രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

വൈസ് അഡ്മിറൽ അജയ് കൊച്ചാർ (പിവിഎസ്എം, എവിഎസ്എം, എൻഎം) നാവികസേനയുടെ 48-ാമത് വൈസ് ചീഫായി ചുമതലയേറ്റു

പോസ്റ്റഡ് ഓണ്‍: 29 MAY 2026 3:32PM by PIB Thiruvananthpuram

നാവികസേനയുടെ 48-ാമത് വൈസ് ചീഫായി (വിസിഎൻഎസ്) വൈസ് അഡ്മിറൽ അജയ് കൊച്ചാർ (പിവിഎസ്എം, എവിഎസ്എം, എൻഎം) 2026 മേയ് 29-ന് ചുമതലയേറ്റു. ചുമതലയേറ്റ ശേഷം, ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ട്, രാജ്യത്തിനുവേണ്ടി  ജീവൻ ബലിയർപ്പിച്ച ധീര യോദ്ധാക്കൾക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.

പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയായ വൈസ് അഡ്മിറൽ അജയ് കൊച്ചാർ 1988 ജൂലൈ ഒന്നിനാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്. ഗണ്ണറി, മിസൈൽ സംവിധാനങ്ങളിൽ വൈദഗ്ധ്യമുള്ള അദ്ദേഹം, 37 വർഷത്തിലേറെ നീണ്ട തൻ്റെ വിശിഷ്ടമായ നാവികസേനാ ജീവിതത്തിൽ വിപുലമായ കമാൻഡ്, ഓപ്പറേഷണൽ, സ്റ്റാഫ് ചുമതലകൾ വഹിച്ചിട്ടുണ്ട്.

ഇന്ത്യൻ നാവികസേനാ കപ്പലുകളായ നാശക്, വിഭൂതി, കിർപാൺ എന്നിവയുടെ കമാൻഡിംഗ് ചുമതല വഹിച്ചിട്ടുള്ള അദ്ദേഹം,  ത്രികണ്ഡ് എന്ന ഫ്രിഗേറ്റിൻ്റെ കമ്മീഷനിംഗ് കമാൻഡിംഗ് ഓഫീസറുമായിരുന്നു. ഐ.എൻ.എസ് വിക്രമാദിത്യ എന്ന വിമാനവാഹിനിക്കപ്പലിൻ്റെ കമാൻഡിംഗ് ചുമതലയും ഈ ഫ്ലാഗ് ഓഫീസർ നിർവ്വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ  സേവനകാലയളവിലാണ് ഈ വിമാനവാഹിനിക്കപ്പലിൻ്റെ എയർ വിംഗിനെ വിജയകരമായി സംയോജിപ്പിച്ചതും പ്രവർത്തനസജ്ജമാക്കിയതും.

വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, ഗോവയിലെ നേവൽ വാർ കോളേജ്, യുണൈറ്റഡ് കിംഗ്ഡത്തിലെ റോയൽ കോളേജ് ഓഫ് ഡിഫൻസ് സ്റ്റഡീസ് എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടിയ ഈ ഫ്ലാഗ് ഓഫീസർ, നാവികസേനാ ആസ്ഥാനത്തെ തന്ത്രപ്രധാനവും നയപരവുമായ  സ്റ്റാഫ് ചുമതലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. നേവൽ പ്ലാൻസ് ജോയിൻ്റ്  ഡയറക്ടർ, ഡയറക്ടർ ഓഫ് സ്റ്റാഫ് റിക്വയർമെൻ്റ്സ്,  DSCT പ്രിൻസിപ്പൽ ഡയറക്ടർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2018-ൽ ഫ്ലാഗ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന്, അസിസ്റ്റൻ്റ് കൺട്രോളർ ഓഫ് കാരിയർ പ്രൊജക്ട്സ്, അസിസ്റ്റൻ്റ് കൺട്രോളർ ഓഫ് വാർഷിപ്പ് പ്രൊഡക്ഷൻ ആൻഡ് അക്വിസിഷൻ എന്നീ ചുമതലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. തുടർന്ന് 2021-ൽ വെസ്റ്റേൺ ഫ്ലീറ്റിൻ്റെ കമാൻഡിംഗ് ചുമതല വഹിച്ച അദ്ദേഹം, അതിനുശേഷം നാഷണൽ ഡിഫൻസ് അക്കാദമിയുടെ കമാൻഡൻ്റായി സേവനമനുഷ്ഠിച്ചു. അവിടുത്തെ  പരിശീലന നിലവാരവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം ഗണ്യമായ സംഭാവനകൾ നല്കി.

പടിഞ്ഞാറൻ സമുദ്രമേഖലയിലെ സുരക്ഷാ വെല്ലുവിളികൾക്കിടയിൽ, 2024 മേയ് 25-നാണ് ഈ ഫ്ലാഗ് ഓഫീസർ വെസ്റ്റേൺ നേവൽ കമാൻഡിൻ്റെ ചീഫ് ഓഫ് സ്റ്റാഫായി ചുമതലയേറ്റത്. ഓപ്പറേഷൻ സിന്ദൂർ  സമയത്തെ അതിവേഗ നാവിക നീക്കങ്ങൾ ഉൾപ്പെടെ, പടിഞ്ഞാറൻ തീരത്തെ പരമ്പരാഗതവും അല്ലാത്തതുമായ സുരക്ഷാ ഭീഷണികൾക്കെതിരെയുള്ള കമാൻഡിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നല്കി.  അസാധാരണമായ നേതൃപാടവത്തിനും ഉന്നതതലത്തിലുള്ള സ്തുത്യർഹമായ സേവനത്തിനും 2022-ൽ അതി വിശിഷ്ട് സേവാ മെഡലും, 2026-ൽ പരം വിശിഷ്ട് സേവാ മെഡലും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

നാവികസേനയുടെ വൈസ് ചീഫായി ചുമതലയേൽക്കുന്നതിന് തൊട്ടുമുമ്പ്, ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡിൻ്റെ  കമാൻഡർ-ഇൻ-ചീഫായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. അവിടെ മൂന്ന് സേനകൾക്കിടയിലുള്ള പ്രവർത്തന ഏകോപനത്തിലും പരസ്പര സംയോജനവും കൂട്ടായ്മയും വർദ്ധിപ്പിക്കുന്നതിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു.

പരസ്യ, വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള കലാകാരിയായ ശ്രീമതി റെയ്മാൻ ആണ് വൈസ് അഡ്മിറൽ അജയ് കൊച്ചാറിൻ്റെ ഭാര്യ. ഈ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. മകൾ സബ ഫ്രീലാൻസ് ജേണലിസ്റ്റായും, മകൻ കരൺ ഒരു ഫിനാൻഷ്യൽ കൺസൾട്ടൻസി സ്ഥാപനത്തിലും ജോലി ചെയ്യുന്നു.

***


( റിലീസ് ഐ.ഡി: 2266764) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Tamil