PIB Backgrounder
ഉയർന്ന പോഷകഗുണമുള്ളതും ആരോഗ്യത്തിന് ഗുണകരവുമായ പ്രകൃതിദത്ത മധുരം
പോസ്റ്റഡ് ഓണ്‍:
16 MAY 2026 10:48AM by PIB Thiruvananthpuram
ലോകത്തിലെ ഏറ്റവും വലിയ ശർക്കര ഉത്പാദക രാജ്യമാണ് ഇന്ത്യ. ആഗോള ശർക്കര ഉത്പാദനത്തിന്റെ 70% ത്തിലധികവും ഇന്ത്യയിലാണ് നടക്കുന്നത്. രാജ്യത്തെ കരിമ്പ് ഉത്പാദനത്തിന്റെ വലിയൊരു പങ്ക് - ഏകദേശം 20–30% - ശർക്കര നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഇത് ഗ്രാമപ്രദേശങ്ങളിലെ ഏകദേശം 25 ലക്ഷം ജനങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്നു. ഗണ്യമായ കയറ്റുമതി വളർച്ചയ്ക്കും ഈ മേഖല സാക്ഷ്യം വഹിക്കുന്നു. 2015–16 മുതൽ 2024–25 വരെ കയറ്റുമതി മൂല്യത്തിൽ 106.5% വർദ്ധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്രതലത്തിൽ ശർക്കരയുടെ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ശർക്കരയിൽ ഇരുമ്പ്, ധാതുക്കൾ അടക്കമുള്ള പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ, ശുദ്ധീകരിച്ച പഞ്ചസാരയ്ക്കുള്ള ആരോഗ്യകരമായ ഒരു ബദലായി ഇത് കണക്കാക്കപ്പെടുന്നു. പ്രധാനമന്ത്രി കിസാൻ സമ്പദ യോജന, പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റർപ്രൈസസ്, ഒരു ജില്ല ഒരു ഉത്പന്നം തുടങ്ങിയ പദ്ധതികളിലൂടെയും ഉത്പന്ന മൂല്യം മെച്ചപ്പെടുത്തുന്നതിനും ഗ്രാമീണ ബിസിനസുകൾ ശക്തിപ്പെടുത്തുന്നതിനും കയറ്റുമതി അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ജിഐ ടാഗിംഗ് മുഖേനയും ഈ മേഖലയുടെ വളർച്ചയെ ഗവൺമെൻറ് പിന്തുണയ്ക്കുന്നു.
ഇന്ത്യയിലെ ശർക്കര മേഖല: ഉത്പാദനം, പ്രാധാന്യം, ഉപജീവനം
കരിമ്പിൻ നീര് തിളപ്പിച്ച് കട്ടിയാക്കി രാസവസ്തുക്കൾ ചേർക്കാതെ ഉണ്ടാക്കുന്ന പരമ്പരാഗതവും പ്രകൃതിദത്തവുമായ മധുരപലഹാരമാണ് ഗുർ എന്ന് അറിയപ്പെടുന്ന ശർക്കര. ഇത് ശുദ്ധീകരിച്ച പഞ്ചസാരയേക്കാൾ ആരോഗ്യകരമാണ്. തേനിന് സമാനമായ പോഷകമൂല്യങ്ങളുള്ളതിനാൽ ഇതിനെ "ഔഷധ പഞ്ചസാര" എന്നും വിളിക്കുന്നു. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, കരീബിയൻ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ശർക്കര ജനപ്രിയമാണ്. വ്യത്യസ്തമായ പ്രാദേശിക നാമങ്ങളിൽ ഇത് അറിയപ്പെടുന്നു. പ്രകൃതിദത്തവും പരമ്പരാഗതമായി തയ്യാറാക്കിയതും രാസവസ്തുരഹിതവുമായതിനാൽ ജനങ്ങൾ ഇതിന് മുൻഗണന നൽകുന്നു. ആരോഗ്യകരമായ മധുരപലഹാരങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയും ശർക്കരയുടെ പ്രധാന്യം വർദ്ധിപ്പിക്കുന്നു.

ആഗോള ശർക്കര ഉൽപാദനത്തിന്റെ 70 ശതമാനത്തിലധികവും ഇന്ത്യയിലാണ്. ഇത് ലോകത്തെ ഏറ്റവും വലിയ ശർക്കര ഉത്പാദക രാജ്യമാക്കി ഇന്ത്യയെ മാറ്റുന്നു. രാജ്യത്തെ കരിമ്പിന്റെ ഏകദേശം 20-30 ശതമാനം ശർക്കര നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഒരു പ്രധാന ഗ്രാമീണ കാർഷിക സംസ്കരണ മേഖലയായി ശർക്കര വ്യവസായം കണക്കാക്കപ്പെടുന്നു. പ്രധാനമായും ചെറുകിട, കുടിൽ വ്യവസായങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. പ്രാദേശിക സംസ്കരണം, കുറഞ്ഞ ഗതാഗത ചെലവ്, ചെറുകിട സംരംഭകർക്ക് അവസരങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്. ഏകദേശം 25 ലക്ഷം ആളുകളുടെ ഉപജീവനമാർഗ്ഗത്തെ പിന്തുണയ്ക്കുന്നതിലും ഈ മേഖല സുപ്രധാന പങ്ക് വഹിക്കുന്നു.

