേവനങ്ങളും നൽകുന്നു.
ആർത്തവ ശുചിത്വ പദ്ധതി: കൗമാരക്കാരായ പെൺകുട്ടികൾക്ക് ആർത്തവസംബന്ധ വിവരങ്ങൾ, സാനിറ്ററി ഉൽപ്പന്നങ്ങൾ, സുരക്ഷിതമായ മാലിന്യ നിർമാർജന സംവിധാനങ്ങൾ എന്നിവ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നു.
മിഷൻ ഇന്ദ്രധനുഷ് (ഇന്ദ്രധനുഷ് ദൗത്യം)
നവജാത ശിശുക്കളുടെയും ഗർഭിണികളുടെയും പ്രതിരോധകുത്തിവെയ്പ്പ് അവരുടെ ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കുന്നതിന് നിർണായകമാണ്. പന്ത്രണ്ട് രോഗങ്ങൾക്കെതിരെ സൗജന്യ വാക്സിനുകൾ വാഗ്ദാനം ചെയ്തുകൊണ്ട്, പ്രതിവർഷം 2.67 കോടി നവജാത ശിശുക്കളെയും 2.9 കോടി ഗർഭിണികളെയും ലക്ഷ്യമിടുന്ന സാർവത്രിക പ്രതിരോധ കുത്തിവെയ്പ്പ് പരിപാടി (യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം/യു.ഐ.പി) കേന്ദ്രഗവണ്മെൻ്റ് സംഘടിപ്പിക്കുന്നു.
ഈ പരിപാടി ഉണ്ടായിരുന്നിട്ടും, നിരവധി കുട്ടികൾക്കും ഗർഭിണികൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകിയിട്ടില്ല. അല്ലെങ്കിൽ ഭാഗികമായി മാത്രമാണ് കുത്തിവെയ്പ്പ് എടുത്തത്. കുറഞ്ഞ പ്രതിരോധ കുത്തിവെയ്പ്പ് നിരക്കുള്ള അത്തരം സമൂഹങ്ങൾക്കായി 2014- ൽ കേന്ദ്ര ഗവണ്മെൻ്റ് , ഇന്ദ്രധനുഷ് ദൗത്യം ഒരു വീണ്ടെടുക്കൽ പരിപാടിയായി ആരംഭിച്ചു.
ഇന്ദ്രധനുഷ് ദൗത്യം വഴി:
മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത 5.46 കോടി കുട്ടികൾക്കും 1.32 കോടി ഗർഭിണികൾക്കും പ്രതിരോധ കുത്തിവെയ്പ് നൽകി.

2023-24 കാലയളവിൽ, പതിവ് പ്രതിരോധ കുത്തിവയ്പ്പുകളിലൂടെ, 12-23 മാസം പ്രായമുള്ള കുട്ടികളിൽ 95 ശതമാനത്തിലധികം പേർക്കും പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചതായി ദേശീയ ആരോഗ്യകുടുംബ സർവെ (2023-2024) റിപ്പോർട്ട് ചെയ്യുന്നു.
ഈ ശ്രമങ്ങൾ ഒരുമിച്ച് രാജ്യവ്യാപകമായി പ്രതിരോധ കുത്തിവെയ്പ്പ് വ്യാപനം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്.
ഒരു പ്രതിരോധ കുത്തിവെയ്പ്പുകളും എടുക്കാത്ത 'സീറോ ഡോസ്' കുട്ടികളുടെ വിഹിതം- 2023-ലെ ജനസംഖ്യയുടെ 0.11 ശതമാനത്തിൽ നിന്ന് 2024-ൽ 0.06 ശതമാനമായി കുറഞ്ഞു.
2015 മെയ് മാസത്തിൽ ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തിയതുപോലെ, മാതൃ-നവജാത ശിശു ടെറ്റനസ് ഇല്ലാതാക്കുന്നതിനും ഇന്ത്യയുടെ രോഗപ്രതിരോധ പരിപാടികൾ സംഭാവന നൽകിയിട്ടുണ്ട്.
യു-വിൻ
കുട്ടികൾക്കും ഗർഭിണികൾക്കും സമയബന്ധിതമായ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കൽ ശക്തിപ്പെടുത്തുന്നതിന്, ഇന്ത്യയൊട്ടാകെ നടപ്പിലാക്കുന്നതിനായി 2024-ൽ ഗവണ്മെൻ്റ് യു-വിൻ എന്ന സാർവത്രിക വെബ് അധിഷ്ഠിത പ്രതിരോധ കുത്തിവെയ്പ്പ് ശൃംഖല (യൂണിവേഴ്‌സൽ ഇമ്മ്യൂണൈസേഷൻ വെബ്-എനേബിൾഡ് നെറ്റ്വർക്ക്) പ്ലാറ്റ്‌ഫോം ആരംഭിച്ചു. യു-വിൻ എല്ലാ പ്രതിരോധ കുത്തിവെയ്പ്പ് പരിപാടികളും ഡിജിറ്റലായി രേഖപ്പെടുത്തുകയും, നിശ്ചിത ഡോസുകൾ നിരീക്ഷിക്കുകയും ചെയ്യുകയും, ഗുണഭോക്താക്കൾക്ക് സ്ഥിരവും കൊണ്ടുനടക്കാവുന്നതുമായ ആരോഗ്യ രേഖകൾ ഉറപ്പാക്കുകയും ചെയ്യുന്നു. ഇത് വിട്ടുപോയതോ രേഖപ്പെടുത്താത്തതോ ആയ പ്രതിരോധകുത്തിവെയ്പ്പുകൾ കാരണമുണ്ടായ വിടവുകൾ കുറയ്ക്കാൻ സഹായിച്ചു.

11.87 കോടി കുട്ടികളും 3.96 കോടി ഗർഭിണികളും ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് (2026 മാർച്ച് വരെ).
2026 ഫെബ്രുവരിയിൽ സർക്കാർ മൂന്ന് മാസത്തെ സെർവിക്കൽ കാൻസർ പ്രതിരോധ കാമ്പെയ്‌നും ആരംഭിച്ചു. രാജ്യത്തുടനീളമുള്ള 14 വയസ്സ് പ്രായമുള്ള ഏകദേശം 1.15 കോടി വരുന്ന പെൺകുട്ടികൾക്ക് സൗജന്യ ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി) പ്രതിരോധകുത്തിവെയ്പ്പ് ഈ കാമ്പെയ്ൻ നൽകി. അമ്മമാരെയും കുട്ടികളെയും പെൺകുട്ടികളെയും സംരക്ഷിക്കുന്നതിനു പുറമേ, ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തെ ദീർഘകാലമായി ബാധിച്ചിരുന്ന പകർച്ച വ്യാധികൾ ഇല്ലാതാക്കുന്നതിലും എൻ.എച്ച്.എമ്മിൻ്റെ പരിപാടികൾ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
പകർച്ചവ്യാധികൾ ഇല്ലാതാക്കൽ
കഴിഞ്ഞ 12 വർഷമായി പകർച്ചവ്യാധികളുടെ വ്യാപനം സർക്കാർ കുറച്ചിട്ടുണ്ട്. ക്ഷയം, മലേറിയ, കുഷ്ഠം എന്നിവയിലുടനീളം രോഗ നിർമാർജനത്തിനും ചികിത്സയ്ക്കുമായി എൻ.എച്ച്.എം ലക്ഷ്യമിടുന്ന പരിപാടികൾ അളന്ന് തിട്ടപ്പെടുത്താവുന്ന ഫലങ്ങൾ നൽകിയിട്ടുണ്ട്.
ക്ഷയം
ദേശീയ ക്ഷയരോഗ നിർമാർജന പരിപാടി (എൻ.ടി.ഇ.പി) വഴി ഇന്ത്യ ക്ഷയരോഗ (ടി.ബി) ബാധകൾ കുറച്ചു. ക്ഷയരോഗം ഇല്ലാതാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഈ പരിപാടി ബഹുമുഖമാണ്, കൂടാതെ ഗവണ്മെൻ്റ് സൗകര്യങ്ങൾ വഴി ക്ഷയരോഗ പരിശോധനയും ചികിത്സയും ഉൾപ്പെടുന്നു.

ഈ പരിപാടിയുടെ ഫലമായി, ആഗോളതല ക്ഷയരോഗ നിരക്കിനേക്കാൾ വേഗത്തിൽ രാജ്യത്തെ ക്ഷയരോഗ കേസുകളും മരണങ്ങളും കുറഞ്ഞു.
