നൈപുണ്യ വികസന, സംരംഭക മന്ത്രാലയം
azadi ka amrit mahotsav

2026 തായ്‌പേയ് ക്യാപിറ്റൽ കപ്പ് വേൾഡ് സ്‌കിൽസ് ഇൻവിറ്റേഷണൽ ടൂർണമെന്റിനുള്ള ഇന്ത്യൻ സംഘത്തിന് കേന്ദ്രമന്ത്രി ശ്രീ ജയന്ത് ചൗധരി യാത്രയയപ്പ് നൽകി

പോസ്റ്റഡ് ഓണ്‍: 25 MAY 2026 4:58PM by PIB Thiruvananthpuram
തായ്‌വാനിലെ തായ്‌പേയിൽ 2026 മെയ് 26 മുതൽ 28 വരെ നടക്കുന്ന അന്താരാഷ്ട്ര വൊക്കേഷണൽ ആൻഡ് ടെക്നിക്കൽ സ്കിൽസ് മത്സരമായ 2026 തായ്‌പേയ് ക്യാപിറ്റൽ കപ്പ് വേൾഡ് സ്കിൽസ് ഇൻവിറ്റേഷണൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് കേന്ദ്ര നൈപുണ്യവികസന-സംരംഭക (സ്വതന്ത്ര ചുമതല) - വിദ്യാഭ്യാസ സഹമന്ത്രി ശ്രീ. ജയന്ത് ചൗധരി യാത്രയയപ്പ് നൽകി.
 
വേൾഡ് സ്കിൽസ് ഷാങ്ഹായ് 2026-ന് മുന്നോടിയായുള്ള സന്നാഹ മത്സരമായി സംഘടിപ്പിച്ചിരിക്കുന്ന ഈ ടൂർണമെന്റിൽ പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളുമായി ഭാവിയിലെ ചാമ്പ്യന്മാരായ അഞ്ചംഗ ഇന്ത്യൻ സംഘം മാറ്റുരയ്ക്കും. ഈ മത്സരം ആഗോള നൈപുണ്യവികസനം, സാങ്കേതിക മികവ്, അന്താരാഷ്ട്ര സഹകരണം, തൊഴിൽ സേനയിലെ നൂതനാശയ ഉപജ്ഞാതാക്കൾ എന്നിവരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, അന്താരാഷ്ട്രതലത്തിൽ യഥാർഥ മത്സര പരിചയം നേടാൻ മത്സരാർഥികളെ സഹായിക്കുകയും ചെയ്യുന്നു.
 
കേന്ദ്ര നൈപുണ്യവികസന-സംരംഭക മന്ത്രാലയം (MSDE) സെക്രട്ടറി ശ്രീമതി ദേബശ്രീ മുഖർജി, നാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NSDC) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. അരുൺകുമാർ പിള്ള എന്നിവർ മന്ത്രാലയത്തിലെയും NSDC-യിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.
 
ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങളിൽ നിന്നും അന്താരാഷ്ട്ര മത്സര നിലവാരത്തിൽ നിന്നും പഠിക്കാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനും, തികഞ്ഞ ആത്മവിശ്വാസത്തോടെയും അച്ചടക്കത്തോടെയും മികവോടെയും ഇന്ത്യയെ പ്രതിനിധീകരിക്കാനും മത്സരാർഥികളെ ശ്രീ. ജയന്ത് ചൗധരി പ്രോത്സാഹിപ്പിച്ചു. നൈപുണ്യ മത്സരങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, ഇത്തരം മത്സരങ്ങൾ സാങ്കേതിക കഴിവുകൾ വർധിപ്പിക്കുക മാത്രമല്ല, ഇന്ത്യയുടെ നൈപുണ്യ വികസന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും പുതിയ ആഗോള അവസരങ്ങൾക്കായി രാജ്യത്തെ യുവാക്കളെ സജ്ജരാക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കി.
 
കേന്ദ്ര നൈപുണ്യവികസന-സംരംഭക മന്ത്രാലയം (സ്വതന്ത്ര ചുമതല), വിദ്യാഭ്യാസ മന്ത്രാലയം സഹമന്ത്രി ശ്രീ. ജയന്ത് ചൗധരി പറഞ്ഞതിങ്ങനെ: “2026 തായ്‌പേയ് ക്യാപിറ്റൽ കപ്പ് വേൾഡ് സ്‌കിൽസ് മത്സരത്തിന് മുന്നോടിയായി ടീം ഇന്ത്യയുമായി സംവദിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇത്തരം ആഗോള വേദികൾ മെഡലുകൾ നേടാൻ മാത്രമല്ല, മറിച്ച് ആത്മവിശ്വാസം വളർത്തുന്നതിനും കാഴ്ചപ്പാടുകൾ വിശാലമാക്കുന്നതിനും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമകൾ സമ്മാനിക്കുന്നതിനും ഉള്ള അനുഭവങ്ങളാണ്. പഠിക്കാനും സൗഹൃദങ്ങൾ വളർത്താനും പങ്കാളിത്തം കെട്ടിപ്പടുക്കാനും ഒപ്പം വലിയ പ്രതീക്ഷകളോടെയും വിശാലമായ കാഴ്ചപ്പാടുകളോടെയും മടങ്ങിയെത്താനും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ നമ്മുടെ യുവ മത്സരാർഥികളെ ഞാൻ പ്രോത്സാഹിപ്പിക്കുന്നു. ആഗോള വേദിയിൽ നൈപുണ്യമുള്ള നവ ഇന്ത്യയുടെ വീര്യവും പ്രതിഭയും ആഗ്രഹങ്ങളും പ്രതിനിധീകരിക്കുന്ന ടീം ഇന്ത്യയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.”
 
2026 തായ്‌പേയ് ക്യാപിറ്റൽ കപ്പ് വേൾഡ് സ്‌കിൽസ് മത്സരത്തിൽ ഇന്ത്യ അഞ്ച് നൈപുണ്യവിഭാഗങ്ങളിൽ മാറ്റുരയ്ക്കും. മൊബൈൽ ആപ്ലിക്കേഷൻസ് ഡെവലപ്‌മെന്റിൽ അർജുൻ സുമതി വിജയഭാസ്‌കറും, സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻസ് ഡെവലപ്‌മെന്റിൽ മുഹമ്മദ് മഫാസ് പൂനൈകണ്ണൻ റാബി അഹമ്മദും, പെയിന്റിങ് ആൻഡ് ഡെക്കറേറ്റിങ്ങിൽ മുസ്കാനും, ഓട്ടോമൊബൈൽ ടെക്നോളജിയിൽ മുഹമ്മദ് സിറാജും, ഡിജിറ്റൽ കൺസ്ട്രക്ഷനിൽ സുരേഷ് കുമാർ ഗണേശൻ മീനയും ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്ത്യ സ്‌കിൽസ് നാഷണൽ കോംപറ്റീഷൻ 2025–26 ലെ സ്വർണമെഡൽ ജേതാക്കളും വൈൽഡ് കാർഡ് എൻട്രി പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളും അടങ്ങുന്നതാണ് ഈ സംഘം.
 
സ്മാർട്ട് മാനുഫാക്ചറിങ്, ഡിജിറ്റൽ പരിവർത്തനം എന്നിവയുമായി ബന്ധപ്പെട്ട നിർണായക മേഖലകളിൽ ഉൾപ്പെടുന്ന ഇൻഡസ്ട്രിയൽ മെക്കാനിക്സ്, ഐടി നെറ്റ്‌വർക്ക് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ, മൊബൈൽ ആപ്ലിക്കേഷൻസ് ഡെവലപ്‌മെന്റ്, ഇൻഡസ്ട്രി 4.0, ഓട്ടോമൊബൈൽ ടെക്നോളജി, ഡിജിറ്റൽ കൺസ്ട്രക്ഷൻ (BIM) എന്നിവയുൾപ്പെടെ 10 നൈപുണ്യ വിഭാഗങ്ങൾ ഈ വർഷത്തെ മത്സരത്തിലുണ്ട്.
 
ഈ ടൂർണമെന്റിലെ ഇന്ത്യയുടെ പങ്കാളിത്തം, 48-ാമത് വേൾഡ് സ്കിൽസ് ഷാങ്ഹായ് 2026-ലേക്കുള്ള രാജ്യത്തിന്റെ ഒരുക്കങ്ങളിലെ സുപ്രധാന ചുവടുവയ്പാണ്. ഈ മത്സരം ടീം ഇന്ത്യയ്ക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങളെക്കുറിച്ച് ആദ്യഘട്ടത്തിൽ തന്നെ പരിചയം നൽകുകയും ആഗോള മത്സരത്തിന് മുന്നോടിയായുള്ള സുപ്രധാന സന്നാഹ മത്സര വേദിയായി പ്രവർത്തിക്കുകയും ചെയ്യും. ഇത് മത്സരാർഥികൾക്ക് അവരുടെ സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കാനും അന്താരാഷ്ട്ര മികവിന്റെ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാനും സഹായകരമാകും.
 
 
****

( റിലീസ് ഐ.ഡി: 2265124) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: Tamil , Telugu , English , Urdu , हिन्दी