ധനകാര്യ മന്ത്രാലയം
എൻ.പി.സി.ഐ ഇന്റർനാഷണലും അക്ലെഡ (ACLEDA ) ബാങ്കും ചേർന്ന് കംബോഡിയയിൽ രാഷ്ട്രാന്തര യു.പി.ഐ പേയ്‌മെന്റുകൾ ആരംഭിച്ചു; കംബോഡിയയുടെ ദേശീയ ക്യു.ആർ കോഡായ KHQR വഴിയാണ് സേവനം ലഭ്യമാകുക
प्रविष्टि तिथि:
03 JUN 2026 7:20PM by PIB Thiruvananthpuram
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) അന്താരാഷ്ട്ര വിഭാഗമായ എൻ.പി.സി.ഐ ഇന്റർനാഷണൽ പേയ്‌മെന്റ്സ് ലിമിറ്റഡ് (NIPL), കംബോഡിയയിൽ യുണൈറ്റഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (UPI) സേവനം ലഭ്യമാക്കുന്നതിനായി അക്ലെഡ ബാങ്കുമായി (ACLEDA Bank Plc.) ഔദ്യോഗികമായി സഹകരിക്കുന്നു.
നാഷണൽ ബാങ്ക് ഓഫ് കംബോഡിയ (NBC) ഗവർണർ ഡോ. ചേ സെറെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ നോം പെന്നിൽ നടന്ന ചടങ്ങിലാണ് ഈ നിർണ്ണായക പങ്കാളിത്തത്തിന് തുടക്കമായത്. കംബോഡിയയുടെ ദേശീയ ക്യു.ആർ കോഡായ ബകോങ്ങിന്റെ KHQR വഴി ഇരുരാജ്യങ്ങളും തമ്മിൽ രാഷ്ട്രാന്തര ക്യു.ആർ പേയ്‌മെന്റ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണമാണ് ഈ ചടങ്ങിലൂടെ അടയാളപ്പെടുത്തിയത്.
ഒന്നാം ഘട്ടത്തിൽ ദശലക്ഷക്കണക്കിന് ഇന്ത്യൻ സഞ്ചാരികൾക്ക് കംബോഡിയയിലുടനീളമുള്ള 45 ലക്ഷത്തിലധികം വ്യാപാരികളുമായി സുഗമമായ ക്യു.ആർ പേയ്‌മെന്റുകൾ നടത്താൻ സാധിക്കും. ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ നിന്നും കംബോഡിയയിൽ എത്തുന്ന യാത്രക്കാർക്കാണ് മുൻഗണന നൽകുന്നതെങ്കിലും, ഇരുരാജ്യങ്ങളിലേക്കുമുള്ള ഇടപാടുകൾ സുഗമമാക്കുന്ന രീതിയിലാണ് ഈ പങ്കാളിത്തം വിഭാവനം ചെയ്തിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ, കംബോഡിയയിൽ നിന്നും ഇന്ത്യ സന്ദർശിക്കുന്ന പൗരന്മാർക്കും അവരുടെ തദ്ദേശീയ ബാങ്കിംഗ്-ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് യു.പി.ഐ ക്യു.ആർ കോഡുകൾ സ്കാൻ ചെയ്ത് പണമിടപാടുകൾ നടത്താൻ സാധിക്കും. ബകോങ്ങിന്റെ KHQR ലൂടെയുള്ള അത്യാധുനികവും ഇരു ദിശയിലും പ്രവർത്തനക്ഷമവും ആയ ഒരു സാമ്പത്തിക ശൃംഖലയാണ് ഇതിലൂടെ പൂർത്തിയാകുന്നത്.
തന്ത്രപ്രധാനമായ സ്വാധീനം: ടൂറിസവും ഡിജിറ്റൽ കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നു
വാണിജ്യരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബൃഹത്തായ പരിവർത്തനത്തെയാണ് ഈ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം സാധ്യമാക്കുന്നത് . ഇതിലൂടെ ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ ഇവയാണ്:
•യാത്രക്കാർക്കുള്ള മെച്ചപ്പെട്ട സൗകര്യം: വിദേശ കറൻസികൾ നേരിട്ട് മാറിയെടുക്കുന്നതിലെ ബുദ്ധിമുട്ടുകൾ, വലിയ തുകകൾ കൈയിൽ കരുതേണ്ടി വരുന്നത്, അപരിചിതമായ ഫോറിൻ എക്സ്ചേഞ്ച് നിരക്കുകൾ എന്നിവ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുന്നു.
•പ്രാദേശിക വ്യാപാരികൾക്ക് സാമ്പത്തിക വളർച്ച: സാങ്കേതികവിദ്യയിൽ പ്രാവീണ്യമുള്ള വലിയൊരു വിഭാഗം ഇന്ത്യൻ സഞ്ചാരികളുമായി കംബോഡിയൻ ബിസിനസുകൾക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നു. ഇത് കച്ചവടം വർദ്ധിപ്പിക്കാൻ സഹായിക്കും.
•പ്രവർത്തന കാര്യക്ഷമത: തദ്ദേശീയ വ്യാപാരികൾക്ക് പണം കൈകാര്യം ചെയ്യുന്നത് എളുപ്പമാവുകയും, പണം നേരിട്ട് കൈകാര്യം ചെയ്യുന്നതിലൂടെയുള്ള അധിക ചെലവുകൾ കുറയുകയും ചെയ്യും. കൂടാതെ സുരക്ഷിതവും തത്സമയവുമുള്ള പണമിടപാടുകൾ സാധ്യമാവുകയും ചെയ്യുന്നു.
ലോകമെമ്പാടുമുള്ള യു.പി.ഐ സേവനം :
സിംഗപ്പൂർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ, ഖത്തർ, ശ്രീലങ്ക എന്നീ എട്ട് രാജ്യങ്ങളിൽ നിലവിൽ യു.പി.ഐ പേയ്‌മെന്റ് സൗകര്യം ലഭ്യമാണ്. ഇന്ത്യൻ സഞ്ചാരികൾക്ക് പരിചിതമായ പ്ലാറ്റ്‌ഫോമുകൾ വഴി വിദേശത്തും തടസ്സമില്ലാതെ പണമിടപാടുകൾ നടത്താൻ ഇത് സഹായിക്കുന്നു. ഈ പട്ടികയിൽ ഭാഗമാകുന്ന ഒൻപതാമത് രാജ്യമാണ് കംബോഡിയ.
****
(रिलीज़ आईडी: 2268685)
आगंतुक पटल : 8