ഈ പരിപാടിയിലൂടെ സ്ഥാപിതമായ ശക്തമായ ഒരു സാമൂഹിക പിന്തുണാ ശൃംഖലയും ക്ഷയരോഗബാധയെ നേരിടാൻ സഹായിച്ചു.
ക്ഷയരോഗികൾക്ക് പോഷകാഹാരം, തൊഴിൽ, രോഗനിർണയ സഹായം എന്നിവ നൽകുന്ന സന്നദ്ധപ്രവർത്തകരായ 3.78 ലക്ഷത്തിലധികം നിക്ഷയ് മിത്രങ്ങൾ 20 ലക്ഷത്തിലധികം രോഗികൾക്ക് പിന്തുണ നൽകി.
2025 ഡിസംബർ വരെ ഈ സന്നദ്ധപ്രവർത്തകർ 45 ലക്ഷത്തിലധികം ഭക്ഷണ കൊട്ടകൾ നൽകി. പരിചരണത്തിൻ്റെ മുഴുവൻ കാലയളവിലും ചികിത്സയിൽ ഉറച്ചുനിൽക്കാൻ ഈ പിന്തുണ രോഗികളെ സഹായിച്ചു.
പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാൻ:
2022 സെപ്റ്റംബറിൽ ആരംഭിച്ച പ്രധാനമന്ത്രി ടി.ബി മുക്ത് ഭാരത് അഭിയാൻ, ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുടെ (എൻ.ടി.ഇ.പി) സമൂഹനേതൃത്വത്തിലുള്ള ഒരു ഘടകമാണ്. ഇത് ക്ഷയരോഗ നിർമാർജനത്തെ ഒരു 'ജൻ ആന്ദോളൻ' - ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റി.
ബോധവൽക്കരണ യജ്ഞങ്ങളിലൂടെയും സാമൂഹിക ശാക്തീകരണത്തിലൂടെയും 2024 ഡിസംബർ 7 മുതൽ 20 കോടിയിലധികം വ്യക്തികളെ ക്ഷയരോഗ ബാധ നിർണയത്തിനായി പ്രാഥമിക പരിശോധന നടത്തുകയും അതിൽ 28 ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. സമൂഹങ്ങൾക്കുള്ളിൽ നിശബ്ദമായി പ്രചരിക്കുന്ന, മുമ്പ് കണ്ടെത്താത്ത ക്ഷയരോഗ കേസുകൾ തിരിച്ചറിയാൻ ഈ വലിയ തോതിലുള്ള രോഗപരിശോധന സഹായിച്ചു.
മലേറിയ
ലോകമെമ്പാടും ഏറ്റവും കൂടുതൽ മലേറിയ ബാധിത രാജ്യങ്ങളിൽ ഒന്നായിരുന്ന ഇന്ത്യ, 2017 മുതൽ എൻ.എച്ച്.എം വഴിയുള്ള സുസ്ഥിരവും ലക്ഷ്യബോധമുള്ളതുമായ ഗവണ്മെൻ്റ് ഇടപെടലുകൾ വഴി കേസുകളും മരണങ്ങളും ഗണ്യമായി കുറച്ചിട്ടുണ്ട്.
2016-ൽ കേന്ദ്ര ഗവണ്മെൻ്റ് ദേശീയ മലേറിയ നിർമാർജ്ജന ചട്ടക്കൂട് (നാഷണൽ ഫ്രെയിംവർക്ക് ഫോർ മലേറിയ എലിമിനേഷൻ) ആരംഭിച്ചു, ഇത് 2027-ഓടെ മലേറിയ ഇല്ലാതാക്കുന്നതിനുള്ള ഒരു മാർഗരേഖ നൽകുന്നു. ഈ ചട്ടക്കൂടിനെ അടിസ്ഥാനമാക്കി, മലേറിയ നിർമാർജ്ജനത്തിനായുള്ള ദേശീയ തന്ത്രപ്രധാന പദ്ധതി (നാഷണൽ സ്ട്രാറ്റജിക് പ്ലാൻ ഫോർ മലേറിയ എലിമിനേഷൻ) 2023-2027, മെച്ചപ്പെട്ട നിരീക്ഷണത്തിനും രോഗ കൈകാര്യത്തിനുമായി 'പരിശോധന, ചികിത്സ, നിരീക്ഷണ ('ടെസ്റ്റ്, ട്രീറ്റ്, ട്രാക്ക്') സമീപനവും അവതരിപ്പിച്ചു. ഇത് തത്സമയ ഡാറ്റ നിരീക്ഷണവും വികസിപ്പിച്ചെടുത്തു. ഇന്ത്യയിലുടനീളമുള്ള മലേറിയ കേസുകളിലും മരണങ്ങളിലും സുസ്ഥിരമായൊരു കുറവുണ്ടാകാൻ ഈ ഇടപെടലുകൾ കാരണമായി.

മറ്റ് പകർച്ചവ്യാധികൾ
പകരുന്നത് കുറയ്ക്കുക, മരണനിരക്ക് കുറയ്ക്കുക, നിരവധി രോഗങ്ങളെ ഉന്മൂലനം ചെയ്യുക എന്നിവയിലൂടെ ക്ഷയം, മലേറിയ എന്നിവയ്ക്കുമപ്പുറമുള്ള അളന്ന് തിട്ടപ്പെടുത്താവുന്ന പുരോഗതി എൻ.എച്ച്.എമ്മിൻ്റെ ലക്ഷ്യകേന്ദ്രീകൃത പരിപാടികൾക്ക് കൈവരിക്കാനായിട്ടുണ്ട്.
എച്ച്.ഐ.വി-എയ്ഡ്‌സ്: 2010 നും 2024 നും ഇടയിൽ അമ്മയിൽ നിന്ന് കുഞ്ഞിലേക്കുള്ള പകരുന്ന നിരക്ക് ഏകദേശം 74.5 ശതമാനം കുറഞ്ഞു. ഇതേ കാലയളവിൽ ഏകദേശം 56.5 ശതമാനം എന്ന ആഗോള ഇടിവിനെ ഇത് മറികടക്കുകയും ചെയ്തു.
കാല-അസർ: 54 ജില്ലകളിലായി 633 സ്ഥിര രോഗബാധിത മേഖലകളി(എൻഡമിക് ബ്ലോക്ക്)ൽ 10,000 ജനസംഖ്യയിൽ ഒരു കേസിൽ താഴെ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ജപ്പാൻ ജ്വരം (ജാപ്പനീസ് എൻസെഫലൈറ്റിസ്): രോഗബാധ മൂലമുള്ള മരണനിരക്ക് 17.6 ശതമാനം (2014) ൽ നിന്ന് 7.1 ശതമാനം (2024) ആയി കുറഞ്ഞു.
ഡെങ്കിപ്പനി: രോഗബാധയെത്തുടർന്നുള്ള മരണനിരക്ക് 2024 ൽ 0.13 ശതമാനം ആയി കുറഞ്ഞു.
ലിംഫാറ്റിക് ഫൈലേറിയാസിസ്:
348 സ്ഥിരരോഗബാധിത ജില്ലകളിൽ 143 എണ്ണത്തിൽ (41 ശതമാനം) സാർവത്രിക മരുന്ന് വിതരണം (മാസ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) നിർത്തിവച്ചിട്ടുണ്ട്. 2014 ൽ ഇത് 15 ശതമാനം ആയിരുന്ന ഇവിടെ രോഗ പകർച്ചാ നിർണയ സർവെ വിജയകരമായി പൂർത്തിയാക്കി. (രോഗാവസ്ഥ പരിഗണിക്കാതെ മുഴുവൻ ജനങ്ങൾക്കും മരുന്നുകൾ നൽകുന്നതാണ് എം.ഡി.എ). മൊത്തം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ എം.ഡി.എ പരിധി 2014-ലെ 75 ശതമാനത്തിൽ നിന്ന് 2025 ൽ 85 ശതമാനമായി മെച്ചപ്പെട്ടു.
കുഷ്ഠരോഗം:
രോഗനിർമ്മാർജ്ജനം നേടിയ ജില്ലകൾ (10,000 ന് 1 ൽ കുറവ് രോഗബാധ) 2014-15 ൽ 542 എന്നതിൽ നിന്ന് 2024-25 ൽ 638 ആയി ഉയർന്നു.
പുതിയ രോഗബാധയുടെ കണ്ടെത്തൽ നിരക്ക് 2014-15 ൽ 1,00,000 ന് 9.73 ൽ നിന്ന് 2024-25 ൽ 100,000 ന് 7.0 ആയി കുറഞ്ഞു.