മധുരതരമായ വളർച്ച: ഇന്ത്യയുടെ വളരുന്ന ശർക്കര സമ്പദ്‌വ്യവസ്ഥ
ഗണ്യമായ തോതിലുള്ള കരിമ്പ് ഉൽപാദനം ഇന്ത്യയിലെ ശർക്കര മേഖലയെ പിന്തുണയ്ക്കുന്നു. 2024-25 ലെ ഇന്ത്യയുടെ മൊത്തം കരിമ്പ് ഉത്പാദനം 444.9 ദശലക്ഷം ടൺ (MT) ആയി കണക്കാക്കപ്പെടുന്നു. മൊത്തം ഉത്പാദനത്തിന്റെ 48.5 ശതമാനം സംഭാവന ചെയ്ത ഉത്തർപ്രദേശ് ആയിരുന്നു ഏറ്റവും വലിയ ഉത്പാദകൻ. തൊട്ടുപിന്നിലായി മഹാരാഷ്ട്ര 24.1 ശതമാനവും കർണാടക 10.5 ശതമാനവും സംഭാവന ചെയ്യുന്നു. ഗുജറാത്ത്, തമിഴ്‌നാട്, ബീഹാർ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മധ്യപ്രദേശ്, ഹരിയാന എന്നിവയാണ് കരിമ്പ് ഉത്പാദിപ്പിക്കുന്ന മറ്റ് പ്രധാന സംസ്ഥാനങ്ങൾ.
ശർക്കരയുടെയും മധുരപലഹാരങ്ങളുടെയും (പരമ്പരാഗത ഇന്ത്യൻ മധുരപലഹാരങ്ങളും മിഠായികളും ഉൾപ്പെടെ) മുൻനിര കയറ്റുമതി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2015-16 സാമ്പത്തിക വർഷത്തിൽ, രാജ്യത്തിന്റെ കയറ്റുമതി മൊത്തം 197 മില്യൺ യുഎസ് ഡോളറിലെത്തി. ഈ കാലയളവിൽ, 292.8 മില്യൺ ടൺ (എംടി) ആയിരുന്നു ശർക്കര കയറ്റുമതി. 2024–25 ആയപ്പോഴേക്കും കയറ്റുമതി 406.8 മില്യൺ യുഎസ് ഡോളറായും 471.9 മില്യൺ ടൺ (എംടി) ആയും വളർന്നു. കയറ്റുമതി മൂല്യത്തിൽ ഏകദേശം 106.5 ശതമാനത്തിന്റെയും കയറ്റുമതി അളവിൽ 61.2 ശതമാനത്തിന്റെയും വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2024–25ൽ ഇന്ത്യൻ ശർക്കര ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്ത പ്രധാന രാജ്യങ്ങളിൽ ഇന്തോനേഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, നൈജീരിയ, നേപ്പാൾ എന്നിവ ഉൾപ്പെടുന്നു.
വാർഷിക വളർച്ച താരതമ്യം ചെയ്താൽ, ഏപ്രിൽ-ജനുവരി (2025-26) കാലയളവിൽ കയറ്റുമതി 450.1 മെട്രിക് ടൺ ആയി, മൂല്യം 384.4 മില്യൺ യുഎസ് ഡോളർ. 2024–25 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി അളവിൽ ഏകദേശം 16.5 ശതമാനത്തിന്റെയും കയറ്റുമതി മൂല്യത്തിൽ 15.9 ശതമാനത്തിന്റെയും വളർച്ച ഇത് കാണിക്കുന്നു. 386.2 മെട്രിക് ടണ്ണും 331.4 മില്യൺ യുഎസ് ഡോളർ മൂല്യവുമുള്ളതായിരുന്നു മുൻവർഷത്തെ കയറ്റുമതി.
പ്രകൃതിദത്ത മധുരപലഹാരങ്ങൾക്കുള്ള ആഭ്യന്തര ആവശ്യകതയും വർദ്ധിച്ചു. മധുരപലഹാര വിഭാഗത്തിൽ, ശർക്കരയും തേനും 2021-24 കാലയളവിൽ 15-20 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ഓഗസ്റ്റ് ആയപ്പോഴേക്കും ആഭ്യന്തര വിപണികളിലെ ശർക്കര വിൽപ്പന പ്രതിവർഷം ഏകദേശം 5,000 മെട്രിക് ടണ്ണിൽ എത്തിയിരുന്നു. പരമ്പരാഗതവും പ്രകൃതിദത്തവുമായ മധുരപലഹാരങ്ങളോടുള്ള ഉപഭോക്തൃ മുൻഗണന വർദ്ധിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ ശർക്കര പാരമ്പര്യത്തിന്റെ പൗരാണിക വേരുകൾ
കരിമ്പ് കൃഷിയുടെയും സംസ്കരണത്തിന്റെയും ചരിത്രം വേദ കാലഘട്ടം മുതൽക്കെ ആരംഭിച്ചിട്ടുണ്ട്. ആയതിനാൽ ശർക്കര ഒരു തദ്ദേശീയ ഉത്പന്നമായി അക്കാലം മുതൽ കണക്കാക്കപ്പെടുന്നു. ബിസി 1400–1000 കാലഘട്ടത്തിലെ ഭാരതീയ ഗ്രന്ഥങ്ങളിൽ കരിമ്പ് കൃഷിയെക്കുറിച്ച് പരാമർശമുണ്ട്. കാലക്രമേണ, കരിമ്പ് കൃഷി ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ഇത് ഒരു പ്രധാന ആഗോള വിളയായി മാറി. ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിനുമുമ്പ് വടക്കുകിഴക്കൻ ഇന്ത്യയിലെ ഈർപ്പമുള്ള പ്രദേശങ്ങളിലാണ് കരിമ്പ് ഇനങ്ങൾ ആദ്യം വികസിച്ചതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. "ഷുഗർ" എന്ന ഇംഗ്ലീഷ് പദം സംസ്കൃത പദമായ ശർക്കരയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്, ഇത് ഇന്ത്യയിലെ മധുരപലഹാര ഉത്പാദനത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ വേരുകളെ സൂചിപ്പിക്കുന്നു. എ.ഡി. 647-ൽ, ഒരു ചൈനീസ് പ്രതിനിധി സംഘം കരിമ്പ് സംസ്കരണ സാങ്കേതിക വിദ്യകൾ പഠിക്കാൻ മഗധ സന്ദർശിച്ചുവെന്നും ചരിത്രരേഖകളിൽ പരാമർശമുണ്ട്. ഇത് ഭാരതീയ വിജ്ഞാനത്തിന്റെ ആദ്യകാല വ്യാപനത്തെ പ്രതിഫലിപ്പിക്കുന്നു. കൃഷി, സംസ്കരണം, വിജ്ഞാന വിനിമയം എന്നിവയുടെ ഈ നീണ്ട ചരിത്രം ശർക്കര ഉത്പാദനത്തിൽ ഇന്ത്യയുടെ ശക്തവും സ്ഥായിയുമായ പ്രാധാന്യത്തിന് അടിത്തറയിട്ടു.
