ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഗുണ്ടൂരിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥിസംഘം ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
21 MAY 2026 5:21PM by PIB Thiruvananthpuram
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിനിധി സംഘം ഇന്ന്(2026 മെയ് 21)ഉപരാഷ്ട്രപതി ഭവനിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച, ഗവൺമെൻ്റ് സ്കൂളുകളിൽ നിന്നുള്ള 27 പെൺകുട്ടികൾ ഉൾപ്പെടെ 41 മിടുക്കരായ വിദ്യാർത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത് . ഡൽഹിയിലേക്കുള്ള വിദ്യാഭ്യാസ യാത്രയുടെ ഭാഗമായാണ് ഇവർ ഉപരാഷ്ട്രപതിയെ സന്ദർശിച്ചത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള ഗവൺമെൻ്റ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഡൽഹിയിലേക്ക് ഇത്തരം വിദ്യാഭ്യാസ യാത്രകൾ സംഘടിപ്പിച്ചതിനെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ക്ലാസ് മുറികൾക്കപ്പുറമുള്ള അറിവ് നേടാനും വിദ്യാർത്ഥികളുടെ കാഴ്ചപ്പാടുകൾ വിശാലമാക്കാനും ഇത്തരം യാത്രകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുമായി സംവദിക്കാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
ജീവിതത്തിൽ വിജയപഥത്തിൽ എത്തിയവരെല്ലാം തന്നെ കടുത്ത പ്രതിസന്ധികളും പരാജയങ്ങളും തിരിച്ചടികളും നേരിട്ടവരാണെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ ഓർമ്മിപ്പിച്ചു. പ്രതിസന്ധികൾ മനുഷ്യനെ കൂടുതൽ ശക്തരും ആത്മവിശ്വാസമുള്ളവരും ലക്ഷ്യബോധമുള്ളവരുമാക്കി മാറ്റുമെന്നും അദ്ദേഹം നിരീക്ഷിച്ചു. നിലവിലെ സാമ്പത്തിക ചുറ്റുപാടുകൾ കണ്ട് വിദ്യാർത്ഥികൾ ഒട്ടും നിരാശരാകരുതെന്നും, ജീവിതത്തിൽ വിജയം കൈവരിക്കാൻ വിദ്യാഭ്യാസം നിങ്ങളെ പ്രാപ്തരാക്കുമെന്നും ഉപരാഷ്ട്രപതി കുട്ടികളെ ഉപദേശിച്ചു.
രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞർ, ഭരണകർത്താക്കൾ, അധ്യാപകർ, നവസംരംഭകർ, മികച്ച നേതാക്കൾ എന്നിവരിൽ പലരും ഗവൺമെൻ്റ് സ്കൂളുകളിലും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിച്ച് വളർന്നവരാണെന്ന് ഉപരാഷ്ട്രപതി വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.
താനും തമിഴ് മീഡിയം ഗവൺമെൻ്റ് സ്കൂളിലാണ് പഠിച്ചതെന്ന കാര്യം പങ്കുവെച്ചുകൊണ്ട്, വിദ്യാഭ്യാസം എന്നത് ജീവിതങ്ങളെ മാറ്റിമറിക്കാനും കുടുംബങ്ങളെ ഉയർത്തിക്കൊണ്ടുവരാനും സമൂഹങ്ങളെ ശക്തിപ്പെടുത്താനും ഒപ്പം രാജ്യത്തിൻ്റെ പുരോഗതിക്ക് സംഭാവന നൽകാനും ഉള്ള ഏറ്റവും ശക്തമായ ആയുധമാണെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ ഊന്നിപ്പറഞ്ഞു.
ഗവൺമെൻ്റ് സ്കൂളുകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ അവയെ പ്രോത്സാഹിപ്പിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഗവൺമെൻ്റ് സ്കൂളുകളുടെ പുരോഗതിക്കും അവയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും എം.പിമാരും എം.എൽ.എമാരും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദശകത്തിൽ രാജ്യം കൈവരിച്ച ശ്രദ്ധേയമായ സാമ്പത്തിക വളർച്ചയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ഇന്ന് ലോകത്തിൽ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 'വികസിത ഇന്ത്യ' എന്ന ലക്ഷ്യത്തിലേക്ക് രാജ്യം ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള പ്രയാണത്തിൽ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും തുല്യ പ്രാധാന്യമുണ്ടെന്ന് ഉപരാഷ്ട്രപതി ഓർമ്മിപ്പിച്ചു.
മിടുക്കരായ 41 വിദ്യാർത്ഥികളിൽ 27 പേരും പെൺകുട്ടികളാണെന്നതിൽ സന്തോഷം പ്രകടിപ്പിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ, ഇത് രാജ്യത്ത് വളർന്നുവരുന്ന 'നാരിശക്തി'യുടെ പ്രതിഫലനമാണെന്ന് പറഞ്ഞു.
ലഹരിപദാർത്ഥങ്ങൾ, അമിതമായ സോഷ്യൽ മീഡിയ ഉപയോഗം എന്നിവയുൾപ്പെടെയുള്ള ദോഷകരമായ ശീലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് ഉപരാഷ്ട്രപതി ഉപദേശിച്ചു. കായികം, വായന, സർഗ്ഗാത്മക പ്രവർത്തനങ്ങൾ എന്നിവയിലേക്ക് ശ്രദ്ധ തിരിക്കാനും; പഠനം, ലക്ഷ്യങ്ങൾ, കുടുംബത്തോടും രാഷ്ട്രത്തോടുമുള്ള ഉത്തരവാദിത്തങ്ങൾ എന്നിവയിൽ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു.
കഠിനാധ്വാനവും ആത്മാർത്ഥതയും പുലർത്തുക, വിജയത്തിൽ എപ്പോഴും വിനയാന്വിതരായിരിക്കുക, തങ്ങളുടെ അറിവ് സമൂഹത്തിൻ്റെ നന്മയ്ക്കായി ഉപയോഗിക്കുക എന്നീ മൂന്ന് തത്വങ്ങൾ ജീവിതത്തിൽ എപ്പോഴും ഓർക്കണമെന്ന് വിദ്യാർത്ഥികളെ ഉപദേശിച്ചുകൊണ്ടാണ് ഉപരാഷ്ട്രപതി തൻ്റെ പ്രസംഗം അവസാനിപ്പിച്ചത്. എല്ലാ വിദ്യാർത്ഥികൾക്കും ഉജ്ജ്വലവും അർത്ഥപൂർണ്ണവുമായ ഒരു ഭാവി ആശംസിക്കുകയും അദ്ദേഹം തൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
കേന്ദ്ര വാർത്താവിനിമയ-ഗ്രാമവികസന സഹമന്ത്രി ശ്രീ പെമ്മസാനി ചന്ദ്രശേഖർ, ഗുണ്ടൂർ വെസ്റ്റ് എം.എൽ.എ ശ്രീമതി ഗല്ലാ മാധവി എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തു.
*****
(रिलीज़ आईडी: 2263886)
आगंतुक पटल : 14