കോവിഡ്-19 ഉം പകർച്ചവ്യാധി പ്രതിരോധവും
ഇന്ത്യയുടെ പകർച്ചവ്യാധി പ്രതിരോധം ഏറ്റവും സജീവ നടപടികളിൽ ഒന്നായിരുന്നു.
ആദ്യത്തെ ആഭ്യന്തര കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുമ്പ് തന്നെ ഗവണ്മെൻ്റ് വിമാനത്താവളങ്ങളിൽ രോഗനിർണയ പ്രാഥമിക പരിശോധന ആരംഭിച്ചു. 2020 ഏപ്രിലിൽ ഒരു സമർപ്പിത വാക്സിൻ കർമ്മ സേന (ടാസ്‌ക് ഫോഴ്‌സ്)യും രൂപീകരിച്ചു. ആഗോളതലത്തിൽ റാപ്പിഡ് ആന്റിജൻ പരിശോധനകൾ ആദ്യമായി അവതരിപ്പിച്ച രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു.
2021 ജനുവരി 16-ന് ഇന്ത്യ ആരംഭിച്ച ദേശീയ കോവിഡ്-19 പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവുകളിലൊന്നായി മാറി. രണ്ട് തദ്ദേശീയ വാക്സിനുകൾ ഉൾപ്പെടെ 220 കോടിയിലധികം ഡോസുകൾ ഗവണ്മെൻ്റ് സ്‌കൂളുകൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, മറ്റ് വേദികൾ എന്നിവിടങ്ങളിൽ സൗജന്യമായി നൽകി. സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുകയും കോവിൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി വിതരണം ചെയ്യുകയും ചെയ്തു.
പകർച്ചവ്യാധിയുടെ സമയത്ത് കേന്ദ്ര ഗവണ്മെൻ്റ് അടിസ്ഥാന സൗകര്യങ്ങൾ ദ്രുതഗതിയിൽ വർദ്ധിപ്പിച്ചു:
പരിശോധനാ ലാബുകൾ 14 ൽ നിന്ന് 3,400 ആയി ഉയർന്നു
ഐ.സി.യു കിടക്ക സൗകര്യങ്ങൾ 2,168 ൽ നിന്ന് 1.45 ലക്ഷമായി വർദ്ധിച്ചു
ഓക്സിജൻ പിന്തുണയുള്ള കിടക്കകൾ 50,583 ൽ നിന്ന് 5.15 ലക്ഷമായി ഉയർന്നു
മഹാമാരിക്ക് മുമ്പ്, ഇന്ത്യ ആഭ്യന്തരമായി പി.പി.ഇ കിറ്റുകൾ നിർമ്മിച്ചിരുന്നില്ല. കോവിഡ്-19 സമയത്ത്, ആഭ്യന്തര പി.പി.ഇ നിർമ്മാണം പൂജ്യത്തിൽ നിന്ന് പ്രതിദിനം 5 ലക്ഷത്തിലധികം കിറ്റുകളായി ഉയർത്തി.
1,563-ലധികം പ്രഷർ സ്വിംഗ് അഡോർപ്ഷൻ (പി.എസ.്എ) ഓക്സിജൻ പ്ലാൻ്റ് മഹാമാരിക്ക് മുമ്പ്, ഇന്ത്യ ആഭ്യന്തരമായി പി.പി.ഇ കിറ്റുകൾ നിർമ്മിച്ചിരുന്നില്ല. കോവിഡ്-19 സമയത്ത്, ആഭ്യന്തര പി.പി.ഇ നിർമ്മാണം പൂജ്യത്തിൽ നിന്ന് പ്രതിദിനം 5 ലക്ഷത്തിലധികം കിറ്റുകളായി ഉയർത്തി.
1,563-ലധികം പ്രഷർ സ്വിംഗ് അഡോർപ്ഷൻ (പി.എസ്.എ) ഓക്സിജൻ പ്ലാൻ്റുകൾ അനുവദിച്ചു, പ്രതിസന്ധി ഘട്ടങ്ങളിൽ ഏകദേശം 900 ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ 36,840 ടണ്ണിലധികം ദ്രവ മെഡിക്കൽ ഓക്സിജൻ എത്തിച്ചു.
വാക്സിൻ മൈത്രിയുടെ കീഴിൽ, 48 രാജ്യങ്ങൾക്ക് സൗജന്യ വാക്സിനുകൾ ഉൾപ്പെടെ ഏകദേശം 100 രാജ്യങ്ങൾക്ക് ഇന്ത്യ വാക്സിനുകൾ വിതരണം ചെയ്തു. ഈ മാനുഷിക സംരംഭത്തിന് കീഴിൽ ഇന്ത്യ ഏകദേശം 300 ദശലക്ഷം ഡോസുകൾ നൽകി. ആവശ്യമുള്ള സമയങ്ങളിൽ ലോകത്തോടൊപ്പം നിന്നുകൊണ്ട്
'വസുധൈവ കുടുംബകം-'ലോകം ഒരു കുടുംബമാണ്'- എന്ന തത്വം ഇന്ത്യ യഥാർത്ഥത്തിൽ പാലിച്ചു.
പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളുടെ പ്രതിരോധവും ചികിത്സയും
ഇന്ത്യയിലെ എല്ലാ മരണങ്ങളുടെയും 60 ശതമാനം ഹൃദ്രോഗം, പ്രമേഹം, കാൻസർ, പക്ഷാഘാതം എന്നീ പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ (എൻ.സി.ഡി) കാരണമാണ് ഉണ്ടാകുന്നത്. വർദ്ധിച്ചുവരുന്ന ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി, എൻ.എച്ച്.എമ്മിൻ്റെ സാംക്രമികേതര രോഗങ്ങൾ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ പരിപാടി (നാഷണൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് എൻസിഡി (എൻപി-എൻസിഡി) മുഖേന നേരത്തെയുള്ള കണ്ടെത്തൽ, രോഗനിർണയം, ചികിത്സ എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിവരികയാണ്.
പ്രാരംഭ ഘട്ടത്തിലുള്ള കണ്ടെത്തലും പരിശോധനയും
കാൻസർ ഉൾപ്പെടെയുള്ള സാംക്രമികേതര രോഗങ്ങൾക്കായുള്ള സാമൂഹിക പരിശോധനകൾക്ക് ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ (എ.എ.എം) ഒരു ആണിക്കല്ലായി പ്രവർത്തിക്കുന്നു. കാൻസർ പരിശോധനകൾ, രോഗനിർണയം, കൈകാര്യം എന്നിവയ്ക്കായി സർക്കാർ വിവിധ ക്ലിനിക്കുകളും പരിചരണ കേന്ദ്രങ്ങളും നടത്തുന്നു.
എ.എ.എമ്മുകളിൽ വായ(ഓറൽ), സ്തനം, ഗർഭാശയഗളം എന്നിവിടങ്ങളിലെ അർബുദ നിർണയത്തിനായി 60 കോടിയിലധികം പ്രാഥമിക പരിശോധനകൾ നടത്തിയിട്ടുണ്ട്.
35.3 കോടി ആളുകളെ വായിലെ അർബുദ പരിശോധനയ്ക്ക് വിധേയമാക്കി, അതിൽ:
2.3 ലക്ഷം ആളുകൾക്ക് ഈ അർബുദബാധ കണ്ടെത്തി.
ഏകദേശം 2 ലക്ഷത്തിലധികം ആളുകൾ ചികിത്സയിലാണ്.
16.5 കോടിയിലധികം ആളുകളെ സ്തനാർബുദത്തിനായി പരിശോധന നടത്തി.
8.73 കോടി സെർവിക്കൽ കാൻസർ നിർണയ പരിശോധനകൾ നടത്തിയതിൽ 1.1 ലക്ഷം സ്ത്രീകൾക്ക് രോഗം സ്ഥിരീകരിച്ചു.
ഏകദേശം 97,000 പേർ ചികിത്സയിലാണ്.
2017 മുതൽ 41.5 കോടി ആളുകളെ രക്താതിമർദ്ദത്തിനായി പരിശോധിച്ചു, അതിൽ:
7.1 കോടി പേരെ രോഗബാധിതരായി കണ്ടെത്തി,
5.7 കോടി ആളുകളെ വിവരം അറിയിച്ചിട്ടുണ്ട്.
41.3 കോടി ആളുകളെ പ്രമേഹ പരിശോധന നടത്തി. അതിൽ:
4.7 കോടി ആളുകളെ പ്രമേഹബാധിതരായി കണ്ടെത്തി.
3.4 കോടി ആളുകളെ ചികിത്സിക്കുകയാണ്.
ചികിത്സയും പരിചരണവും
അർബുദ പരിചരണം
കഴിഞ്ഞ 12 വർഷമായി ഗവണ്മെൻ്റ് അർബുദ ചികിത്സയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്. ജില്ലാതലം മുതൽ തൃതീയ തലങ്ങളിലേക്ക് കാൻസർ പരിചരണം വ്യാപിപ്പിക്കുകയാണ്.
'തൃതീയ കാൻസർ പരിചരണ കേന്ദ്രങ്ങളുടെ സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ പദ്ധതി' പ്രകാരം 19 സംസ്ഥാന അർബുദ ഇൻസ്റ്റിറ്റ്യൂട്ടുകളും 20 തൃതീയ അർബുദ പരിചരണ കേന്ദ്രങ്ങളും സ്ഥാപിച്ചു.
22 പുതിയ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിലും (എയിംസ്) കാൻസർ ചികിത്സാ സൗകര്യങ്ങൾക്ക് അംഗീകാരമായി. ഈ സൗകര്യങ്ങളിൽ രോഗനിർണയ, മെഡിക്കൽ, ശസ്ത്രക്രിയാ കാര്യക്ഷമതകൾ സജ്ജീകരിച്ചിരിക്കുന്നു.
600-ലധികം അർബുദ രജിസ്ട്രി സൈറ്റുകളിലൂടെയും 100-ലധികം പക്ഷാഘാത രജിസ്ട്രി സൈറ്റുകളിലൂടെയും ദേശീയ അർബുദ നിരീക്ഷണം വിപുലീകരിച്ചു. സാംക്രമികേതര രോഗങ്ങൾ വിപുലമായി നിരീക്ഷിക്കാനും അവയ്‌ക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാനുമുള്ള സർക്കാരിന്റെ ശേഷി ഇത് വർദ്ധിപ്പിച്ചു.

വൃക്കരോഗവും ഡയാലിസിസും
സാംക്രമികേതര രോഗങ്ങൾ ദ്വിതീയ അവസ്ഥകൾക്ക് കാരണമാകും. ഉദാഹരണത്തിന്, അനിയന്ത്രിതമായ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, മറ്റ് കാരണങ്ങൾ എന്നിവ കാരണം വിട്ടുമാറാത്ത വൃക്കരോഗം ഉണ്ടാകാം. വിട്ടുമാറാത്ത വൃക്കരോഗത്തിൻ്റെ ഏറ്റവും അവസാനത്തെയും ഗുരുതരവുമായ ഘട്ടമാണ് അവസാനഘട്ട വൃക്കരോഗം. ഇതിനുള്ള പ്രാഥമിക ചികിത്സയായ ഡയാലിസിസ് ചെലവേറിയതാണ്.
ഈ രോഗമുള്ള രോഗികളെ സഹായിക്കുന്നതിനായി, 2016-ൽ ഗവണ്മെൻ്റ് ആരംഭിച്ച പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് പദ്ധതി (പി.എം.എൻ.ഡി.പി) നിർധനർക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കുന്നു.
ഈ പരിപാടിയിലൂടെ:
31.74 ലക്ഷം രോഗികൾക്ക് ഡയാലിസിസ് ചികിത്സ ലഭിച്ചു
1,816 കേന്ദ്രങ്ങളിലായി നാല് കോടിയിലധികം ഹീമോഡയാലിസിസ് സെഷനുകൾ നടന്നു
ഈ പരിപാടിയിലൂടെ രോഗികൾക്ക് 10,102.25 കോടി രൂപയുടെ ആരോഗ്യ സംരക്ഷണ ചെലവുകൾ ലാഭിക്കാൻ കഴിഞ്ഞു (2026 ജൂൺ 5 വരെ).
സാധാരണ വൈകല്യങ്ങൾക്കുള്ള നിരവധി ചികിത്സകളും എ.ബി.പി.എം.ജെ.എ.വൈ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ വരുന്നു, ഇത് സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങൾക്ക് താങ്ങാനാവുന്ന ചെലവിൽ സുഖം പ്രാപിക്കാനുള്ള മാർഗമേകുന്നു.
പ്രതിരോധം: സാംക്രമികേതര രോഗ അപകട ഘടകങ്ങൾ കുറയ്ക്കൽ
ഉദാസീനവും അനാരോഗ്യകരവുമായ ജീവിതശൈലി പലപ്പോഴും സാംക്രമികേതര രോഗ(എൻ.സി.ഡി)ങ്ങൾക്കുള്ള ഒരു പ്രധാന കാരണമാണ്. പ്രത്യേകിച്ച് പൊണ്ണത്തടി, പ്രമേഹം എന്നിവ. 2014 മുതൽ, എൻ.സി.ഡികളെ ചെറുക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി എൻ.എച്ച്.എമ്മിന് പുറമെ ഗവണ്മെൻ്റ് നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഈറ്റ് റൈറ്റ് ഇന്ത്യ:
പൊണ്ണത്തടി, പ്രമേഹം, പോഷകാഹാരക്കുറവ്, സൂക്ഷ്മപോഷക (മൈക്രോ ന്യൂട്രിയൻ്റ് ) കുറവ് എന്നിവയെ ചെറുക്കുന്നതിനോ തടയുന്നതിനോ ആരോഗ്യകരമായ ഭക്ഷണക്രമം പ്രധാനമാണ്. 2018 ജൂലൈയിൽ ആരംഭിച്ച ഈറ്റ് റൈറ്റ് ഇന്ത്യ (ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുക, ഇന്ത്യ) പ്രസ്ഥാനം സുരക്ഷിതവും ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നു. ഭക്ഷ്യ സ്ഥാപനങ്ങളിൽ ശുചിത്വം, ആരോഗ്യകരമായ ഭക്ഷണരീതികൾ, മലിനീകരണ രഹിത ഭക്ഷണം എന്നിവ ഇത് പ്രോത്സാഹിപ്പിക്കുന്നു. ഏകോപിത ഫലങ്ങൾ നൽകുന്നതിന് മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഉൾപ്പെടുത്തിക്കൊണ്ട് ഗവണ്മെൻ്റ് തലത്തിൽ ഒരു സമീപനം ഈ സംരംഭം സ്വീകരിക്കുന്നു. ജനങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിതശൈലി രീതികളിലും വരുന്ന മാറ്റത്തെ സ്വാധീനിക്കുന്നതിന് വേണ്ടി സമൂഹത്തെ ഈ സംരംഭം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പരിപാടിയിലൂടെ
182 ശുചിത്വമുള്ള തെരുവുഭക്ഷണ കേന്ദ്ര(ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ്)ങ്ങൾക്ക് സാക്ഷ്യപത്രം നൽകി
546 പഴങ്ങളുടെയും പച്ചക്കറികളുടെയും മാർക്കറ്റുകൾക്ക് സാക്ഷ്യപത്രം നൽകി
411 റെയിൽവേ സ്റ്റേഷനുകൾക്കും(ജൂൺ 5, 2026 വരെ)
2024-25 സാമ്പത്തിക വർഷത്തിൽ 21,000 കിലോയിലധികം ഉപയോഗിച്ച പാചക എണ്ണ ശേഖരിച്ചു
ഫിറ്റ് ഇന്ത്യ
ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ജീവിതശൈലീ രോഗങ്ങളെ ചെറുക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണ്. 2019 ൽ ആരംഭിച്ച ഫിറ്റ് ഇന്ത്യ പ്രസ്ഥാനം ആളുകളെ അവരുടെ ദൈനംദിന ദിനചര്യകളിൽ ഫിറ്റ്‌നസ് (ശാരീരിക ക്ഷമത) ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്നു. സജീവമായിരിക്കാനുള്ള ലളിതവും, അഭിഗമ്യവും, പരിസ്ഥിതി സൗഹൃദപരവുമായ മാർഗമായി നഗരപ്രദേശങ്ങളിലെ സൈക്ലിങ്ങിനെ 'ഫിറ്റ് ഇന്ത്യ സൺഡേയ്‌സ് ഓൺ സൈക്കിൾ കാമ്പയിൻ' പ്രോത്സാഹിപ്പിക്കുന്നു. ആവിർഭാവ ഘട്ടം മുതൽ ഫിറ്റ് ഇന്ത്യ സൺഡേയ്‌സ് കാമ്പെയ്‌നിൽ 2.8 ലക്ഷത്തിലധികം സ്ഥലങ്ങളിലായി 30 ലക്ഷത്തിലധികം പൗരന്മാർ പങ്കാളികളായി.
പുകയില നിയന്ത്രണം
ഇന്ത്യയിൽ പ്രതിവർഷം 13 ലക്ഷത്തിലധികം പേരുടെ ജീവൻ അപഹരിക്കുന്ന പുകയില ഉപയോഗം ഒരു പ്രധാന പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുന്നു. പുകയില ഉപയോഗം അർബുദത്തിനുള്ള ഒരു പ്രധാന കാരണവുമാണ്.
ദേശീയ പുകയില നിയന്ത്രണ പരിപാടി (എൻ.ടി.സി.പി)യിലൂടെ, കഴിഞ്ഞ ദശകത്തിൽ ഇന്ത്യ മൊത്തത്തിലുള്ള പുകയില ഉപയോഗത്തിൽ 17.3 ശതമാനം കുറവ് കൈവരിച്ചു.
സ്‌കൂൾ കുട്ടികൾക്കിടയിലും പുകയില ഉപയോഗം കുറഞ്ഞു:
2009-ൽ 14.6 ശതമാനം ആയിരുന്നത് 2019-ൽ 8.5 ശതമാനം ആയി കുറഞ്ഞു (ഗ്ലോബൽ യൂത്ത് ടുബാക്കോ നാല്, അഞ്ച് സർവേകൾ പ്രകാരം).
പുകയില ഉപയോഗം ഉപേക്ഷിക്കാൻ എൻ.ടി.സി.പിയുടെ കീഴിലുള്ള നിരവധി സംരംഭങ്ങൾ സമൂഹങ്ങളെ സഹായിച്ചു.
ഈ പരിപാടിയിലൂടെ രാജ്യത്തുടനീളം വിവിധ പുകയില നിർത്തൽ കേന്ദ്രങ്ങൾ ഗവണ്മെൻ്റ് നടത്തുന്നു. ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, ഡെന്റൽ കോളേജുകൾ, എൻ.സി.ഡി ക്ലിനിക്കുകൾ എന്നിവയിലായി രാജ്യത്തുടനീളം രണ്ടായിരത്തിലധികം പുകയില നിർത്തൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു.

പുകയില ഉപയോഗം നിർത്താൻ സഹായിക്കുന്ന ദേശീയ സൗജന്യ ഹെൽപ്ലൈൻ (ടോൾ ഫ്രീ നാഷണൽ ടുബാക്കോ ക്വിറ്റ്‌ലൈൻ) 1800112356 എന്ന നമ്പറിൽ കേന്ദ്ര ഗവണ്മെൻ്റ് 2016-ൽ ആരംഭിച്ചു. അത് സൗജന്യ കൗൺസിലിങ്ങും പിന്തുണയും തുടർനടപടികളും വാഗ്ദാനം ചെയ്യുന്നു.
2016 ജൂൺ മുതൽ 2026 ഏപ്രിൽ വരെ 6.5 ലക്ഷത്തിലധികം ആളുകൾക്ക് ഈ ഹെൽപ്പ്‌ലൈൻ വഴി സഹായം ലഭിച്ചു.
വിളിച്ചവരിൽ 34.5 ശതമാനം പേരും പുകയില ഉപേക്ഷിക്കാൻ സുസ്ഥിര കൗൺസിലിങ് സഹായകമായി.
സ്‌കൂൾ കുട്ടികളിലും യുവാക്കളിലും പുകയില ആസക്തി ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ 2023-ൽ ഗവണ്മെൻ്റ് പുകയില രഹിത യുവജന കാമ്പയിൻ ആരംഭിച്ചു. അതിപ്പോൾ മൂന്നാം പതിപ്പിലാണ്.
തുടർച്ചയായ 60 ദിവസത്തെ കാമ്പയിനുകളിലൂടെ:
3.09 ലക്ഷത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും 39,000 ഗ്രാമങ്ങളും പുകയില രഹിത പദവി നേടി.
പിഴയായി 2.1 കോടിയിലധികം രൂപ പിഴയായി പിരിച്ചു.
പുകയില നിയന്ത്രണത്തിന് 2025-ൽ ഇന്ത്യയ്ക്ക് ബ്ലൂംബെർഗ് ഫിലാന്ത്രോപ്പീസ് അവാർഡ് ലഭിച്ചു. രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ദേശീയ ടോൾ-ഫ്രീ ക്വിറ്റ് ലൈനിലൂടെയും പുകയില നിർത്തൽ പിന്തുണാ സേവനങ്ങളിലൂടെയും പുകയില ഉപയോഗം നിയന്ത്രിക്കുന്നതിൽ സർക്കാർ കൈവരിച്ച പുരോഗതിയെ ഈ പുരസ്‌കാരം അംഗീകരിച്ചു.
ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൻ്റെ ഒരു ഭാഗം മാത്രമാണ് രോഗ പ്രതിരോധം. രോഗം വരുമ്പോൾ ചികിത്സയിലേക്കുള്ള അഭിഗമ്യത ഒരു വ്യക്തിയുടെ പണമടയ്ക്കാനുള്ള കഴിവിനെയല്ലാതെ, ആവശ്യത്തെ ആശ്രയിച്ചിരിക്കണം.
താങ്ങാനാവുന്ന ചെലവിൽ മരുന്നുകളും അടിയന്തര ഗതാഗതവും നൽകുന്നു.
ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ, പരിശോധനകൾ, ഗതാഗതം എന്നിവ ആളുകൾക്ക് താങ്ങാൻ കഴിയുമ്പോഴാണ് ആരോഗ്യ സംരക്ഷണം യഥാർത്ഥത്തിൽ പ്രാപ്യവും നീതിയുക്തവുമായിത്തീരുന്നത്. മൂന്ന് ഗവണ്മെൻ്റ് സംരംഭങ്ങൾ നേരിട്ട് ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന വിപണി വിലയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ നൽകുന്നു. രാജ്യത്തുടനീളമുള്ള ജൻ ഔഷധി കേന്ദ്രങ്ങളിൽ (ജെ.എ.കെ) ഈ മരുന്നുകൾ വാങ്ങുന്നതിനായി ലഭ്യമാണ്. ഈ സംരംഭം ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ ബ്രാൻഡഡ് വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ, സാധാരണയായി 50-80 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കിയിട്ടുണ്ട്.
ചികിത്സയ്ക്കായി താങ്ങാനാവുന്ന മരുന്നുകളും വിശ്വസനീയമായ ഇംപ്ലാൻ്റുകളും ലഭ്യമാക്കുന്നതിനായി 2015-ൽ ആരംഭിച്ചതാണ് അമൃത് (അഫോർഡബിൾ മെഡിസിൻസ് ആൻഡ് റിലയബിൾ ഇംപ്ലാൻ്റ് സ് ഫോർ ട്രീറ്റ്‌മെൻ്റ് ) ഫാർമസി സംരംഭം. ഈ ഫാർമസികൾ 50 ശതമാനം മുതൽ 90 ശതമാനം വരെ വിലക്കിഴിവിൽ ജീവൻരക്ഷാ മരുന്നുകളും അവശ്യ മരുന്നുകളും നൽകുന്നു. രോഗികൾക്ക്, പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്ക് ചികിത്സാ ചെലവ് കുറയ്ക്കാൻ അവ സഹായിച്ചിട്ടുണ്ട്.
നാളിതുവരെ, 255-ലധികം ഔട്ട്ലെറ്റുകൾ സ്ഥാപിച്ചിട്ടുള്ള അമൃത് ഫാർമസികൾ 6.85 കോടിയിലധികം രോഗികൾക്ക് പ്രയോജനകരമായിട്ടുണ്ട്. ഈ പദ്ധതിയിലൂടെ രോഗികൾക്ക് ഏകദേശം 8,400 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞു.
