വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഭവ്യ' പദ്ധതി നടപ്പാക്കാന്‍ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആഭ്യന്തര വ്യാപാര വ്യവസായ പ്രോത്സാഹന വകുപ്പ്

പോസ്റ്റഡ് ഓണ്‍: 23 MAY 2026 5:05PM by PIB Thiruvananthpuram

ന്യൂഡൽഹി, 2026 മെയ് 23: രാജ്യത്തുടനീളം നിക്ഷേപ സജ്ജമായ ലോകോത്തര വ്യാവസായിക പാർക്കുകൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച സുപ്രധാന കേന്ദ്രാവിഷ്കൃത പദ്ധതിയായ 'ഭവ്യ' നടപ്പാക്കുന്നതിന് വിശദമായ പ്രവർത്തന മാർഗനിർദേശങ്ങൾ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലെ ആഭ്യന്തര വ്യാപാര വ്യവസായ പ്രോത്സാഹന വകുപ്പ് പുറപ്പെടുവിച്ചു.

മെയ്ക്ക് ഇന്‍ ഇന്ത്യ, പിഎം ഗതി ശക്തി എന്നിവയുടെ ലക്ഷ്യങ്ങൾക്കും ഇന്ത്യയെ ആഗോളതലത്തിൽ മത്സരശേഷിയാര്‍ന്ന ഉല്പാദക കേന്ദ്രമാക്കി മാറ്റുകയെന്ന സർക്കാരിൻ്റെ വിപുലമായ കാഴ്ചപ്പാടിനും അനുസൃതമായി സംയോജിത വ്യവസായ അടിസ്ഥാനസൗകര്യം വികസിപ്പിച്ച് ഇന്ത്യയുടെ ഉല്പാദന മേഖലയെ ശക്തിപ്പെടുത്താനാണ് ഭവ്യ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.

2026-27 മുതൽ 2031-32 വരെ ആറുവർഷക്കാലയളവിൽ ഏകദേശം 33,660 കോടി രൂപയുടെ ആകെ സാമ്പത്തിക ചെലവിൽ 100 വ്യവസായ പാർക്കുകൾ വികസിപ്പിക്കാനാണ് പദ്ധതി വ്യവസ്ഥ ചെയ്യുന്നത്. ആദ്യഘട്ടത്തിൽ വെല്ലുവിളിയേറിയ മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ 50 വ്യവസായ പാർക്കുകൾ വരെ തിര‍ഞ്ഞെടുക്കും.  

പദ്ധതിക്ക് കീഴിലെ വ്യവസായ പാർക്കുകളുടെ യോഗ്യതാ മാനദണ്ഡങ്ങൾ, തിരഞ്ഞെടുപ്പ് രീതി, തുക അനുവദിക്കുന്നതിലെ ഘടന, ഭരണനിര്‍വഹണ സംവിധാനം, നിരീക്ഷണ സംവിധാനങ്ങൾ, പദ്ധതിനിര്‍വഹണ രീതികൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര ചട്ടക്കൂട് ഈ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു. 

പ്രവര്‍ത്തനസജ്ജമായ അടിസ്ഥാനസൗകര്യങ്ങള്‍, ബഹുതല ചരക്കുനീക്ക ഗതാഗത സൗകര്യങ്ങള്‍, വിശ്വസനീയ അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ, തൊഴിലാളികൾക്ക് പിന്തുണാ സൗകര്യങ്ങൾ, ഡിജിറ്റൽ ഭരണനിര്‍വഹണ സംവിധാനങ്ങൾ, സുസ്ഥിര വികസന സംരംഭങ്ങള്‍ എന്നിവയോടുകൂടിയ "നിക്ഷേപ സജ്ജമായ" വ്യവസായ ആവാസവ്യവസ്ഥകൾ സൃഷ്ടിക്കുന്നതിലാണ് പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഗ്രീൻഫീൽഡ് വ്യവസായ പാര്‍ക്കുകളുടെയും യോഗ്യതയുള്ള ബ്രൗൺഫീൽഡ് വ്യവസായ പാർക്കുകളുടെയും വികസനത്തിന് മാർഗനിർദേശങ്ങൾ വ്യവസ്ഥ ചെയ്യുന്നു. മലയോര ഇതര സംസ്ഥാനങ്ങൾക്ക് കുറഞ്ഞത് 100 ഏക്കറും മലയോര സംസ്ഥാനങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, ചെറിയ സംസ്ഥാനങ്ങൾ എന്നിവയ്ക്ക് 25 ഏക്കറും ഭൂമി അടിസ്ഥാന ആവശ്യകതയായി നിശ്ചയിച്ചിട്ടുണ്ട്. 1000 ഏക്കർ വരെ വിസ്തൃതിയുള്ള വലിയ പാർക്കുകളെ പരിഗണിക്കാനും പദ്ധതി അനുമതി നൽകുന്നു.

മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പ് ചട്ടക്കൂടിന് കീഴിൽ ബഹുതല ഗതാഗതസൗകര്യം, സ്ഥലത്തിൻ്റെ അനുയോജ്യത, അടിസ്ഥാനസൗകര്യങ്ങളുടെ ഗുണനിലവാരം, വ്യവസായ മേഖലയുടെ കരുത്ത്, നയപരമായ സൗകര്യങ്ങൾ, ഡിജിറ്റൽ ഭരണസജ്ജത, ദീർഘകാല സുസ്ഥിരത എന്നിവയുൾപ്പെടെ വസ്തുനിഷ്ഠ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിർദേശങ്ങൾ വിലയിരുത്തുക.

