ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ജനീവയിൽ നടക്കുന്ന 79-ാമത് ലോകാരോഗ്യ സമ്മേളനത്തിന് അനുബന്ധമായി കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ. പി. നഡ്ഡ, PMNCH ബോർഡ് ചെയർപേഴ്സൺ ഹെലൻ ക്ലാർക്കുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 20 MAY 2026 3:23PM by PIB Thiruvananthpuram
ജനീവയിൽ 79-ാമത് ലോകാരോഗ്യ സമ്മേളനത്തിനിടെ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നഡ്ഡ, മാതൃ-ശിശു-നവജാതശിശു ആരോഗ്യ (Partnership for Maternal, Newborn and Child Health - PMNCH) ബോർഡ് ചെയർപേഴ്സൺ ഹെലൻ ക്ലാർക്കുമായി ഇന്ന് ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

സ്ത്രീകളുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ആഗോള അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധത കൂടിക്കാഴ്ചയിൽ കേന്ദ്ര ആരോഗ്യ മന്ത്രി ആവർത്തിച്ചു. 2005-ൽ രൂപീകൃതമായതു മുതൽ PMNCH-മായുള്ള ഇന്ത്യയുടെ ദീർഘകാല പങ്കാളിത്തം എടുത്തുപറഞ്ഞ മന്ത്രി, ഈ സംഘടനയുമായുള്ള സഹകരണം തുടരുന്നതിലും അതിന്റെ ലക്ഷ്യങ്ങളിലേക്ക് അർത്ഥവത്തായ സംഭാവനകൾ നൽകുന്നതിലും ഇന്ത്യ എന്നും അഭിമാനിക്കുന്നുവെന്ന് പറഞ്ഞു.
 


 
PMNCH ബോർഡ് വൈസ് ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ ഇന്ത്യ വഹിക്കുന്ന നേതൃത്വപരമായ പങ്ക് കേന്ദ്ര മന്ത്രി അടിവരയിട്ടു. ഇന്ത്യയുടെ പ്രതിവർഷ ഗ്രാന്റ് സംഭാവനയായ 2 മില്യൺ യു.എസ് ഡോളർ സ്ഥിരമായി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണെന്നും അത് ഉടൻ തന്നെ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

പൊതുജനാരോഗ്യത്തിൽ ഇന്ത്യയുടെ നേട്ടങ്ങൾ ശ്രീ നഡ്ഡ ഊന്നിപറഞ്ഞു. "ഇന്ത്യ എന്നും നൂതന ആശയങ്ങളുടെയും, തുല്യതയോടും പ്രാപ്യതയോടും കൂടി വലിയ തോതിൽ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെയും പ്രഭവകേന്ദ്രമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യ സംരക്ഷണത്തെ ഞങ്ങളുടെ സേവന വിതരണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും കേന്ദ്രസ്ഥാനമായാണ് ഞങ്ങൾ കണക്കാക്കുന്നത്." അദ്ദേഹം അഭിപ്രായപ്പെട്ടു.

"2014-ൽ കൗമാരക്കാർക്കു മാത്രമായി ഒരു പ്രത്യേക ദേശീയ പരിപാടി ആരംഭിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ", കേന്ദ്ര ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, സമൂഹങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള ഇടപെടലുകളിലൂടെ രാജ്യത്തുടനീളമുള്ള യുവാക്കളിലേക്ക് ഈ പദ്ധതി എത്തിച്ചേരുന്നു.
 


 
മാതൃ-ശിശു ആരോഗ്യ സൂചകങ്ങളിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെക്കുറിച്ച് പരാമർശിച്ച മന്ത്രി, മാതൃമരണ അനുപാതത്തിലും (MMR) ശിശുമരണ നിരക്കിലും (IMR) ആഗോള പ്രവണതകളെ മറികടക്കുന്ന രീതിയിൽ രാജ്യം ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ടെന്ന് പറഞ്ഞു.

വലിയ തോതിൽ വിജയകരമായി നടപ്പാക്കിയ പൊതുജനാരോഗ്യ ഇടപെടലുകളിലൂടെയും തെളിവ് ശേഖരണങ്ങളെ അടിസ്ഥാനമാക്കിയുള്ള മികച്ച പ്രവർത്തനങ്ങളിലൂടെയും ഇന്ത്യക്ക് ആഗോള സമൂഹത്തിന് ഒട്ടനവധി കാര്യങ്ങൾ സംഭാവന ചെയ്യാനുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഊന്നിപ്പറഞ്ഞു. മറ്റ് രാജ്യങ്ങൾക്ക് സാങ്കേതിക മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ച അദ്ദേഹം, ഇന്ത്യയുടെ വിജയകരമായ മാതൃകകളും നൂതന ആശയങ്ങളും നേരിട്ടുള്ളതും ഡിജിറ്റലുമായ പ്ലാറ്റ്‌ഫോമുകളിലൂടെ കൂടുതൽ പ്രദർശിപ്പിക്കാൻ PMNCH-നെ ക്ഷണിക്കുകയും ചെയ്തു.
 


 
PMNCH-ന്റെ വൈസ് ചെയർമാൻ എന്ന നിലയിലുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ച മന്ത്രി, സ്ത്രീകളുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യം (Women’s, Children’s and Adolescents’ Health), വർദ്ധിച്ചുവരുന്ന സാംക്രമികേതര രോഗങ്ങളുടെ (Non-Communicable Diseases) ഭാരം എന്നിവയുൾപ്പെടെയുള്ള മുൻഗണനാ മേഖലകളിൽ സംഘടനയെ പിന്തുണയ്ക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിച്ചു. ആഗോളതലത്തിൽ പങ്കിടാൻ കഴിയുന്ന വലിയ തോതിലുള്ള സാങ്കേതിക വിഭവങ്ങളും ഡിജിറ്റൽ പൊതുജനാരോഗ്യ സംവിധാനങ്ങളും ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള ആരോഗ്യ വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യയുടെ ഐക്യത്തിലും സഹാനുഭൂതിയിലും പങ്കുവെക്കപ്പെട്ട മാനവികതയിലുമുള്ള വിശ്വാസം ഉയർത്തിക്കാട്ടിക്കൊണ്ട്, "വസുധൈവ കുടുംബകം" (ലോകം ഒരു കുടുംബം) എന്ന പുരാതന ഭാരതീയ തത്ത്വചിന്തയും കേന്ദ്ര മന്ത്രി യോഗത്തിൽ അനുസ്മരിച്ചു.

ആഗോള പൊതുജനാരോഗ്യത്തിന് ഇന്ത്യ നൽകുന്ന തുടർച്ചയായ നേതൃത്വത്തെയും സംഭാവനകളെയും മിസ്. ഹെലൻ ക്ലാർക്ക് അഭിനന്ദിക്കുകയും, PMNCH-നുള്ളിലും വിശാലമായ ആഗോള ആരോഗ്യ ഘടനയ്ക്കുള്ളിലും രാജ്യം വഹിക്കുന്ന സുപ്രധാന പങ്ക് അംഗീകരിക്കുകയും ചെയ്തു.
 
 

***


( റിലീസ് ഐ.ഡി: 2263332) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: Tamil , English , Urdu , Marathi , हिन्दी , Punjabi , Gujarati