രോഗനിർണയത്തിനായുള്ള ഉയർന്ന ചെലവുകൾ പരിഹരിക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ 2015 ൽ സർക്കാർ സൗജന്യ അവശ്യ ഡയഗ്നോസ്റ്റിക്സ് സംരംഭം ആരംഭിച്ചു. പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ എല്ലാ തലങ്ങളിലും സൗജന്യ അവശ്യ പരിശോധനകൾ ഈ സംരംഭം നിർദ്ദേശിക്കുന്നു:
ഈ സംരംഭം ഇവ ഉൾക്കൊള്ളുന്നു:
ഉപകേന്ദ്ര തലത്തിൽ 9 പരിശോധനകൾ
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 19
സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ 39
ജില്ലാ ആശുപത്രി തലത്തിൽ 57
ഉൾപ്പെടുത്തിയിരിക്കുന്ന സ്പെഷ്യാലിറ്റികൾ ഇവയാണ്:
ഹെമറ്റോളജി
സെറോളജി
ബയോകെമിസ്ട്രി
ക്ലിനിക്കൽ പാത്തോളജി
മൈക്രോബയോളജി
റേഡിയോളജി
കാർഡിയോളജി
സൗജന്യ രോഗനിർണയ സംരംഭം
സൗജന്യ രോഗനിർണയ സംരംഭം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ആന്ധ്രാപ്രദേശാണ് (2016-ൽ). മുമ്പ്, സംസ്ഥാനത്തെ രോഗികൾ പൊതു സൗകര്യങ്ങളിലെ അടിസ്ഥാന ലാബ് പരിശോധനകൾക്കും റേഡിയോളജിക്കും പണം നൽകിയിരുന്നു. സർക്കാർ സൗകര്യങ്ങളിൽ സൗജന്യ രോഗനിർണയ സംരംഭം നടപ്പിലാക്കുന്നതിനായി സംസ്ഥാന ഗവണ്മെൻ്റ് 13 ജില്ലകളിലും എൻ.ടി.ആർ വൈദ്യ പരീക്ഷ (സഹായ) സംരംഭം ആരംഭിച്ചു. സൗജന്യ ലാബ്, റേഡിയോളജി സേവനങ്ങൾ ഇനിപ്പറയുന്നവയിലേക്ക് വ്യാപിപ്പിച്ചു:
1,182 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ
192 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ
31 മേഖലാ ആശുപത്രികൾ,
8 ജില്ലാ ആശുപത്രികൾ.
യോഗ്യതയുള്ള റേഡിയോളജിസ്റ്റുകൾ ഇല്ലാത്ത 120 കേന്ദ്രങ്ങളിൽ ടെലി-റേഡിയോളജി അവതരിപ്പിച്ചു. പൊതു-സ്വകാര്യ-പങ്കാളിത്ത രീതിയിൽ നാല് പുതിയ സി.ടി. സെൻ്ററുകൾ സ്ഥാപിച്ചു. പ്രതികരണം ഉടനടിയായിരുന്നു.
ഈ സംരംഭത്തിലൂടെ ഓരോ പ്രവൃത്തി ദിനങ്ങളിലും 45,000 മുതൽ 55,000 വരെ പരിശോധനകളും 1,200 എക്സ്-റേകളും നടത്തി.
ടെലി-റേഡിയോളജി വഴി പ്രതിദിനം ഏകദേശം 60 മുതൽ 70 വരെ കമ്പ്യൂട്ട്ഡ് ടോമോഗ്രഫി (സി.ടി.സ്‌കാൻ) പഠനങ്ങൾ രേഖപ്പെടുത്തി.
2015-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2016 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഔട്ട്പേഷ്യൻ്റ് സന്ദർശനങ്ങൾ 16 ലക്ഷത്തിലധികവും ഇൻ പേഷ്യൻ്റ് അഡ്മിഷനുകൾ 2.72 ലക്ഷവും വർദ്ധിച്ചു.
സംസ്ഥാനവ്യാപകമായി 1,400 ആരോഗ്യ കേന്ദ്രങ്ങളിലായി പ്രതിമാസം ഏകദേശം 10 കോടി രൂപയായിരുന്നു പ്രവർത്തനച്ചെലവ്.
എൻ.എച്ച്.എമ്മിന് കീഴിൽ മറ്റ് സംസ്ഥാനങ്ങളിലുടനീളം പകർത്തുന്നതിനായി ഈ മാതൃക രൂപകൽപ്പന ചെയ്തു.
അടിയന്തര ഗതാഗത സൗകര്യവും ഗവണ്മെൻ്റ് നൽകുന്നു. കഴിഞ്ഞ 12 വർഷത്തിനിടയിൽ, ഇന്ത്യയുടെ പ്രാഥമിക അടിയന്തര ആംബുലൻസ് ശൃംഖല വികസിപ്പിച്ചുകൊണ്ട് ഗവണ്മെൻ്റ് രോഗിയും ആശുപത്രിയും തമ്മിലുള്ള വിടവ് വ്യവസ്ഥാപിതമായി കുറച്ചു.
ഡയൽ 108 ഉം ഡയൽ 102 ഉം 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നു. ഗുരുതരമായ പരിചരണം, ട്രോമ, അപകട അടിയന്തരാവസ്ഥകൾ തുടങ്ങിയ മെഡിക്കൽ അടിയന്തരാവസ്ഥകൾ ഡയൽ 108 കൈകാര്യം ചെയ്യുന്നു. ഡയൽ 102 ഗർഭിണികളെയും കുട്ടികളെയും കേന്ദ്രീകരിച്ച് ജനനി ശിശു സുരക്ഷാ കാര്യക്രം പദ്ധതിയുടെ ഗുണഭോക്താക്കളെ ആദ്യന്തം കൈകാര്യം ചെയ്യുന്നു. വിവിധ അടിയന്തര സഹായ വാഹനങ്ങൾ രോഗിയ്ക്കും ആശുപത്രിയ്ക്കും ഇടയിലെ വിടവ് നികത്തുന്നു:
അത്യാധുനിക ജീവൻരക്ഷാ പിന്തുണയേകുന്ന 3,044 ആംബുലൻസുകൾ
അടിസ്ഥാന ജീവൻ രക്ഷാപിന്തുണയേകുന്ന 15,283 ആംബുലൻസുകൾ
3,918 രോഗീ വാഹക വാഹനങ്ങൾ, 19 ബോട്ടുകൾ, എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങൾക്കായി 81 ബൈക്കുകൾ.
ആളുകൾ എവിടെയാണോ അവിടെ എത്തിച്ചേരുന്നു:
ഡിജിറ്റലായതും അവസാന ആളിലേക്കുമെത്തുന്നതുമായ ആരോഗ്യ സേവനങ്ങൾ
2014 മുതൽ, ഡിജിറ്റൽ ആരോഗ്യ സാങ്കേതികവിദ്യയിലൂടെ അവസാന ആളിലേക്കും വരെയെത്തുന്ന ആരോഗ്യ സംരക്ഷണ വിതരണം ഗവണ്മെൻ്റ് വിപുലീകരിച്ചു. ഭൂപ്രകൃതിപരമായ പ്രതിബന്ധങ്ങൾ ഇനി ആളുകൾക്കും അവരുടെ ആരോഗ്യത്തിനും ഇടയിൽ ഒരു തടസ്സമല്ല. ഒരു വിദൂര ഗ്രാമത്തിലെ ഒരു രോഗിക്ക് മുമ്പ് ഒരു ആരോഗ്യവിദഗ്ധനെ കാണുമെന്ന് വലിയ പ്രതീക്ഷയില്ലായിരുന്നു. ഇപ്പോൾ, അത്തരം രോഗികൾക്ക് അവരുമായി ഓൺലൈനായി വൈദ്യശാസ്ത്ര കൂടിയാലോചന നടത്താനാവും. മൂന്ന് പ്ലാറ്റ്‌ഫോമുകളാണ് ഈ ഉദ്യമത്തിൻ്റെ കേന്ദ്രബിന്ദു.
ഇ സഞ്ജീവനി: ദേശീയ ടെലിമെഡിസിൻ സേവനം
ഇന്ത്യയുടെ ദേശീയ ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമായ ഇ സഞ്ജീവനി ഈ ഡിജിറ്റൽ മാറ്റത്തിൻ്റെ കേന്ദ്രബിന്ദുവാണ്. സേവനങ്ങൾ കുറഞ്ഞതോ വിദൂരമോ ആയ പ്രദേശങ്ങളിൽ താമസിക്കുന്ന പൗരന്മാർക്ക് ഇപ്പോൾ സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ അല്ലെങ്കിൽ അടുത്തുള്ള പ്രാഥമിക, ഉപ-ആരോഗ്യ കേന്ദ്രങ്ങൾ വഴി ഒരു ഡോക്ടറെ കാണിക്കാം.

2019 നവംബറിൽ ആരംഭിച്ച ഇ-സഞ്ജീവനി, ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർക്ക് പരസ്പരം കൂടിയാലോചിക്കുന്നതിനായി ആദ്യം രൂപകൽപ്പന ചെയ്തിരുന്നു. എന്നിരുന്നാലും, പകർച്ചവ്യാധി ആളുകളെ ആശുപത്രികളും ക്ലിനിക്കുകളും സന്ദർശിക്കുന്നത് വിലക്കിയതോടെ പ്ലാറ്റ്‌ഫോമിനായുള്ള ആവശ്യം ഉയർന്നു. ഇപ്പോൾ, രാജ്യത്തെ മികച്ച മെഡിക്കൽ സ്ഥാപനങ്ങളിലെ വിദഗ്ധരുമായി ആളുകളെ നേരിട്ട് ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമാണ് ഇത്.
