വാണിജ്യ വ്യവസായ മന്ത്രാലയം
കാനഡയിലേക്ക് ഇന്ത്യൻ ബിസിനസ് പ്രതിനിധി സംഘത്തെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ നയിക്കും
പോസ്റ്റഡ് ഓണ്‍:
23 MAY 2026 4:07PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പ്രതിനിധി സംഘം കാനഡ സന്ദർശിക്കുന്നു. മെയ് 25-ന് ഒട്ടാവയിലും മെയ് 26, 27 തീയതികളിൽ ടൊറൻ്റോയിലുമാണ് ഔദ്യോഗിക പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. 2026 മാർച്ചിൽ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യ സന്ദർശിച്ച വേളയിൽ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിനാണ് ഈ സന്ദർശനം. വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാങ്കേതികവിദ്യ, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി ഉഭയകക്ഷി പങ്കാളിത്തത്തിന് പുതിയ ഉണർവ്വ് നൽകാൻ ഈ സന്ദർശനം ലക്ഷ്യമിടുന്നു.
ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകളുടെ പുരോഗതിയാണ് ഈ സന്ദർശനത്തിൻ്റെ പ്രധാന ശ്രദ്ധാകേന്ദ്രം. 2026 മാർച്ചിൽ പ്രധാനമന്ത്രി കാർണിയുടെ ഇന്ത്യാ സന്ദർശന വേളയിലാണ് ഇതിനായുള്ള നിബന്ധനകളിൽ ഒപ്പുവെച്ചത്. ആദ്യഘട്ട ചർച്ചകൾ മാർച്ചിൽ വെർച്വൽ രീതിയിൽ നടന്നിരുന്നു. രണ്ടാം ഘട്ടം ചർച്ചകൾ 2026 മെയ് 8-ന് നടന്നു. ഈ സന്ദർശന വേളയിൽ, മെയ് 25 മുതൽ 29 വരെ ഒട്ടാവയിൽ അടുത്ത ഘട്ട ചർച്ചകൾ നടക്കും. ഇരുപക്ഷത്തിനും പരസ്പരം പ്രയോജനപ്രദവും സന്തുലിതവുമായ ഒരു സാമ്പത്തിക കരാർ 2026 അവസാനത്തോടെ പൂർത്തിയാക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 70 ബില്യൺ കനേഡിയൻ ഡോളറായി (ഏകദേശം 4.65 ലക്ഷം കോടി രൂപ) ഉയർത്തുകയെന്ന പൊതുവായ ലക്ഷ്യവും സന്ദർശനത്തിന് പിന്നിലുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ 8.5 ശതകോടി യുഎസ് ഡോളറാണ് ഉഭയകക്ഷി വ്യാപാരം; ഇത് വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഗണ്യമായ സാധ്യതകളുണ്ട്.
സാങ്കേതികവിദ്യയും നിർമിത ബുദ്ധിയും; ശുദ്ധ ഊർജ്ജവും നിർണായക ധാതുക്കളും; ഫാർമസ്യൂട്ടിക്കൽസും ബയോടെക്നോളജിയും; എയറോസ്‌പേസും പ്രതിരോധവും; ഭക്ഷ്യ സംസ്കരണവും കാർഷിക സാങ്കേതിക വിദ്യകളും ഉൾപ്പെടെയുള്ള മുൻഗണനാ മേഖലകളിൽ കനേഡിയൻ പ്രതിനിധികളുമായി ഇന്ത്യൻ സംഘം ചർച്ചകൾ നടത്തും. ഇന്ത്യക്കും കാനഡയ്ക്കും പരസ്പര പൂരകങ്ങളായ കരുത്തുള്ള മേഖലകളാണിവ. കൂടാതെ സംയുക്ത നിക്ഷേപം, ഗവേഷണ വികസന പ്രവർത്തനങ്ങൾ, വിതരണ ശൃംഖലാ പങ്കാളിത്തം എന്നിവയ്ക്ക് ഏറ്റവുമധികം സാധ്യതയുള്ള മേഖലകൾ കൂടിയാണിത്.
****
( റിലീസ് ഐ.ഡി: 2264599)
സന്ദര്‍ശക കൗണ്ടര്‍ : 6