പോഷകാഹാരത്തിനും പൊതുജനാരോഗ്യത്തിനും ശർക്കര
ശുദ്ധീകരിച്ച പഞ്ചസാരയ്ക്കുള്ള പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ ഒരു ബദലായതിനാൽ ശർക്കര ഒരു 'സൂപ്പർഫുഡ്' എന്ന നിലയിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. രാസവസ്തുക്കളാൽ ശുദ്ധീകരിക്കാതെ തന്നെ സാന്ദ്രീകൃത കരിമ്പ് നീരിൽ നിന്നാണ് ശർക്കര ഉത്പാദിപ്പിക്കുന്നത്. അതിനാൽ പഞ്ചസാര ശുദ്ധീകരണ പ്രക്രിയയിൽ സാധാരണയായി നഷ്ടപ്പെടുന്ന അവശ്യ ധാതുക്കളും സൂക്ഷ്മ പോഷകങ്ങളും നിലനിർത്താൻ സാധിക്കുന്നു. ഇന്ത്യയിൽ, വ്യത്യസ്ത രീതികൾ ഉപയോഗിച്ച് കരിമ്പ് സംസ്കരിച്ച് ശർക്കര, ഖണ്ഡസാരി, പഞ്ചസാര എന്നിവയാക്കി മാറ്റുന്നു. ഏറ്റവും സ്വാഭാവികമായി സംസ്കരിച്ചതും പോഷകസമൃദ്ധവുമാണ് ശർക്കര. ശർക്കരയുടെ കാര്യത്തിൽ സംസ്ക്കരണം ഏറ്റവും കുറവാണ്. പരമ്പരാഗത ഭക്ഷണങ്ങളിലും ദ്രാവക രൂപത്തിലും ശർക്കര വ്യാപകമായി ഉപയോഗിക്കുന്നു. വർദ്ധിച്ചുവരുന്ന ആരോഗ്യ അവബോധവും പ്രകൃതിദത്ത മധുരപലഹാരങ്ങളോടുള്ള വർദ്ധിച്ചുവരുന്ന ഉപഭോക്തൃ മുൻഗണനയും കാരണം ഇതിന്റെ ആവശ്യം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
പരമ്പരാഗത ഭക്ഷണങ്ങളിൽ മാത്രമല്ല, ബേക്കറി ഇനങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയ സംസ്കരിച്ച ഉത്പന്നങ്ങളിൽ ശർക്കര ഇപ്പോൾ ആരോഗ്യകരമായ മധുരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സമീപ വർഷങ്ങളിൽ, കരിമ്പ് ശർക്കര, കരിപ്പുകട്ടി, അസംസ്കൃത ശർക്കര തുടങ്ങിയ വ്യത്യസ്ത ഇനങ്ങൾ കൂടുതൽ പ്രചാരത്തിലായിട്ടുണ്ട്, വിപണിയിൽ അവ ശക്തമായ സാന്നിധ്യം കണ്ടെത്തുന്നു. ശുദ്ധീകരിച്ച ബദലുകളേക്കാൾ പ്രകൃതിദത്തവും കുറഞ്ഞ അളവിൽ സംസ്കരിച്ചതുമായ ഭക്ഷണങ്ങളോടുള്ള ഉപഭോക്തൃ മുൻഗണനകൾ വർദ്ധിച്ചുവരുന്നതിനെ ഈ മാറ്റം പ്രതിഫലിപ്പിക്കുന്നു.
ശർക്കരയുടെ പോഷകമൂല്യം
കരിമ്പ് നീരിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളിൽ ഭൂരിഭാഗവും നിലനിർത്തുന്നതിനാൽ ശർക്കര ഏറ്റവും പോഷകസമൃദ്ധമായ പ്രകൃതിദത്ത മധുരപലഹാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ശുദ്ധീകരിച്ച വെളുത്ത പഞ്ചസാരയിൽ നിന്ന് വ്യത്യസ്തമായി, സംസ്കരണ സമയത്ത് സാധാരണയായി നഷ്ടപ്പെടുന്ന കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം, ഇരുമ്പ്, സിങ്ക്, ചെമ്പ്, മാംഗനീസ് തുടങ്ങിയ പ്രധാന ധാതുക്കളെ ഇത് സംരക്ഷിക്കുന്നു. ഗുണനിലവാരമുള്ള ശർക്കരയിൽ സാധാരണയായി 70%-ത്തിലധികം സുക്രോസും ചെറിയ അളവിൽ ഗ്ലൂക്കോസും ഫ്രക്ടോസും, ഏകദേശം 5% ധാതുക്കളും അടങ്ങിയിരിക്കുന്നു, ഈർപ്പവും കുറവാണ്. 100 ഗ്രാമിൽ ഏകദേശം 10–13 മില്ലിഗ്രാം എന്ന ഇരുമ്പിന്റെ അളവ് ഹീമോഗ്ലോബിൻ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു, ഒപ്പം പൊട്ടാസ്യവും മഗ്നീഷ്യവും ഹൃദയാരോഗ്യത്തിനും പേശികളുടെ ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്നു.
ഫോളിക് ആസിഡ്, ബി-കോംപ്ലക്സ് വിറ്റാമിനുകൾ, വിറ്റാമിൻ എ, സി, ഡി, ഇ എന്നിവയോടൊപ്പം ചെറിയ അളവിൽ പ്രധാന വിറ്റാമിനുകളും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. ഈ സൂക്ഷ്മ പോഷകങ്ങൾ ഇതിനെ ഊർജ്ജ സമ്പുഷ്ടമായ പ്രകൃതിദത്ത ഭക്ഷണമാക്കി മാറ്റുന്നു, ഇത് ചില പോഷക കുറവുകൾ കുറയ്ക്കാൻ സഹായിക്കും. ശുദ്ധീകരിച്ച പഞ്ചസാരയെ അപേക്ഷിച്ച് ഇതിൽ വളരെ ഉയർന്ന അളവിൽ ധാതുക്കളുമുണ്ട്. ഇക്കാരണത്താൽ, പോഷകാഹാരം മെച്ചപ്പെടുത്തുന്നതിന്, പ്രത്യേകിച്ച് പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ജനസംഖ്യയിൽ, ശർക്കര ആരോഗ്യകരമായ ഒരു ബദലായി വർത്തിക്കും.
ആരോഗ്യ, പോഷകാഹാര പരിപാടികളിൽ ശർക്കര അവിഭാജ്യ ഘടകമായി മാറുന്നു
തമിഴ്നാട്ടിലെ പോഷകാഹാര പരിപാടികളിൽ കുട്ടികളിലെ പോഷകാഹാരക്കുറവ് നികത്തുന്നതിനും സ്കൂൾ ഹാജർ മെച്ചപ്പെടുത്തുന്നതിനും ശർക്കര ഉപയോഗിക്കുന്നു. പോഷകാഹാര പരിപാടി, ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസസ് (ഐസിഡിഎസ്) പോലുള്ള പദ്ധതികൾ പ്രകാരം, സംസ്ഥാനം അർഹരായ ഗുണഭോക്താക്കൾക്ക് 300 ദിവസത്തേക്ക് ടേക്ക്-ഹോം റേഷനായി പൂരക മുലയൂട്ടൽ ഭക്ഷണങ്ങൾ നൽകുന്നു. ഈ ഭക്ഷ്യ മിശ്രിതത്തിൽ, ശർക്കര ഏകദേശം 27 ശതമാനം വരും, ഇത് ഊർജ്ജത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും സൂക്ഷ്മ പോഷക മൂല്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സത്തുമാവ് എന്നറിയപ്പെടുന്ന പൂരക ഭക്ഷണം, വനിതകൾ നയിക്കുന്ന 25 സഹകരണ സംഘങ്ങളും രണ്ട് സ്വകാര്യ നിർമ്മാതാക്കളും 65:35 അനുപാതത്തിൽ ഉത്പാദിപ്പിക്കുന്നു. ഇത് പോഷകാഹാരത്തിനും ഗ്രാമീണ തൊഴിലിനും പിന്തുണ നൽകുന്നു.
ആരോഗ്യത്തിനും ഉപജീവനമാർഗത്തിനും പിന്തുണ നൽകുന്ന തരത്തിലാണ് തമിഴ്‌നാട്ടിലെ പോഷകാഹാര പരിപാടികളിൽ ശർക്കര ഉപയോഗിക്കുന്നത്. അനുബന്ധ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്ന സഹകരണ സംഘങ്ങളിൽ ഏകദേശം 1,450 അംഗങ്ങളാണുള്ളത്, അവരിൽ പലരും വിധവകൾ, ഉപേക്ഷിക്കപ്പെട്ടവർ, സാമ്പത്തികമായി ദുർബലരായ വനിതകൾ എന്നിവരാണ്. ഈ ഭക്ഷ്യ ഉത്പന്നങ്ങളിൽ ശർക്കര ഉൾപ്പെടുത്തുന്നതിലൂടെ, പോഷകാഹാരം മെച്ചപ്പെടുത്താൻ മാത്രമല്ല, വനിതകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പരിപാടി സഹായിക്കുന്നു. നീതി ആയോഗിന്റെ അഭിപ്രായത്തിൽ, തമിഴ്‌നാട്ടിലുടനീളമുള്ള ഏകദേശം 32.75 ലക്ഷം ആളുകൾക്ക് ഈ പദ്ധതി പ്രയോജനം ചെയ്യുന്നു. മൊത്തത്തിൽ, ഈ സംരംഭം പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനൊപ്പം ശർക്കര പോലുള്ള പരമ്പരാഗതവും പോഷക സമ്പുഷ്ടവുമായ ചേരുവകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു.