ആരംഭിച്ചതിനുശേഷം:
47 കോടിയിലധികം ഫോൺവിളികൾ രേഖപ്പെടുത്തപ്പെട്ടു
ഗവണ്മെൻ്റ് ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ എന്നിവയിലുടനീളമുള്ള ഡോക്ടർമാർ, സ്പെഷ്യലിസ്റ്റുകൾ, സൂപ്പർ-സ്പെഷ്യലിസ്റ്റുകൾ എന്നിവരുൾപ്പെടെ 2.34 ലക്ഷത്തിലധികം ആരോഗ്യ സംരക്ഷണ ദാതാക്കളെ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തി
ടെലി-മനസ്: ഫോൺ മുഖേന മാനസികാരോഗ്യം
മാനസികാരോഗ്യ പരിചരണം തേടുന്നവർക്കായി, 2022 ഒക്ടോബറിൽ സർക്കാർ ആരംഭിച്ച ടെലി-മനസ് ടെലിമെഡിസിൻ സേവനം നിലവിലുണ്ട്. ചരിത്രപരമായി പാർശ്വവത്കരിക്കപ്പെട്ടതും വിഭവശേഷി കുറഞ്ഞതുമായ മാനസികാരോഗ്യ സംരക്ഷണം, വളരെക്കാലമായി അത്തരം പരിചരണം കേന്ദ്രീകരിച്ചിരിക്കുന്ന നഗരങ്ങൾക്ക് പുറത്ത് താമസിക്കുന്നവർക്ക് പ്രാപ്യമാക്കുന്നു.
രാജ്യത്തുടനീളം ഗുണനിലവാരമുള്ള മാനസികാരോഗ്യ കൗൺസിലിംഗിലേക്കും പരിചരണ സേവനങ്ങളിലേക്കുമുള്ള അഭിഗമ്യത ഈ സേവനം മെച്ചപ്പെടുത്തുന്നു.
36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 20 ഭാഷകളിൽ ഈ സേവനം ലഭ്യമാണ്. ടെലി-മനസ് വഴി ആളുകൾക്ക് ടെലിഫോൺ അധിഷ്ഠിത കൗൺസിലിംഗ്, സൈക്കോതെറാപ്പി, സൈക്യാട്രിക് കൺസൾട്ടേഷനുകൾ, അടിയന്തര പരിചരണം ഉൾപ്പെടെയുള്ള റഫറൽ സേവനങ്ങൾ എന്നിവ ലഭിക്കും.
2024 ഒക്ടോബറിൽ ഗവണ്മെൻ്റ് ആരംഭിച്ച ടെലി-മനസ് മൊബൈൽ ആപ്പ് ഈ സേവനത്തിൻ്റെ ഉപയോഗം എളുപ്പമാക്കി. കാഴ്ച വൈകല്യമുള്ളവർക്ക് സേവനങ്ങൾ പ്രാപ്യമാവാനും ആപ്പ് സഹായിക്കുന്നു. പ്രത്യേകം രൂപകൽപ്പന ചെയ്തതും ഉപയോക്തൃ-സൗഹൃദവുമായ ഡിജിറ്റൽ ഇൻ്റർഫേസും സ്‌ക്രീൻ ഉപയോഗം ആവശ്യമില്ലാത്ത ടോൾ-ഫ്രീ ഫോൺ ലൈനിലൂടെയുമാണ് ഇത്. ആപ്പ് ആരംഭിച്ചതിനുശേഷം ടെലിമെഡിസിൻ സേവനത്തിൻ്റെ ഉപയോഗം വർദ്ധിച്ചു.

ഇപ്പോൾ 53 ടെലി-മനസ് സെല്ലുകളും 23 മെൻ്ററിങ് ഇൻസ്റ്റിറ്റ്യൂട്ടുകളും ഈ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചിരിക്കുന്നു.
മരുന്ന് വിതരണത്തിനുള്ള ഐ-ഡ്രോൺ
വിദൂരപ്രദേശങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലുമെല്ലാം മരുന്ന് വിതരണം പലപ്പോഴും പ്രയാസകരമാണ്. ശാരീരികമോ മറ്റ് തടസ്സങ്ങളോ കാരണം മരുന്നുകൾ ലഭിക്കാത്തവർക്ക് അവ എത്തിക്കാൻ ഇപ്പോൾ ഡ്രോണുകൾ ഉപയോഗപ്പെടുത്തുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് 2021 ൽ ഐ-ഡ്രോൺ സേവനം ആരംഭിച്ചു. ഡ്രോണുകൾ വഴി പരിശോധനയ്ക്കായി മരുന്നുകൾ, വാക്സിനുകൾ, രക്ത സാമ്പിളുകൾ എന്നിവ കൊണ്ടുപോകാൻ ഈ ഡ്രോണുകൾ ഉപയോഗിക്കുന്നു.
ഡ്രോണുകൾ വഴി 7,700 കിലോമീറ്റർ സഞ്ചരിച്ച് 22,000 മരുന്നുകൾ എത്തിച്ചു.
65 ആരോഗ്യ കേന്ദ്രങ്ങൾ ഈ സേവനം ഉപയോഗപ്പെടുത്തി
നിർമിതബുദ്ധിയിലൂടെ ആരോഗ്യ സംരക്ഷണ
വിതരണം പരിവർത്തനം ചെയ്യുന്നു
സമത്വം, പ്രവേശനക്ഷമത, താങ്ങാനാവുന്ന ചെലവ്, വേഗത എന്നിവ വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര ഗവണ്മെൻ്റ് ആരോഗ്യ സംരക്ഷണത്തിലുടനീളം നിർമിതബുദ്ധി വിന്യസിക്കുന്നു.
ഇ-സഞ്ജീവനി കൺസൾട്ടേഷനുകളിൽ ഘടനാപരമായ ഡാറ്റ പിടിച്ചെടുക്കൽ, ക്ലിനിക്കൽ മുന്നറിയിപ്പുകൾ എന്നിവയിലൂടെ ഡോക്ടർമാരെ സഹായിക്കുന്നതിന് എ.ഐ അധിഷ്ഠിത ക്ലിനിക്കൽ തീരുമാന പിന്തുണാ സംവിധാനങ്ങൾ (സി.ഡി.എസ്,എസ്) സഹായിക്കുന്നു.
2023 ഏപ്രിലിൽ സി.ഡി.എസ്.എസ് അവതരിപ്പിച്ചതിനുശേഷം 2025 നവംബർ വരെ 28.2 കോടി ഇ-സഞ്ജീവനി കൺസൾട്ടേഷനുകൾക്ക് ക്രമാനുഗതമാക്കിയ എ.ഐ അധിഷ്ഠിത പിന്തുണ പ്രയോജനകരമായി.
എ.ഐ ഉപകരണങ്ങൾ രോഗ പരിശോധനയും ശക്തിപ്പെടുത്തുന്നു. 'കഫ് എഗെയിൻസ്റ്റ് ടി.ബി' ഉപകരണം സാധ്യതയുള്ള ക്ഷയരോഗ കേസുകൾ തിരിച്ചറിയാൻ ചുമ വിശകലനം ചെയ്യുന്നു.
ഈ ഉപകരണം ഉപയോഗിച്ചുള്ള പരിശോധനകളിലൂടെ 12 മുതൽ 16 ശതമാനം വരെ ക്ഷയരോഗ കേസുകൾ അധികമായി രേഖപ്പെടുത്തി. പരമ്പരാഗത രീതികൾ ഉപയോഗിച്ച് രോഗികളെ പരിശോധിച്ചിരുന്നെങ്കിൽ നഷ്ടമാകുമായിരുന്ന കേസുകളായിരുന്നു അവ..
2023 മാർച്ച് മുതൽ 2025 നവംബർ വരെ 1.62 ലക്ഷത്തിലധികം ആളുകളെ ഈ ഉപകരണം ഉപയോഗിച്ച് രോഗനിർണയ പരിശോധന നടത്തി.
ഒഴിവാക്കാവുന്ന അന്ധത തടയാൻ സഹായിക്കുന്ന ഓട്ടോമേറ്റഡ് ഡയബറ്റിക് റെറ്റിനോപ്പതി സ്‌ക്രീനിങ് മധുനേത്ര എ.ഐ സാധ്യമാക്കുന്നു. പരിശോധനാ ഘട്ടത്തിൽ ഒരു സ്പെഷ്യലിസ്റ്റ് നേത്രരോഗവിദഗ്ദ്ധൻ്റെ ആവശ്യകത ഇത് ഇല്ലാതാക്കുന്നു.
11 സംസ്ഥാനങ്ങളിലെ 38 കേന്ദ്രങ്ങളിലാണ് ഇത് നടപ്പിലാക്കിയത്.
14,000-ത്തിലധികം റെറ്റിന ദൃശ്യങ്ങളുടെ പരിശോധനാ സമയത്ത് ഇത് നിർമിതബുദ്ധിയുടെ പിന്തുണയേകി, 7,100 രോഗികൾക്ക് പ്രയോജനമേകുകയും ചെയ്തു (ഡിസംബർ 2025 വരെ).
മെഡിക്കൽ വിദ്യാഭ്യാസവും തൊഴിൽ ശക്തിയും
കഴിഞ്ഞ 12 വർഷമായി, ആരോഗ്യ പ്രൊഫഷണലുകൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഗവണ്മെൻ്റ് മെഡിക്കൽ വിദ്യാഭ്യാസം വിപുലീകരിച്ചു.



നേഴ്‌സിങ്ങിന് തുല്യ പരിഗണന ലഭ്യമായി:
പുതിയ മെഡിക്കൽ കോളേജുകൾക്കൊപ്പം 157 പുതിയ നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കപ്പെടുന്നു. ഇത് പ്രതിവർഷം ഏകദേശം 15,700 നഴ്സിംഗ് ബിരുദധാരികളെയാണ് രൂപപ്പെടുത്തുന്നത്.
2014 മുതൽ നഴ്സിംഗ് സീറ്റുകളുടെ എണ്ണവും വർദ്ധിച്ചു (ജൂൺ 2025 വരെ):
ബി.എസ്.സി നഴ്സിംഗ് സീറ്റുകൾ: 53 ശതമാനം വർദ്ധിച്ച് 1,27,290 ആയി
എം.എസ്.സി നഴ്സിംഗ് സീറ്റുകൾ: 39 ശതമാനം വർദ്ധിച്ച് 14,986 ആയി
ബദൽ ആരോഗ്യ സംരക്ഷണം:
ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം, 2014 മുതൽ സർക്കാർ പരമ്പരാഗത ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ പൊതുജനാരോഗ്യ ചട്ടക്കൂടിലേക്ക് ഔദ്യോഗികമായി സംയോജിപ്പിച്ചിട്ടുണ്ട്.
2014 നവംബറിൽ സ്ഥാപിതമായ കേന്ദ്ര ആയുഷ് മന്ത്രാലയം (ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി), ഇന്ത്യയുടെ ആരോഗ്യ സംവിധാനത്തിൻ്റെ സജീവ ഭാഗമായി പരമ്പരാഗത വൈദ്യശാസ്ത്രത്തെ സ്ഥാനപ്പെടുത്തി.
942 ആയുഷ് സ്ഥാപനങ്ങൾ ആരംഭിച്ചു (2025 വരെ)
ദേശീയ ആയുഷ് ദൗത്യം(നാഷണൽ ആയുഷ് മിഷൻ) പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രികളിലും ആയുഷ് സൗകര്യങ്ങൾ സംയോജിപ്പിച്ച് പ്രവർത്തിക്കുന്നു. പരമ്പരാഗത പരിചരണം ഇപ്പോൾ ആധുനിക വൈദ്യശാസ്ത്രവുമായി അടിസ്ഥാന സൗകര്യങ്ങൾ പങ്കിടുന്നു.
13,093 എൻ.എച്ച്.എം സഹ-സ്ഥാപിത സൗകര്യങ്ങളിൽ ആയുഷ് പരിചരണം മുഖ്യധാരയിലേക്ക് കൊണ്ടുവന്നു (2025 ഡിസംബർ വരെ)

പരമ്പരാഗത ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയെ ഏകീകരിക്കുന്നതിനായി, ആയുഷ് ഗ്രിഡ് രാജ്യവ്യാപകമായി എല്ലാ ആയുഷ് ആശുപത്രികളെയും ലബോറട്ടറികളെയും ഡിജിറ്റലായി ബന്ധിപ്പിക്കും.
ആയുഷിനെ ഒരു ആഗോള വാഗ്ദാനമായി ഇന്ത്യയും അടയാളപ്പെടുത്തുന്നു. ഇന്ത്യയിൽ ചികിത്സ തേടുന്ന വിദേശ പൗരന്മാർക്കായി 2023 ജൂലൈയിൽ ഒരു സമർപ്പിത ആയുഷ് വിസ അവതരിപ്പിച്ചു. ഇത് ലോകത്തിൻ്റെ ആരോഗ്യ-ക്ഷേമ തലസ്ഥാനമായി മാറാനുള്ള രാജ്യത്തിന്റെ സാധ്യതകളെ ഗണ്യമായി വർദ്ധിപ്പിച്ചു.
2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക്...
കഴിഞ്ഞ 12 വർഷത്തിനിടയിൽ, വൈദ്യശാസ്ത്ര അടിസ്ഥാനസൗകര്യങ്ങൾ, പ്രാഥമിക ആരോഗ്യ സംരക്ഷണം, മെഡിക്കൽ വിദ്യാഭ്യാസം എന്നിവയിലെ നിക്ഷേപങ്ങൾ ഇന്ത്യയുടെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ ശ്രമങ്ങൾ രാജ്യത്തെ സാർവത്രിക ആരോഗ്യ പരിരക്ഷയിലേക്ക് ക്രമാനുഗതമായി മുന്നോട്ട് കൊണ്ടുപോകുന്നു. പ്രായോഗികമായി, ഇത് ഗവണ്മെൻ്റിൻ്റെ മുദ്രാവാക്യമായ 'എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം' (സബ്കാ സാത്ത്, സബ്കാ വികാസ്) പൂർത്തീകരിക്കുന്നു
ആരോഗ്യകരമായ ഒരു ജനസംഖ്യ എന്നത് ഒരു ധാർമ്മിക നേട്ടം മാത്രമല്ല, സാമ്പത്തികപരമായ നേട്ടവുമാണ്. മെഡിക്കൽ ബില്ലുകൾ കാരണം ആളുകൾ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാതിരുന്നാൽ, അവർ തങ്ങളുടെ വികസനത്തിനായി കൂടുതൽ തുക ചെലവഴിക്കുന്നു. പ്രതിരോധിക്കാനാവുന്ന രോഗങ്ങളാൽ തൊഴിലാളികളെ നഷ്ടപ്പെടാതിരിക്കുമ്പോൾ, അവർ ജോലിസ്ഥലത്ത് കൂടുതൽ ഉൽപാദനക്ഷമതയുള്ളവരാകുന്നു. കുട്ടികൾ അവരുടെ ആദ്യ വർഷങ്ങളെ അതിജീവിച്ച് നല്ല പോഷകങ്ങളോടെ വളരുമ്പോൾ, അവർ പഠിക്കുകയും സമ്പാദിക്കുകയും സംഭാവനയേകുകയും ചെയ്യുന്നു.
കഴിഞ്ഞ 12 വർഷക്കാലത്തെ നേട്ടങ്ങൾ തലമുറകളിലൂടെ വർധിതമാവും. ഏതാണ്ട് സാർവത്രികമായ രോഗപ്രതിരോധ സംവിധാനവും, അഭിഗമ്യമായ പ്രാഥമിക പരിചരണവും, നേരത്തെയുള്ള രോഗ പരിശോധനയും ഉള്ള ഒരു സംവിധാനത്തിൽ ഇന്ന് ജനിക്കുന്ന കുട്ടികൾ അവരുടെ മാതാപിതാക്കളേക്കാൾ കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കും. അതുവഴി കൂടുതൽ ശക്തമായ ഒരു ആരോഗ്യ അടിത്തറ അവർക്ക് പാരമ്പര്യമായി ലഭിക്കുകയും ചെയ്യും. 2047 ഓടെ എല്ലാ പൗരന്മാർക്കും കൂടുതൽ ആരോഗ്യകരവും ശക്തവും സമൃദ്ധവുമായ ഒരു രാഷ്ട്രം എന്ന വികസിത ഇന്ത്യ ദർശനത്തിലേക്ക് ഇന്ത്യ സ്ഥിരതയോടെ മുന്നേറുകയാണ്.
അവലംബം:
Press Information Bureau
Ministry of Health and Family Welfare
Others
Click here to see PDF
***
(रिलीज़ आईडी: 2270119)
आगंतुक पटल : 6