സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
പട്ടികജാതി ക്ഷേമ പദ്ധതികൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും അവയുടെ നടപ്പാക്കൽ ശക്തിപ്പെടുത്തുന്നതിനുമായി രൂപകല്പന ചെയ്ത പിഎം-അജയ് പോർട്ടലും അജയ് മൊബൈൽ ആപ്പും കേന്ദ്രമന്ത്രി ഡോ. വീരേന്ദ്ര കുമാർ പുറത്തിറക്കി
പോസ്റ്റഡ് ഓണ്‍:
26 MAY 2026 5:53PM by PIB Thiruvananthpuram
പേപ്പർ അധിഷ്ഠിത പ്രവർത്തന രീതികളിൽ നിന്നും പ്രൊസസ്സിംഗിൽ നിന്നും തത്സമയ അടിസ്ഥാനത്തിലുള്ള സമഗ്ര ഡിജിറ്റൽ പ്രവർത്തന രീതിയിലേക്കും പ്രൊസസ്സിംഗിലേക്കും മാറുക എന്ന ലക്ഷ്യത്തോടെ, പ്രധാനമന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജന (പിഎം-അജയ്) പദ്ധതി കൂടുതൽ വേഗത്തിലും ഗുണമേന്മയോടും കൂടി നടപ്പിലാക്കുന്നതിനായി രൂപകല്പന ചെയ്ത പിഎം-അജയ് പോർട്ടലും, പിഎം-അജയ് മൊബൈൽ ആപ്പും കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ പുറത്തിറക്കി.
കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ, കേന്ദ്ര സഹമന്ത്രി ശ്രീ ബി.എൽ. വർമ്മ, സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് സെക്രട്ടറി ശ്രീ സുധാൻഷ് പന്ത്, കേന്ദ്ര സാമൂഹിക നീതി വകുപ്പിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് പി.എം-അജയ് പോർട്ടലും അജയ് മൊബൈൽ ആപ്പും പുറത്തിറക്കിയത്. കൂടാതെ, എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തു.
പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനം ലക്ഷ്യമിട്ട് സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് പി.എം-അജയ് പദ്ധതിക്ക് കീഴിൽ നിരവധി ക്ഷേമ സംരംഭങ്ങൾ നടപ്പിലാക്കുന്നുണ്ട്. പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങൾ മൊബൈൽ വഴി ലഭ്യമാക്കുക, ഗ്രാമതലത്തിലെ താഴേത്തട്ടിലുള്ള ആസൂത്രണവും നടത്തിപ്പും സുഗമമാക്കുക, ഫീൽഡ് തലത്തിലുള്ള നിരീക്ഷണം മെച്ചപ്പെടുത്തുക, തത്സമയ റിപ്പോർട്ടിംഗ് സുഗമമാക്കുക, സുതാര്യതയും ഡിജിറ്റൽ ഭരണ സംവിധാനവും ശക്തിപ്പെടുത്തുക എന്നിവയാണ് പി.എം-അജയ് മൊബൈൽ ആപ്പ് ലക്ഷ്യമിടുന്നത്.
ഫീൽഡ് തലത്തിലുള്ള സർവ്വേകൾ, ഗ്രാമ വികസന പദ്ധതികൾ തയ്യാറാക്കൽ എന്നിവ പോലുള്ള പേപ്പർ അധിഷ്ഠിത പ്രവർത്തന രീതികളിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നതിനായുള്ള ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായാണ് പി.എം-അജയ് മൊബൈൽ ആപ്പ് വിഭാവനം ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുള്ളത്. നൈപുണ്യ വികസനം, തൊഴിൽ, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി, ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു മൊബൈൽ ഇൻ്റർഫേസിലൂടെ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, നിരീക്ഷണം, റിപ്പോർട്ടിംഗ്, ഗുണഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ എന്നിവയിലേക്ക് ഈ ആപ്ലിക്കേഷൻ തടസ്സമില്ലാത്ത പ്രവേശനം നല്കുന്നു.
ഈ മൊബൈൽ ആപ്ലിക്കേഷനിൽ താഴെ പറയുന്ന പ്രധാന ഘടകങ്ങൾ സംയോജിപ്പിച്ചിരിക്കുന്നു:
• നിലവിലുള്ള പി.എം.എ.ജി.വൈ. പോർട്ടലിൽ നിന്നുള്ള ആദർശ് ഗ്രാം ഘടകം
• പി.എം-അജയ് പദ്ധതിക്ക് കീഴിലുള്ള ഗ്രാൻ്റ്-ഇൻ-എയ്ഡ് ഘടകം.