ശർക്കരയുടെ ആരോഗ്യ ഗുണങ്ങൾ
ശർക്കരയിലെ സ്വാഭാവിക പഞ്ചസാര ശരീരം സാവധാനം ദഹിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്ന് കുതിച്ചുചാട്ടത്തിന് കാരണമാകുന്നതിനുപകരം ക്രമേണ ഊർജ്ജം പുറത്തുവിടുകയും ചെയ്യുന്നതിനാൽ സ്ഥിരമായ ഊർജ്ജത്തിന്റെ നല്ലൊരു ഉറവിടമാണിത്. പരമ്പരാഗത ഇരുമ്പ് പാത്രങ്ങളിൽ ഇത് തയ്യാറാക്കുമ്പോൾ, ഇരുമ്പ് ആഗിരണം ചെയ്യപ്പെടും, ഇത് വിളർച്ച തടയാൻ സഹായിക്കും. ധാതു ലവണങ്ങളുടെയും സൂക്ഷ്മ പോഷകങ്ങളുടെയും സാന്നിധ്യം മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ആയുർവേദം പോലുള്ള പരമ്പരാഗത ചികിത്സാരീതികളിൽ ശർക്കര വളരെക്കാലമായി ഉപയോഗിച്ചുവരുന്നു. ആയുർവേദ വൈദ്യത്തിൽ, തൊണ്ടയിലെയും ശ്വാസകോശത്തിലെയും അണുബാധകൾ ചികിത്സിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന്റെ ശുദ്ധീകരണ ഗുണങ്ങൾ ശ്വസനവ്യവസ്ഥയെയും ദഹനവ്യവസ്ഥയെയും വിഷവിമുക്തമാക്കാൻ സഹായിക്കുന്നു. ഇക്കാരണത്താൽ, പൊടിയും മലിനീകരണവും പതിവായി അനുഭവിക്കുന്ന ആളുകൾക്ക് ഇത് ഉപയോഗപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. ഇതിന്റെ തെർമോജെനിക് (ചൂടാക്കൽ) പ്രഭാവം ചുമ, കഫക്കെട്ട്, അനുബന്ധ ശ്വസന അസ്വസ്ഥതകൾ എന്നിവയിൽ നിന്ന് ആശ്വാസം പകരുന്നു.
കൂടാതെ, രക്തശുദ്ധീകരണത്തെ പിന്തുണയ്ക്കുന്ന ഒരു പ്രകൃതിദത്ത വിഷവിമുക്ത ഏജന്റായി ശർക്കര പ്രവർത്തിക്കുന്നു. ഇത് ക്ഷീണം കുറയ്ക്കുകയും, പേശികളുടെയും നാഡീവ്യവസ്ഥയുടെയും വിശ്രമം പ്രോത്സാഹിപ്പിക്കുകയും, രക്തസമ്മർദ്ദം അനുകൂലമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. കാൽസ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കളുടെ സാന്നിധ്യം അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.കൂടാതെ, ഇതിന് വിഷവിരുദ്ധ ഗുണങ്ങളും കാൻസർ വിരുദ്ധ ഗുണങ്ങളും ഉണ്ടെന്ന് കരുതപ്പെടുന്നു, ഇത് മൊത്തത്തിലുള്ള ശാരീരിക സ്വാസ്ഥ്യത്തിന് കാരണമാകും.
കരിമ്പ് ഒരു ഉപജീവനമാർഗ്ഗം: ഗ്രാമവികസനത്തിൽ ശർക്കരയുടെ പങ്ക്
ഇന്ത്യയിലെ ശർക്കര ഉത്പാദനം പ്രധാനമായും അസംഘടിത കാർഷിക സംസ്കരണ മേഖലയുടെ ഭാഗമാണ്, ലളിതവും പരമ്പരാഗതവുമായാണ് അവിടെ ഉത്പാദനം നടക്കുന്നത്. ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നതിനാൽ ഈ മേഖല പ്രധാനമാണ്. ശർക്കരയുടെ ഏറ്റവും വലിയ ഉത്പാദകരും കയറ്റുമതിക്കാരും എന്ന നിലയിൽ, ഇന്ത്യ കർഷകരെ പിന്തുണയ്ക്കുക മാത്രമല്ല, ആഭ്യന്തര ആവശ്യകതയും വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ആവശ്യകതയും നിറവേറ്റുന്നു.
ഉപഭോക്തൃ അഭിരുചികൾ മാറുകയും ആഗോള ആവശ്യകത വർദ്ധിക്കുകയും ചെയ്യുമ്പോൾ, പഞ്ചസാര ഉത്പാദനത്തെ മാത്രം ആശ്രയിക്കുന്നതിനുപകരം കരിമ്പിൽ നിന്നുള്ള വ്യത്യസ്ത ഉത്പന്നങ്ങളും അതിന്റെ ഉപയോഗങ്ങളും വിപുലീകരിക്കുകയെന്നത് സുപ്രധാനമാണ്. ഈ വൈവിധ്യവത്ക്കരണം കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുകയും സാമ്പത്തികമായി ലാഭകരവും പരിസ്ഥിതി സൗഹൃദപരവുമായ കൃഷി രീതികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മൂല്യവർദ്ധനവിനുള്ള ഫലപ്രദമായ ഒരു മാർഗം ശർക്കരയുടെ ഉത്പാദനമാണ്, ഇത് അസംസ്കൃത കരിമ്പ് നേരിട്ട് പഞ്ചസാര മില്ലുകൾക്ക് വിൽക്കുന്നതിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ഉയർന്ന ലാഭം കർഷകർക്ക് ഉറപ്പാക്കുന്നു. വ്യത്യസ്ത വിളകൾ ഒരുമിച്ച് വളർത്തൽ (വിള വൈവിധ്യവത്ക്കരണം), ഇടവിള കൃഷി തുടങ്ങിയ രീതികളുമായി ശർക്കര ഉത്പാദനത്തെ സമന്വയിപ്പിക്കുമ്പോൾ , ഒരേ കൃഷിഭൂമിയിൽ നിന്ന് കർഷകർക്ക് ഗണ്യമായി വരുമാനം നേടാൻ കഴിയുമെന്ന് പഠനങ്ങളും പ്രായോഗിക അനുഭവങ്ങളും കാണിക്കുന്നു.

ചെറുകിട ബിസിനസുകൾക്ക് പ്രോത്സാഹനമേകിയും, പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിച്ചും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തിയും ശർക്കര സംസ്കരണം ഗ്രാമവികസനത്തിൽ നിർണ്ണായക പങ്ക് വഹിച്ചു പോരുന്നു. ഇത് വർഷം മുഴുവനും തൊഴിലവസരങ്ങൾ ഉറപ്പാക്കുക മാത്രമല്ല കുടിയേറ്റ തൊഴിലാളികൾക്ക് ജോലിയും നൽകുന്നു. ഗുണനിലവാരമുള്ള ശർക്കരയുടെ ഉത്പാദനം കർഷകരെയും ഉത്പാദകരെയും മികച്ച വിപണികളിൽ കൂടുതൽ ലാഭകരവുമായി വിപണനം ചെയ്യാൻ സഹായിക്കുന്നു, ഇത് അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നു. അതിനാൽ, ശർക്കര അടിസ്ഥാനമാക്കിയുള്ള ചെറുകിട വ്യവസായങ്ങളെ പിന്തുണയ്ക്കുന്നത് കാർഷിക ഉത്പന്നങ്ങളുടെ മൂല്യം വർദ്ധിപ്പിക്കുന്നതിനും, ജനങ്ങളുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനും, കാർഷിക മേഖലയിൽ സമഗ്രമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഫലപ്രദമായ മാർഗമാണ്.
ലാഭകരമായ മൂല്യവർദ്ധിത സംരംഭമായി മാറുന്ന ജൈവ ശർക്കരപ്പൊടി
തിരുനെൽവേലി ജില്ലയിലെ കർഷകനായ അന്തോണിസാമി, ശർക്കര ഉത്പാദനം ലാഭകരമായ ഒരു മൂല്യവർധിത വ്യാപാരമാണെന്ന് തെളിയിച്ചിട്ടുണ്ട്. പരിശുദ്ധിക്കും രുചിക്കും പേരുകേട്ട ജൈവ ശർക്കരപ്പൊടിയാണ് അദ്ദേഹം ഉത്പാദിപ്പിക്കുന്നത്. ഉയർന്ന ഗുണനിലവാരം കാരണം, അദ്ദേഹത്തിന്റെ ഉത്പന്നം പ്രാദേശിക വിപണികളിലും, അയൽ സംസ്ഥാനങ്ങളിലും, എന്തിന് കയറ്റുമതി വിപണികളിൽ പോലും പ്രചാരത്തിലുണ്ട്. ജൈവകൃഷി രീതികൾ പിന്തുടർന്നും, പ്രാദേശിക കരിമ്പ് ഉപയോഗിച്ചും, അദ്ദേഹം പരമ്പരാഗത കൃഷിരീതിയെ വിജയകരവും ലാഭകരവുമായ ഒരു സംരംഭമാക്കി മാറ്റി.
മൂല്യവർധിത സമീപനം ഈ കർഷകന്റെ ലാഭം വളരെയധികം വർദ്ധിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ജൈവ ശർക്കരപ്പൊടി കിലോഗ്രാമിന് ഏകദേശം 75 രൂപയ്ക്ക് വിൽക്കുമ്പോൾ, സാധാരണ ശർക്കര കിലോഗ്രാമിന് ഏകദേശം 50 രൂപയ്ക്കാണ് വിൽക്കപ്പെടുന്നത്. രണ്ട് ഉത്പന്നങ്ങളുടെയും ഉത്പാദനച്ചെലവ് ഏതാണ്ട് തുല്യമാണ്. അതായത് കിലോഗ്രാമിന് ഏകദേശം 30 രൂപ.
ചില സീസണുകളിൽ മാത്രമേ ശർക്കര ഉത്പാദനം സാധ്യമാകവുകയുള്ളൂവെങ്കിലും, ശർക്കരയ്ക്ക് വർഷം മുഴുവനും ആവശ്യക്കാരുണ്ട്, ഇത് സ്ഥിരമായ വരുമാന മാർഗ്ഗം ഉറപ്പാക്കുന്നു. ഈ വിജയത്തിന്റെ അടിസ്ഥാനത്തിൽ, ചോക്ലേറ്റ് രുചിയുള്ളതും തേങ്ങയുടെ രുചിയുള്ളതുമായ ശർക്കര അടക്കമുള്ള പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കപ്പെടുന്നു, ഇത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും വിപണി വിപുലീകരണത്തിനും സഹായിക്കുന്നു. കേന്ദ്ര ഗവൺമെന്റിന്റെ പിന്തുണയോടെ, ചെറുകിട സംസ്കരണ പ്രവർത്തനങ്ങൾക്ക് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഗ്രാമീണ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും കൃഷിയെ ആശ്രയിക്കുന്നവരുടെ ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്താനും കഴിയുമെന്ന് ഈ സംരംഭം വ്യക്തമാക്കുന്നു.
മധുര മൂല്യ ശൃംഖല തുറക്കപ്പെടുന്നു: ശർക്കര വ്യവസായം വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായുള്ള ഇന്ത്യയുടെ നയങ്ങൾ
ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം (MoFPI) നിരവധി കേന്ദ്ര പദ്ധതികളിലൂടെ ഭക്ഷ്യ സംസ്കരണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും സംരംഭകത്വ വികസനവും പ്രോത്സാഹിപ്പിക്കുന്നു. ഇനിപ്പറയുന്ന പദ്ധതികൾ അതിലുൾപ്പെടുന്നു.