ഭൂഗർഭ വിതരണ ശൃംഖലകൾ, ജല-മാലിന്യ സംസ്കരണ സൗകര്യങ്ങള്‍, പൊതു മലിനജല സംസ്കരണ സംവിധാനങ്ങൾ, പുനരുപയോഗ ഊർജ്ജ അടിസ്ഥാനസൗകര്യം, തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍,  ലബോറട്ടറികൾ, ഡിജിറ്റൽ ഏകജാലക സംവിധാനങ്ങൾ, നൈപുണ്യ വികസന സൗകര്യങ്ങൾ, സംയോജിത പൊതു അടിസ്ഥാനസൗകര്യം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അടിസ്ഥാനസൗകര്യ ഗുണനിലവാരം വിലയിരുത്തുകയെന്ന് മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു.

2013-ലെ കമ്പനി നിയമ പ്രകാരം രൂപീകരിക്കുന്ന പ്രത്യേക ലക്ഷ്യത്തോടുകൂടിയ കമ്പനികള്‍ (എസ്പിവി) വഴിയായിരിക്കും ഭവ്യ പദ്ധതിക്ക് കീഴിലെ സംരംഭങ്ങള്‍ നടപ്പാക്കുന്നത്. പദ്ധതി ആസൂത്രണം, വികസനം, പ്രവർത്തനം, നിര്‍വഹണം, നിക്ഷേപ സൗകര്യങ്ങളൊരുക്കൽ, പദ്ധതിക്ക് കീഴിൽ സൃഷ്ടിക്കപ്പെടുന്ന ആസ്തികളുടെ ദീർഘകാല പരിപാലനം എന്നിവയ്ക്ക് ഇവ ഉത്തരവാദിത്തം വഹിക്കും.  

എസ്പിവി-യ്ക്ക് കൈമാറിയ ഭൂമിയുടെ മൂല്യവുമായി ബന്ധിപ്പിച്ചും നിർദിഷ്ട പദ്ധതി നാഴികക്കല്ലുകൾ കൈവരിക്കുന്നതിൻ്റെ അടിസ്ഥാനത്തിലും ഓഹരി സംഭാവനയുടെ രൂപത്തിലായിരിക്കും പദ്ധതിയുടെ സാമ്പത്തിക സഹായം നൽകുക. പദ്ധതി നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും പദ്ധതി നിര്‍വഹണ ഏജൻസിയായി ദേശീയ വ്യാവസായിക ഇടനാഴി വികസന കോർപ്പറേഷനെ നിയോഗിച്ചിട്ടുണ്ട്.

വ്യക്തമായി നിർവചിക്കപ്പെട്ട ഭരണനിര്‍വഹണ ചട്ടക്കൂടുകൾ, സുതാര്യതാ സുരക്ഷാ സംവിധാനങ്ങൾ, ഉത്തരവാദിത്ത പ്രക്രിയകൾ എന്നിവയടങ്ങുന്ന പദ്ധതി അധിഷ്ഠിത എസ്പിവികൾ വഴി വ്യവസായ പാർക്കുകളുടെ വികസനത്തിൽ സ്വകാര്യ ഡെവലപ്പർമാരുടെ പങ്കാളിത്തത്തിന് ഈ മാർഗനിർദേശങ്ങൾ ഘടനാപരമായ അധിക വ്യവസ്ഥകൾ നൽകുന്നു‍. 

ഫലപ്രദമായ നടത്തിപ്പും സുതാര്യതയും ഉറപ്പാക്കുന്നതിന് ജിഐഎസ് അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ, കൃത്യമായ ഇടവേളകളില്‍ പുരോഗതി റിപ്പോർട്ട് സമര്‍പ്പണം, ഓഡിറ്റ് സംവിധാനങ്ങൾ, ഡിപിഐഐടി സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ദേശീയതല ഉന്നതതല സമിതിയുടെ മേല്‍നോട്ടം എന്നിവ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചരക്കുനീക്കം, നൈപുണ്യം, സുസ്ഥിരത, പുനരുപയോഗ ഊര്‍ജ്ജം, അടിസ്ഥാനസൗകര്യം, വ്യാവസായിക വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റ് സംരംഭങ്ങളുമായി സംയോജനവും പദ്ധതി മാർഗനിർദേശങ്ങൾ വ്യവസ്ഥ ചെയ്യുന്നു.

ഭവ്യ പദ്ധതി പ്രവർത്തനക്ഷമമാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പാണ് ഈ മാർഗനിർദേശങ്ങൾ. വൻതോതില്‍ ഉല്പാദന-നിക്ഷേപങ്ങളെ ആകർഷിക്കാനും ആഭ്യന്തര വിതരണ ശൃംഖലകളെ ശക്തിപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആഗോള മൂല്യശൃംഖലയുമായി ഇന്ത്യയുടെ സംയോജനം വർധിപ്പിക്കാനും ശേഷിയാര്‍ന്ന വ്യാവസായിക അടിസ്ഥാനസൗകര്യങ്ങള്‍ ആഗോള നിലവാരത്തില്‍ സൃഷ്ടിക്കാനും ഇത് വഴിയൊരുക്കും. 

 

****

 

( റിലീസ് ഐ.ഡി: 2264595) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil