ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ 2026 ജൂൺ 1 മുതൽ പ്രാബല്യത്തിൽ
प्रविष्टि तिथि:
03 JUN 2026 7:24PM by PIB Thiruvananthpuram
ഇന്ത്യയും ഒമാനും തമ്മില്‍ സാമ്പത്തികവും തന്ത്രപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ 2026 ജൂൺ 1-ന് പ്രാബല്യത്തിൽ വന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലും ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫും 2025 ഡിസംബർ 18-നാണ് കരാറിൽ ഒപ്പുവെച്ചത്.
ഇന്ത്യയുടെ തുണിത്തര - വസ്ത്ര മേഖലകൾക്ക് വന്‍തോതില്‍ വിപണി പ്രവേശന അവസരങ്ങൾ നൽകുന്നതാണ് കരാർ. നിലവിലെ 5% എംഎഫ്എൻ നികുതി ഒഴിവാക്കിയ ഒമാന്‍ 945 തുണിത്തര - വസ്ത്ര തീരുവ നിരക്കുകളിലും ഉടനടി നികുതിരഹിത പ്രവേശനം അനുവദിച്ചത് ഒമാൻ വിപണിയിലെ ഇന്ത്യൻ ഉല്പന്ന വിലയിലെ മത്സരശേഷി ഗണ്യമായി വർധിപ്പിക്കും. കൂടാതെ കരകൗശല ഉല്പന്ന കയറ്റുമതിക്കും 5% എംഎഫ്എൻ നികുതി ഒഴിവാക്കി നികുതി രഹിത പ്രവേശനം നൽകിയിട്ടുണ്ട്. കയറ്റുമതി വിപുലീകരിക്കാനും ഗൾഫിലെ സുപ്രധാന വിപണിയിൽ സാന്നിധ്യം ശക്തമാക്കാനും അവസരം നല്‍കുന്ന നടപടി ഈ മേഖലയില്‍ ഇന്ത്യയ്ക്ക് കരുത്തുറ്റ സ്ഥാനമുറപ്പാക്കും.
2025-26 സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കരകൗശല ഉല്പന്നങ്ങളുടെയും കയറ്റുമതി 95.1 മില്യൺ യുഎസ് ഡോളറായിരുന്നു. അതേസമയം ഒമാൻ പ്രതിവർഷം ഏകദേശം 598 മില്യൺ യുഎസ് ഡോളറിന്റെ തുണിത്തരങ്ങളും വസ്ത്രങ്ങളും ഇറക്കുമതി ചെയ്യുന്നുണ്ട്. ഒമാന്റെ ആകെ ഇറക്കുമതിയുടെ ഏകദേശം 11% നിലവിൽ ഇന്ത്യയില്‍ നിന്നാണ്. ഒമാന്റെ മൂന്നാമത്തെ വലിയ വിതരണക്കാരായ ഇന്ത്യയ്ക്ക് കയറ്റുമതി ഗണ്യമായി വർധിപ്പിക്കാനും വലിയ വിപണി വിഹിതം നേടാനും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ വ്യക്തമായ അവസരമൊരുക്കുന്നു. വസ്ത്രങ്ങൾ, റെഡിമെയ്ഡ് ഉല്പന്നങ്ങൾ, പരവതാനികൾ, തുണിത്തരങ്ങൾ എന്നിവയുൾപ്പെടെ മൂല്യവർധിത - രൂപകല്പനാധിഷ്ഠിത ഉല്പന്നങ്ങളുടെ പ്രധാന മേഖലകളിൽ ഒമാന്റെ വർധിച്ചുവരുന്ന ആവശ്യകത പ്രയോജനപ്പെടുത്താൻ ഇന്ത്യൻ കയറ്റുമറ്റിക്കാർക്ക് ഇതിലൂടെ സാധിക്കും.
ആധുനികവും സമ്പൂര്‍ണവുമായി ഡിജിറ്റൈസ് ചെയ്ത ‘സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ’ ചട്ടക്കൂട് കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ ഉത്ഭവ സാക്ഷ്യപത്രങ്ങളുടെ തടസ്സമില്ലാത്ത ഡിജിറ്റല്‍ കൈമാറ്റം സാധ്യമാക്കുന്ന ഈ നീക്കം ഇടപാട് ചെലവ് കുറയ്ക്കുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും സുഗമമായ വ്യാപാര ഒഴുക്കിന് വഴിയൊരുക്കുകയും ചെയ്യുന്നു.
‘WTO TRIPS’ കരാറിന് കീഴിലെ ഇരുരാജ്യങ്ങളുടെയും അവകാശങ്ങൾ ആവര്‍ത്തിച്ചുറപ്പിച്ച് ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിൽ ദേശീയ പദവി ഉറപ്പാക്കി ബൗദ്ധിക സ്വത്തവകാശ മേഖലയിലെ സഹകരണം ഈ കരാര്‍ ശക്തിപ്പെടുത്തും. ഭൂമിശാസ്ത്രപരമായ സൂചകങ്ങൾക്ക് അംഗീകാരം നൽകാൻ വ്യവസ്ഥ ചെയ്യുന്ന കരാര്‍ ഒമാൻ വിപണിയിൽ ഇന്ത്യയുടെ ജിഐ ടാഗോടുകൂടിയ കൈത്തറി, കരകൗശല ഉല്പന്നങ്ങളുടെ ദൃശ്യപരതയും വിപണന സാധ്യതയും വര്‍ധിപ്പിക്കുമെന്നും ആഗോളതലത്തിൽ "ബ്രാൻഡ് ഇന്ത്യ"യെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രാബല്യത്തിൽ വരുന്നത് ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കാനും വിതരണ ശൃംഖല ബന്ധങ്ങൾ ആഴത്തിലാക്കാനും ഇന്ത്യൻ കയറ്റുമറ്റിക്കാര്‍ക്കും കരകൗശല വിദഗ്ധർക്കും എംഎസ്എംഇകൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമഗ്ര നികുതിരഹിത പ്രവേശനവും സുതാര്യ വ്യാപാര ചട്ടക്കൂടും നൽകുന്ന കരാര്‍ ഒമാനിലേക്ക് ഇന്ത്യയുടെ തുണിത്തര കയറ്റുമതി ത്വരിതപ്പെടുത്താനും ആഗോള വിപണിയിൽ മത്സരശേഷിയാര്‍ന്നതും വിശ്വസനീയവുമായ വിതരണക്കാരായി ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താനും സുസജ്ജമാണ്.
പശ്ചിമേഷ്യന്‍ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്ക് പോലുള്ള പ്രതിബന്ധങ്ങള്‍ സൊഹാർ ഉള്‍പ്പെടെ തുറമുഖങ്ങൾ വഴി മറികടന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുമായി വ്യാപാരം നടത്താന്‍ മികച്ച പ്രവേശന കവാടമായി ഒമാൻ മാറിയിട്ടുണ്ട്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുമായും കിഴക്കൻ ആഫ്രിക്കൻ മേഖലയുമായും ഇന്ത്യയുടെ വിപുലമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്താന്‍ ഈ ഉഭയകക്ഷി വ്യാപാര കരാർ വഴിയൊരുക്കും.
****
(रिलीज़ आईडी: 2268688)
आगंतुक पटल : 8