• പി.എം-അജയ് പദ്ധതിക്ക് കീഴിലുള്ള ഹോസ്റ്റൽ ഘടകം
ഏകീകൃത ലോഗിൻ സംവിധാനം, താഴേത്തട്ടിലുള്ള ആസൂത്രണം, ചുമതലകൾക്ക് അനുസൃതമായ പ്രവേശന അധികാരം, ജിയോ-ടാഗിംഗ്, ഡാഷ്‌ബോർഡ് റിപ്പോർട്ടിംഗ്, മൊബൈൽ വഴിയുള്ള പരിശോധനകൾ, ഫോട്ടോ അപ്‌ലോഡുകൾ, അറിയിപ്പുകൾ, നിലവിലുള്ള പോർട്ടലുകളുമായുള്ള സംയോജനം എന്നിവയാണ് ഇതിലുള്ളത്. മെച്ചപ്പെട്ട കാര്യക്ഷമത, തത്സമയ നിരീക്ഷണം, വർദ്ധിപ്പിച്ച സുതാര്യത, വേഗതയേറിയ റിപ്പോർട്ടിംഗ്, മികച്ച ഏകോപനം, ഡെസ്ക്ടോപ്പ് അധിഷ്ഠിത പ്രവർത്തനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കൽ എന്നിവയ്ക്കുള്ള ഫലപ്രദമായ ഒരു ഡിജിറ്റൽ സംവിധാനമാണ് അജയ് ആപ്പ്. മന്ത്രാലയ ഉദ്യോഗസ്ഥർ, സംസ്ഥാന-ജില്ലാ അധികാരികൾ, പദ്ധതി നടപ്പാക്കുന്ന ഏജൻസികൾ, പരിശോധനാ ഉദ്യോഗസ്ഥർ, ഹോസ്റ്റൽ അഡ്മിനിസ്ട്രേറ്റർമാർ, ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് ഈ ആപ്പ് ഏറെ പ്രയോജനപ്പെടും.
ഓരോ ഘട്ടങ്ങളിലുമുള്ള പുരോഗതിക്ക് അനുസൃതമായി ഫണ്ട് ലഭ്യമാക്കുന്നതിനുള്ള ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനമായാണ് പി.എം-അജയ് പോർട്ടൽ പ്രവർത്തിക്കുന്നത്. ആദർശ് ഗ്രാം ഘടകത്തിനായി, പത്ത് വികസന മേഖലകളിലായി നിശ്ചയിച്ചിട്ടുള്ള 50 സാമൂഹിക-സാമ്പത്തിക സൂചകങ്ങളുടെ അടിസ്ഥാനത്തിൽ മാതൃകാ ഗ്രാമങ്ങളുടെ വികസനം നിരീക്ഷിക്കുന്നതിന് ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലുള്ള സമഗ്രമായ ഡാഷ്‌ബോർഡുകൾ ഈ പോർട്ടൽ നല്കുന്നു. ഒരു ഗ്രാമ വികസന പദ്ധതി ഡിജിറ്റലായി അംഗീകരിക്കപ്പെടുന്നതോടെ, ഓരോ ഘട്ടത്തിലുമുള്ള പുരോഗതി സ്വയമേവ നിരീക്ഷിച്ചുകൊണ്ട് ഇത് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നു. കൂടാതെ, നൈപുണ്യ വികസനത്തിനും തൊഴിലിനുമായുള്ള ഗ്രാൻ്റ്-ഇൻ-എയ്ഡ് ഘടകത്തിനായി ഈ പോർട്ടൽ ഒരു കേന്ദ്രീകൃത ആസൂത്രണ സംവിധാനമായും മാനേജ്‌മെൻ്റ് ഇൻഫർമേഷൻ സിസ്റ്റമായും പ്രവർത്തിക്കുന്നു. ഈ ഇൻഫർമേഷൻ സിസ്റ്റം ഉപജീവനമാർഗ്ഗങ്ങൾക്കായുള്ള വൻതോതിലുള്ള സാമ്പത്തിക വകയിരുത്തലുകളും ഫണ്ട് വിനിയോഗവും നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലുള്ള വിവരങ്ങൾ ക്രോഡീകരിക്കുന്നു.
പട്ടികജാതി ക്ഷേമ പദ്ധതികൾക്കായി സുതാര്യവും ഡിജിറ്റലും ശാക്തീകരിക്കപ്പെട്ടതുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിലേയ്ക്കുള്ള ഒരു പ്രധാന ചുവടുവെയ്പ്പാണിതെന്ന് സാമൂഹിക നീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ എടുത്തുപറഞ്ഞു. തുടർന്ന് ഡോ. വീരേന്ദ്ര കുമാർ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള പ്രതിജ്ഞയും നശാ മുക്ത് ഭാരത് പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് സെക്രട്ടറി ശ്രീ സുധാൻഷ് പന്ത് പിഎം-അജയ് പോർട്ടലിൻ്റേയും അജയ് മൊബൈൽ ആപ്പിൻ്റേയും വിവിധ വശങ്ങളെക്കുറിച്ച് ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ വിവിധ ഘടകങ്ങൾ കാര്യക്ഷമമാക്കുന്നതിനും പദ്ധതി സുഗമമായി നടപ്പിലാക്കുന്നതിനും ഈ സംരംഭം സഹായകരമാകും.
****
( റിലീസ് ഐ.ഡി: 2265663)
സന്ദര്‍ശക കൗണ്ടര്‍ : 8