പ്രധാനമന്ത്രി കിസാൻ സമ്പദ യോജന (PMKSY),
ഭക്ഷ്യ സംസ്കരണ വ്യവസായത്തിനായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (PLISFPI),
പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റർപ്രൈസസ് (PMFME) പദ്ധതി.
രാജ്യവ്യാപകമായി ആവശ്യകത അടിസ്ഥാനത്തിലുള്ള വിവിധ സംരംഭങ്ങൾ നടപ്പിലാക്കുന്നു.
ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും പിന്തുണ നൽകുന്നു. ഈ പദ്ധതികൾക്ക് കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ബിസിനസുകൾ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കണം. കയറ്റുമതി വിപണികളിൽ അവരുടെ ഉത്പന്നങ്ങൾക്ക് മത്സരിക്കാൻ കഴിയും വിധം അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും പ്രോത്സാഹിപ്പിക്കുന്നു.
പ്രധാനമന്ത്രി കിസാൻ സമ്പദ യോജനയിൽ (PMKSY) ഭക്ഷ്യ സംസ്കരണത്തിനും സംരക്ഷണത്തിനുമുള്ള ശേഷി സൃഷ്ടിക്കൽ/വികസനം (CEFPPC) എന്ന ഒരു ഘടകം ഉൾപ്പെടുന്നു. 2025 ഡിസംബർ 31 വരെ അഞ്ച് ശർക്കര സംസ്കരണ യൂണിറ്റുകൾക്ക് അംഗീകാരം ലഭിച്ചു, ആകെ 17.07 കോടി രൂപയുടെ ഗ്രാന്റും ഇതിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റർപ്രൈസസ് സ്കീം (PMFME) 102.31 കോടി രൂപയുടെ സബ്‌സിഡികൾ നൽകിക്കൊണ്ട് 3,528 ശർക്കര അധിഷ്ഠിത സൂക്ഷ്മ ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകളെ പിന്തുണച്ചു. കർഷക ഉത്പാദക സംഘടനകൾ (FPO-കൾ), സ്വയം സഹായ സംഘങ്ങൾ (SHG-കൾ), സഹകരണ സംഘങ്ങൾ, സൂക്ഷ്മ സംരംഭങ്ങൾ, പ്രത്യേക ഉദ്ദേശ്യ സംരംഭങ്ങൾ തുടങ്ങിയ സാമൂഹികാധിഷ്ഠിത സംരംഭങ്ങൾക്ക് ബ്രാൻഡിംഗിനും വിപണനത്തിനും 50 ശതമാനം വരെ സഹായം ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു.
ഒരു ജില്ല ഒരു ഉത്പന്നം (ODOP) സംരംഭം പ്രാദേശിക കാർഷികാധിഷ്ഠിത വ്യവസായങ്ങളെ പിന്തുണയ്ക്കുന്നു, ഉൽപന്നങ്ങൾ മൊത്തമായി വാങ്ങുന്നതിലൂടെയും, സേവനങ്ങൾ പങ്കിടുന്നതിലൂടെയും, വിപണി പ്രവേശനം മെച്ചപ്പെടുത്തുന്നതിലൂടെയും ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു. ശർക്കരയും അനുബന്ധ ഉത്പന്നങ്ങളും 19 ജില്ലകളിലെ ODOP ഇനങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്, ഇത് മൂല്യ ശൃംഖല വികസിപ്പിക്കാനും ഈ വ്യവസായങ്ങൾക്ക് പിന്തുണ നൽകുന്ന അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സഹായിച്ചു.
ഡയറക്ടറേറ്റ് ഓഫ് മാർക്കറ്റിംഗ് & ഇൻസ്പെക്ഷൻ മുഖേന (DMI) ഗുണനിലവാര നിയന്ത്രണവും സ്റ്റാൻഡേർഡൈസേഷനും പ്രോത്സാഹിപ്പിക്കുന്നു. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന കാർഷിക ഉത്പന്നങ്ങൾക്ക് AGMARK സംവിധാനത്തിന് കീഴിൽ സർട്ടിഫിക്കേഷൻ ലഭിക്കുന്നു, ഇത് ഗുണനിലവാര ഗ്രേഡുകൾ നിശ്ചയിക്കുകയും ഉപഭോക്താക്കൾക്ക് അവർ വാങ്ങുന്ന ഉത്പന്നങ്ങളിൽ വിശ്വാസം അർപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരിയായി ഗ്രേഡ് ചെയ്ത അസംസ്കൃത വസ്തുക്കൾക്ക് ന്യായ വില ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. AGMARK ന് കീഴിൽ ശർക്കര ഒരു സർട്ടിഫൈഡ് ഉത്പന്നമായി ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് അതിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും വിപണി വിശ്വാസ്യത വർദ്ധിപ്പിക്കുകയും കയറ്റുമതി അവസരങ്ങൾക്കായി സജ്ജമാക്കുകയും ചെയ്യുന്നു.
ഭൗമശാസ്ത്ര സൂചിക (GI) രേഖപ്പെടുത്തിയ ഇന്ത്യയിലെ ശർക്കര ഇനങ്ങൾ
ഭൂമിശാസ്ത്രപരമായ സവിശേഷ സ്ഥാനവുമായോ ഉത്ഭവവുമായോ ബന്ധപ്പെട്ട് ചില ഉത്പന്നങ്ങൾക്ക് നൽകുന്ന പേരോ അടയാളമോ ആണ് ഭൗമശാസ്ത്ര സൂചിക (GI). ഒരു പ്രദേശം, പട്ടണം, രാജ്യം അടക്കം ഒരു പ്രത്യേക സ്ഥലത്ത് നിന്നുള്ള ഉത്പന്നങ്ങൾക്കാണ് ഭൗമശാസ്ത്ര സൂചിക നൽകുന്നത്. ശർക്കര വ്യവസായത്തിൽ, GI അംഗീകാരം ശക്തമായ പ്രാദേശിക സ്വത്വം കെട്ടിപ്പടുക്കാൻ സഹായിക്കുന്നു, പരമ്പരാഗത ഉത്പാദന രീതികൾ പ്രോത്സാഹിപ്പിക്കുന്നു, ഗ്രാമീണ ഉത്പാദകർക്കായി വിപണി അവസരങ്ങൾ മെച്ചപ്പെടുത്തുന്നു. ഇന്ത്യയിൽ നിരവധി GI-ടാഗ് ചെയ്ത ശർക്കര ഇനങ്ങൾ ഉണ്ട്, ഓരോന്നും പ്രാദേശിക സവിശേഷതകൾക്കും പരമ്പരാഗത സംസ്കരണ സാങ്കേതിക വിദ്യകൾക്കും പേരുകേട്ടതാണ്. ഉദാഹരണത്തിന്, മഹാരാഷ്ട്രയിൽ നിന്നുള്ള കോലാപ്പൂർ ശർക്കര സ്വർണ്ണ നിറത്തിനും ഉഉയർന്ന സുക്രോസ് ഉള്ളടക്കത്തിനും പേരുകേട്ടതാണ്. മുസാഫർനഗർ ഗുർ (ഉത്തർപ്രദേശ്) കയറ്റുമതി അധിഷ്ഠിതമാണ്, ഉയർന്ന നിലവാരമുള്ള കരിമ്പിൽ നിന്നാണ് ഇത് നിർമ്മിക്കുന്നത്. കേരളത്തിലെ മറയൂർ, മധ്യ തിരുവിതാംകൂർ എന്നിവിടങ്ങളിലെ ശർക്കര അവയുടെ പരിശുദ്ധി, ഔഷധമൂല്യം, പരമ്പരാഗത ഉത്പാദന രീതികൾ, വ്യത്യസ്തമായ പ്രാദേശിക സ്വത്വം എന്നിവയ്ക്ക് അറിയപ്പെടുന്നു.
കരുത്തുറ്റതും ലാഭകരവുമായ ശർക്കര വ്യവസായത്തിലേക്കുള്ള മുന്നേറ്റം
ഇന്ത്യയുടെ കാർഷിക സംസ്കരണ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന സ്തംഭമാണ് ശർക്കര ഉത്പാദനവും സംസ്കരണവും. പോഷകാഹാരം, ഗ്രാമീണ തൊഴിൽ, കയറ്റുമതി അവസരങ്ങൾ എന്നിവയുമായി ഈ വ്യവസായം കൃഷിയെ ബന്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കരിമ്പ് ഉത്പാദക രാജ്യമെന്ന നിലയിൽ, പരമ്പരാഗത സംസ്കരണ പരിജ്ഞാനവും പ്രകൃതിദത്ത മധുരപലഹാരങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആഭ്യന്തര, ആഗോള ആവശ്യകതയും ഈ വാദത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ചെറുകിട, വികേന്ദ്രീകൃത കുടിൽ വ്യവസായങ്ങളിലൂടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഉപജീവനമാർഗ്ഗം ഉറപ്പാക്കുന്ന ഈ മേഖല മൂല്യവർദ്ധനവ്, ഗ്രാമീണ സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു.

സാമ്പത്തിക പ്രാധാന്യത്തിനു പുറമേ, ശർക്കരയിൽ ധാതുക്കൾ അടങ്ങിയിട്ടുണ്ട്, ആരോഗ്യപരമായ ഗുണങ്ങളും ഇതിനുണ്ട്, ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് മികച്ച ഒരു ബദലാണിത്. സൂക്ഷ്മ പോഷകങ്ങളുടെ കുറവ് പരിഹരിക്കുന്നതിനുള്ള ഒരു പൂരക ഭക്ഷണമായും ഇതുപയോഗിക്കുന്നു. ഭക്ഷ്യ സംസ്കരണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും, ഗുണനിലവാര സർട്ടിഫിക്കേഷൻ ഉറപ്പാക്കുന്നതിനും, ഭൗമശാസ്ത്ര സൂചിക (GI) പ്രോത്സാഹിപ്പിക്കുന്നതിനും, മൂല്യ ശൃംഖലകൾ വികസിപ്പിക്കുന്നതിനുമുള്ള ഗവൺമെൻറ് ഉദ്യമങ്ങൾ ശർക്കര ഉത്പന്നങ്ങൾക്ക് മികച്ച വിപണി പ്രവേശനത്തിനും ഉപഭോക്താക്കളിൽ വിശ്വാസം ജനിപ്പിക്കാനും സഹായിക്കുന്നു. ഗവൺമെന്റിന്റെ നിരന്തര പിന്തുണ, മികച്ച സംസ്കരണ രീതികൾ, പുതിയ മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവയിലൂടെ, സമഗ്രവും സുസ്ഥിരവുമായ ഗ്രാമീണ വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ ശർക്കര വ്യവസായത്തിന് ശക്തമായ സാധ്യതകളുണ്ട്.
സൂചനകൾ
( റിലീസ് ഐ.ഡി: 2262547)
സന്ദര്‍ശക കൗണ്ടര്‍ : 12